malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ജൂലൈ 31, തിങ്കളാഴ്‌ച

ജീവിതം ഒരു തീവണ്ടിയാകുമ്പോൾ



തേരട്ടയെപ്പോലെ ഇഴഞ്ഞുനീങ്ങുന്ന
തീവണ്ടി
പാലത്തിൽ കയറിയപ്പോൾ
ഭയാനകമായശബ്ദം പുറപ്പെടുവിച്ചു തുടങ്ങി
ഒരു പെരുമഴപോലെ,യതുപെയ്തി
റങ്ങുന്നു
ഓർമ്മകളുടെ കീറക്കുടയുമായി ഞാനെന്റെ
പഴയ നാളുകളിലേക്കിറങ്ങുന്നു
മങ്ങിയ ദൂരങ്ങളിൽനിന്ന്
മറഞ്ഞു പോയവർ നടന്നുവരുന്നു
ചിലതൊക്കെ ഇരമ്പിവന്ന് ചൂഴ്ന്നു
നിൽക്കുന്നു
അരുണപ്രഭാതവും, ചുവന്നസന്ധ്യയും
തുടുത്തു നിൽക്കുന്നു
വെയിലിലൂടെ, മഴയിലൂടെ, മഞ്ഞിലൂടെ
എന്റെഒഴുകൽ
പരിഭവം കൊറിച്ചുകൊണ്ടുളള അമ്മനീട്ടിയ
കട്ടൻചായയിൽ
മധുരമില്ലെന്ന് മധുരമായ്നുണയുന്നു.
ആകാംക്ഷയുടെ ശിഖരങ്ങൾ മുളയ്ക്കുന്ന,
ചില്ലകൾപൂക്കുന്ന പ്രായം
പറയാൻവന്നത് പെട്ടെന്ന്മറന്നുപോയ
പ്രണയകാലം.
ആ കാലം പാഞ്ഞുപോകുന്ന
വണ്ടിയുടെയിടയിലേക്കിന്ന് നടന്നു
കയറിയിരിക്കുന്നു .

2017 ജൂലൈ 30, ഞായറാഴ്‌ച

പ്രണയ രക്തം



നദി ചുവന്നൊഴുകുന്നു
ശൂന്യത പെരുകുന്നു
വേദനയുടെ കുന്നിൻമുകളിൽ
മരിച്ചുകിടക്കുന്നു ചലനം
ജീവിതമരത്തിലെ പൂവിന്
കറുപ്പുനിറമോ ?!
വാക്കിനേക്കാൾ മൂർച്ചയുള്ള
ആയുധം
ആയുസ്സിൽഞാൻ കണ്ടിട്ടില്ല.
എന്നിൽവാക്കുകൾ വറ്റിപ്പോയി
രിക്കുന്നു
ചിറകറ്റപക്ഷി.
ഉറഞ്ഞു പോയ എന്റെചോരയിൽ
നിന്റെ വാക്കുകൾ തറഞ്ഞിരിക്കുന്നു!
വേദനയുടെവൃണം പൊട്ടിയൊഴുകുന്നു
എന്റെമനസ്സ് ഇന്നൊരു ശവമഞ്ചം !!
അന്ത്യനിദ്രയ്ക്ക് വിധിക്കപ്പെട്ടവന്റെ
കണ്ണീരുപോലെ
ഹൃദയത്തിന്റെ അഗാധതയിൽവെച്ച്
അവവറ്റിപ്പോകുന്നു
എന്റെ പ്രണയത്തിന്റെ രക്തത്തിൽ
നദി ചുവന്നൊഴുകുന്നു
പ്രഭാതത്തിൽ വിരിഞ്ഞ് ദിനാന്ത്യത്തിൽ
കൊഴിഞ്ഞുപോകുന്നതോ
പ്രണയജീവിതം

