malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022 ഏപ്രിൽ 13, ബുധനാഴ്‌ച

വീണ്ടും വിഷു


നോക്കൂ സുഹൃത്തേ, വന്നെത്തി വിഷു വീണ്ടും
വെള്ളരിപ്പാടം പോൽ തോഷിപ്പു ,യെൻമനം
പെയ്തു പെയ്തെത്ര കാലം വെളുത്തു ,യെന്നാൽ
പോയ്പ്പോയ കാലത്തിൻ താഴ്‌വരയിൽ ചെന്നെ-
ത്തിച്ചിടുന്നോർമ്മയിന്നും നമ്മെ

ഉണ്ണികളാംനമ്മളാർത്തു തിമർത്തൊരാ
ബാല്യത്തിൻ തീരമതെന്തു ഭംഗി
താരകളെപ്പോൽ വെളിച്ചം വിതറിനാം
താഴ് വരത്താരുവായ് പൂത്തതില്ലെ

പുത്തൻപുലരിയിൽ ചെപ്പുക്കുടവുമായ്
കൂവലിൽ വെള്ളം നാം കോരിയില്ലെ
മത്തൻ, പടവലം, കൈപ്പയും കുമ്പളം
കുളിർകോരി നമ്മൾ നനച്ചതില്ലെ

മുറ്റിക്കൂടിയുള്ളെരാഹ്ളാദ വായ്പ്പാൽ
മുങ്ങാംക്കുഴിയെത്രയിട്ടതാടോ
കറ്റമെതിക്കയും, കാലിയേ മേയ്ക്കയും
കന്നത്തമെന്തെല്ലാമൊപ്പിച്ചു നാം

പൊട്ടാസ്, പൂക്കുറ്റി, ഓലപ്പടക്കങ്ങൾ
എന്തെന്തു മേളങ്ങളായിരുന്നു
കൊന്നപ്പൂ ,കോവക്ക, കണ്ണിമാങ്ങ നമ്മൾ  കുഞ്ഞുങ്ങൾ കൂട്ടമായ് കൊണ്ടുവന്നു

അമ്മകളംവരച്ചീടുന്നപോലവെ
കളംവരയ്ക്കുന്നെടോ ഓർമ്മയുള്ളിൽ
ജീവിത സായാഹ്ന വേളയിൽ പോലുമേ
കുഞ്ഞായ് ചമയുന്നുയെൻ മാനസം

2022 ഏപ്രിൽ 11, തിങ്കളാഴ്‌ച

ആദ്യചുവട്


മഞ്ഞവെയിൽ മലർന്നു കിടക്കുന്ന
കുന്നിൻചരിവിലൂടെ
അപരിചിതമായ ലോകത്തിലെന്നപോലെ
സ്ഥലകാലങ്ങളുടെ വിസ്മയകരമായ
അപാരതയിൽ ഒരിലപോലെ
ചിരിയുടെയും കരച്ചിലിൻ്റെയും നേർത്ത -
വരമ്പിലൂടെ
നിഴലുകൾ നനച്ചിട്ട ഇടവഴിയിലേക്കവൾ
നടന്നു

മഹാകാലത്തിൻ്റെ ഒരു ബിന്ദുവിൽ
മന്വന്തരങ്ങൾക്കു ശേഷവും
ഉറഞ്ഞു നിൽക്കുന്ന ജന്മമാണ്
ജീവിതമെന്ന്
ചുഴിക്കുള്ളിൽ ആലില പോലെ
അവളുടെ മനസ്സ്
കറങ്ങി താണുകൊണ്ടിരുന്നു

ഭൂതവും ഭാവിയുമില്ലാത്ത
വർത്തമാനത്തിൻ്റെ വേരറ്റ
പാഴ്മരമെന്നവളോർത്തു
കാലത്തിൻ്റെ കൈകളിലെ കളിപ്പാവ -
യെങ്കിലും
കണ്ണീരും കൈയുമായി കാലം കഴിക്കുവാൻ
ഇനിയും കഴിയില്ലെന്നോർത്തു

ജനിമൃതികളുടെ
പാതാള പടവുകൾ ചവിട്ടിക്കയറി
ജീവിതത്തിൻ്റെ നെടുമ്പാതയിലേക്ക്
അവൾ ആദ്യത്തെ ചുവടുവച്ചു




2022 ഏപ്രിൽ 9, ശനിയാഴ്‌ച

മരണം മുദ്രവെച്ച ചുണ്ടുകൾ


ഒരു നിശ്ചിത പാതയിലൂടെ
എന്നത്തേയുംപോലെ അന്നും
പുലരിവെട്ടം നടക്കാനിറങ്ങി !

