malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023 മാർച്ച് 7, ചൊവ്വാഴ്ച

കവിത


ചിലപ്പോൾ
വടികുത്തി നടക്കുന്ന
മഞ്ഞവെയിലാണു കവിത

ചിലപ്പോൾ
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കും
വെളിച്ചത്തിൽ നിന്ന് ഇരുളിലേക്കും
അമ്പെയ്യുന്ന ലക്ഷ്യം

അഭയവും
ഭയവും

ചരിത്രവും
ചരിത്ര സാക്ഷിയും

മറിയത്തിനെ എറിയാനുയർത്തിയ -
കല്ലും
യേശുവിൻ്റെ വാക്കും

ചിലപ്പോൾ
കവിതയ്ക്ക്
കുരുത്തോലയടെ
മഞ്ഞനിറം

ചോരയുടെ
ചുവപ്പു നിറം

എന്തു പറഞ്ഞാലും
എന്നും
പച്ചയായ
ജീവിതമാണ് കവിത

2023 മാർച്ച് 6, തിങ്കളാഴ്‌ച

പെരുക്കം


വരകളിൽ നിന്നായിരിക്കണം
വചനങ്ങൾ പിറന്നിട്ടുണ്ടാകുക
ആരവങ്ങളിൽ നിന്ന്
നീരവവും

ഉരസ്സിനും, ശിരസ്സിനുമിടയിലായി -
രിക്കുമോ
സ്വസ്തിയുടെ അസ്ഥി

ആനയ്ക്കറിയല്ല
ആനയുടെ ശക്തി
വാക്കിന്നൂക്കറിഞ്ഞവൻ
ഊമ

വാക്കിൻ്റെ പക്ഷികൾ
മലകൾക്ക് ചിറകുകൾ -
നൽകുന്നു

തലയോട്ടിയുടെ കുന്നിൽ
ആണിയടിക്കുന്ന ശബ്ദം
ആണൊരുത്തന്
അകം പൊരുളിൻ്റെ
പെരുക്കം

2023 മാർച്ച് 5, ഞായറാഴ്‌ച

മീനമെത്തുമ്പോൾ


ഉടലിനെ
ഉപ്പിലിട്ടിരിക്കുന്നു വെയിൽ
അപ്പാർട്ടുമെൻ്റിലെ
അടച്ചിട്ട വാതിലുകളിൽ
അടവച്ച ചൂടിനെ
ആട്ടിപ്പായ്ക്കുവാൻ കഴിയാതെ
കറങ്ങി വശംകെടുന്നു
എ.സിയും ,ഫാനും

മീനം വരുന്നതേയുള്ളു
ചൂടിൻ്റെ സൂക്ഷ്മത
പട്ടാളക്കാരെപ്പോലെയാണ് !
ഏത് മുക്കിലും മൂലയിലും
അരിച്ചെത്തും

വേനലിൻ്റെ മാസ്മരികസൗന്ദര്യം
എന്നൊക്കെ പറയാറുണ്ടോ?!

എങ്കിൽ,
കത്തിനിൽക്കുന്ന കുന്നും,
ചോർന്നുതീർന്ന ചോലയും
ആലസ്യത്തിൽ അനങ്ങാതെ
ഉറക്കം തൂങ്ങിനിൽക്കുന്നമരങ്ങളും

അതിരാവിലെ ജ്വലിച്ചു നിൽക്കുന്ന
ചുവപ്പൻ കിരണങ്ങളും
വേനൽപൂത്ത വാകതൻശിഖരങ്ങളും
ചുവന്ന ചരടുനീർത്തിയ മിഴികളും
വിശപ്പു കത്തും കനലും സൗന്ദര്യ -
മല്ലാതെ മറ്റെന്ത്.

