malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024 ഫെബ്രുവരി 11, ഞായറാഴ്‌ച

പ്രണയാക്ഷരം


അക്ഷിയിലെ പക്ഷികൾ
കുറിക്കുന്നു പ്രണയാക്ഷരം
രാവിനോടിഷ്ടമെന്നോതി
മന്ദം മറയുന്നു സന്ധ്യ

വരുമെന്നൊരു വാക്കു ചൊല്ലി
പിരിഞ്ഞ വേനലിനെ
വഴിയിൽ കാത്തിരിപ്പു ഞാൻ

കരളിൽ നിൻ കുളിർ വിരൽ -
തലോടലിൻ ചാറ്റൽ മഴ
അരിയ മോഹത്തിൻ മൗനം -
പിടയുന്നിടനെഞ്ചിൽ
നീയേകിയ മധുര നൊമ്പരം
ഉറവയിടുന്നെന്നുള്ളിൽ

മെലിഞ്ഞു പോയ് പുഴ
ഒഴിഞ്ഞു പോയ് മഴ
പിരിഞ്ഞു പോയ് സന്ധ്യ

എങ്കിലും ;
കാത്തിരിപ്പു ഞാൻ
കവിതാ ( പ്രണയാ)ക്ഷരമായ്
നിന്നിലലിയാൻ

2024 ഫെബ്രുവരി 10, ശനിയാഴ്‌ച

സ്കൂട്ടറോട്ടം


രാവിലെയുള്ള സ്കൂട്ടറോട്ടത്തിലാണ്
ആളൊഴിഞ്ഞ ബസ്സ്റ്റോപ്പിൽ
ആദ്യമായവളെ കണ്ടത്
എന്നും കാണുവാൻ തുടങ്ങിയപ്പോഴാണ് ശ്രദ്ധ ക്ഷണിക്കലിന്റെ ആദ്യ ഹോൺ നീട്ടിയത്

എന്നോടല്ലെന്ന ഭാവത്തിൽ അപ്പോഴെല്ലാം അവൾ
പുറങ്കാഴ്ച കാണുന്നതു പോലെ പുറന്തിരിഞ്ഞു നിന്നു
പിന്നെ പിന്നെ കാക്കയെപ്പോലെ
കടക്കണ്ണുനീട്ടി
നഗര വേഷമില്ലാതെ ഗ്രാമ്യ വേഷത്തിൽ നിന്നെകാണുമ്പോൾ
'എനിക്കൊരു പുഴ തരൂ
ഞാൻ പഴയൊരാരുചി തരാം'
യെന്ന വരിയാണെന്റെയുള്ളിൽ

പിന്നെയെന്നാണ് ഞാൻ നീയെന്നില്ലാതെ നമ്മളായത്
മതിലുകളില്ലാത്ത മൺ വഴികളായത്
വഴിയരികിലെ രണ്ടു മരങ്ങളായിരുന്നില്ലെ നാം
ഒന്നും മിണ്ടാതെ ഒരായിരം കഥ പറഞ്ഞിരുന്നില്ലെ

എന്റെ ഓരോ സ്ക്കൂട്ടറോട്ടവും നിന്നിലേക്കായിരുന്നു
ഒന്നാലോചിച്ചിട്ടുണ്ടോ?
എത്രയും ആളുകളുണ്ടായിട്ടും എന്തുകൊണ്ടായിരിക്കുംഇത്രയേറെ
ജന്മബന്ധംപ്പോലെ നമ്മൾ നമ്മെ
ഇത്രമാത്രം സ്നേഹിച്ചിട്ടുണ്ടാവുക
എന്നിട്ടും നീഎന്നെ വിട്ട് പോയി!

