malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022 മേയ് 11, ബുധനാഴ്‌ച

ഇറങ്ങിപ്പോകണം


ഒരിക്കൽ ഒരക്ഷരം മിണ്ടാതെ
ഇറങ്ങിപ്പോകണം
ഓർമകളെ അതിനു മുന്നേ -
അപഹരിച്ചു കൊണ്ടു പോകണം

മരിച്ച പക്ഷിയുടെ തൂവലുകൾപോലെ
കൊഴിഞ്ഞു പോകുന്നു കാലം
തീ പിടിച്ച തലച്ചോറിൻ്റെ അലച്ചിൽ
കെട്ടടങ്ങിയിരിക്കുന്നു
ചിതലുകൾ ചിത്രംവരച്ച ചുമരാണിന്ന് -
ശരീരം

ഓർമകൾ ഓരം ചേർന്ന്
ഒപ്പരം തന്നെയുണ്ട്
മനസ്സ് അസ്വസ്ഥമായ കടൽ പോലെ
കിടന്നു പിടയ്ക്കുന്നുണ്ട്

ഒരക്ഷരം മിണ്ടാതെ
ഇറങ്ങിപ്പോകണം
ഓർമകളെ അതിനു മുന്നേ
അപഹരിച്ചു കൊണ്ടു പോകണം
..................
രാജു കാഞ്ഞിരങ്ങാട്

2022 മേയ് 10, ചൊവ്വാഴ്ച

പ്രണയ ജീവിതം


ശൈത്യത്തിൻ്റെ ഇല മൂടലുകളെ
വെയിലിൻ്റെ തരിവള കൈകൾ
പതുക്കെ നീക്കുന്നു
നീ പകർന്നആദ്യ ചുംബനത്തിൻ്റെ
ചൂടിൽ
സൂര്യകാന്തി പൂക്കുന്നു

പ്രീയേ,
പ്രണയത്തിൻ്റെ പനിത്തിമർപ്പിൻ
ചുരത്തിലാണു നാം
ചുവന്ന വാകപൂവുപോലെ പരില -
സിക്കനാം
വഴി മറന്ന മൊഴി മുറിഞ്ഞ കാട്ടു -
പാതയിൽ
കാഴ്ചശൂന്യമായിടുന്നതാമി -
വേളകൾ

മഴവില്ലു തേടിവന്ന പറവകൾപോലെ
ഉടലൊരുക്കും ഉത്സവത്തിമർപ്പി -
ലാണു നാം
ജാലകപ്പഴുതിലെ കാഴ്ച നിർത്തിടാം
ജീവിതക്കടലിലേക്ക് ആഴ്ന്നിറങ്ങിടാം




2022 മേയ് 7, ശനിയാഴ്‌ച

ഓർമ്മിപ്പിക്കുന്നത്


നിങ്ങൾ ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴും
നിങ്ങളുടെ ജീവിതം ഉണർന്നു തന്നെയി-
രിക്കുന്നു
അതിരാവിലെ തട്ടിയുണർത്തി
ദിനസരിക്കുറിപ്പുകൾ നിങ്ങളറിയാതെ
നിങ്ങളുടെ മനസ്സിൽ നിവർത്തുന്നു

അക്ഷരങ്ങളിൽ നിന്ന് അന്ന് ജീവിച്ചു -
പോകേണ്ടുന്ന അക്കങ്ങളിലേക്ക്
നിങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നു.
അപ്പോൾ
വേവലാതിയുടെ വേലിയേറ്റത്തിലേക്ക്
നിങ്ങൾ പിടഞ്ഞു വീഴുന്നു
നോക്കൂ
കഴിയില്ല നിങ്ങൾക്ക് പിന്നെ വെറുതേ -
യിരിക്കാൻ

ജീവിതം പിന്നെ നിങ്ങളെ
നൂൽപ്പാലത്തിലൂടെ നടത്തുകയായി
അഗ്നി വളയങ്ങൾ തീർക്കുകയായി
ഇടയ്ക്കിടേ ജീവിതം ജീവിതത്തെ
ഓർമ്മിപ്പിക്കുകയായി

വേദനയുടെ വളർവള്ളിയാണ് ജീവിതം
കത്തുന്ന ഗ്രീഷ്മമായി ,
ശിശിരമായി ,
ഇലകൊഴിഞ്ഞമരമായി നിൽക്കു -
മ്പോഴും
ജലം തേടുന്ന പടർപ്പൻ വേരുപോലെ
മുറിച്ചു മാറ്റാൻ പറ്റാത്ത വിധം
ജീവിതം ആഴങ്ങളിലേക്കാഴ്ന്നിറങ്ങുന്നു


2022 മേയ് 4, ബുധനാഴ്‌ച

മൺകുടത്തിൽ അടങ്ങാത്തത്


ആലോചിച്ചാൽ ഒരന്തവുമില്ല
ആലോചിച്ചില്ലേൽ ഒരു കുന്തവുമില്ലെന്ന്
പറഞ്ഞതുപോലെ
ആലോചിച്ചിട്ടുണ്ടോ
ആറ്റിക്കുറുക്കിയെടുത്താൽ
ഒരു ജീവിതമെത്രയുണ്ടെന്ന്

ഒറ്റവാക്കിൽ
ഒരു മൺകുടത്തിൽ
അടങ്ങുന്നതെന്ന് പറയാമോ?!

