malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024 ഏപ്രിൽ 11, വ്യാഴാഴ്‌ച

ആശ


വിട പറഞ്ഞു നീ പടിയിറങ്ങീടവേ
കരളു പൊട്ടിക്കരയുകയാണു ഞാൻ
നിൻ്റെ സാമിപ്യം കളിതമാശകൾ
ഓർത്തുനോക്കവേ ആർത്തനാകുന്നു ഞാൻ

സാർത്ഥമാകുമെന്നോർത്ത വാക്കുകൾ
വ്യർഥമാകുന്നതറിയുന്നുയിന്നു ഞാൻ
വ്യഥയിതാരറിയുന്നു ഞാനല്ലാതെ
ആഴക്കടലതിലാണ്ടു പോകുന്നു ഞാൻ

നിനക്കു പകരമാകില്ല നീയല്ലാതെ
നറുനിലാവല്ല നിറവിളക്കോർക്കുക
പഴമുറം കൊണ്ടു മൂടുവാൻ കഴിയുമോ
സൂര്യനെയെന്നപോൽ തന്നെയീ സത്യം

സ്മൃതിപഥത്തിൽ നീ ചിരിയായി നോവായി
പതിൻമടങ്ങായി പരിലസിച്ചിടും
വെറുതെയാശിച്ചു പോകുന്നു ഞാനിപ്പോൾ
ഒരു തണുവായ് നീ അരികിലുണ്ടെങ്കിൽ

2024 ഏപ്രിൽ 9, ചൊവ്വാഴ്ച

മാരകം


അത്രയും
മധുരമായ്തീരേണ്ട
മനസ്സിനെ
ഇത്രയും
മാരകമാക്കുന്നതെന്തു നീ

2024 ഏപ്രിൽ 8, തിങ്കളാഴ്‌ച

വേനൽ


എരിയുന്ന വെയിലിൽ പൊരിയുന്നു
ഏറിയ വറുതിയിലുരുകുന്നു
വിതയ്ക്കുന്നതെല്ലാം കരിയുന്നു
ഇല്ലില്ല നനവിന്റെ ചെറു തുള്ളി

കിഴക്കു കനൽച്ചൂള പൊന്തുമ്പോൾ
ചെങ്കുങ്കുമപ്പൊടി പാറുമ്പോൾ
ഇല്ലില്ല കുളിരിൻ ചെറുതുള്ളി
കവിതകൾ മൂളും ചെറുതെന്നൽ

ഹരിതകം ചോർന്നോരും പത്രങ്ങൾ
മഞ്ഞച്ചു മഞ്ഞച്ചു നിൽക്കുന്നു
വിശപ്പു വറ്റിയ കുഞ്ഞുങ്ങൾ
മുടന്തി പുറകിൽ കിതയ്ക്കുന്നു

മുറ്റിത്തഴച്ചൊരാ കാലങ്ങൾ
മടങ്ങിവരുമെന്ന് ആർക്കറിയാം
ഒട്ടുമേ വെടിയൊല്ല ആശകൾ നാം
വരുംവരുമെന്നു കാത്തിരിക്കാം

2024 ഏപ്രിൽ 6, ശനിയാഴ്‌ച

സമസ്യ


കാലം കടുംതുടി കൊട്ടിടുന്നു
കാണുക മക്കളേ കരാളനീതി
ചേണുറ്റ വീഥിയെന്നോർത്തു നിങ്ങൾ
ചോരയൂറ്റും വഴിയിലകപ്പെടല്ലേ

ആശതൻ പാശമെന്നോർത്തു നിങ്ങൾ
പേശുന്നതെല്ലാമെ വിശ്വസിക്കിൽ
പാശം പലമട്ടിൽ ശിക്ഷയാകും
ആശ്വാസമാകില്ല ഓർത്തുകൊൾക

ചിത്രപതംഗമായ് പാറിടുമ്പോൾ
ചിത്തത്തിൽ നേർവഴി തെളിഞ്ഞിടേണം
മിന്നും വെളിച്ചം തീ എന്നറിക
ഈയാം പാറ്റയാകാതെ കാത്തുകൊൾക

ഇല്ലാരുമേയെന്ന് ഓതുവോർക്ക്
വന്നിടും പലരും മനസ്സുലയ്ക്കാൻ
മനസ്സേകമെന്നോതി കൂട്ടുകൂടാൻ
ദുഃഖ സമസ്യയായ് മാറ്റിടൂവാൻ

