malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013 ജനുവരി 19, ശനിയാഴ്‌ച

വെളിവുകെട്ടകാലം


തെരുവിലെ തെറ്റുവഴിയില്‍
മുടിയില്‍ മുല്ലപ്പൂവും
ചുണ്ടില്‍ ചെത്തിപ്പൂവും
കണ്ണില്‍ സൂര്യകാന്തി പ്പൂവുമായി
കാത്തിരിക്കുന്നു
ഒരുപൂക്കാരിപെണ്ണ് .
കുടിലില്‍ കാത്തിരിക്കുന്നു -
ഒരമ്മ ഉണ്ണിയെ
പൂതത്തിന്റെ പടപ്പുറപ്പാടറിയാതെ
നിഷാദന്റെ അമ്പേറ്റ് ഒരുമുയല്‍ കുഞ്ഞ്‌
ചോരവാര്‍ന്ന് പിടയുന്നു -
പൊന്തക്കാട്ടിനരികില്‍ .
കല്ല്‌ പെന്‍സിലും,മഷിത്തണ്ടും
സ്വപ്നംകണ്ട പെണ്ണ്
കണ്ണ്കനച്ചു,കാലുകഴച്ചു
കാത്തുനില്‍ക്കുന്നു
കമ്പിക്കാലുപോലെ .
അടുപ്പ് കലത്തിലെ തിളയ്ക്കുന്ന
വെള്ളത്തില്‍
നെഞ്ചിലെ അരിതിളയ് ക്കുന്നു
പറക്കമുറ്റാതപിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌
അവള്‍ പാനപാത്രം
കള്ള്കുടിച്ചു കാക്കത്തൊള്ളായിരം
തെറിയുമായി താറിവരുന്ന അച്ഛന്‍
മകളെ വിലയ്ക്കുവാങ്ങി
വെളിവില്ലാതെ മുറിച്ചുനടക്കുന്നു
ഇരുട്ടിനെ

വിപ്ലവം


കാലത്തിന്റെ സിരകളില്‍
തിരകള്‍പോലെ നുരയുന്ന -
വിപ്ലവം
പിടിയരി,പിക്കറ്റിംഗ്,വാരിക്കുന്തം
തോക്കിന്‍മുനയാല്‍
ഇറ്റിറ്റുവീഴുന്ന ചുടുരക്തം
വിലങ്ങുവെച്ച്
"ഡൌണ്‍ ,ഡൌണ്‍ ‍"-
വിളിക്കുമ്പോള്‍
"ണ്ടാവും,ണ്ടാവും -എന്ന
ഏറ്റു പറച്ചില്‍
പരിഷ്ക്കരണ പരിഷകള്‍ക്ക്
ഒറ്റിക്കൊടുക്കുവാനൊരിര
ഏ കെ ജി ,കൃഷ്ണപ്പിള്ള ,ഇ എം എസ്
കയൂരു,കരിവെള്ളൂര്,പാടിച്ചാല്‍
കാവുമ്പായി,മുനയംകുന്നു
പട്ടിണിക്കഥ ,പതിനായിരങ്ങളുടെ പട
കാലത്തിന്റെ സിരകളില്‍
തിരകള്‍പോലെ
നുരയുന്ന വിപ്ലവം

പ്രണയികള്‍


ഇത്രമേലവളെന്നെ
പ്രണയിച്ചിരുന്നെന്നു
ഇപ്പോഴാണറിഞ്ഞത്
കടിച്ചുതിന്ന മാമ്പഴക്കൊരട്ട
ഈമ്പാന്‍ കൊടുക്കാതെ
മണ്ണിലേക്കെറിഞ്ഞിട്ടും
പുഴുപ്പല്ലുകാട്ടി പുഞ്ചിരിച്ചു -
നിന്നില്ലെ
വള്ളിറ്റ്രൗസറിന്‍ പൊട്ടിയ
 നാട,തുന്നിതന്നില്ലെ
ആമ്പല്‍പറിക്കുമ്പോള്‍
പായല്‍ ചെളിയിലേക്ക്
തള്ളിയിട്ടിട്ടും
ഇളകിചിരിച്ചില്ലെ
മഷിതണ്ട് മുഴുവനും
തട്ടിപറിച്ചിട്ടും  
പൊട്ടിചിരിച്ചില്ലെ
 കണ്‍മുന്നില്‍ കണ്ടുപോകരുതെന്ന്
കണ്ണുരുട്ടികയര്‍ത്തിട്ടും
പൊട്ടിവീണ കണ്ണീരിനുള്ളിലും
മന്ദഹാസം പൊഴിച്ചില്ലെ
ഇന്നീപാതിതളര്‍ന്ന മെയ്താങ്ങി
നടക്കുമ്പോഴും
മന്ദം,മന്ദമെന്നു കാതില്‍ പറകയല്ലെ
ഇത്രമേലവളെഞാന്‍
പ്രണയിച്ചിരുന്നെന്നു
ഇപ്പോഴാണറിഞ്ഞത്‌

