malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014 ജനുവരി 25, ശനിയാഴ്‌ച

ജീവിതം വരഞ്ഞ ചിത്രകാരൻ



 
നമ്മൾ വിചാരിക്കുന്നത് പോലെയുന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
നീണ്ടു മെലിഞ്ഞ് ,മുന്നോട്ടല്പ്പം വളഞ്ഞ്‌
വെളുത്തയാളല്ലേ
ചുണ്ടിലെപ്പോഴുംചെറു ചിരി പൂത്തൊരാൾ
ആരോടുമങ്ങനെ വർത്തമാനമൊന്നും
പറയില്ല
എന്തെങ്കിലും ചോദിച്ചാൽ
അതിനുമാത്രം. പിന്നെ ഊൗ ,,,ഹും
കമാന്ന് മിണ്ടില്ല
ഉരുളി വാങ്ങി വെച്ചതുപൊലെ
നമ്മൾ വിചാരിക്കുന്നതുപോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
അടിവെച്ചടിവെച്ച്  അളന്നളന്നുള്ള നടത്തം
ആരെയാണ് ആകർഷിക്കാത്തതു
കുലീനത്വമുളള ആ ഭാവം ആരെയാണ്
ഒന്ന് പിടിച്ചു നിർത്താത്തതു
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
ഈ നാട്ടുകാരനൊന്നുമല്ല ആർക്കും
പരിചയമൊന്നുമില്ല
എങ്ങുനിന്നോ വന്നു പുഴക്കരയിലെ
ആ കുഞ്ഞു വീടുവാങ്ങി
താമസമാക്കിയിട്ട്  ആഴ്ചകളേയായിട്ടുള്ളൂ
ഇരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള
ആ പെണ്‍കുട്ടി അയാളുടെ മകളൊന്നു
 മായിരിക്കില്ല
പുറത്തൊന്നുമിറങ്ങാറില്ല
വസ്ത്രം കഴുകുന്ന നനക്കല്ലിനരികിൽ
ഒരിക്കൽ കണ്ടിരുന്നെന്ന് ചിലർ പറഞ്ഞു
കണ്ടാൽ കണ്ണെടുക്കില്ലെന്നു കേട്ടു
പൊതു വഴിയൊന്നുമല്ലല്ലൊ എപ്പോഴും
 പോയിനോക്കാൻ
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലർ അങ്ങിനെയാണ്
എവിടെനിന്നെങ്കിലും തട്ടി ക്കൊണ്ടു വന്നതാവും
അയാള് ഒരു ക്രൂരനോ തീവ്ര വാദിയോ ആയിരിക്കും
രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ചെയ്തിരിക്കും
കണ്ടില്ലേ'വെട്ടൊന്ന് തുണ്ടം രണ്ടു' എന്ന്
പറഞ്ഞത് പോലെ
തലയും ഉടലും വേറിട്ട്‌
തുറിച്ചു നോക്കുന്ന കണ്ണിൽ രക്ഷപ്പെടാനൊരു ശ്രമം
തെറിച്ചു നില്ക്കുന്ന പോലെ
അപ്പോഴും ചെറു ചിരിയുമായി അയാൾ നില്ക്കുന്നു
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
നോക്കൂ എന്ത് റിയാലിറ്റിയാണ്  ഈ  ചിത്രങ്ങൾക്ക്
ആരായിരിക്കും ഈ ജീവിതത്തെ ഇങ്ങനെ
വരഞ്ഞിട്ടുണ്ടാവുക
പേരുപോലു മറിയാത്ത ആ ചിത്രകാരൻ
ഏതു കാലത്തായിരിക്കും
ഈ കാലത്തെക്കുറിച്ച്  വരഞ്ഞിട്ടുണ്ടാവുക
കാണാതെ കാണുകയും
പറയാതെ പറയുകയും ചെയ്യുന്ന
ഈ പച്ചയായ ജീവിതം
നമ്മുടെ തന്നെയല്ലാതെ
പിന്നെയാരുടെതാണ്
നമ്മൾ വിചാരിക്കുന്നതുപോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്