രാത്രി കാറ്റുതല്ലി വീഴ്ത്തിയ
മഞ്ഞ ഇലകളിലൂടെ
ദിനപത്രങ്ങൾ തരംതിരിക്കുന്ന
കാഴ്ചയിലൂടെ
പാൽക്കാരൻ്റെ പതിവ്
മണിയടിയിലൂടെ.

ലോക പുസ്തകത്തിൻ്റെ
ഒരു താളുകൂടി മറിഞ്ഞിരി
ക്കുന്നു
ബോധത്തിൻ്റെ ഒരു പടവുകൂടി
കയറിയിരിക്കുന്നു
ജീവിതം ഒരു ദിവസം കുടി
പഴകിയിരിക്കുന്നു.

ഓർമകളിൽ
ചിലതിന് മധുരം
ചിലതിന്
ചെന്നിനായക കയ്പ്പ്

ഓർക്കുന്നുണ്ടോ നിങ്ങൾ ?
ഓർമകളിൽ
മരണം മുദ്രവെച്ച ചുണ്ടുകൾ
അവസാനമായിപ്പറഞ്ഞ
വാക്കുകൾ ഏതായിരിക്കുമെന്ന്

2022 ഏപ്രിൽ 6, ബുധനാഴ്‌ച

എൻ്റെ മലയാളം


അമ്മതന്നമ്മിഞ്ഞപ്പാലിൻ്റെ മാധുര്യ-
മൂറുന്നൊരോർമ്മയെൻ മലയാളം
പൊന്നിൻ കതിർക്കുല താളത്തിലാടുന്ന
പുഞ്ചനെൽപ്പാടമെൻ മലയാളം

സുന്ദര സ്വപ്നങ്ങൾ തളിരിട്ടു നിൽക്കുന്ന
സഹ്യൻ്റെ സ്നേഹമാം മലയാളം
പഴയൊരാ പാട്ടുമായ് പുഴയൊഴുകീടുന്ന
പുന്നെല്ലിൻ മണമുളള മലയാളം

തെച്ചിയും, പിച്ചിയും, ചെങ്കുറുഞ്ഞിപ്പൂവും
ചേർന്നു നിന്നുള്ളൊരു മലയാളം
തുഞ്ചൻ്റെ പഞ്ചവർണ്ണക്കിളി പെണ്ണവൾ
പാടിത്തിമർക്കും മലയാളം

ഉമ്മകൾ കൊണ്ടെന്നിൽ ഉൺമയേകീടുന്ന
മുത്തശ്ശിയാണെൻ്റെ മലയാളം
നാമജപം കൊണ്ടു നന്മയേകീടുന്ന
നാട്ടിൻപുറമാണ് മലയാളം

കണ്ണാന്തളി കണ്ണിറുക്കിച്ചിരിക്കുന്ന
കുന്നിൻ പുറമെൻ മലയാളം
കന്നുകൾ തട്ടമുട്ടിക്കളിച്ചീടുന്ന
തണൽമരച്ചോടുമെൻ മലയാളം

കഥകളിയും, പിന്നെ പുലിക്കളിയും
വള്ളംകളിയും, തിറയാട്ടവും
തറികൾ നെയ്തീടുന്ന ക ഖ ഘ ങ
തിരകൾ പാടീടുന്നു ശ്രീരാഗം

അമ്മയാണെന്നുമെൻ മലയാളം
അരുമയാണെന്നുമെൻ മലയാളം
ശ്രീയെഴുന്നുള്ളൊരു മലയാളം
ശക്തിയാണെന്നുമെൻ മലയാളം

2022 ഏപ്രിൽ 5, ചൊവ്വാഴ്ച

വിശപ്പ്


ചോര വാർന്നതുപോലെ
വിളറിയിരിക്കുന്നു
ചേമ്പിലക്കുടചൂടി
നനഞ്ഞു വരുന്നു

നിനയ്ക്കാത്ത നേരത്തെൻ
അരികിലെത്തുന്നു
നനഞ്ഞ ചിരിയാലെ
കൈ നീട്ടുന്നു

കത്തുന്നു എന്നിൽ ഗ്രീഷ്മം
കരിമേഘ കാർക്കോടകൻ
കൊത്തുന്നു

മെല്ലിച്ചവിരലെന്നെ തൊടുന്നു
കണ്ണീരില്ലാത്ത കരിങ്കൽ വിഗ്രഹ-
ത്തിൽ ചിലർ മാലചാർത്തുന്നു

ഒട്ടിയ വയർതൊട്ട് അവൾ തേങ്ങുന്നു
തൊട്ടാലൊട്ടുമെന്ന് പേടിച്ച് ചിലർ -
മാറിപ്പോകുന്നു

