malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024 മാർച്ച് 11, തിങ്കളാഴ്‌ച

താരാട്ടുപാട്ട്


ആലോലമാടുണ്ണി ആലോലം
താലോലമാടുണ്ണി താലോലം
താരാട്ടുപാടിത്തരാമമ്മ
ആലോലമാടുണ്ണി ആലോലം (ആലോല)

അമ്പിളിമാമനെ കാട്ടിത്തരാമമ്മ
കാച്ചിക്കുറുക്കിയൊരിങ്കു തരാം
തങ്കക്കുടമൊന്നുറങ്ങുറങ്ങ്
താലോലമാടിയുറങ്ങുറങ്ങ്       (ആലോല)

കുന്നത്തെ കാവിലെ വിളക്കുകാട്ടാമമ്മ
മാനത്തെ കൊമ്പനെ കാട്ടിത്തരാം
അമ്മിഞ്ഞപ്പാലുണ്ടുറങ്ങുറങ്ങെന്നുണ്ണി
ആലോലം - താലോലമാടാട്    
ആലോലം - താലോലമാടാട്    (ആലോല)

2024 മാർച്ച് 9, ശനിയാഴ്‌ച

പ്രണയ മന്ത്രണം


പുഞ്ചിരിപ്പൂവിലൊളിപ്പിച്ചു നീ തന്ന വാക്കുകളെന്തൊക്കെയായിരിക്കാം ?
അന്നു നീയെൻമനോജാലക ചില്ലിൻമേൽ
മുട്ടി വിളിച്ചതുമെന്തിനാകാം ?

മുറ്റത്തെ മാവിലെ ചില്ലയിലണ്ണാനും
ചൊല്ലിയ പരിഭവമായിരിക്കാം
പലതും മനസ്സിലേക്കോടിയെത്തുന്നിപ്പോൾ
മൗനം കുടിച്ചു തരിച്ചിരിപ്പൂ

പലതും പറയുവാൻ മോഹമില്ലാഞ്ഞല്ല
ഒരുമാത്രയെന്നെ ഞാൻ ഓർത്തുപോയി
പ്രണയ മനോഹരമാകേണ്ട ജീവിതം
പാതിയുമന്നേ കൊഴിഞ്ഞു പോയി

എങ്കിലുമെങ്കിലും ഇന്നുമുണ്ടെന്നുള്ളിൽ പങ്കിലമാകാത്ത മാനസത്തിൽ
അന്നു നീയേകിയ സ്നേഹ സങ്കീർത്തനം ഉരുക്കഴിച്ചീടുന്നുയെന്നുമെന്നു

2024 മാർച്ച് 7, വ്യാഴാഴ്‌ച

വനിത


അറിയുമോ അവളാണു കണ്ണ്
വീടിനു വെളിച്ചം പകരുന്ന പെണ്ണ്
അഴലിൽ ഉഴലുന്ന നേരം
അരുമയായീടുന്ന നേര്

കുടിലതന്ത്രങ്ങളെ നേരിട്ടുയർന്നുള്ള
ചരിത്രമാണവളുടെ വേര്
അമ്മയെന്നും പിന്നെ ഭാര്യയെന്നും
പെങ്ങളെന്നും അവൾക്കു പേര്

കൂടുമ്പോളിമ്പമുണ്ടാക്കും
കുടുംബത്തിനവളാണു മുഖ്യം
വാവിട്ടുകരയുന്ന കുഞ്ഞിന്നമൃതേകി
ഉൺമയിലേക്കു നയിക്കുമമ്മ
............................
രാജു കാഞ്ഞിരങ്ങാട്

2024 മാർച്ച് 6, ബുധനാഴ്‌ച

സന്ധിയില്ലാത്ത സമസ്യ


ഉഷ്ണത്തിൻ്റെ ഉപ്പുരസമാണ്
നിൻ്റെ കവിതയ്ക്ക്
വിശപ്പിൻ്റെ വിത്തെടുത്ത്
കവിത വാറ്റിയവൻ നീ