മാവുമരത്തിന്റെ നെടുവീർപ്പ്




മനസ്സിന്റെ സ്ക്രീനിലേക്ക്
കവിത, ചിത്രങ്ങൾ പോലെ
കൊഴിഞ്ഞു വീണപ്പോൾ
കൊതിയോടെ കവിത എഴുതുവാൻ
കടലാസും പേനയുമായി ഞാനിരുന്നു
നേരിയ വിറയലോടെമാവുമരം കരം നീട്ടി
വീടിന്റെ മുകൾ ഭാഗം സ്പർശിക്കുവാൻ
ശ്രമിച്ചുകൊണ്ടിരുന്നു
ചുഴിഞ്ഞു വന്നൊരുകാറ്റ്  മരത്തെ
ചുറ്റിപ്പിടിച്ച്
അവളുടെ സ്വന്തമായവയെല്ലാം
പിച്ചിചീന്തുവാൻ ശ്രമിച്ചപ്പോൾ
നിഴലിനെ വാരിയെടുത്തവൾ
മേലാകെ പുത്തച്ചുനിന്നു
ശരത്കാലത്തിൽ കൊഴിഞ്ഞു വീഴുന്ന
യിലകളെപ്പോലെ
മോഹങ്ങളുടെ കൊയ്തെടുത്ത കറ്റകൾ
വീണു തകരുമെന്നൊർത്തപ്പോൾ
അവസാന ശ്രമമെന്നനിലയിൽ
അവളൊന്നു പിടഞ്ഞു
പിടിവിട്ട കാറ്റ് പിന്തിരിഞ്ഞു നോക്കാതെ
പാഞ്ഞു പോയി
ഞാൻ പേനയെടുത്ത് വാക്കുകളെ
കുടഞ്ഞു കുടഞ്ഞു
ആകാശത്തെ കറുപ്പിച്ചു  
കത്തിച്ചു വെച്ച നില വിളക്കിൻ
തിരിയുടെ കറുത്ത പാടുകൾ പോലെ
കവിത കടലാസിൽ പടർന്നു നിന്നു
അപ്പോൾ പുറത്ത് മാവുമരം
നെടുവീർപ്പിട്ടതിന്റെ നേരിയ കുളിരല
എന്നെ വന്നു തൊട്ടു  

മുപ്പത്തിരണ്ട് പല്ലും മുളക്കാത്തവർ




അഞ്ചുവീടും ആദ്യത്തെ വളവും കഴിഞ്ഞാൽ
അയമുക്കയുടെ വീടായി
ഞായറാഴ്ച എന്നും പാത്തുവിന്റെ പുയ്യാപ്ല
പോത്തിറച്ചി കൊണ്ടുവരും
അയമുക്കാന്റെ ഒഴിഞ്ഞ പറമ്പിൽ
ആരോരുമറിയാതെ ഞാൻ കാത്തിരിക്കും
കാറ്റിന്റെ കൈയിൽ നിന്നും
പോത്തിറച്ചി തിളയുടെ മസാലമണംവാങ്ങി
ഉമിനീരിന്റെ ഉറവയിലിട്ട്
ആദ്യരസം ഞാൻ നൊട്ടിനുണയും
പാത്തുവിന്റെ പുയ്യാപ്ലക്ക്
പോത്തിന്റെ നിറം
പോത്തൻ കണ്ണുകൾ
പോത്തക്കൻ മീശ
കാണാനൊരു പോത്തൻ
പോത്തിറച്ചി തിന്നു പുയ്യാപ്ല
പോത്തുപോലുറങ്ങുന്ന നട്ടുച്ചയിൽ
പാത്തു തട്ടത്തിന്റെ മട്ടത്തിലു
പോത്തിറച്ചി കെട്ടി
പതുങ്ങി പതുങ്ങി പറമ്പിലേക്ക് വരും
വായിൽ കിടന്നു പോത്തിറച്ചി
ചളിയിൽ നിന്ന് കാലു വലിക്കുമ്പോലെ
ചൾകോം,പുൾകോം ഒച്ചവെയ്ക്കും
കടിക്കുമ്പോൾ തെറിക്കും റബ്ബറുപൊലെ
പാത്തു  പുയ്യാപ്ലക്ക് പോത്തിന്റെ ചൂരെന്നു
പായാരം പറയും
കെട്ടിപിടിക്കുമ്പോൾ വെട്ടുപോത്തിന്റെ
മട്ടെന്നു അടക്കം പറയും
മണ്ണപ്പം ചുടാനും,പീട്യക്കച്ചോടം കളിക്കാനും
കൊതിയെന്നു സങ്കടൽ തിരയടിക്കും
പാഠബുക്കിലെ മയിൽ‌പീലി പെറ്റോന്ന്
ആഹ്ലാദപ്പെടും
ഒരു കാര്യത്തിൽ പുയ്യാപ്ലയും ഞാനും
തുല്ല്യരെന്നു
പാത്തു സമാധാനപ്പെടും
രണ്ട്പേർക്കും മുളചിട്ടില്ല ഇതുവരെ
മുപ്പത്തി രണ്ടു പല്ലും