2024 ഏപ്രിൽ 3, ബുധനാഴ്‌ച

കത്ത്


കത്തെഴുത്ത് നിർത്തിയതിൽ പിന്നെ
കുത്തും കോമയും മറന്നു
വാക്കിൻ്റെ കുത്തൊഴുക്ക് നിന്നു
കാത്തിരിപ്പ് മറന്നു

വളപട്ടണം പുഴയ്ക്കപ്പുറമിപ്പുറ-
മെന്ന ദൂരം കുറഞ്ഞു
കത്തിലെ 'എത്രയും പ്രിയപ്പെട്ട' -
കാവ്യഗുണം കുറഞ്ഞു

ജീവൻ തുടിക്കാതെയായി
നുരഞ്ഞുയരാതെയായി
ചുംബിച്ചുണർത്താതെയായി
ഓർത്തോർത്തു ചിരിക്കാതെയായി

ഉറക്കം കളഞ്ഞ്
കിനാവു മുറിഞ്ഞ്
കണ്ണുകഴച്ച്
മനസ്സു മടുത്ത്
ഒന്നിനോടും ഒരു
പ്രതിപത്തിയുമില്ലാതെ

ഉണ്ട് ഇന്നും
അന്നത്തെ കത്തുകൾ
ചിതൽ പിടിക്കാതെ
ഉളളകത്തെ പെട്ടിയിൽ

തുടിച്ചുണർന്ന്
നുരഞ്ഞുയർന്ന്
പൊട്ടിച്ചിരിച്ച്
ഞെട്ടിക്കരഞ്ഞ്
ജീവനിൽ തൊടുന്നവ

2024 ഏപ്രിൽ 2, ചൊവ്വാഴ്ച

ശേഷിപ്പ്


ഈയിടെയായി എന്നിലേക്ക്
ഓർമ്മകളെല്ലാം തിക്കിത്തിരക്കി വരുന്നു മറന്നുപോയവ പറന്നു പറന്നു വരുന്നു കളഞ്ഞുപോയവ തിരിച്ചു കിട്ടുന്നു

വലിയ പാറയിൽനിന്നടർന്ന
ചെറുകല്ലായിരുന്നു ഞാൻ
അത് ഒഴുകിയൊഴുകി പരുപരുപ്പിൽ
തേഞ്ഞു തേഞ്ഞ് മിനുസപ്പെട്ട്
ഈ നിലയിലായതാണ്

ഞാനാപഴയ പാറയിൽ തന്നെ
എത്തിയിരിക്കുന്നു.
ഇപ്പോഴെനിക്ക് രാജ്യമുണ്ട്
നാടുണ്ട് ,നഗരമുണ്ട്
നാട്ടുകാരും, കൂട്ടുകാരുമുണ്ട്
അച്ഛനും അമ്മയും പെങ്ങന്മാരുമുണ്ട്

സ്വന്തമെന്നുപറയാൻ ഒരു കുഞ്ഞു വീടുണ്ട്
ഓല മേഞ്ഞതെങ്കിലും ഒരുമയുള്ള ഒന്ന് ചോർന്നൊലിക്കുന്നതെങ്കിലും
ചേർന്നു നിൽക്കുന്ന ഒന്ന്

ഇപ്പോൾ ഞങ്ങൾ ഉപ്പ് മല്ലി മുളക്
അടുപ്പിലെ കനൽക്കട്ട
പരസ്പരം കൈമാറുന്നു
ഒരേ അടുക്കളയിലിരുന്ന് ഒന്നിച്ച്
കഞ്ഞികോരി കുടിക്കുന്നു
തമാശകൾ പറയുന്നു പൊട്ടിച്ചിരിക്കുന്നു കളിയാക്കുന്നു .

ഞാനിപ്പോൾ ഒച്ചിനെപ്പോലെ
ഓർമ്മകളുടെ വീടും മുതുകിലേറ്റി നടക്കുന്നു കണ്ടാൽ മിണ്ടുന്ന, ഒന്നുചിരിക്കുന്ന
പരസ്പരം മനസ്സിലാക്കുന്ന ഒരാളെയെങ്കിലും
തിരഞ്ഞ്........ തിരഞ്ഞ്

2024 ഏപ്രിൽ 1, തിങ്കളാഴ്‌ച

കുട്ടിക്കവിത


തത്തയും നത്തും

പച്ച തത്തകൾ പാറി വരുന്നു
പുത്തൻ നെന്മണി കൊത്തി
യെടുക്കാൻ
വിത്താണെന്നു വിളിച്ചു പറഞ്ഞു
പൊത്തിലെ നത്തുകൾ നാലെണ്ണം !