malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023 ഓഗസ്റ്റ് 15, ചൊവ്വാഴ്ച

എഴുതാത്ത കവിത


കാവേരിയുടെ തീരത്തിരുന്ന്
ഞാൻ സാവേരി കേൾക്കുന്നു
ആരും എഴുതാത്ത കവിതയാ -
ണവൾ
അവളെന്നെ വായിച്ചു കൊണ്ടേ -
യിരിക്കുന്നു

ചില പുലർകാല സ്വപ്നങ്ങൾ
അവൾ പങ്കുവെയ്ക്കുന്നു
എന്നിലെ ഇരുണ്ടയിടങ്ങളിൽ
അതു വെളിച്ചം വിതറുന്നു

ഓർമ്മകളെ ഉണർത്തുന്നു
കുട്ടിക്കാലത്തെ പൊന്തക്കാടുകളിൽ -
കൊണ്ടു പോകുന്നു
തെച്ചി പൂത്ത നട്ടുച്ചകൾ
കാട്ടിത്തരുന്നു

പ്രണയത്തിൻ്റെ പവിഴ പുറ്റിലേക്ക്
കൂട്ടിക്കൊണ്ടു പോകുന്നു
പറക്കാൻ പഠിപ്പിക്കുന്നു
മരുഭൂമിയിലെ ഇല്ലാ ജലത്തെ കാട്ടി -
ത്തരുന്നു

സാവേരിയിൽ ഞാൻ മുങ്ങി നിവരുന്നു
കാവേരിയെന്നെ വാരി പുണരുന്നു
വാർധക്യത്തിൻ്റെ വിഭ്രാന്തി വിട്ട്
യുവത്വത്തിൻ്റെ പടിയിലേക്ക്
കാലെടുത്തു വെയ്ക്കുന്നു

2023 ഓഗസ്റ്റ് 12, ശനിയാഴ്‌ച

കെട്ടകാലം


സ്മൃതികൾ മൃതിയടഞ്ഞു
വെളിച്ചം ഇരുട്ടിനു വഴിമാറി
മൺചെരാത് മണ്ണോടു ചേർന്നു

മുറിവുകളാണെൻ്റെ കൂട്ടുകാർ
ചോര ചേക്കേറിയ മാനസം
ചിന്തയ്ക്കില്ലിനി ചേക്ക

രാത്രിക്ക് രതിയുടെ നിറം
ക്രൂരവ്യാഘ്രത്തിൻ നഖം
ശവംനാറി പൂക്കളുടെ ഉണർച്ച

കാമത്തിൻ്റെ രണ്ടിലകൾ
കൂവിയാർക്കുന്ന യാമം
കുരുന്നു പെണ്ണിൻ്റെ കുരുതിക്കായ്
കരുതി വെച്ച നേരം

നിലവിളിയുടെ നട്ടുച്ചവന്നു -
പൊതിയുന്നു
കരുതിയിരിക്കണം
കാലം കെട്ടകാലം

2023 ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച

അച്ഛൻ്റെ മരണം


അച്ഛൻ മരിച്ചപ്പോൾ
പൊട്ടിച്ചിരിച്ചുകൊണ്ട്
ആളുകളെ സ്വീകരിക്കുന്ന
ഒരു മകനെ ഞാനിന്നലെ -
കണ്ടു.

ദു:ഖത്തിൻ്റെ ഘനീഭാവം
എങ്ങുമില്ല
എത്ര ലാഘവത്വം
നെഞ്ചുരുക്കമില്ലാത്ത
സ്ഫടികച്ചിരി
കടം കൊണ്ട ദുഃഖം പോലും
ഇടമില്ല മുഖത്തണിയാൻ

ഇന്ന്;
അച്ഛൻ മരിച്ചപ്പോൾ
നെഞ്ചിലൊരു ഭാരം
നഞ്ചു കഴിച്ചതു പോലൊരു -
തളർച്ച
ഹൃദയത്തിൽ പൊട്ടുന്ന
അസ്ഥിയുടെ ഒച്ച