സ്നേഹത്തിനു ഉപ്പുരസം



പിറന്ന അന്നു മുതൽ പശുക്കുട്ടിയെ
അച്ഛൻ വിളിച്ചു തൊപ്പേ...
അമ്മ വിളിച്ചു തൊപ്പച്ചി...
അവൻ വിളിച്ചു ചൊപ്പച്ചീ...
അവന്റെ കാലിൽ ചാണക മിട്ടു
അമ്മയുടെ മടിയിൽ മൂത്രമൊഴിച്ചു
അച്ഛന്റെ കാലിൽ നുരയുന്ന പതയിറ്റിച്ചു
അമ്മ കറുകപ്പുല്ല് വായിൽ വെച്ചു കൊടുത്തു
അച്ഛൻ സ്കൂട്ടറിൽ കയറുന്നതുപോലെ
കഴുത്തിന്റെ ഇരുവശവും  കാലിട്ട് വായകത്തിപ്പിടിച്ചു
അവൻ കഞ്ഞിവെള്ളം കോരിക്കോരിക്കൊടുത്തു
വാലുപൊക്കി തലചെരിച്ചു കുണുങ്ങി കുണുങ്ങി
തുള്ളിക്കളിച്ചു പശുക്കുട്ടി
ഊർന്നുവീഴുന്ന  ട്രൌസർപൊക്കിപ്പിടിച്ച്
വാഴനാരുകൊണ്ട് ചുറ്റിക്കെട്ടി
ഇരുകാലിലും, നാലുകാലിലും തുള്ളിക്കളിച്ചു  അവനും
പശുക്കുട്ടി വളർന്നു വളർന്ന് ഒത്ത പശുവായി
അവൻ വളർന്ന് വളർന്ന് മന്ദ ബുദ്ധി കുട്ടിയായി
പശുവിനെ മേച്ചു ഒരു ദിവസം വീട്ടിലെത്തിയപ്പോൾ
അമ്മ അച്ഛനോട് പറഞ്ഞു:
പശുവിനു ഗർഭമുണ്ടെന്നു.  
ഗർഭക്കാരത്തി പശുവിനെ തല്ലരുതെന്നു
അമ്മ മകനെ ഉപദേശിച്ചു
ഗർഭമുള്ള എന്നെയും തല്ലരുതെന്നു
മകൻ അമ്മയേയും ഉപദേശിച്ചു
അയൽവീട്ടിലെ ചേച്ചി  ഗർഭിണിയായപ്പോൾ
എന്തൊക്കെ പുകിലായിരുന്നു
ചേച്ചിയുടെ അച്ഛൻ ഊരിയ കത്തിയുമായി
ഓടുന്നത് അവൻ മനസ്സിൽ കണ്ടു
ഇവിടെ എനിക്കും പശുവിനും ഗർഭമുണ്ടായിട്ടും
അച്ഛനു ഒരു കുലുക്കവുമില്ല
അച്ഛൻ നല്ലച്ഛൻ പൊന്നച്ഛൻ എന്ന്
അവൻ മനസ്സിൽ പറഞ്ഞു
പ്രസവ മടുത്തപ്പോൾ പശുവിനെ മേയാൻ
വിടാതിരുന്നിട്ടും
അവനെന്നും രാവിലെ പ്പോയി
വൈകുന്നേരം വന്നു
രാവിലെ വെറുതെഎന്തിനാണ് പോകുന്നതെന്ന്
അമ്മ ചോദിച്ചപ്പോൾ
ഗർഭമുണ്ടായിട്ടും  എന്റെ വയർ വീർത്തിട്ടില്ലെന്നും
ഞാൻ പ്രസിവിക്കാറായിട്ടില്ലെന്നും അവൻ പറഞ്ഞു
അമ്മ പശുവിനു പേറ്റ്നൊമ്പലം കിട്ടിയതുപോലെ
അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു
കണ്ണിൽ നിന്നും പശുക്കുട്ടിയോളം വലുപ്പത്തിൽ
കണ്ണീർ തുള്ളി തുള്ളി വീണു
സ്നേഹത്തിനു ഉപ്പ് രസമെന്നു അവനറിഞ്ഞു