മൗനമായിപ്പോലുംനീ ഒരുവാക്ക് മിണ്ടിയില്ലല്ലോ?
എത്ര പ്രതീക്ഷയോടെയാണ് എന്നിട്ടും
ഞാനെന്നും സ്കൂട്ടറോടിച്ചത്
ഒറ്റമരമായി ഓർത്തോർത്ത് നിന്നത്
കൊലുസിൻ കിലുക്കത്തിന് കാതോർത്ത് നിന്നത്

പിണങ്ങുവാൻ ഇന്നുവരെ മിണ്ടിയിട്ടില്ല നാം
പറഞ്ഞകഥയെല്ലാം മൗനത്തിന്റെ ഭാഷയിലും
എന്നിട്ടും പോയില്ലെ നീ
നീയും ഞാനുമല്ലാതിരുന്നിട്ടും നമ്മളായിട്ടും
ആങ്ങളേ പെങ്ങളേയെന്ന്
മനസ്സ് തുറക്കാൻ കഴിഞ്ഞില്ലല്ലോ
ഒരിക്കൽപ്പോലും നമുക്ക്

ഇന്നും നടത്താറുണ്ട് ഞാൻ നിന്നിലേക്ക് സ്കൂട്ടറോട്ടങ്ങൾ
നീയില്ലെന്നറിഞ്ഞിട്ടും നീയുണ്ടെന്നോർക്കാനാണ് എനിക്കേറെയിഷ്ടം
ആ പ്രതീക്ഷകളാണ് എന്റെ രാവിനെ വെളുപ്പിക്കുന്നത്
നിന്നിലേക്കുള്ളയെന്റെ
സ്കൂട്ടറോട്ടങ്ങളെ പ്രേരിപ്പിക്കുന്നത്

2024 ഫെബ്രുവരി 8, വ്യാഴാഴ്‌ച

രാവ്

 


കറു കറുപ്പാണ് രാവിന്
കറുകറുപ്പാണ്
കറുത്ത പെണ്ണേ നീയെന്നുള്ളിൽ
വെളുവെളുത്താണ്
വെളുവെളുത്താണ്

തുടുതുടുത്താണ്
മതിലേഖ പോലാണ്
മധുരമൂറും പുഞ്ചിരിപ്പൂ
വിരിഞ്ഞ പോലാണ്
പഞ്ഞി പോലാ മഞ്ഞിൻ പുടവ
ഉടുത്തുനിൽപ്പാണ്
ഉടുത്തു നിൽപ്പാണ്

കറുത്ത രാവാണ് ഇവൾ
കവിത പോലാണ്
പുലരി വന്നു തൊടും വരേയ്ക്കും
കിടന്നുറക്കാണ്
മടിച്ചിപ്പെണ്ണാണ് ഇവൾ
മടിച്ചിപ്പെണ്ണാണ്
മതിവരാതെ മറഞ്ഞു പോകും
മതിലേഖ പോലാണ്

2024 ഫെബ്രുവരി 7, ബുധനാഴ്‌ച

എൻ്റെ നാട്


നിൽക്ക നീ സഖീ; തെല്ലൊന്നിറോഡിലായ്
പാടം പൂവിട്ടവരമ്പെന്നറിക നീ
നോക്കു നീയാകല്ലിങ്ക്; പണ്ട് സ്കൂളിൽ നാം
പോകുന്ന നേരത്ത്
കർക്കിടകം കാൽ വലിച്ചൊരു തോടത്

നാടിതൊന്നാകെ മാറി മറിഞ്ഞെടോ
നാടിതിൻഭംഗി,യാകെമറഞ്ഞെടോ
ഓർക്കുന്നുവോ സഖീ; ചക്രവാളം വരെ
പച്ചയുടുപ്പിട്ട പ്രണയിയാം പാടത്തെ

പുല്ലാങ്കണ്ണിതൻ മഞ്ഞുതുള്ളിയാൽ
നിൻ്റെകണ്ണുകൾ ഞാനെഴുതിച്ചതും
കൊച്ചുചാമ്പക്ക തട്ടിപ്പറിച്ചപ്പോൾ
എന്നെ നീവന്നു പിച്ചിപ്പറിച്ചതും

