malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022 ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഞാനാകുന്നത്


ഇന്നലെ
ഞാനൊരു
നഗരത്തിൽ പോയി

ഇന്ന്
ഞാനൊരു
മെട്രോ നഗരത്തിലും

കൊട്ടാരം പോലുള്ള
ലോഡ്ജിൽ താമസം
മുന്തിയ രുചികരമായ ഭക്ഷണം

സൗന്ദര്യവർദ്ധക വസ്തുക്കളാൽ
ഞാനെന്നെ
മിനുക്കിയെടുക്കുന്നു

ഉല്ലാസയാത്രകൾ ചെയ്യുന്നു
ഉയർന്ന നിലയിലുള്ളവരുമായി
ഇടപഴകുന്നു

എങ്കിലും;
എവിടെയാണെങ്കിലും
ഞാനെൻ്റെ
കുഞ്ഞു ഗ്രാമവും
കൂടെ കൊണ്ടു പോകുന്നു

2022 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഓട്ടോ ഗ്രാഫ്




പത്താം ക്ലാസിലെ

പഠിപ്പിസ്റ്റായിരുന്നു പുഷ്പ

പുച്ഛം കലർന്ന ഒരു നോട്ടമുണ്ട്

പൂച്ചപ്പോലെ പതുങ്ങിപ്പോകും

ഞങ്ങള്


ഓട്ടോ ഗ്രാഫ് വാങ്ങാൻ

ഒട്ടു വൈകിപ്പോയി

ഓർമ്മയിലുള്ളതെല്ലാം

എഴുതി കഴിഞ്ഞെന്ന് ചിലർ


ഒരിക്കലും നടക്കാത്ത

സ്വപ്നങ്ങളെഴുതി ചിലർ

ഓർമ്മയിൽ പോലും

തങ്ങാത്തതെഴുതി മറ്റു ചിലർ


നീട്ടിയ ഓട്ടോഗ്രാഫ്

തട്ടിമാറ്റി പുഷ്പ

പച്ച വെള്ളം ചവച്ചു കുടിക്കുന്ന

ദേഷ്യമുണ്ട് ആ മുഖത്ത്


കാലം കടന്നു പോയി കുറേ,

ചിതലെടുത്തു പോയി ഓട്ടോഗ്രാഫ്

പത്താം ക്ലാസുകാർ പല വഴിക്കായി

ചിലർ മരിച്ചതായി പത്രത്തിൽ കണ്ടു


ചിലരെ കണ്ടാലറിയാതായി

ചിലർ കണ്ടാലും മിണ്ടാതായി

പുഷ്പയെ കാണാറുണ്ടെന്നും

കല്പണയിൽ നിന്നും കല്ല് കടത്തുന്നു -

ണ്ടിന്നും


ചിരിക്കാറുണ്ട് പുഷ്പ

അപ്പോൾ ആ മിഴികളെന്തായിരിക്കും

മൊഴിയുന്നത്

തോറ്റു പോയി ജീവിതത്തിലെന്നോ

ഓർമ്മയുണ്ട് തട്ടിമാറ്റിയ ഓട്ടോഗ്രാ-

ഫെന്നോ


വഴി


അന്ന്,
പിണക്കമെന്ന് നടിച്ച്
വേലിയിൽ പിണഞ്ഞിരിക്കു -
കയാണെന്ന്
വരുത്തി തീർക്കുകയായിരുന്നു
നീ ദുഃഖിക്കേണ്ടെന്നു കരുതി

ഇന്ന്,
ഇല്ലാത്ത എന്നെ തിരഞ്ഞ് നീ -
ദുഃഖിക്കുമ്പോൾ
അങ്ങനെ ഒരു ഞാൻ ഉണ്ടായി -
ട്ടേയില്ലെന്ന്
വിചാരിക്കാനാണ് ഇഷ്ടം

2022 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

അമ്മ മഴ

അsമഴയിലൂടെ ഓടിവരും ഞാൻ

നിറമിഴികളോടെ,നിറമഴയിലേക്ക് -

ചാടിയിറങ്ങി

പൊത്തി പിടിക്കുമെന്നെ അമ്മ

ഉടുമുണ്ടിൻ്റെ കോന്തല കൊണ്ട്

തലതുവർത്തി തരും


രാസനാദിപ്പൊടി നിറുകയിൽ -

തിരുമി

തണുത്തു വിറയ്ക്കുന്ന എന്നെ

അടുപ്പിനരികിൽ പലകയിട്ടിരുത്തും

ചൂടുള്ള ചുക്കുകാപ്പി ഊതി ഊതി -

കുടിപ്പിക്കും


ഇടയ്ക്കിടെ വന്ന് നെറ്റിയും, നെഞ്ചും

തൊട്ടു നോക്കും

ഇല്ലാതദൈവങ്ങൾക്ക് വല്ലാതെ നേർച്ച -

നേരും.

