malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021 നവംബർ 8, തിങ്കളാഴ്‌ച

ഇപ്പോൾ


കണ്ടാലൊറ്റയ്ക്കെന്ന് തോന്നും
അവർ ഒറ്റയ്ക്കായിരുന്നില്ല

ശാഖകളും, ഇലകളുമുണ്ടായിരുന്നു
വേരുകളാഴങ്ങളേയും
നാരുകളാകാശത്തേയും തൊട്ടു

ആറു കാര്യം പറഞ്ഞാൽ
നൂറു കാര്യം ചെയ്യും

അടുക്കള ഉറങ്ങാറേയില്ല
അലക്കൽ, പാത്രം കഴുകൽ, മുറ്റമടി
ആരുമൊന്നുമറിയണ്ട

ഒരു കടൽ അലയടിച്ചു കൊണ്ടേയി-
രിക്കും
പരാതിയില്ലാതെ, പരിഭവമില്ലാതെ

കുട്ടികൾക്ക് കളിക്കൂട്ടുകാരി
ഭാര്യയ്ക്ക് വേലക്കാരി
അമ്മയ്ക്ക് സഹായി

മഴ
പുഴ
കാറ്റ്
കാട്
പാട്ട്
സ്നേഹവും സന്തോഷവും മാത്രം
വഴക്കുകളെ തച്ചുടച്ച് നിശ്ശബ്ദമാക്കി

ഒരിക്കൽ
വീട്ടിലേക്കു പോയതിൽ പിന്നെ
തിരിച്ചു വന്നില്ല
തിരഞ്ഞു പോയപ്പോൾ
വീട്ടിലെത്തിയിട്ടില്ല

ഇപ്പോൾ ഞാൻ നോക്കുന്നിടമെല്ലാം
അവർ

കുളത്തിൽ
പുഴയിൽ
റെയിൽ പാളത്തിൽ
മരക്കൊമ്പിൽ
കാറ്റിൽ
കാട്ടിൽ
പാട്ടിൽ

വർത്തമാനപത്രം


ദുരന്തത്തിൻ്റെ തലരവയുമായി
ദുരമൂത്തവരുടെ ക്രൂരതയുമായി
ദുരിതംപേറുന്നവരുടെ ദാരുണത -
യുമായി
വെളുപ്പിനെത്തും വർത്തമാനപത്രം

ഒരിക്കലുമിനിയുണരില്ലെന്ന്
ബലാൽത്സംഗംചെയ്യപ്പെട്ട് മരിച്ചൊരു-
പെൺകുട്ടിയുടെ സ്വപ്നം അള്ളിപ്പി -
ടിച്ചുകിടപ്പുണ്ട്
വളഞ്ഞവരകളുടെ അക്ഷരങ്ങളിൽ

കൊലപാതകങ്ങളും, പീഡനങ്ങളും -
ആഘോഷങ്ങളായി
ഭക്ഷണത്തിൻ്റെ വൈവിധ്യങ്ങളെപ്പോലെ
പീഡനവൈവിധ്യം വർണ്ണിക്കുന്നു.
മരിച്ചവരുടെ അവസാനത്തെ കണ്ണീർ -
ത്തുള്ളികൾപുരണ്ടാകാം പലഭാഗത്തും
പരന്നിരിക്കുന്നു അക്ഷരങ്ങൾ

രാവിലെ ,പത്രം വായിക്കുന്നതിനുമുന്നേ
കുടിക്കണം കട്ടൻചായ
അല്ലേൽ, ചോരയുടെചുവയായിരിക്കും -
ചായക്ക്

2021 നവംബർ 7, ഞായറാഴ്‌ച

ബാക്കി


ഓടിക്കളിക്കുന്നുണ്ടാകുമോ
മൊട്ടാമ്പുളിയുടെ പുളിയും, മധുരവും
ഇന്നും,തൊടികൾ തോറും

നാട്ടു മാങ്ങ മണവും
അണ്ണാരക്കണ്ണനും

ഓലക്കുടയും
താളാം ചപ്പും
ഉപ്പിലിട്ട മാങ്ങയും
അച്ഛൻ്റെ ബാക്കി ക്കഞ്ഞിയും

കണ്ടവും
കാലിപൂട്ടും
തച്ചോളി ഒതേനനും
ഉണ്ണിയാർച്ചയും

കൊത്തങ്കല്ലും
അട്ടാച്ചൊട്ടയും
ഡപ്പ കളിയും

ബാക്കി ഉണ്ടാകുമോ
ഏതെങ്കിലുംഫ്ലാറ്റിനകത്ത്
ഇത്തിരിപ്പോന്ന നാട്ടിൻ -
പുറത്തിൻ്റെ ഒരു ചിത്രമെങ്കിലും

2021 നവംബർ 4, വ്യാഴാഴ്‌ച

തിരിഞ്ഞു നോക്കുമ്പോൾ



കുന്നിൻചരിവിലെ പുഴയിലേക്കുനോക്കി -

അയാൾ പറഞ്ഞു:

നഷ്ടപ്പെട്ടയെൻ്റെപുലരികളെ നിങ്ങൾ - 

കൂടെകൂട്ടുക !