ചിരിക്കാനൊന്നു ശ്രമിച്ചാൽ
ഉടഞ്ഞുപോകും കണ്ണീർക്കുടം
അയഞ്ഞു പോകുന്നു
കരുണയുടെ കൈ സ്പർശം

2023 ഓഗസ്റ്റ് 9, ബുധനാഴ്‌ച

നട്ടുച്ച സൂര്യൻ


( മിലാൻ കുന്ദേരയെ ഓർക്കുമ്പോൾ )

വായിക്കുവാൻ കഴിഞ്ഞിട്ടില്ല
എനിക്കു നിന്നെ ഇതേവരെ
അടുത്തിരുന്ന് നിന്നെ വായിക്കു-
മ്പോഴെല്ലാം
ഞാനെത്ര അകലെയാകുന്നു!

നിൻ്റെ ഓരോ വാക്കും ഒരു അറ-
യായിരുന്നു
അതിലെന്തൊക്കെയെന്ന്
അറിയാനേ കഴിയുന്നില്ല
നീയും, ഞാനും ആടും പൂടയും -
എന്നറിയാഞ്ഞിട്ടല്ല
എങ്കിലും....!

നിൻ്റെ ഓരോ വാക്കും
എന്നിൽ മൗനം തീർക്കുന്നു
വാക്കുകൾക്കായി ഞാൻ നിന്നെ
പരതിക്കൊണ്ടേയിരിക്കുന്നു
ഉച്ചരിക്കപ്പെടാത്ത
എൻ്റെ സ്നേഹമേ.......

നീയാണെനിക്ക് സ്വപ്നങ്ങൾ -
തന്നത്
വെളിച്ചവും
നീയാണെനിക്ക് വാക്കു തന്നത്
അർത്ഥവും

നീയെൻ്റെ നട്ടുച്ച സൂര്യൻ
മൂർദ്ധാവിൽ നീ നൽകിയ
ചുംബനത്തിൽ നിന്നാണ്
കവിതയെന്ന മൂന്നക്ഷരം
ഞാൻ കണ്ടെടുത്തത്

2023 ഓഗസ്റ്റ് 8, ചൊവ്വാഴ്ച

കവിതകളാൽ


കവിയിൽ നിന്നും കവിതയുടെ പക്ഷികൾ
പലപാടും പറക്കുന്നു
പലദേശങ്ങളിൽ അതു പല ഭാഷകളിൽ
പറയുന്നു
സ്നേഹത്തിൻ്റെ ഭാഷ ഒന്നെന്നറിയുന്നു

കവിതകൾ സൈബീരിയൻ കൊക്കുകളെ -
പ്പോലെയാണ്

കാലം മാറിയതറിയാത്ത ചില കവിതകൾ
കാലം തെറ്റിയും മടങ്ങി വന്നില്ല!
മടങ്ങിവന്നവയിൽ ചിലതിന് മൂക്കില്ല
ചിലതിന് മുലയില്ല
കൈ അറ്റവ, കാലറ്റവ, ശരീരം ചിന്നഭിന്ന -
മായവ

വിദ്വേഷമില്ലാതെ അന്യോന്യം
ആശ്ലേഷിച്ചു നിന്നൊരു കാലം
ഏതോ അഗാധതയിലേക്കു ഉരുണ്ടു വീണു

സ്നേഹമറ്റ കവിതകളാൽ!
നാവറ്റ, വിരലറ്റ കവി
ചലനമറ്റിരിക്കുന്നു

2023 ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

മണിപ്പൂർ കരയുന്നു

 വായുവിൽ, കരിയുന്ന മാംസത്തിൻ്റെ -

ഗന്ധം

തെരുവിൽ ചോരയുടെ ചാലുകൾ
പഴന്തുണി പന്തുകൾ പോലെ
ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ

ചേറിൽനിന്നും നമുക്ക്
ചോറുവാരി തന്നവർ
കത്തുന്ന പന്തങ്ങളായി എരിഞ്ഞൊ-
ടുങ്ങുന്നു
തീവിഴുങ്ങി എരിയുന്ന കനലാവുന്നു

ദന്തഗോപുരത്തിലേറിയവർ
ദിഗന്തങ്ങൾ മുഴങ്ങുമാറുച്ചത്തിൽ
പൊട്ടിച്ചിരിക്കുന്നു
നാടുകത്തുമ്പോൾ 'നീറോ' ചമയുന്നു !
വല്മീകം ചമച്ച് മഹാമുനിയാകുന്നു !!