2023 മാർച്ച് 4, ശനിയാഴ്‌ച

അമ്മ


മഴ തോർന്നാലും
മരമായ് പെയ്യും
അടച്ചുറപ്പില്ലാത്ത
അടുക്കളച്ചരിവിൽ
കനിവിൻ്റെ കനലായി
കാത്തിരിപ്പുണ്ടാകും

പിടയുന്ന വാക്കിനാൽ
പൊടിയുന്ന വിയർപ്പിനാൽ
മുറിവായിൽ പോലും
തളിർപ്പച്ച കിളിർപ്പിക്കും

അകക്കൊള്ളി കത്തിച്ച്
അപ്പങ്ങൾ ചുട്ടുതരും
നിലവിളികൾ ഒളിപ്പിച്ച്
നിറപുഞ്ചിരി വിളമ്പിത്തരും

നിലയില്ലാ കയത്തിൻ്റെ
വെളുമ്പത്താണെങ്കിലും
നിഴലെന്നു സമാധാനിപ്പിച്ച്
പടവേറ്റി ഉയർത്തിടും

2023 മാർച്ച് 3, വെള്ളിയാഴ്‌ച

കാക്കക്കവിത


പുലർകാലത്ത്
പുളിമരത്തിൽ വന്നിരുന്ന്
വിളിച്ചുണർത്തും
മുറ്റത്തെ ചീത്തകളെല്ലാം
വൃത്തിയാക്കും

വിരുന്നുകാരെ
വാഴകൈയിലിരുന്ന്
വിളിച്ചു പറയും

ഇതൊക്കെയാണെങ്കിലും
കാക്കകളെ
നമുക്കിഷ്ടമേയല്ല

കറുപ്പിനേഴഴകെന്ന്
മേനിപറഞ്ഞു നടക്കും
കാക്ക കുളിച്ചാൽ
കൊക്കാകുമോയെന്ന്
പരിഹസിക്കും

നോക്കൂ ,
കാക്കയുടെ ആ ഇരിപ്പും ,
നടപ്പും
ഓട്ടക്കണ്ണിട്ട നോട്ടവും.

ശരീരത്തിലും, കണ്ണിലും
ഇത്രയേറെ കവിത ഒളിപ്പിച്ച
ഒരു പക്ഷി വേറെയില്ല

2023 മാർച്ച് 2, വ്യാഴാഴ്‌ച

ഭാഷയുടെ പക്ഷി




പുസ്തകങ്ങളുടെ പൂന്തോട്ടത്തിൽ

സുഗന്ധങ്ങളെ രുചിച്ച്

അക്ഷരങ്ങളെ കൊറിച്ചിരിക്കണം


ഭാഷയുടെ വേഷങ്ങളെ

എനക്ക് എൻ്റെ മാത്രം ജിജ്ഞാസ

യോടെ

നോക്കിയിരിക്കണം


കവിത പൂത്തചില്ലയിൽ കൂടുകൂട്ടിയ

കിളികളുടെ കളകൂജനങ്ങൾ കേട്ട്

നക്ഷത്രങ്ങളെ തൊട്ടു നോക്കണം


ചിതറിയ ചില്ലക്ഷരങ്ങളെ വാരിക്കൂട്ടി

ആവശ്യത്തിന് വെള്ളമൊഴിച്ച്

പാകത്തിന് കുഴച്ച് വാക്കിൻ്റെ ഇഷ്ടിക

പണിയണം


മൗനത്തിൻ്റെ പെട്ടകത്തിൽ

വാക്കുകളെ പടുത്ത്

വാചാലതയുടെ വാതായനങ്ങളിലൂടെ

ഭാഷയുടെ പക്ഷികളെ പറത്തി വിടണം



2023 മാർച്ച് 1, ബുധനാഴ്‌ച

ഉപമ




ചുണ്ടെത്തും ദൂരത്ത്

ഇറുന്നു വീഴാൻപാകത്തിൽ

ചുവന്ന പഴം പോലെ

നിൻ്റെ ചുണ്ടുകൾ


ഇലത്തുമ്പിലൂടെ

ഇറ്റിറ്റു വീഴുന്ന

മഞ്ഞുതുള്ളികൾ പോലെ

ഞെട്ടിൽ നിർത്തി

കൊത്തി തിന്നണം

പ്രണയത്തെ


ഏതിനോട്

ഉപമിക്കണം

പ്രണയികളെ ....