അവൾ പറഞ്ഞു:

നമ്മുടേതായിമാത്രമിനിയും നമുക്കെത്ര

നാളുകളുണ്ട്.

അങ്ങനെയൊരു നാളുകൾ ഉണ്ടായതേയില്ല !


എല്ലാവർക്കുംഎല്ലാവരും നഷ്ടപ്പെട്ടുകൊണ്ടി-

രിക്കുന്നു

ആരുംആരെയും കാണുന്നില്ല

കഴിഞ്ഞകാലങ്ങൾ കണ്ണുകളെ നനയ്ക്കുന്നു


തിരക്കുകളിൽ മുങ്ങിമരിച്ചവരാണധികവും

അവരെപ്പിന്നെയാരും ഓർക്കുന്നില്ല.


റെയിൽവേസ്‌റ്റേഷനിൽ വണ്ടികാത്തു -

നിൽക്കുന്നതുപോലെയാണ് ജീവിതം

വണ്ടിവന്നാൽ ചിതറിപലഭാഗങ്ങളിലേക്ക് -

പോകുന്നു

2021 നവംബർ 1, തിങ്കളാഴ്‌ച

ലക്ഷണം


അങ്കക്കുറിയെല്ലാം നിർത്തി
ഇനിമങ്കമാരുടെ പേരിൽ
വെട്ടും കൊലയും നിറുത്തി
കൊല്ലൻ്റെ ആലയും പൂട്ടി

ഇനി ശങ്കവേണ്ടടോഒട്ടും
ചെറ്റെന്നു നടന്നു പോയീടുക
കരതലാമലകമെന്നോണം
ലോകമിനി നിൻ്റെകൈയിൽ

മാർക്കറ്റിലുണ്ടടോയിന്ന്
പെണ്ണും പിടക്കോഴി,യെല്ലാം
എന്തിനു പൊല്ലാപ്പ് പിന്നെ
കെട്ട്യോളും കുട്ട്യോളുമല്ലാം

വസ്ത്രങ്ങൾ മാറുന്നപോലെ
മാറാമിനിബന്ധമൊക്കെ
കാലം കലികാലമാടോ
ശരണം പണംമാത്രമാടോ

ഭരണം ജനാധിപത്യമെന്ന് !
അധികാരിയാണേൽ ചെകുത്താൻ
ലക്ഷ്യമേകാധിപത്യംതന്നെ
ലക്ഷണം കണ്ടാലറിയാം

മനസ്സിൻ്റെ ദൂരം


വേദനയുടെ
ചുരംകയറ്റത്തിന്
വേഗത കൂടുതൽ

ധീരമായ് നേരിടൂ
ഏറ്റത്തിന് ഇറക്കമെന്നതുപോലെ
വേദനയ്ക്കുശേഷംസുഖം

നോക്കൂ,
തെളിനീരിൻ്റെ ഉറവമാത്രംഉള്ളിൽ

മരണത്തിൻ്റെ വർത്തുളവാതായ -
നത്തിനരികിലെന്നപോലെ
ഭീതിദംമുഖം

വേദനയുടെ
ചുരമിറക്കത്തിന്
ഒച്ചിൻ്റെ വേഗത

നോക്കൂ ,
ഉള്ളമിപ്പോൾ
ഓട്ടപ്പന്തയം നടത്തുന്നത്

കേരളപ്പിറവി


കേരളം, കേരളം, കേരളം എത്ര സുന്ദരം
കവിതതിങ്ങിയകാടുകൾ,കരുണതൻ -
പൂവാടികൾ
കദകളിപ്പദങ്ങളാടിനിൽക്കുന്ന കേരനിര -
തൻജാലങ്ങൾ
തുഞ്ചനുംപിന്നെ കുഞ്ചനും വഞ്ചിപ്പാട്ടിൻ്റെ -
യീണവും
നെഞ്ചിലേറ്റിയ സ്നേഹമാം നമ്മളൊന്നെന്ന-
ചിന്തയും
ചിങ്ങവും ചിരിമഴകളും ചിലങ്കകെട്ടിയ
അരുവിയും
തുമ്പയും, പൂത്തുമ്പിയും നല്ലൊരോർമ്മയാ-
മോണവും
എല്ലാമൊത്തുചേരുമെൻ കേരളം -
എത്രസുന്ദരം