malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021 ഡിസംബർ 18, ശനിയാഴ്‌ച

രാജ്യദ്രോഹക്കുറ്റം




സ്വപ്നം കാണുന്നു

എന്നതാണ് കുറ്റം


അത് ചരിത്ര സത്യമാണ്

എന്നതാണ്

മറ്റൊരു കുറ്റം


പുതുചരിത്രമെഴുതാൻ

എന്തൊക്കെ

വാഗ്ധാനങ്ങളായിരുന്നു


അവാർഡുകൾ

ബഹുമതികൾ

കാറ്

ബംഗ്ലാവ്

പരിചാരികമാർ

ലോകസഞ്ചാരം


എന്നിട്ടും, 

ആ വിഡ്ഢി !

നാലുംകൂടിയ മുക്കിൽ

പീടികക്കോലായിലിരുന്ന്

മാളോരോട്

ഓരോന്നും വിളിച്ചു പറയുന്നു -

യെന്നതാണ്

രാജ്യദ്രോഹക്കുറ്റം


അതുകൊണ്ടാണു പോലും

അയാളെ കൽത്തുറുങ്കിലടച്ച്

ഇനിയാരും

സ്വപ്നം കാണരുതെന്ന്

ഭരണാധികാരികൾ

ഉത്തരവിറക്കിയത്

2021 ഡിസംബർ 15, ബുധനാഴ്‌ച

പ്രണയ യാത്ര


തുറന്നിട്ട വാതിലുകളാണ്
പ്രണയം
ഉള്ളകം നിറയേ ഉദ്യാനമാണ്
ഉടലുപൂത്തുറവയിടുന്ന വസന്തം

ആകാശം
ഭൂമി
കടൽ
കാട്
കവിതവിരിഞ്ഞ കാമനകൾ

പ്രണയമൊരുയാത്രയാണ്
കാണാക്കയങ്ങളിലേക്കുള്ള
യാത്ര

ഉടൽ രഹസ്യമറിയുന്ന ഉടുപ്പു
കളെപ്പോലെ
ആത്മരഹസ്യങ്ങൾ തേടി
പ്രണയം യാത്ര ചെയ്യുന്നു

പ്രണയം ഒരുഒറ്റഉടുപ്പാണ്

2021 ഡിസംബർ 12, ഞായറാഴ്‌ച

അത്രമേൽ ....!


അത്രമേൽ പ്രിയപ്പെട്ടവളെ,
ഉമ്മയോളം ഉണ്മയായി
മറ്റെന്തുണ്ട് ഭൂമിയിൽ

പ്രണയത്തിനല്ലാതെ
ഇത്രമേൽ ഗാഢമായി
സ്നേഹിക്കുവാൻ
തലോടുവാൻ
സന്തോഷിക്കുവാൻ
ചിരിക്കുവാൻ
കളിമ്പങ്ങൾ കാട്ടുവാൻ
മറ്റെന്തിനു കഴിയും

രണ്ട് പേർക്കിടയിൽ
ഒരു തുണ്ടകലമില്ലാതെയിരി-
ക്കുന്നതിനെ
ഒരാകാശത്തെ വഹിക്കുന്നതിനെ
നക്ഷത്രത്തെ കൊരുക്കുന്നതിനെ
ചുവന്ന മേഘത്തെ തൊട്ടെടുക്കു-
ന്നതിനെ
പ്രണയമെന്നല്ലാതെ
മറ്റെന്തു പേരിടും

പ്രണയത്തിൻ്റെ പാത
സങ്കീർണ്ണമാണ്
ഏത് ദുർഗ്ഗമമായ പാതയും
അതു താണ്ടും

അതിരുകളില്ലാത്ത
ആകാശമാണ് പ്രണയം
ദേശ, വേഷ,ഭാഷ, ഭൂഷകളില്ലാതെ
അവൾ അവനിലേക്കും
അവൻ അവളിലേക്കും
നടന്നു കൊണ്ടേയിരിക്കും

2021 ഡിസംബർ 10, വെള്ളിയാഴ്‌ച

മനുഷ്യമൃഗം




മിഴിമുനയിൽ

വിരൽ മുനയിൽ

വാക്കിൻവാൾമുനയിൽ

തളർന്നിരിക്കുന്നു ഞാൻ


നഭസ്സിലേക്കുയരുവാൻ

വപുസ്സു കുതിക്കുന്നു

കുഹരത്തിലേക്കടരുവാൻ

വേരു പിടയുന്നു


തൃഷ്ണ തളിർത്തൊരു

കൃഷ്ണമണികളിൽ

ക്രൂര കരിമ്പാറയായ്

നിറഞ്ഞു നിൽക്കുന്നു നീ


നിൻ മുരൾച്ചയിൽ

മരവിക്കുന്നെൻ മനം

മരുഭൂവിൻ വനാന്തരത്തിൽ

അകപ്പെട്ടു പോകുന്നു


ആരുഞാൻ നിൻകളിപ്പാവയോ

പൂച്ചപോൽ തട്ടിക്കളിക്കും ഇരയോ

ഭയത്തിൽ നിന്നും ഉയിരുണരുന്നു

ധൈര്യത്തിൻ്റെ തരിമ്പുയരുന്നു


ഇരയെരിയുമ്പോഴാണ്

നീയുണരുന്നത്

ഇരയുണരുമ്പോൾ

നീയെരിഞ്ഞീടും


മനുഷ്യനെന്ന് മനസ്സറിയുക

മനസ്സിലെ മൃഗത്തെ ആട്ടിയോടിക്കുക


കിനാവ്


അവളിലേക്ക്
ആണ്ടിറങ്ങിയനേരം
ഒറ്റമിന്നലിൽ
കൂമ്പിയപുഷ്പം പോലെ
അവനവളുടെ മിഴി കണ്ടു.

