malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025 മേയ് 11, ഞായറാഴ്‌ച

കശാപ്പ്

കശാപ്പുകടയിലാണു ഞാൻ

കോഴിയെ കശാപ്പു ചെയ്യും
കടയിൽ
കശ്മലനെന്നു വിളിക്കരുത്
കുശുകുശുപ്പരുത് !

കൊക്കിക്കൊക്കി നിൽക്കുന്നു
ഒരു കോഴി
പഴയൊരാവീടിൻ പ്രതാപത്തെ
ഓർത്തു നിൽക്കുന്നു
സ്നേഹത്തിൻ്റെ ഒരു കുഞ്ഞു -
കൊക്കൽ വച്ചുനീട്ടുന്നു

കൂടെയുള്ളവൻ കത്തിക്ക്
പാകമാകുമ്പോഴും
കൊടും ശൂന്യതയിലേക്ക്
കൂപ്പുകുത്താതെ
ഇത്തരി വെള്ളം കൊക്കിലു
യർത്തി
മേലേയ്ക്കു നോക്കി അല്പാല്പം
നുണയുന്നു

"കൊന്നാൽപാവം തിന്നാൽ
തീരും "
ഞാൻ കൊല്ലിച്ച് പാവം തിന്നു -
തീർക്കുന്നു
അല്ലെങ്കിൽ എന്ത് പാവം അല്ലേ !
ക്വട്ടേഷൻ കാലത്ത്
കൊല്ലും കൊലയുമെരു ഫാഷൻ
പണത്തിന് മുകളിൽ പാവവും -
പറക്കില്ല

2025 മേയ് 10, ശനിയാഴ്‌ച

ഇഷ്ടം


നീ എൻ്റെമേൽ പിടിമുറുക്കുന്നു !
നിൻ്റെ ഓർമകളെ തകർക്കാൻ
എനിക്കാവുന്നില്ല
എനിക്കു വല്ലാതൊരാഹ്ലാദം
തോന്നുന്നു, കാരണം
നീ അത്രമേലെന്നെ പിടിമുറുക്കി
യിരിക്കുന്നു
നാം അത്രയും ഇണങ്ങിക്കഴിഞ്ഞി-
രിക്കുന്നു
നാം നമ്മൾക്കായി ദാഹിക്കുന്നു

എന്നാൽ,യഥാർത്ഥ പ്രണയത്തി
ലേക്ക് ചുവടുവെയ്ക്കാൻ
നമുക്ക് നാണമാണോ?!
അമൂല്യ നിധിയാണു നീ
നീയാണെൻ്റെയെല്ലാമെന്ന് ഞാന
റിയുന്നു

എന്നാൽ നമ്മെ തളച്ചിടുന്ന ആ
അലങ്കാരച്ചരടിനെ
തൂത്തെറിയുവാൻ കഴിയില്ലെന്നോ?!
നമ്മളൊന്നെന്ന തെളിവിന്
മറ്റുവഴികളില്ലെന്നോ
നിന്നിലെത്തിച്ചേരാൻ അതാണു
നേർവഴിയെന്നോ?

പ്രണയത്തിന് പല വഴികളുണ്ട്
പിരിയാതിരിക്കാൻ വഴിയൊന്നേ-
യുള്ളു
ഇഷ്ടങ്ങളിൽ പലതിനോടും
ഞാൻ വിടപറയുന്നു
എൻ്റെ ഇഷ്ടങ്ങളെല്ലാം
നീയാകുന്നു

അകപ്പൊരുൾ


അനന്തതയുടെ അകപ്പൊരുൾ
നീയെനിക്കു കാട്ടി തന്നു
ഇത്രയും ബലവാനെന്ന്
അഹങ്കരിക്കുന്നവരറിയുന്നില്ലല്ലോ
എത്ര ദുർബലനാണെന്ന കാര്യം!

നോക്കൂ,
അത്രയും ദുർബലമായ പുല്ലാങ്കുഴൽ
എത്രയും മനോഹരമായ
സംഗീതം പൊഴിക്കുന്നത്
കാഴ്ചയിൽ അളന്നെടുക്കുവാൻ
കഴിയില്ല ഒന്നും

ഒരിക്കലും പുതുമ നശിക്കാത്ത
ഒരു ചിന്ത
നിങ്ങളിൽ ജനിച്ചു കൊണ്ടേയിരി
ക്കുന്നുണ്ട്
അതുകൊണ്ടാണല്ലോ ഹൃദയത്തിൽ
സന്തോഷത്തിൻ്റെ ഓളങ്ങൾ
സൃഷ്ടിക്കപ്പെടുന്നത്.

