malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021 നവംബർ 19, വെള്ളിയാഴ്‌ച

മാറ്റം




ഒഴിഞ്ഞ ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ

വിതുമ്പി നിൽക്കുന്നു കല്ലിടുക്ക്


കാലനക്കം കേൾക്കുമ്പോൾ

വിവസ്ത്ര പ്രണയങ്ങളായ

ചുറ്റിപ്പിണഞ്ഞ പാറകളെ

പച്ചയുടുപ്പിച്ചകാടുകൾ കാലം ചെയ്തിരി -

ക്കുന്നു


കാളവണ്ടിയുടെ കാലുകൾ താങ്ങി

മുതുകൊടിഞ്ഞൊരു വെള്ളാരങ്കല്ല്

നഷ്ടപ്പെട്ടുപോയ ഒാർമ്മകളെതിരയുന്നു

തിരിഞ്ഞു കിടക്കാൻ പോലും വയ്യാതെ


കാടിൻ്റെ കടലിന്നില്ല

ഉറവ വറ്റിപ്പോയ പുഴയുടെ ഉടൽകൊത്തി - വലിക്കുന്നു കഴുകനും, കുറുനരിയും


മണ്ണിൽ നിന്നും ആകാശത്തേക്കു പുറപ്പെ-

ടുന്നുണ്ട്

ദാഹിച്ചുവലഞ്ഞ വേരുകൾ


ചുമടുതാങ്ങിയെ താങ്ങി നിർത്താൻ

ആരുമില്ലാത്തതിനാൽ

വീണുകിടപ്പുണ്ട് നിട്ടാനീളത്തിൽ


കാലത്തിൻ്റെ തുടക്കവും ഒടുക്കവു-

മറിയാതെ

ഒഴുക്കിലൊലിച്ചു പോയ ഒരു വരഞ്ചാണി

വീണു കിടപ്പുണ്ട്

ഉടൽ മുറിഞ്ഞ് ഉടയാടയഴിഞ്ഞ്

..............

രാജു കാഞ്ഞിരങ്ങാട്

പ്രളയം

 

വക്ഷസ്സിൽ പക്ഷി പിടയുന്നു
തക്ഷകനെത്തി നോക്കുന്നു
സർപ്പകങ്കണമിട്ട മിന്നൽക്കൊടികൾ
ശല്കങ്ങൾ കണ്ണിലേക്കെറിയുന്നു

ആഷാഢം ഗർവുകാട്ടുന്നു
പുലിമുഖ മേഘങ്ങൾ
കരിമുൾപ്പഴം പൊഴിക്കവേ
നെഞ്ചിൽ കനലെരിഞ്ഞഗ്നിപ്പഴമാകുന്നു

പച്ച ദുകൂലമണിഞ്ഞ മണ്ണിൻപെണ്ണുടൽ -
മാന്തിപ്പൊളിച്ച്
ചെഞ്ചോര ചീറ്റി കാമാർത്തിയാൽ പുളയ് -
ക്കുന്നു
അഘോരികളെപ്പോലെ ഉരുൾപൊട്ടൽ

ദയയെന്ന വെയിൽപക്ഷിയെങ്ങുമില്ല
കാമപാശംകൊണ്ട് വരിഞ്ഞുകെട്ടുന്നു
പിന്നെയും പിന്നെയും
കിനാവിൻ ശവംതിന്നാൻ തന്നിരിക്കുന്നു -
കാലം

വക്ഷസ്സിൽ പക്ഷി പിടയുന്നു
തക്ഷകൻ സകലതും കൊത്തിയുടയ്ക്കുന്നു
ഘട മുടഞ്ഞുപോയ്
മരിച്ചവനുള്ള അവസാന ജലവും ഒഴുകി -
പ്പോകുന്നു

2021 നവംബർ 17, ബുധനാഴ്‌ച

ചില ജീവിതങ്ങൾ


രാശിയില്ലാത്തവന്
നിരാശഫലം
നിരോധിത മേഖലയിലൂടെ
സഞ്ചാരം

വക്ത്രംതുറന്ന നക്രം പോലെ
കാലം
എവിടെയാണാ വാഗ്ദത്തഭൂമി !
വേരുകളോടവൻ
വിവരമന്വേഷിക്കുന്നു

തെറിച്ച സന്തതിയെന്ന്
തുറിച്ചു നോക്കുന്നവരെ
സന്തതം ചൊല്ലുന്നു ഞാൻ
നിങ്ങൾക്കറിയില്ല സങ്കടം