എനിക്കൊന്നുമില്ലെന്ന് ഉറപ്പാകുന്നതു -

വരെ

പുറത്ത് മഴ പെയ്തു തോർന്നാലും

അകത്ത് പെയ്തു കൊണ്ടേയിരിക്കും -

അമ്മ




2022 ഓഗസ്റ്റ് 3, ബുധനാഴ്‌ച

നോവിക്കാനാവുന്ന കാലം

ഒലിച്ചുപോയ ഓർമകളെയായിരിക്കണം

തിരഞ്ഞുകൊണ്ടിരിക്കുന്നത്

കണ്ണി വിട്ടുപോയതിനെ

കോർത്തെടുക്കാനും


ഊന്നുവടിയിൽ

ഉയർന്നു നിൽക്കുമ്പോൾ

അവശേഷിക്കുന്ന പ്രത്യാശയുടെ

ബലമായിരിക്കണം

ചങ്കിൽ പിടച്ചുനിൽക്കുന്നത്


സഞ്ചരിക്കുന്നുണ്ടാകാം

ചടുലവേഗത്തിൽ മനസ്സ്

കുതിച്ചുപായുന്നുണ്ടാകാം

കാഴ്ചകളിലൂടെ

അതായിരിക്കണം ,

ഇത്രയും കിതച്ചു പോകുന്നത്


എത്തിയിരിക്കണം,

കഴിഞ്ഞകാലത്തിൻ്റെ വെളിമ്പ-

റമ്പിൽ

കണ്ടതും, കേട്ടതും, ചെയ്തതും -

അനുഭവിച്ചതുമെല്ലാം

തിക്കിത്തിരക്കി വന്നിരിക്കണം

അതായിരിക്കണം

ഒരു തിക്കുമുട്ടൽ, തളർച്ച, ഒരു തേങ്ങൽ



2022 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

രൂപാന്തരം

അത്താഴം കഴിഞ്ഞ്

അവസാനത്തെ സീരിയലും കഴിഞ്ഞ്

അവൾ കിടന്നു


അസ്വസ്ഥതയുടെ

ഒരു ബീഡിപ്പുകയിലിരിക്കുമ്പോഴാണ്

കവിസുഹൃത്ത് വന്നത്


കുളിച്ചീറൻ മാറ്റി

അലച്ചലിൻ്റെ ഉലച്ചലുമാറ്റാൻ

രണ്ടെണ്ണം വീശി

ഒരു കവിതയും തൊട്ടുകൂട്ടി

അവസാനത്തെ വറ്റും, വാക്കും

നുള്ളിക്കൊറിച്ച്

അവനും കിടന്നു


കട്ടൻ തണുത്താറിയിട്ടും

നേരം നന്നേ വെളുത്തിട്ടും

എഴുന്നേറ്റു വരാത്തതുകൊണ്ടാണ്

അകത്തേക്ക് കയറി നോക്കിയത്


കട്ടിലിൽ

മുഷിഞ്ഞു തുടങ്ങിയ

അരപ്പായ കടലാസിൽ

ചുരുണ്ടുകൂടി ഉറങ്ങുന്നു

ഒരു കവിത


അപ്പോഴാണറിഞ്ഞത്

രൂപാന്തര പ്രാപ്തിവന്ന

ഒരു കവിതയായിരുന്നു

അവനെന്ന്








2022 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

കൂടെ .....!


കൂടെ കൂട്ടരുത്
കഴിഞ്ഞ കാലത്തെ,
കുട്ടികളോട്
പറയുകയേ അരുത്
അവർ പരിഹസിച്ച്
അച്ഛന് വട്ടെന്ന് ചിരിക്കും

മുതിർന്നവരോട്
പറയാനേ മുതിരരുത്
നിങ്ങൾ ഏതു പുരാണത്തിൽ
ജീവിക്കുന്നെന്ന്
തിരിഞ്ഞുകുത്തും

മരങ്ങളോട്
മറഞ്ഞുനിന്നു പോലും
പറഞ്ഞേക്കരുത്
തളിർചില്ലകൈകൾ കൊട്ടി
തലതല്ലിച്ചിരിക്കും

പക്ഷികളോട് മിണ്ടല്ലേ
പക്ഷം വീശി
പക്ഷംപിടിച്ച്
പതിരുപതിരേയെന്ന്
പലപാടുംപാറിപ്പറയും

ഇനി,
കനിവോടെ കേൾക്കുമെന്ന്,
കാലത്തിനോടു തന്നെ
പറഞ്ഞാലോ
കൈമലർത്തി കണ്ടില്ലെന്ന്,
കേട്ടില്ലെന്ന്
നടിച്ച് കടന്നു കളയും!