മറഞ്ഞിരുന്നു നീ പറഞ്ഞു തരുന്നത്
ഞാൻ പ്രവർത്തിക്കുന്നു
യാദൃച്ഛികമായി ഒന്നും സംഭവിക്കുന്നില്ല
അമർത്യമായ നിൻ്റെ പ്രവർത്തികളാണ്
മർത്യരെ നയിക്കുന്നത്.

നീ എത്ര നൽകിയാലും
അധികമാകുന്നില്ല
മർത്യന്

2025 മേയ് 6, ചൊവ്വാഴ്ച

മരണം


ഒരില ദൂരത്തിനപ്പുറമുള്ള
മുരൾച്ച

2025 മേയ് 5, തിങ്കളാഴ്‌ച

കണക്കുകൂട്ടൽ


കാലമേ,
നീയാണെൻ്റെ ബഹുമതിക്കും
അഹമ്മതിക്കും കാരണം !
കണക്കു ചോദിക്കാതെ
നീ പോകില്ലെന്നെനിക്കറിയാം

എന്നിലെ യൗവനത്തിൻ്റെ
സുഗന്ധവും
വാർദ്ധക്യത്തിൻ്റെ
ദുർഗന്ധവും
നിനക്കവകാശപ്പെട്ടതാണ്

ഒരു കയറ്റത്തിന് ഇറക്കം
എന്നതുപോലെ
ഓരോ സന്തോഷത്തിനും
ഒരു ദു:ഖമുണ്ട്
ദു:ഖമാണ് സ്ഥായിയായിട്ടുള്ളത്
സന്തോഷം നൈമിഷികം മാത്രം

വാക്കു കൊണ്ട് വെറുപ്പും
മൗനം കൊണ്ട് മധുരവും വിളമ്പു
ന്നു നീ
ഒരു നിമിഷം സ്വസ്ഥമായിരിക്കുവാൻ
നിയെന്നെ അനുവധിക്കുന്നില്ല
അസ്വസ്ഥതയുടെ ആകെ തുക
ജീവിതമെന്ന്
നീ കണക്കുകൂട്ടി വെച്ചിരിക്കുന്നു

എൻ്റെ കണക്കുകൂട്ടലുകൾ
നീ തെറ്റിക്കുന്നു
നിൻ്റെ കണക്കുകൂട്ടലുകളിലാണ്
എൻ്റെ നാളുകൾ നടവരമ്പേറി
പോകുന്നത്

2025 മേയ് 2, വെള്ളിയാഴ്‌ച

ഉയിർത്തെഴുന്നേൽപ്പ്



കവിത
കല്ലെടുത്തെറിയുന്നുപോലും!
കണ്ണുരുട്ടുന്നു പോലും!
സിംഹാസനങ്ങളെ കുലുക്കുന്നു
പോലും!
ന്യായാസനങ്ങളെ ഉലയ്ക്കുന്നു
പോലും!

കവിതയെ,യവർ
കാൽവരിക്കുന്നേറ്റി
കുരിശിൽ തറച്ചു കയറ്റി
ആണിപ്പാടിൽ നിന്നും
കവിതത്തുളളികൾ ഇറ്റിറ്റു വീണു

ഓരോ തുള്ളിയിൽ നിന്നും
ഒരായിരം കവിതകൾ പിറന്നു
അവരറിഞ്ഞിരുന്നില്ല
കുരിശിലേറ്റിയത് ഉയിർത്തെഴു
ന്നേൽക്കുമെന്ന്.

പ്രണയം



എല്ലാം മറക്കുവാൻ
എല്ലാം പൊറുക്കുവാൻ
പിന്നെയും പ്രേരണ
നീ തന്നെ പ്രണയമേ

പാരിൽ പ്രണയമെന്നൊ-
ന്നില്ലായിരുന്നെങ്കിൽ
പാരമീ ജീവിതമേറ്റം
നശിച്ചേനെ