malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023 ജൂലൈ 8, ശനിയാഴ്‌ച

ആയുസ്സ്


ജീവിതത്തെക്കുറിച്ചായിരുന്നു
അന്നത്തെ ക്ലാസ്
' എങ്ങനെ നല്ല ജീവിതം നയിക്കാം' -
ജീവസുറ്റ വാക്കുകളാൽ
പ്രഭാഷകൻവാചാലനായി

അടുത്തിരുന്നയാൾ ആരു കേൾ-
ക്കാതെ
എന്നോടു ചോദിച്ചു:
ക്ലാസുകേട്ടാണോ ജീവിതം പഠിക്കേ -
ണ്ടത്?
ജീവിച്ചു കൊണ്ടല്ലെ ജീവിതം
പഠിക്കേണ്ടത്?

ചർച്ചാവേളയിൽ ഞാൻ പ്രഭാഷ-
കനോട് ചോദിച്ചു:
ജീവിതത്തെക്കുറിച്ചു മതി
ഇനി ആയുസ്സിനെ കുറിച്ചു പറയൂ

വാക്കറ്റ പ്രഭാഷകൻ
മൗനത്തെ മടുമടാ കുടിച്ചു
ആകാംക്ഷയോടെ നോക്കുന്ന
ആൾക്കാരിലേക്ക്
ആയുസ്സറ്റ് വീണു

2023 ജൂലൈ 7, വെള്ളിയാഴ്‌ച

വഴി


പതിവായ് നടക്കുന്ന വഴി
പാതിവഴിൽ വെച്ച് മുറിഞ്ഞുപോയി
പരന്ന തണലേകിയ മരം
പത്രങ്ങളറ്റ് മറിഞ്ഞു വീണു

വലിയ ഒരു ട്രങ്ക് പെട്ടിയാണ് ലോകം !
മനുഷ്യ മനസ്സും .
വരിതെറ്റിയ വാക്കുകൾ
വേച്ചുവേച്ചു നടക്കുന്നു
ഒരു മുയൽപ്പേടിയുള്ളിൽ
സsകുടഞ്ഞെഴുന്നേൽക്കുന്നു

വഴിയറ്റ വഴിയും
വരിതെറ്റിയ വാക്കും
ഉയർതേടി അലയുന്നു
ഉള്ളത്തിൽ കലമ്പുന്നു

2023 ജൂലൈ 6, വ്യാഴാഴ്‌ച

എന്നിൽ നീ ....


എൻ്റെ പ്രണയമേ,
ഉള്ളിൽ നീ ഇത്രയും
നിറഞ്ഞതുകൊണ്ടായി -
രിക്കണം
പുറമേക്ക് ഞാനിത്രയും
നീയായിപ്പോയത്

          (2)
ഓർമ്മയുടെ കൊടുങ്കാട്ടിൽ
ഞാൻ ശ്വാസം മുട്ടുമ്പോഴല്ലാം
പുഞ്ചിരിയുടെ ഒരു കുടന്ന -
പൂവായ് നീ
ഉള്ളിൽ വിടരുന്നല്ലോ

         (3)

എന്നിലെ നീയാണ്
എന്നെയെന്നും
കിടത്തി ഉറക്കുന്നതും
വിളിച്ചുണർത്തുന്നു

2023 ജൂലൈ 5, ബുധനാഴ്‌ച

നാല് പക കവിതകൾ മഴകാത്ത്


മഴകാത്ത്
മണ്ണിൽ കിടക്കുന്ന
വിത്ത്

(2)

പുറത്തെ
സ്നേഹത്തിനും
അകത്തെ
വൈരത്തിനുമിടയിൽ
നിശ്ശബ്ദം ഒഴുകുന്ന
രക്തപ്പുഴ

(3)

പുകഞ്ഞുകൊണ്ടിരിക്കുന്ന
ഉമിത്തീയുടെ
അടുപ്പ്

(4)

എത്ര പഴകിയാലും
പതം വരാത്ത
ഓർമ

2023 ജൂലൈ 4, ചൊവ്വാഴ്ച

സത്യം

കാഴ്ചയുടെ തിരയടങ്ങി

കാറ്റുപിടിച്ച മനസ്സൊടുങ്ങി

ക്രോധംകൊണ്ടിനി അടക്കി -

ഭരിക്കാനോ

സ്നേഹം കൊണ്ടിനി മടക്കി -

വിളിക്കാനോ കഴിയില്ല


കഴിയില്ല നിദ്രയുടെ കടപുഴ-

ക്കാൻ

കവിതയുടെ കുളിരു കോരാൻ

കാത്തു നിന്ന് കാലുകഴക്കേണ്ടതില്ല

കണ്ണീരു തുടയ്ക്കേണ്ടതില്ല


പുകഞ്ഞു നീറേണ്ടതില്ല

പതഞ്ഞു തൂവേണ്ടതില്ല

പകച്ചു നിൽക്കേണ്ടതില്ല

പിടിച്ചു നിൽക്കേണ്ടതില്ല


സത്യം ഒന്നു മാത്രമേയുള്ളു

വിശ്വസിക്കാൻ പറ്റുന്നത്

രണ്ടു മനസ്സിൻ്റെ ആവശ്യമേയില്ല

മരണം നിത്യസത്യം









2023 ജൂലൈ 3, തിങ്കളാഴ്‌ച

അവളെ വായിക്കുന്നത്


അവൻ പുസ്തകങ്ങൾ വായിച്ചു -
കൂട്ടുകയാണ്
അവൾ അനുഭവിച്ചും.!
ഉപ്പ്, ഉള്ളി, മുളക്, കടുക്
അടുക്കള അണിയലമണിഞ്ഞ്
അരങ്ങത്തേക്കിറങ്ങുകയാണ്

അടുക്കള ഒരു രാജ്യമാണ്
ജാതിമതമില്ലാത്തത്
'ജാതി ചോദിക്കുന്നില്ല ഞാൻ സോദരി'
എന്ന ആപ്തവാക്യം പിറക്കുമിടം.

നിറവയറുമേന്തി അവൾ നിലത്തിരുന്ന്
ഉള്ളി അരിയുന്നു
ഉള്ളി സ്നേഹമാണ്
ഉരിയുന്തോറും എരുവേറി വരുന്നത്

ഉപ്പ് ഒപ്പിയെടുക്കുന്നു ഓരോതരിയിലും
ആത്മസംതൃപ്തിയുടെ അകം പൊരുൾ
കടുക് വിപ്ലവ കവിതയാണ്
മുഷ്ടി ചുരുട്ടി പൊട്ടിതെറിക്കും നാലുപാടും

മുളക് നീറ്റലിലും സാന്ത്വനത്തിൻ്റെ
സ്നേഹ മസൃണമായ് നിറഞ്ഞു നിൽക്കുന്നു
അടുക്കള ഒരു പുസ്തകമാണ്
അവളെ വായിക്കുന്ന പുസ്തകം

2023 ജൂലൈ 1, ശനിയാഴ്‌ച

മ, മു

 

കുട്ടിക്കവിത

മ, മു

മഞ്ഞക്കാലൻ കോഴി
മുഞ്ഞിയുയർത്തി കൊക്കി
മഞ്ഞക്കുഞ്ഞിക്കോഴി
മുരിക്കിൻ ചില്ലയിലേറി
മഞ്ഞച്ചേരച്ചേട്ടൻ
മുല്ലക്കാട്ടിലൊളിച്ചു