പ്രാർത്ഥിച്ച് വിശപ്പടങ്ങിയിട്ടില്ല കുഞ്ഞേ -
യിന്നോളം
മെല്ലിച്ച കൈകളിലെക്ക് അഞ്ച് രൂപ
നാണയത്തുട്ട് വച്ചു കൊടുക്കുമ്പോൾ
അവളുടെ മുന്നിലൊരു ദൈവമെന്ന്
മിഴികൾ മൊഴിയുന്നു

2022 ഏപ്രിൽ 3, ഞായറാഴ്‌ച

ഞാനും നീയും


ഞാനും നീയും
രണ്ടിടത്തിരുന്ന് പ്രേമമെഴുതുന്നു
ആത്മ നിശ്വാസങ്ങൾ
പരസ്പരം പങ്കുവെയ്ക്കുന്നു
വേനൽക്കാറ്റിൻ പ്രേമ സാരംഗിയിൽ
കണ്ണും കരളും കവിത നെയ്യുന്നു

പുതുമഴയുടെ പുളകമായി
പൂക്കാലത്തിൻ്റെ സുഗന്ധമായി
നാമൊരു പ്രണയ യാത്ര പോകുന്നു
കാറ്റാടിചില്ലകളാടുന്നനെഞ്ചിൻ
പിടപ്പുമായി
ബീച്ചിൽ, ബസ്റ്റാൻഡിൽ, ലൈബ്രറിയിൽ
നൂറുക്കൂട്ടം കാര്യങ്ങളുടെ തിരക്കുകൾ -
ക്കിടയിൽ

ഓർമകളുടെ ഓളം വെട്ടലുകളാണ്
പുലരിയിൽ ഇത്രയും ഉന്മേഷം
നൽകുന്നത്
പ്രണയമാണ് ജീവിതത്തെ ഇത്രയും
ഉന്മത്തമാക്കുന്നത്
ഏത് ദുഃഖത്തിലും തൃപ്തിയുടെ ഒരു -
തിരിതെളിയുന്നത്

ഇപ്പോൾ ഞാനും നീയുമില്ല
പരസ്പരം സ്വാതന്ത്ര്യം പ്രഖ്യാപിച്ച
രണ്ടു ഭൂഖണ്ഡങ്ങൾ
ആഴങ്ങളും, പരപ്പുകളും താണ്ടി
അനേകം കൈവഴികളായൊഴുകി
ഒന്നിച്ചു ലയിച്ചു ചേരുന്ന ഏകത്വം


2022 ഏപ്രിൽ 2, ശനിയാഴ്‌ച

യാത്രയിൽ


ഇരുട്ടിനെ നടുവേചീന്തിക്കൊണ്ട്
നീളമുള്ളൊരു ഒറ്റക്കണ്ണൻ
കിതച്ചുകൊണ്ട് കുതിച്ചു പായുന്നു

ഈർപ്പത്താൽ വിയർപ്പു തുള്ളികൾ
പോലെ
ചില്ലിലൂടെ മഞ്ഞ്ചാല്ലുകൾ രൂപം
കൊള്ളുന്നു
കൂർപ്പിച്ച് നോക്കിയാൽ കുറേ ദൂരെ
ചില മിന്നാമിന്നി വെട്ടങ്ങൾ

വഴിതെറ്റിവന്നൊരു ശീതക്കാറ്റ്
കറങ്ങി നടക്കുന്നുണ്ട്
കമ്പാർട്ടുമെൻ്റ് തോറും
തൊട്ടു വിളിച്ചിട്ടും തെല്ലൊന്നുണരുന്നില്ല
ഉറക്കം
തോരുന്നില്ല ചില കൂർക്കംവലികൾ

കണ്ണുപൊത്തികളിക്കുന്ന കുട്ടിയെപ്പോലെ
വെളിച്ചമെന്ന അച്ചു തൊട്ട്
വിജയിയാകുവാൻ ശ്രമിക്കുകയാണെന്ന്
തോന്നും തീവണ്ടി

തിരിഞ്ഞു നോക്കാതെ
തിടംവെച്ച ഇരുട്ടിലൂടെ അവനോടുന്നു
ഉറക്കത്തിലായവരുടെ ദൂരങ്ങൾ
എത്ര ദൂരത്തായിരിക്കും !

ഒഴിഞ്ഞുപോയ ഉറക്കം ജനാലപ്പുറത്തു് -
ഉണ്ടോയെന്ന്
അറിയാതെ ഇടയ്ക്കിടേ നോക്കിപ്പോകുന്നു
മുനിഞ്ഞു കത്തുന്ന വഴിവിളക്കു പോലെ
ചില ഓർമ്മകൾ നനഞ്ഞു നിൽക്കുന്നു

നഷ്ടമെന്തെന്ന്
നേട്ടമെന്തെന്ന്
യാത്രയെന്നോട് ചോദ്യമുതിർക്കുന്നു