എവിടെ അമ്മ ?
മകൾ
പെങ്ങൾ
ഭാര്യ.
മേലാളരുടെ തീൻമേശയിൽ
പപ്പും, പൂടയും പറിച്ച്
ഉപ്പും മുളകും പുരട്ടി
പാകത്തിന് മൊരിഞ്ഞ്.

എവിടെ അച്ഛൻ?
മകൻ
സഹോദരൻ
ഭർത്താവ്
ഒരു നേരത്തെ കൊറ്റിന്
കൊറ്റിയുദിക്കുമ്പോൾ പോയവർ.
കുന്നിനുമേലെ, താഴ് വരയിൽ
തലയറ്റ്, ഉsലറ്റ്, ചിന്നഭിന്നമായി

കരയുന്നു മണിപ്പൂർ
വറ്റാത്ത കണ്ണീർ ഉറവയിടുന്നു

കുറിപ്പ് :- 'നീറോ' - നീറോ ചക്രവർത്തി
വീണവായിക്കുക എന്ന പ്രയോഗം

2023 ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

സെമിത്തേരിയിൽ


രാത്രിയിൽ സെമിത്തേരിയിൽ നിങ്ങൾ -
ഒറ്റയ്ക്കു പോകണം
ഓർമ്മകളെ കുനുകുനാ എഴുതി വെച്ച
അരളിപ്പൂവുകൾകാണണം !

ഇപ്പോൾ നിങ്ങൾക്കു മനസ്സിലായിക്കാണും
ഒരിക്കലും മരിക്കാത്തവരുടെ ഇടത്തിലെ
അടക്കവും, ഒതുക്കവും !

ചിലർ ഇടയ്ക്കൊന്നു തലപ്പൊക്കി നോക്കും
മറ്റൊന്നിനുമല്ല, മനസ്സു മരിച്ചവരെ കാണാൻ
ചിലരൊന്നനങ്ങി കിടക്കും
ഓർമ്മകൾ മരിക്കില്ലെന്നോർമ്മിപ്പിക്കാൻ

ചിലരൊന്നു ചിലപ്പോൾ ചരിഞ്ഞു കിടക്കും
ചിലതൊന്നും കാണാൻ കഴിയില്ല എന്നാവാം
മഞ്ചാടിമണികൾ അവിടവിടെ ചിതറിക്കിടക്കു-
ന്നുണ്ടാവാം
സൂക്ഷിച്ചു നടക്കണം, മരിച്ചാലും മരിക്കില്ലെന്ന്
ഓർമ്മിപ്പിക്കുന്ന കുഞ്ഞുങ്ങളാണവ

ഇലകളാടി കളിക്കുന്ന ചില ചെടികൾ കാണാം
ജീവിച്ചു മതിയായില്ലെന്നു ജീവിച്ചു കാണിക്കുന്ന -
വരാണവർ
മൗനമായല്ലാതെ നിങ്ങൾക്ക് നടക്കുവാൻ കഴി-
യില്ല
കാരണം, മൗനത്തിൽ നിന്നാണ് അവരുടെ
വാക്കുകൾ പിറക്കുന്നത്

വർത്തമാനം പറഞ്ഞു കൊണ്ടു നിങ്ങൾ
സിമത്തേരിയിലേക്കു പോവുകയേ, അരുത്
കാരണം ;
അപ്പോഴാണ് അവർ മരിച്ചവരാണെന്ന് തിരി -
ച്ചറിയപ്പെടുന്നത് .