2017 ജൂലൈ 29, ശനിയാഴ്‌ച

ഇന്ന്




അങ്ങേവീട്ടിലെ
അനന്തേട്ടന്റെ മരണമറിഞ്ഞത്
ശവമടക്ക് കഴിഞ്ഞാണ്.
അയൽപക്കത്തെ അമ്മുവിന്റെ
വീട്ടിലേക്ക്
അരയേക്കർ വളഞ്ഞുപോകണം.
വീടുകളെല്ലാം വളഞ്ഞുവെച്ചിരിക്കുന്നു
കുശുമ്പും, കാശുംചേർത്ത് മതിൽ
പണിതിരിക്കുന്നു
കമ്പിവേലിയോട് ചിലർക്കു കമ്പം.
പറമ്പുകളിലൂടെ, വീടിന്റെ പിന്നാമ്പുറ
ങ്ങളിലൂടെ,
അടുക്കളമുറ്റത്തൂടെ, പാടവരമ്പിലൂടെ.
നിത്യമുള്ള കണ്ടുമുട്ടലുകൾ, കുശലങ്ങൾ
കലശലായ നാടൻ പ്രേമങ്ങൾ
ഒത്തുചേരലുകൾ, നാടുനീങ്ങിയ നാട്ടുവർത്തമാനങ്ങൾ
കുളക്കടവിലെ രഹസ്യങ്ങൾ, കുട്ടികളുടെ
കശപിശകൾ.
തിരിഞ്ഞുനടപ്പുകൾ സാദ്ധ്യമോ?!
കാലം തിരിഞ്ഞു നടക്കാറേയില്ല
ഇപ്പോഴുള്ളവർക്ക് ഇതൊന്നുമറിയില്ല


2017 ജൂലൈ 28, വെള്ളിയാഴ്‌ച

പ്രണയ പക്ഷി




നമുക്ക് രണ്ട് അരയന്നങ്ങളാകണം
പ്രണയ സരസ്സിൽ നീന്തിതുടിക്കണം
തൂവലുകളെ കൊക്കുകൾചേർത്ത്
ചീകിയൊതുക്കണം
ഇന്ദ്രിയങ്ങൾക്കപ്പുറത്ത് കാണാത്ത
ഭാവതലങ്ങൾക്കപ്പുറത്ത്
രാഗസംഗീതത്തിന്റെ ഈണവും
ഈരടിയുമായി മാറണം
നീയെന്റെ പ്രഭാത പുഷ്പമാണ്
സഹസ്രകോടി പ്രഭവിടർത്തുന്ന
പ്രണയത്തിന്റെ സൂര്യപുഷ്പം
നിന്റെ ചിത്രത്തെ ഞാൻമുത്തം വെയ്ക്കുന്നു
നിന്നിൽ വിരിയും അക്ഷരങ്ങളെ
ലാളിക്കുന്നു
മനസ്സുകൾ ഇണചേർന്നാണോ
പ്രണയം പിറക്കുന്നത്!?
പ്രണയമെരു പക്ഷിയായിരിക്കണം.
ചക്രവാള സീമയ്ക്കുമപ്പുറം
മഴവില്ലുവിളയുന്ന രാജ്യത്തിനുമപ്പുറം
സൂര്യനെ ഉമ്മവെയ്ക്കുന്ന മേഘങ്ങൾ
ക്കുമപ്പുറം
അപ്പുറത്തിനുമപ്പുറം അതിനുമപ്പുറം
മധുരിക്കുന്ന മൃദുലമലകളിൽ ചേക്കേ
റാവുന്ന പ്രണയപക്ഷി