കണ്ണീരും,കദനങ്ങളും എവിടെയാണ്
രേഖപ്പെടുത്തിയിട്ടുള്ളത്
വിടർന്നസ്നേഹത്തിനും
വിളമ്പിയ മധുരത്തിനും എവിടെ
അടയാളം

ഏകാന്തയ്ക്കും
ഏറ്റ ശരമാരിക്കും
ആര് കൂട്ട്

പറഞ്ഞ വാക്കുകളും
പറയാത്ത ചില മൗനങ്ങളുമല്ലാതെ
ബാക്കിയാകുന്നത് മറ്റെന്ത്

എങ്കിലും,
കാലത്തേയും
ദേശത്തേയുംമറികടന്ന്
ഒരു ഞരമ്പ് ചിലരെ പരസ്പരം
ബന്ധിപ്പിക്കുന്നുണ്ടാകും

എത്രവായിച്ചാലാണ്
ഒരു ജീവിതത്തെപഠിക്കുക

ഒരിക്കലും വെളിപ്പെടുത്താത്ത
എത്രയെത്ര ആഗ്രഹങ്ങൾ,
അനുഭവങ്ങൾ,
നിരാശകൾ, ആസക്തികൾ
മൂടിവെച്ച മുറിവുകൾ
തിടം വെച്ച ഓർമ്മകൾ

ആറ്റിക്കുറുക്കിയെടുത്താൽ
എത്രയുണ്ടാകും ഒരു ജീവിതം
ഒരു മൺകുടത്തിൽ
അടങ്ങുമോ ജീവിതം




2022 മേയ് 3, ചൊവ്വാഴ്ച

അനന്തരം


ഉണർന്നു വരുന്ന
കതിരവനെപ്പോലെ,
ഇളം മുന്തിരിക്കുലപോലെ
അവൾപുഞ്ചിരിക്കുന്നു

ഉരുകിയ തങ്കം പോലെ
പ്രശോഭിക്കുന്നു
ഹരിതവർണ്ണാഭ
വിടർത്തുന്നു

മണ്ണിൽ നിന്നെല്ലാം
മാഞ്ഞു പോകുന്നു !
നമ്മിൽ നിന്ന്
നാമും മാഞ്ഞു പോകുന്നു !!
അവളിലേക്ക് ലയിക്കുവാൻ
ഹൃദയത്തിൽ
അതിയായആഗ്രഹം
മുറ്റി നിൽക്കുന്നു

പൂത്തു നിൽക്കുന്ന
വസന്തമാണവൾ
പ്രണയം
എത്ര സുന്ദരമാണ്

അനന്തരം:
അവളിലേക്കു പറന്നേറുവാൻ
ഭൂമി മുഴുവൻ വലയം ചെയ്യുന്ന
സ്നേഹത്തിൻ്റെ
രണ്ടു ചിറകുകളായി
പരിണമിക്കുന്നു

2022 മേയ് 2, തിങ്കളാഴ്‌ച

ഓർമകൾ


ഓർമകളെക്കുറിച്ച്
നിങ്ങൾ ഓർത്തുനോക്കിയിട്ടുണ്ടോ?!
ഓർമകൾ
പലവിധമുണ്ട്

ചക്കിപ്പൂച്ചയെപ്പോലെ
കണങ്കാലിൽ മുട്ടിയുരുമ്മി
അരമുള്ളനാവിനാൽ വിരലിൽനക്കി
ഇക്കിളിയാക്കുന്നവ

പാലു കട്ടുകുടിക്കുന്നതുകണ്ട് വടിയുമായി
എത്തുമ്പോൾ
തട്ടിമറിച്ച് പാഞ്ഞുപോയി എവിടെയോ
മറഞ്ഞിരുന്ന്
നോക്കിക്കൊണ്ടിരിക്കുന്നവ

മറ്റു ചിലതുണ്ട്
എന്നും കാവലിരിക്കും,
പിറകേനടക്കും
കുരച്ചുചാടിക്കൊണ്ട് മുന്നിൽ നടക്കും

വേറെ ചിലത്
മുഖാമുഖം നിന്ന് വെല്ലുവിളിക്കും
നിഷേധിക്കും
ഒരു യുദ്ധം തന്നെ ചെയ്ത്
രക്തമൊഴുക്കും

പിന്നെയുമുണ്ട് ഓർമകളനവധി
വാലാട്ടിനിൽക്കുന്നവയും
വീണേടം വിദ്യയാക്കുന്നവയും
വായിൽക്കൊള്ളാത്തവയും
കടിയേറ്റതുപോലെ കടയുന്നവയും

വേഷം


പണ്ടൊക്കെ
കോമാളി വേഷം കാണാൻ
ഉണ്ടപ്പറമ്പ മൈതാനിയിലും
പോലീസ് മൈതാനിയിലും
സർക്കസ് കാണാൻ പോയിരുന്നു

ഇന്നിപ്പോൾ
പുറത്തോട്ടൊന്നിറങ്ങിയാൽ
എന്തെന്തു വേഷങ്ങളാണ്
ഇത്രയും കോമാളിത്തരം
അന്നത്തെ സർക്കസിൽപോലു
മുണ്ടായിരുന്നില്ല

കാലത്തിനനുസരിച്ച്
കോലം കെട്ടണമെന്ന്
പഴേയാളുകള് പറയാറുണ്ട്

ജീവിതമേ,
കാലത്തിനനുസരിച്ച്
നീ എന്തൊക്കെ കോമാളിത്ത -
രമാണ്
കെട്ടിക്കൊണ്ടിരിക്കുന്നത്