2014 ജനുവരി 11, ശനിയാഴ്‌ച

സന്തോഷം കൊണ്ട് മരിച്ചു പോയ ഒരാൾ




മഷിയുടെ മണം മാറാത്ത
പത്രം മടക്കി വെച്ച്
ചാടിയെഴുന്നേറ്റു
അയാൾക്ക് ആഹ്ലാദം അടക്കുവാൻ-
കഴിഞ്ഞിരുന്നില്ല
മേലുദ്യോഗസ്ഥാൻ മരിച്ചിരിക്കുന്നു
സ്ഥാനക്കയറ്റം കൈവന്നിരിക്കുന്നു
കൂട്ടിലിട്ട വെരുകിനെ പ്പോലെ
അയാൾ മുറിയിലങ്ങോട്ടു മിങ്ങോട്ടും ചാടി നടന്നു
 ശമ്പള വർദ്ധനവ്‌,ഓഫീസ് അലവൻസ്
'ഫിയോഡാർവാസിലിയേ വിച്ച് '  നെപ്പോലെ
ഹരിച്ചും,ഗുണിച്ചും,കൂട്ടിയും,കുറച്ചുംചുറ്റിനടന്നു
തുടരെ തുടരെ വന്നു കൂട്ടുകാരുടെ കോളുകൾ
ആഹ്ലാദത്തിന്റെ അലയൊലികൾ
മരിച്ചയാളെ കാണുവാനുള്ള തിടുക്കങ്ങൾ
സായാഹ്ന സന്തോഷത്തിനു
ബീവറെജിൽ നിന്നും വാങ്ങിയതിന്റെ
ഷെയർ തുക മറക്കാതെ യെടുക്കുവാനുള്ള
ഓർമ്മ പ്പെടുത്തലുകൾ  
'ഇവാൻ ഇലിയിചിന്റെ 'മരണത്തോടെ
ജോലിയിൽ സ്ഥാനക്കയറ്റം കിട്ടുവാൻ പോകുന്ന
സുഹൃത്തുക്കളുടെ ചിന്ത പോലെ
എല്ലാവരുടെതുമെന്നു അയാളോർത്തു
എങ്കിലും തനിക്കുവന്ന മഹാഭാഗ്യം...!
സന്തോഷം കൊണ്ട് ഉള്ളം തള്ളി വരുന്നതുപോലെ
അയാൾ കസേരയിലെക്കിരുന്നു
സമൂഹത്തിലെ സ്ഥാനം,ശമ്പളം ,അലവൻസ്
അലവൻസ്,ശമ്പളം, സ്ഥാനം
മരിച്ചയാൾ,മദ്യം,സായാഹ്നം
കറുപ്പ്,വെളുപ്പ്‌
വെളുപ്പ്‌,കറുപ്പ്
ഒരു നിമിഷം,ഒരോളം വെട്ടൽ
ഒരുണർച്ച
പിന്നെ തല മുന്നിലേക്കൊടിഞ്ഞ്
കസേരയിൽ ഒരു ഭാഗം ചരിഞ്ഞ്‌.........
0           0           0              0                 0
 ഫിയോഡാർവാസിലിയേ വിച്ച് -----ഇവാൻ ഇലിയിചിന്റെ സുഹൃത്ത്
ഇവാൻ ഇലിയിച് ---------ലിയോ ടോൾസ്ടോയിയുടെ ഇവാൻ ഇലിയിച്
എന്ന നോവലിലെ മുഖ്യ കഥാ പാത്രം

