malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013 ജൂലൈ 20, ശനിയാഴ്‌ച

ജാതകം

ജാലക പഴുതിലൂടെകാണും
ഈ ജാലമില്ലെ
അവയാണെന്റെ ജാതകം
കുറിച്ചത്
ചൊവ്വയുടെ ദോഷം പറഞ്ഞു
ദ്വേഷങ്ങൾ വിളമ്പി
അകത്തളത്തിലേക്ക് തള്ളിയത്
അന്ധരുടെ ഈ ലോകത്ത്
കണ്ണുള്ളവർ പിറക്കണം
പറിച്ചെടുക്കണം നക്ഷത്രങ്ങളെ
ആകാശത്ത് നിന്ന് 
അന്ധരുടെ കണ്‍കുഴിയിൽ
തിരുകി വെയ്ക്കണം
തല വിധി മാറ്റിയെഴുതണം
ഞാനെന്റെ ജാതകം ഈ ജാലക -
പഴുതിലൂടെ യെറിയുന്നു

അന്വേഷണം

ടോൾസ്റ്റോയ് കഥയുടെ
ടേസ്റ്റ്പിടിച്ചു വരുമ്പോഴാണ്
ബിഥോവാന്റെ  ഒരു സംഗീതം
അവൾ വായിച്ചത് .
ആപ്പിഫിസസ് നുണഞ്ഞു
മകനരികിലിരിക്കുന്നു.
ഭൂതകാലത്തെ മൂടിയ
കരിയടരുകൾ എന്നിൽനിന്നടർ-
ന്നുമാറുന്നു 
അന്വേഷണാത്മക വർത്തമാനം
ഒരു പുകയായ് പടരുന്നു
ബുദ്ധന്റെ ഒരു ജ്ഞാന രേഖ
എങ്ങും പടരുന്നു
വികാരങ്ങളുടെ ചടുലമായ തള്ളിച്ച
ഇടിമിന്നലായി
രാത്രി മഴയുടെ ഓർമ്മ പെയ്ത്തായി
ഭൂതകാലത്തിൽ ഞാൻ കാൽ നനയ്ക്കുന്നു
ഭാവിയുടെ മേഘങ്ങൾ  മേലാപ്പ് വിരിച്ച്
ആകാശത്തെ മറയ്ക്കുമ്പോൾ 
കൂർക്കം വലിയുടെ ചെറു മർമ്മരങ്ങൾ
അവളില്നിന്നുമുയരുന്നു   
കൂടുതൽകൂടുതൽ പറ്റിച്ചേർന്നു
മുലക്കണ്ണ് വായിലാക്കാൻ
കുഞ്ഞു തത്ര പ്പെടുമ്പോൾ 
ടോൾസ്റ്റോയ് കഥയിലേക്ക്
ഞാൻ കോട്ടുവായിടുന്നു

2013 ജൂലൈ 13, ശനിയാഴ്‌ച

ശൈത്യ രാത്രി



വെന്ത വേനൽ വിങ്ങലാൽ
അന്തിവാനിൽ ചാരം തുടുക്കുന്നു
അടങ്ങാ ദാഹത്താല,ർക്കൻ
കടലിലെക്കിറങ്ങുന്നു
കറുപ്പിൻ കടൽ കാക്ക
പറന്നു പറന്നെത്തി
ശൈത്യ താണ്ഡവമാടി
ശൂന്യതാ തീരം തീർപ്പൂ
പച്ചിലചില്ലക്കെട്ടിൽ
നൂണ്ടിറങ്ങുന്നു കിളി
തണുപ്പിൻ പച്ചപ്പാമ്പു
ഞരമ്പിൽ പുളയുമ്പോൾ
കണിശമായെത്തുന്നല്ലോ
കണക്കു കുറിച്ചപോൽ
കണികപോലും തെറ്റാതെ
എങ്ങുനിന്നെത്തി ശൈത്യം