വെളിയിലേക്കിറങ്ങിയാല്‍


വെളുപ്പിനിറങ്ങിയതാണ്
നടക്കാന്‍
വേലിപ്പരത്തിയുടെ
വെള്ളപ്പൂക്കള്‍
കണ്മിഴിച്ചു നോക്കുന്നു
വെളുപ്പാന്‍കാലത്തിന്റെ
വിയര്‍പ്പില്‍കുളിച്ചു മടങ്ങുമ്പോള്‍
വെള്ളപൂക്കള്‍
ചുവന്നിരിക്കുന്നു
കന്യകയില്‍ വന്യതയുടെ
വേരോട്ടം
ചതഞ്ഞ പടര്‍പ്പില്‍
ചിതറിയ ചപ്പില്‍
അടര്‍ന്നുവീണ ഒരു
ശലഭചിറകു

2013 ജനുവരി 18, വെള്ളിയാഴ്‌ച

രാവിലെഇറങ്ങിയവളേയും കാത്തു


മതില്‍കെട്ടിന്
മറഞ്ഞുകിടക്കുന്നു
ഒരുനോട്ടുബുക്ക്
ഞെട്ടറ്റ പൂപ്പോലെ
രണ്ടിറ്റു ചോര
വാവിട്ടു നിലവിളിക്കുന്നു
വാക്കുകളുടെ ഒരുകൂട്ടം
കാട്ടിക്കൊടുക്കരുതാരുമീ
നോട്ടുബുക്ക്
കാര്യമറിയാതെ കാത്തിരിക്കട്ടെ
പുരയിലാ പെറ്റവയറു 

കുളത്തിലേക്കിറങ്ങിയാല്‍


പായല്‍പച്ച പടര്‍ന്നകുളത്തിന്റെ
ആകാശആഴത്തിലേക്ക്
അമ്പിളിമാമനിലെ മുയല്‍കുഞ്ഞിനരികിലെ
കനംകുറഞ്ഞ കല്ലെടുത്ത്‌
കൂട്ടുകാരിലേക്ക് വരാന്‍ കയത്തിലേക്ക്.
കാലിനെ വേരാക്കി
കൈകളെ വള്ളി പടര്‍പ്പാക്കി
പ്രണയത്തിന്റെ പച്ചപടര്‍പ്പിലൂടെ
ഏഥന്‍ തോട്ടത്തിലെ മുന്തിരി -
വള്ളികളിലൂടെ
ആലിംഗനത്തിലമര്‍ന്ന
ആദവും,അവ്വയ്ക്കുമരികിലൂടെ 
മാബലിയുടെ പാതാള രാജ്യത്തിലൂടെ
ദേവലോകത്തെ ഇന്ദ്രസാമ്രാജ്യത്തിലൂടെ
ചെകിളപൂക്കളില്‍ മുത്തുപതിച്ച
ജലകന്യകമാരുടെ മദിരോത്സവത്തിലൂടെ 
മണ്‌മറഞ്ഞ മുത്തച്ഛന്റെ മുതുമുത്തച്ഛന്റെ
മുതു‌മുതു മുത്തച്ഛന്‍ മാരുടെ
കാലനില്ലാകാലത്തിലൂടെ
കെട്ടുപിണഞ്ഞ കവിതകളിലൂടെ
ഗാസയും,ഇറാക്കും ,സൈബീരിയയും
ചുവന്നതെരുവുകളും ,ചേരിപ്രദേശങ്ങളും
ഗോട്സേയും,ഗാന്ധിയും
പേറ്റ്ചോരയില്‍മുങ്ങിമരിച്ച
പെണ്‍ഭ്രൂണങ്ങളും
ഏഴാം കടലും അക്ഷൗഹിണി പടയും കടന്ന്
കല്ലെടുത്ത്‌ കുന്നേറി
ഇരുട്ടുള്ളരാത്രികളില്‍
ആകാശത്തിനും ബ്ഭൂമിക്കുമിടയില്‍
ഉല്‌ക്കയായി മിന്നാമിന്നിയായി
പാറി ...പാറി ...അങ്ങിനെ


 

2013 ജനുവരി 12, ശനിയാഴ്‌ച

അനാട്ടമി


വാക്കുകള്‍ എന്തിനു?
നോക്കില്‍നിന്നറിയാം
വാക്കിലെന്തെന്നു.
പൊറുപ്പിച്ചുകൂടാതവനെ
കൊന്നുകളയാറുണ്ട്
മേലധി കാരികളെന്നും
ഈകൊലയാളികള്‍
വാഴ്ത്തപ്പെടാറുമുണ്ട്
ചൂണ്ടുവിരലിന്റെ ചൂരല്‍
എന്നിലേക്ക് തിരിയുന്നു
സര്‍ജറിയേപോംവഴി
സര്‍ജന്‍ പറയുന്നു
സൂക്ഷ്മജാഗ്രതകൂര്‍ത്ത് വരുന്നു-  
മൂര്‍ത്ത കണ്ണുകളില്‍ .
ആമാശയത്തെക്കുറിച്ച് 
ആശയോ ആശങ്കയൊ എനിക്കില്ല
അള്‍സറോ,ക്യാന്‍സറോ എന്തുമാകട്ടെ
അനാട്ടമി പഠിക്കുവാന്‍ ഒട്ടുമേ താല്പ്പര്യമില്ല
ദൈവമേ ദയയെന്ന ധാനത്തിനു ഞാനില്ല
ദയഒരാശ്രിതനെക്കൂടി സൃഷ്ട്ടിക്കുന്നു