malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023 ജൂൺ 14, ബുധനാഴ്‌ച

എത്ര വേഗമാണ്


വാളുകൊണ്ടല്ല
വാക്കു കൊണ്ട്
തോക്കു കൊണ്ടല്ല
നോക്കു കൊണ്ട്
ഒരു സംശയത്തിനും
ഇടയില്ലാത്ത വിധം
എത്ര വേഗമാണ് !

നിരായുധനെന്ന്
അറിയുകയേയില്ല
നിരാശയ്ക്കു വക
യേയില്ല
തെളിഞ്ഞു കത്തുന്ന
വിളക്കു പോലെ
പ്രകാശം പരത്തുമ്പോൾ

പകൽ
നക്ഷത്രത്തെ സ്വപ്നം
കാണുന്നതുപോലെ
രതിയിലെന്ന പോലെ
മൃതിയിലേക്ക്
എത്രവേഗമാണ് !

2023 ജൂൺ 12, തിങ്കളാഴ്‌ച

വള്ളി ട്രൗസർ


അന്തിപ്പത്രത്തിൻ്റെ
അടക്കം പറച്ചലിലെ മടുപ്പ്
പുറത്തേക്ക് നീട്ടി തുപ്പിയപ്പോൾ
ഓർമ്മയിൽ നിന്നും ഊർന്നു -
വീഴുന്നു
ഒരു വള്ളി പൊട്ടിയ ട്രൗസർ !

മകൻ വാട്ടർകളറിൽ വരച്ച്
മിനുക്കുപണികളാൽ
വൃത്തിയാക്കുന്നു
പിൻവശം കീറിയ വള്ളി ട്രൗസർ

ഇളങ്കാലുകൾ അമർത്തി ചവുട്ടി
വട്ടുരുട്ടി ചരൽക്കുന്നിറങ്ങുന്ന
ഒരുകിരുകിരുപ്പ്
ഉള്ളങ്കാലിലൂടെ നെറുകന്തലയി-
ലേക്കു പാഞ്ഞുകയറുന്നു
ഒരെട്ടു വയസ്സുകാരൻ്റെ മട്ടും, -
ഭാവവും എന്നിൽ പിറക്കുന്നു

അലക്കിയാൽ മാറിയിടാൻ
ട്രൗസറില്ലാത്ത കാലമെന്നെ
തുറിച്ചു നോക്കുന്നു!
കരച്ചിലിൻ്റെ ഒരു തിക്കുമുട്ടൽ
തൊണ്ടയിൽ കുരുങ്ങുന്നു

എങ്കിലും
മനസ്സിൻ്റെ ചരൽപ്പറമ്പിലൂടെ
വള്ളി പൊട്ടിയ ട്രൗസറിട്ട്
വട്ടുരുട്ടി പാഞ്ഞു പോകുന്നുണ്ട്
ഇപ്പോഴും




2023 ജൂൺ 9, വെള്ളിയാഴ്‌ച

വിളിച്ചു പറയുന്നത്


കവികൾ നിറഞ്ഞൊഴുകയാണ് കവിതകളായി
പുസ്തകതാളിലേക്ക്
മരിച്ചാലും മറയാതെ മുന്നിൽ വരും
മഴനാരിൻനൂലിൽ വെയിൽപൂക്കൾ തുന്നും

കവിതയുടെ കുത്തബ്മിനാറിൽ
കളിചിരികൾ തീർക്കും
കവിതയുടെ കുണ്ടനിടവഴികളെ
പുത്തൻ അർത്ഥതലങ്ങളുടെ നടവര -
മ്പുകളാക്കും

കവികൾ ചിലപ്പോൾ മരങ്ങളാകും
വാക്കിൻ്റെ വളഞ്ഞുപുളഞ്ഞ വേരുകളെ
കുളത്തിലേക്കും, കിണറിലേക്കും, പുഴയി -
ലേക്കും, മണ്ണിൻ്റെ അടരുകളെ അടർത്തി
ആഴങ്ങളിലേക്കാഴ്ത്തി സത്യജലത്തെ -
തൊട്ടുണർത്തും.