വ്യഥയുടെ വേലിയേറ്റം
നിൻ്റെ ഗതി
വറ്റിപ്പോയ ഒരു നദിയാണു നീ
അറ്റു പോയ മണ്ണടര്

മുരിക്കു പൂത്തവഴി നിനക്കു
സ്വന്തം
സന്ധിയില്ലാത്ത സമസ്യ ജീവിതം
പീഡനപർവ്വത്തിലെ വേവ്

മനുഷ്യത്വമെന്തെന്ന്
മുഷിവ് എന്തെന്ന്
സത്യവചസ്സെന്തെന്ന്
അടയാളം നീ

ജീവിതത്തിൻ്റെ ഓരോ ഋതുവും
ഓരോ ജന്മമെന്ന്
കാട്ടി തന്നവൻ നീ

2024 മാർച്ച് 5, ചൊവ്വാഴ്ച

നാവ്


നാവ്
മണിനാവാകരുത്
ഭാരിച്ച നിശബ്ദതയെ
വിലകൊടുത്തു വാങ്ങരുത്

കനത്ത ഏകാന്തതയെ
കൂടെക്കൂട്ടരുത്
ചിതറിപ്പോയ നിശബ്ദയെ
വാരിക്കൂട്ടരുത്

നാവ്
കത്തും പന്തമാണ്
വാക്കിൻ്റെ പൊരിയൊന്നു
വീണാൽ മതി
സർവ്വവും കത്തിയമരാൻ

2024 മാർച്ച് 4, തിങ്കളാഴ്‌ച

കാത്തിരിപ്പ്


ഒരുപാടു കാലമായ് കാത്തിരിപ്പാണു ഞാൻ
ഈ മനതാരിന്നിടവഴിയിൽ
പലകുറിയാശിച്ചു പഴയൊരാ പാട്ടിൻ്റെ
ഈരടി മൂളി വന്നണയുമെന്ന്

സ്നേഹ വചസ്സാലെ ചാരത്തണയുന്ന
ചേണുറ്റപൂവാമെൻ കൂട്ടുകാരി
ഹൃത്തിൻ്റെ ഭിത്തിയിൽ ഇടമില്ലിനിയൊട്ടും
നിൻപേരു കോറിവരച്ചിടുവാൻ

എങ്ങാണു നീയെന്നറിയില്ലയെങ്കിലും
അറിയുന്നുവോയെൻ്റെ മാനസം നീ
പഥികനെന്നോർത്തു മനസ്സാൽമറന്നോ നീ
പിരിയാൻ കഴിയാത്ത കൂട്ടുകാരി

പരിഭവം കൊണ്ടു പറയുന്നതല്ലടോ
പരിചയം ഭാവിക്കാതിരുന്നിട്ടുമല്ലടോ
നിൻ സ്ഥിതിയെന്തെന്നറിയില്ലെനിക്കെടോ
പതിയേ പറയുന്ന കുശലമെന്നോർക്ക നീ

2024 മാർച്ച് 1, വെള്ളിയാഴ്‌ച

അവസാനം


വന്ധ്യമായ് ജീവിതം
അവസാനസന്ധ്യതൻ -
വിഷാദ മാത്രയായ്.......!
ഇല്ലിനി മോദവും മുക്തിയും
യൗവ്വന പ്രാചീന പ്രാന്ത
ങ്ങളിലൂടില്ലിനി യാത്ര
ഇല്ല, പ്രണയത്തിൻ ഭാവവി -
ലോലതകൾ

ഉണരുന്നു വ്യാകുലതകൾ,
വേദനകൾ
കരിഞ്ഞ കിനാവുകൾ
നിഷ്ഫല മോഹങ്ങൾ
ഇല്ലായ്മകൾ, വല്ലായ്മകൾ
നിസ്സഹായതകൾ

ഇല്ലിനി, തരള ഭാവനയുടെ -
കൂടിളക്കി
വിവശ പക്ഷമിളക്കും നിമിഷങ്ങൾ
ഇല്ലിനി പ്രഭാതം
മോഹന വിഭാതം
ചരമക്കുറിപ്പിലെ അക്ഷരമായ്
അടർന്നു വീഴുമൊരു പത്രമിത്.