തണുത്ത കാറ്റിലും
അകം, ചൂടിൽ നിറഞ്ഞു
ചാറ്റൽ മഴയ്ക്ക് നീറ്റലിൻ്റെ ശബ്ദമോ?
ചിരി മുഴക്കമോ ?!

അവളിൽനിന്നും ഒരുചിലമ്പനക്കം.
നൃത്തച്ചുവടുകളുണരുമ്പോൾ
താളപ്പെരുക്കത്തിൽ അവൻ മതിമറക്കമ്പോൾ
പുറത്തൊരു പെരുമഴക്കാലം നിറഞ്ഞിടുന്നു

പുതുവെളിച്ചവുമായി
പുലരി വന്നപ്പോൾ
കീറിപ്പോയ ഓർമ്മയുടെ
ഓലക്കുട തിരഞ്ഞ് അവൻ നടന്നു

കിടക്ക വിരിയുടെ ചുളിവ് നീർത്തുമ്പോൾ
ഗ്രീഷ്മരാവിലെ കിനാവിന്
എന്തുമാത്രം കുളിരെന്ന്
സ്വഗതം മൊഴിഞ്ഞു

2021 ഡിസംബർ 8, ബുധനാഴ്‌ച

സങ്കല്പം



നിന്നെഞാൻകണ്ടതിൽ പിന്നെയെൻ -

കണ്ണിന്

എന്തു വെളിച്ചമെന്നറിയുന്നു ഞാൻ സഖി

നിന്നെഞാൻകേട്ടതിൽ പിന്നെയെൻകാതിന്

എന്തു തെളിച്ചമെന്നറിയുന്നു ഞാൻസഖി


നിന്നെ കണ്ടതിൽ പിന്നെയെൻ ജീവനിൽ

എന്തെന്തു മാറ്റങ്ങളെന്നോ സഖി

കണ്ടപ്പൊഴെനിന്നെ കൊണ്ടതാണല്ലൊ ഞാൻ

തൊടാതെ തൊട്ടിരിപ്പാണല്ലൊയെന്നും നാം


നീ കണ്ണടയ്ക്കുമ്പോൾ രാത്രി വന്നെത്തുന്നു

നീ കൺതുറക്കുമ്പോൾ പകലോനുണരുന്നു

ഏതു കനവിലും ഏതു നിനവിലും

നാം രാഗശയ്യയിൽ കവിത മൂളീടുന്നു


കെട്ടടങ്ങാത്തൊരു കനലാണ് പ്രേമം

കൊട്ടിയടയ്ക്കുവാൻ കഴിയാത്ത വാതിൽ

ഏതു കാലത്തിനുമപ്പുറത്താണു നീ

എന്നെന്നുമെന്നിലെ സങ്കല്പമാണുനീ


കവി


കൂട്ടില്ലാത്ത കുട്ടിയാണ്കവി

ക്ലാസിൽ ഒറ്റയ്ക്കൊരുബഞ്ചിൽ
അവനിരിക്കുന്നു
സൂത്രവാക്യത്തിൻ്റെ എളുപ്പവഴി
അവൻതേടാറില്ല
ഭാവനയുടെ നൂൽപ്പാലത്തിൽക്കയറി
ഏത് നരകത്തീയ്യിലൂടെയും അവൻ
നടക്കും!
കണക്കുമാഷ് നൽകിയ
ചൂരൽപ്പാടിൻ വടിയൊടിച്ച്
സന്ധ്യയിലേക്ക് ഇറങ്ങിനടക്കും

കളിമറന്നകുട്ടികൾ
മടുത്തും, മുഷിഞ്ഞും പുസ്തകപ്പുഴുക്ക -
ളായിഴയുമ്പോൾ
അവൻ,
മാനത്തേക്കുയർന്ന ഒരുപട്ടമായ്പറക്കും
പാടവും, പറമ്പും
മഴയും, പുഴയും
കാടും,കടലും
ആകാശവും, ഭൂമിയും
ചുരവും, താഴ് വരയും
അവധൂത ധാരയായി
ബോധമണ്ഡലത്തിൽ ചേക്കേറും

പൊരുന്നവെച്ചമുട്ടകൾ വിരിയുന്നതുപോലെ
അക്ഷരങ്ങളിൽവിരിഞ്ഞ വാക്കിൻപക്ഷികൾ
പുസ്തകത്താളിലേക്കു പറന്നിറങ്ങും