സടകുടഞ്ഞെഴുന്നേൽക്കുന്നു
വ്യാഘ്രം
അതിൻ ശിരോലിഖിതം
മൃഷ്ടാന്നഭോജനം


പ്രണയത്തിൻ്റെ മാനിഫെസ്റ്റോ


ക്ലാസ്മുറിയിലെ കറുത്ത ബോർഡിൻ്റെ
പിറകിൽ വെച്ചാണ്
ആദ്യമായി
നിൻ്റെ നീളൻവിരലിൻ്റെ തണുപ്പിനൊപ്പം
എന്നിൽ നിന്നും അസംഖ്യം അപ്പൂപ്പൻതാടികൾ
പറന്നുപൊങ്ങിയത്

ജനൽവഴികൾ ഒരു സാധ്യതയായിരുന്നു
അനുമതി കാക്കാതെ
പ്രണയത്തിൻ്റെ പുഷ്പകവിമാനങ്ങൾക്ക്
നിന്നിലേക്ക് പറന്നിറങ്ങാനുള്ളത്

കാഴ്ചകളുടെ കാലത്തിലായിരുന്നു നാം
മനസ്സുകളുടെ സഞ്ചലനങ്ങളെല്ലാം
നമ്മിൽതുടങ്ങി നമ്മിലേക്കു തന്നെയായിരുന്നു

കണ്ണിലെ കടലിലൂടെ
ശരീരത്തിൻ്റെ വൻകരയിലൂടെ
കവിതയുടെ ഇലപ്പച്ചകളിലൂടെ
നാം ദേശാടനത്തിലായിരുന്നു

വാകപൂത്ത ഞരമ്പിൻവരമ്പിൽ
ഞാറക്കൊക്കുകളായിരുന്നു
നിറഞ്ഞ വരിഷപ്പാടം പോലെ
നിറന്ന പുഷ്പക്കാടുപോലെ
പ്രണയ ഋതുക്കളിൽ നാം ഒഴുകുകയായിരുന്നു

പ്രണയമേ;
നിൻ്റെ മാനിഫെസ്റ്റോ
എനിക്ക് പിടികിട്ടുന്നേയില്ല

2021 നവംബർ 14, ഞായറാഴ്‌ച

ആ നിമിഷം




അവളുടെ വാക്കുവറ്റി

നോക്കുതെറ്റി

വെൺമേഘത്തുണ്ടായി.


മിഴികൾ

നക്ഷത്രങ്ങളായി

കാൽവിരൽ ചിക്കിയ

തെളിമണലിൽ

കവിത വിരിഞ്ഞു


വികാരത്തിൻ്റെ

കുതിരപ്പുറമേറി

വല്ലാത്ത വേഗത്തിൽ

യുഗങ്ങൾക്കങ്ങേപ്പുറമുള്ള

നഗ്നനാരിയായി

ഏദൻ തോട്ടത്തിലെ

ആ വിശ്വപ്രസിദ്ധമരം

തിരഞ്ഞു കൊണ്ടിരുന്നു


2021 നവംബർ 13, ശനിയാഴ്‌ച

ശരി

 


ആദവും
ഹവ്വയുമായിരുന്നു
ആദ്യത്തെ ശരി

2021 നവംബർ 11, വ്യാഴാഴ്‌ച

പ്രണയമരം


രുചികൾ കനംവെച്ച അധരം
മധുരംവിളഞ്ഞ മുന്തിരിപ്പാടം

പ്രാണനിൽ പ്രണയം കൊരുത്തവർ
പകുത്തെടുക്കാൻ കഴിയാത്തവണ്ണം
ചേർത്തുപിടിച്ചവർ

ശലഭച്ചിറകുവിരിച്ചു പറക്കുവോർ
കാട്ടുവള്ളിയായ് പടരുവോർ
രാഗമൂറുന്ന കവിതമൂളും
രസബിന്ദുക്കൾ

മിഴിയിൽ മീനസൂര്യൻ
മൊഴിയിൽ തണുവിൻ സ്പർശം
ഇഴയടുപ്പമായ്
ഇലയനക്കമായ്
ചെറുകാറ്റായ് ചുറ്റിനടക്കുവോർ

സ്നേഹമൗനങ്ങളിൽ
ആകാശമായ് മാറുവോർ
നക്ഷത്ര ശോഭയായ്
ഉള്ളം നിറയുവോർ

ഒരൊറ്റമരമായ്
ശാഖ പടർത്തുവോർ
ചില്ലകൾ തോറുമേ
പൂത്തു വിടരുവോർ

ആഴത്തിനാഴത്തിൽ
വേരു പടർത്തുവോർ
പ്രണയമരമായി
പടർന്നു പന്തലിക്കുവോർ