കവികൾ ചിലപ്പോൾ കവിതകളെ
കിളികളാക്കും
അവ പറന്നു വന്ന് നമ്മടെ മനസ്സിൻ്റെ
കൊമ്പത്ത് കൂടുകൂട്ടും
അവ പല ഭാഗത്തു നിന്നും ഇത് എന്നെ
കുറിച്ചാണ്, എന്നെക്കുറിച്ചാണ് എന്ന്
വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും

കവിതയാണ് നമ്മിലെ കറുപ്പിനെ മാറ്റി
സൂര്യവെട്ടമായ് എല്ലാം കാട്ടി തരുന്നത്
പുത്തനറിവിൻ്റെ പുഴപ്പൂക്കൾ നമ്മിൽ -
വിരിയിക്കുന്നത്
മനസ്സിൻ്റെ കൊമ്പത്തിരുന്ന് വെളിച്ചമായെന്ന്
വിളിച്ചു പറയുന്നത്

2023 ജൂൺ 8, വ്യാഴാഴ്‌ച

സുന്ദരി


സ്മിതകല ചൂടിയ നിന്നുടെ -
ചുണ്ടുകൾ
ഗൂഢവിമോഹന മാന്ത്രിക -
മിഴികൾ
സർവം നിശ്ചല ശില്പമതാക്കും
പ്രിയേ നിന്നുടെ മായിക രൂപം

ഹൃത്തിൽ നൃത്തച്ചുവടാകുന്നു
നീല നിലാവിൻ ലയമാകുന്നു
ഓരോ ചുവടും ഏതോ സ്വപ്നം
പോലെന്നുള്ളിൽ ചിറകുവിരിപ്പൂ

കാമനയുണരും കൺപോളകളും
കവനം വിരിയും കവിളിണയും
മുകിലിൻ മൗനംപോലാംകൂന്തൽ -
തുമ്പിൽ ഇറ്റും ജലമണിയും
എത്ര മനോഹര പ്രണയാതുരമീ -
സുന്ദരി നിന്നുടെ രൂപം

2023 ജൂൺ 7, ബുധനാഴ്‌ച

നഗരത്തിൽ


പത്തനമെനിക്കിന്നു
പട്ടടപോൽ പൊള്ളുന്നു
ചീവീടിൻ സംഗീതമെൻ
ചിരിച്ചില്ലയിൽ പൂക്കുന്നു

വേലിയിൽ നിരന്നിരിക്കുന്നു -
കാക്കകൾ
ഓരോ കൊക്കിൽ നിന്നും
വിരുന്നുകാരിറങ്ങി വരുന്നു

കിളികൂജനങ്ങളൊരു
പൂക്കാലം തീർക്കുന്നു
കുയിലിൻ കവിത പുഴയാ -
യൊഴുകുന്നു

കണ്ണാം ചിരട്ടയിൽ
മണ്ണപ്പം ചുട്ടീടുന്നു
കന്നുകുട്ടികൾ ചുറ്റും
തട്ട മുട്ടിപ്പായുന്നു

ഇപ്പാതിരാത്രിയിൽ
എങ്ങുന്നു വന്നുയെൻ്റെ
ആ കൊച്ചുഗ്രാമവും
ഓർമ്മതൻ കുളിർ തെന്നലും

പട്ടണമെനിക്കിന്നു
പട്ടടപോൽ പൊള്ളുന്നു
പ്രളയത്തിൽ പെട്ടൊരു
പെട്ടകം പോൽ തോന്നുന്നു

2023 ജൂൺ 6, ചൊവ്വാഴ്ച

ഗണിക


കണ്ണിലെ നക്ഷത്രം
കെട്ടുപോയി
മോഹങ്ങളുടെ മഷിപാത്രം
കദനക്കടലെടുത്തു പോയി

ചുട്ടുപൊള്ളുന്ന കുഞ്ഞിനെ
മാറോടടുക്കി അവൾവിതുമ്പി
മുടിപ്പൂവ്
വാടിയ ഗന്ധം പരത്തി

വാതിലിനു മുട്ടിയ മുട്ടുകളെല്ലാം
തിരിച്ചുപോയി
ചോറു വറ്റിയ വയറിനെ ഓർത്ത -
വൾ
തരിച്ചിരുന്നു പോയി

തെരുവിലാരോ
പൊട്ടിച്ചിരിക്കുന്നു
പാതിരാപക്ഷി ചിലച്ചു പോകുന്നു

2023 ജൂൺ 3, ശനിയാഴ്‌ച

ഭാര്യ


കാത്തിരിപ്പുണ്ടെന്നുമെന്നെ
കരളിലൊരു കവിതയും വിരി-
ച്ചൊരുവൾ
ക്ഷമയുടെ നെല്ലിപ്പടിയിലും
ചിരിമണി വിതറുവോൾ
ഇല്ലില്ല മറ്റൊരു പ്രണയവും
അവളോളം വരില്ലൊരിക്കലു-
മൊരു കാമുകി