രാത്രി



തട്ട കെട്ടിയ കന്നുകൾ നീങ്ങുന്നു
തട്ട മുട്ടി കരിമുകിൽ കേറുന്നു
കരിന്തിരി കത്തി കതിരവൻ-
പശ്ചിമ
സാഗരയെണ്ണയിൽ മുങ്ങിപ്പൊ-
ലിയുന്നു
കാട്ടുപുൽ മേഞ്ഞ കുടിലിൽ നിന്നെങ്ങുമേ
കരിവിളക്കുകൾ മുനിഞ്ഞു തെളിയുന്നു
വഴിയരികിലായുള്ള വൃക്ഷച്ചോട്ടിൽ  
വൃഷങ്ങൾ വിശ്രാന്തി കൈക്കൊണ്ടു -
നില്ക്കുന്നു
അവശതയാർന്ന അശ്വത്തെയെന്നപോൽ
ശിഥിലമായ് ചിന്നിച്ചിതറുന്നു കാട്ടാറ്
കുളിച്ചീറനുടുത്ത കുളിർക്കാറ്റു
നനച്ചതാലിലാറാനായ്  തൂക്കുന്നു
തളിർത്തവല്ലികൾ തിണർത്തു നിൽക്കുമാ 
തുടുത്ത കല്ലിനെ പൊതിഞ്ഞു നില്ക്കുന്നു
ഇരുട്ട് കൂട്ടിരിക്കുന്ന കൽത്തറയൊന്നിൽ  
കുടിയനൊരുവന്റെ   കൂത്താട്ടു മേളങ്ങൾ
ഞെക്ക് വിളക്കുമായ്‌ മിന്നാമിനുങ്ങുകൾ
തെക്ക് വടക്ക് മണ്ടി ക്കളിക്കുന്നു
പാർവത്യ സൌന്തര്യമാകെ മറച്ചിതാ
കൂറ്റനാം കെട്ടുമായ് വന്നെത്തി രാത്രി

വിനോദ സഞ്ചാരകേന്ത്രം

മഞ്ഞു പുലരിയിൽ  
മലകൾ കാണുവാനായി
വന്നതെന്നോമനെ ഓർമ്മയുണ്ടോ
തരു ണാഭ്രങ്ങൾ  തിളങ്ങും
മലതൻ ഉച്ചികാണ്‍കെ
ഉച്ചിയിൽ കൈവെച്ചുനീ
സ്തംബ്ധയായ് നിന്നതില്ലേ
വളഞ്ഞു പുളഞ്ഞതാം
വഴിയേറീടവേ
ഫാലത്തിൽനിന്നുംസ്വേദമൊഴുകി
പരന്നില്ലേ  
ചൈത്യത്തിൻ തണലിൽ നാം
ക്ഷീണമൊന്നാറ്റീടവേ 
അങ്ങ് ദൂരെ മേഘകത്തിൽ
മാറാല കൊണ്ട് മൂടും
സഹ്യനെകണ്ടന്നുനീ
ദേഹക്ലമംവെടിഞ്ഞു
സോല്ലാസം തുള്ളിയില്ലേ.
അക്കണ്ട മലയിത് 
പണം കായ്ച്ചീടും തോപ്പ്
വശ്യമായ് ചമഞ്ഞുള്ള
വേശ്യ എന്നതുപോലെ
റിസോർട്ടുകൾ  ചമച്ചിട്ടു
മാടി വിളിച്ചീടുന്നു

മഴ


മാനത്തുള്ളോരുമങ്കലമാരാ ണയ്യ
തട്ടിമറിച്ചു
തുള്ളിക്കൊരുകുട മെന്നത്പോലെ
വെള്ളം തുള്ളിത്തൂവുന്നു
കാച്ചിയ പാലാണെന്നു കരുതി
കണ്ടൻ തട്ടിമറിച്ചോ
വെണ്ണ എടുക്കാൻ ഉറിയിൽ തൂങ്ങിയ
കണ്ണൻ തട്ടി മറിച്ചോ
കാറ്റിൻകയ്യിലെ കരിക്കലമാരാണയ്യാ
തട്ടിയുടച്ചു

കവിതയായാൽ



കവിതയെ കണക്കറ്റു ലാളിക്കരുത്
കെറുവിക്കരുത്‌
സംസാരിക്കുമ്പോൾ സൂക്ഷിക്കണം
സാകൂതം ശ്രദ്ധിക്കുന്നുണ്ടാകാം.
കണ്ടില്ലെന്നും,കേട്ടില്ലെന്നും നടിക്കും
കമ്പ്യൂട്ടർ പോലെ പിടിച്ചെടുക്കും
ചോദ്യങ്ങളേറെ ചോദിക്കും
ചോദ്യം കേട്ട് ചൊടിക്കരുത്
പേടിപ്പിക്കരുത്
അറിയാനുള്ള ത്വരയുടെ
അകക്കാമ്പ് നുള്ളരുത്
കവിത കുട്ടികളെപ്പോലെയാണ്
അറിവിന്റെ ആദ്യപാഠം
അച്ഛനമ്മമാരില്നിന്നു
'ചൊട്ടയിലെ ശീലം ചുടല വരെ'.
കവിതയെ കെട്ടഴിച്ചു വിടണം
കവിത്വം ചൊട്ട തൊട്ടു പോകരുത്