പത്തനത്തിൽ പിന്നെ പൊട്ടിപ്പുറപ്പെട്ട
ലഹളകൾ കേട്ടു ഞെട്ടിത്തരിച്ചതും
കഴുകകൊക്കുകൾ കൊത്തിപ്പറിച്ചു
പിടഞ്ഞുമരിച്ചൊരു പെണ്ണിൻ്റെ ചിത്രവും

ഓർക്കുന്നുവോ സഖീ; ചേർന്നുനിന്നു നാം
പൊട്ടിക്കരഞ്ഞ കറുത്ത ദിനങ്ങളെ
കരയല്ലെ -യെന്നോതി ചേർത്തുപിടിച്ചൊരു
കാരണവരായ കുളിർമാന്തണലിനെ

2024 ഫെബ്രുവരി 5, തിങ്കളാഴ്‌ച

വാർദ്ധക്യം


ഒഴുക്കിയ വിയർപ്പിന്
കണക്കൊട്ടുമില്ല
പട്ടുപോയതിൽ നിന്നും
പടുത്തതീ ജീവിതം

പ്രീയങ്ങളെല്ലാം തന്നെ
പിന്നേയ്ക്കു മാറ്റിവച്ചു
അഗ്നിയും മഞ്ഞും കൊണ്ട്
സഹനപ്പടവേറി

പറക്കുമുറ്റി കുഞ്ഞുങ്ങൾ
പാറിപ്പോയ് പലപാടും
പറക്കാൻ മറന്ന നാം
പിന്നെയും ഒറ്റയ്ക്കായി .

പുറത്തേക്കിറങ്ങിയ
കുഞ്ഞുങ്ങൾ വൈകിപ്പോ-
യാൽ
അന്നൊക്കെ ഉള്ളിന്നുള്ളിൽ
വേവുന്ന വേവലാതി

ഉറക്കമില്ലിന്നു രാവിൽ
പാതിരാവിലെങ്ങാനും
കുഞ്ഞുങ്ങൾ വന്നാൽ -
വാതിൽ
തുറന്നുകൊടുക്കേണ്ടേ

2024 ഫെബ്രുവരി 3, ശനിയാഴ്‌ച

പീഡനം


ഏതൊ ഒരു ബാല്യം
ബലിയാടായിരിക്കുന്നു
ഒരു തുള്ളി ചോര
കുറ്റിക്കാട്ടിൽ
അനാഥമായിക്കിടക്കുന്നു
ഒരു നിലവിളി
അതിദ്രുതം പനയോല
ച്ചിറകടിക്കുന്നു

ഒന്നുമറിയാത്തൊരമ്മ
മോഹത്തിൻ്റെ
തഴപ്പായ നെയ്യുന്നു

2024 ഫെബ്രുവരി 1, വ്യാഴാഴ്‌ച

പേര്


ഉള്ളത്തിലായിരമിഷ്ടങ്ങളു-
ണ്ടെനിക്കതിയായ മോഹങ്ങളുണ്ട്
കാലം കരുതി വെച്ചുള്ളതു മാത്രമേ
കിട്ടുവെന്നുള്ളോരറിവുമുണ്ട്
എങ്കിലുമാശതൻ പാശം തിരയുന്നു
നാശത്തിൻ വക്കിലിരുന്നു ഞാനേ

കാലമേ, എന്തിനായ് സങ്കടക്കടലുമായ്
കാത്തിരക്കുന്നു നീ ഏഴകൾക്കായ്
ഏഴഴകാർന്നു പിറന്നവനല്ലോ ഞാൻ
പാഴായി പോയതെന്തെൻ്റെ ജന്മം

ഊഴിയിലുഴലുവാൻ മാത്രമായെന്തിനീ
ജന്മമേകുന്നു നീ കലികാലമേ
കദനം കുടിച്ചിറക്കീടുന്നൊരു കൂട്ടർ
മാനവകുലത്തിൻ്റെ കീടങ്ങളോ
കരുണയുമല്ലിത്, കുരുതിയുമല്ലിത്
ക്രൂരതേ, എന്തു പേരിട്ടു ചൊല്ലും.