2014 ജനുവരി 10, വെള്ളിയാഴ്‌ച

പ്രതിസന്ധി




രാവിലെ എന്ത് കുസൃതിയായിരുന്നു -
അവൾക്ക്‌
അവളെഴുന്നേൽക്കുംപോൾ
ഞാനു മെഴുന്നേല്ക്കണം
അവൾ വായിക്കുമ്പോൾ
അരികിൽ തന്നെയിരിക്കണം
നാഴികയ്ക്ക് നാല്പ്പത് വട്ടം
അച്ഛാ...അച്ഛാ എന്ന് വിളിക്കും
എന്തിനും,ഏതിനും ഒന്നിച്ചുതന്നെ വേണം
ഇന്നു രാവിലെ പത്രം വായിച്ചതുമുതൽ
മിണ്ടാട്ടമേയില്ല
അരികിലേക്ക് അടുക്കുന്നെയില്ല
അന്യനെപ്പോലെ ഒരകൽച്ച
വന്യത മുറ്റിയ കണ്‍കൾ
കാളിമയാർന്ന മുഖം
മുഴുപ്പും,തഴപ്പുമാർന്ന ഭാഗങ്ങൾ
മൂടുവാനൊരു ശ്രമം പോലെ
മുറിയുടെ മൂലയിൽ ഇരുളിലെക്കൊരു
 ഉൾ വലിയൽ
പരിഭവിക്കാൻ മാത്രംപത്രമെന്താണ്
അവളോടു പറഞ്ഞിട്ടുണ്ടാവുക ?!
പാതി തുറന്ന പത്രത്തിൽ
പതിവിലും വലുപ്പത്തിൽ കണ്ടു
മകളുടെ മാനം കവർന്ന ഒരച്ഛനെ (കശുമലനെ)
ഈ ഒരു പ്രതിസന്ധി എങ്ങിനെയാണ് ഒരച്ഛൻ  
മുറിച്ചു കടക്കുക
അച്ഛൻ മകളിലേക്കും മകൾ അച്ഛനിലേക്കും
എത്തിച്ചേരുക
എന്ത് പറഞ്ഞാണ് സംശയം ദൂരീകരിക്കുക
ഇനി എല്ലാം മറന്നാലും
മകൾക്ക് അച്ഛനുമായുള്ള അടുപ്പത്തിന്റെ
അകൽച്ച എത്ര മാത്ര മായിരിക്കും

സ്നേഹം



കരച്ചിലിന്റെ ഒരു ചീളുയർന്നു
അവന്റെ കാതിൽ ക്കൊണ്ടു
എങ്ങുനിന്നെന്നറിയാൻ
കാത് വട്ടം പിടിച്ചു
കണ്ണ് വെട്ടം തെളിച്ചു
തെല്ലകലെ വിരിഞ്ഞ
നക്ഷത്രക്കൂണിനപ്പുറം
ഇല്ലിക്കാടിന്റെ ചില്ലകളിലൂ ടെ
അവളുടെ കണ്ണിൽ
അവന്റെ കണ്ണ് തൊട്ടു
നാടൻ പെണ്ണിന്റെ  നാണത്താൽ
അവൾ മടിച്ചു മടിച്ചു നിന്നു
അവന്റെ ഹൃദയം മിടിച്ചു മിടിച്ചു നിന്നു
ലജ്ജയുടെ വിരൽ കൊണ്ട് അവൻ-
അവളുടെ കൈയിൽ ഒന്ന് തൊട്ടു
പിന്നെ കെട്ടിപ്പുണർന്നു
പാലുപോലെ വെളുവെളുത്ത
പട്ടുപോലെ മിനുമിനുത്ത കുഞ്ഞു പൂച്ച
കണ്ടൻ പൂച്ചയുടെ മാറിൽ
ചൂടിനെന്നോണം
ഒട്ടിച്ചേർന്നു നിന്നു