2017 ജൂലൈ 27, വ്യാഴാഴ്‌ച

ഓർമ്മപ്പുഴ



മുന്നേ പോയവരാണേറേയും.
അച്ഛൻ അമ്മ സഹോദരങ്ങൾ
ഒട്ടിനിന്നവരാണ്ഒറ്റയ്ക്കാക്കി
പോയത്
ജീവിതം ഇരുണ്ടതുരങ്കം
അടർന്നുവീണ സംവത്സരങ്ങളുടെ
കുന്നിൽ നിന്നുനോക്കുമ്പോൾ
നിറഞ്ഞു നിൽക്കുന്നു നിശ്ശൂന്യത
ഓർമ്മകളുടെ പ്രവാഹം
ഒഴുകിപ്പരക്കുന്നു
തടഞ്ഞു നിർത്താൻ കഴിയാത്ത
ഓർമ്മപ്പുഴ
ആത്മാവിൽ കോറിവരഞ്ഞതൊക്കെ
കണ്ണിന്റെ തണ്ണീർത്തടങ്ങളിൽ
ചാലിട്ടൊഴുകുവാൻ കഴിയാതെ
ഊഷരമായ ഏതോ ഉള്ളറയിൽ
ഉറഞ്ഞുകട്ടിയാകുന്നു
നെഞ്ചകം കനത്തുവീർക്കുന്നു
മനസ്സിന്റെ മരുപ്പറമ്പിൽ ഒരു
കള്ളിമുള്ളെങ്കിലും!
ജീവിതമെന്ന ഇരുണ്ടഗുഹയ്ക്കുള്ളിൽ
എന്നെങ്കിലും തുറക്കുമോ
ഇത്തിരി വെട്ടത്തിന്റെ ഒരുവാതിൽ

2017 ജൂലൈ 26, ബുധനാഴ്‌ച

ഓർമ്മത്തുള്ളി




പ്രണയത്തിന്റെ പാനപാത്രം
വച്ചുനീട്ടിയവൾ നീ
ചുണ്ടിനും കപ്പിനുമിടയിൽ
നീ ശൂന്യമാകുന്നു
ഇന്ന് വീഞ്ഞിന്റെ വീര്യമായി
നീയെന്നിൽ
നീ യോരോദിനവും ഓരോ കല്ല്
എന്നിൽ പടുക്കുന്നു
നീയെനിക്കായ് പ്രണയത്തിന്റെ
താജ്മഹൽ പണിയുകയാവാം!
നീയെന്റെ മുംതാസ്
ഞാൻ നിന്റെ ഷാജഹാൻ
ഇനിയുള്ളപടുക്കലെല്ലാം
ഷാജഹാനിലാവട്ടെ
പ്രണയത്തിന്റെ പറുദീസയുടെ
കാവൽക്കാരി
വിലക്കപ്പെട്ടകനി ഭക്ഷിച്ചതുമുതൽ
അടുത്തിട്ടും നാം അന്യരായല്ലോ
നീയെന്റെ ഏദൻതോട്ടം
നീ തന്നെ വിലക്കപ്പെട്ടകനിയും
നീയുയർത്തിയ കുടീരത്തിൽ
ഉറങ്ങാതെ ഞാൻ കിടക്കും
നിന്റെ ഓർമ്മകളുള്ളിടത്തോളം
എനിക്ക് മരണമില്ലല്ലോ
നിനക്ക് ഞാൻയെന്നേ മരിച്ച
വനെങ്കിലും
എന്റെ ശവക്കല്ലറയിൽ
ഒരിറ്റു കണ്ണിരിന്റെ ഒരുപുഷ്പം
വെയ്ക്കണം നീ
നിലാവിലും വെയിലിലും
തിളങ്ങുന്ന പ്രണയത്തിന്റെ ഒരു
വൈരക്കല്ലായ്
ഓർമ്മത്തുള്ളിയായ് അതെന്നും
തിളങ്ങി നിൽക്കട്ടെ


2017 ജൂലൈ 25, ചൊവ്വാഴ്ച

ആഘോഷം



ആഘോഷങ്ങൾ പലതര
ത്തിലുണ്ട്
സ്നേഹത്തിന്റെ, പുണ്യദിന
ത്തിന്റെ,
പൂരത്തിന്റെ, ഉത്സവത്തിന്റെ
അവഹേളനത്തിന്റെ, അക്രമ
ത്തിന്റെ
ആൾക്കൂട്ടത്തിന്റെ അതിരുവിട്ട
ആവേശം ആഘോഷമാകുമ്പോൾ
അപരൻ ശത്രുവാകുന്നു
വെറുപ്പിന്റെആഘോഷം നുരഞ്ഞു
പൊന്തുന്നു
മരണത്തിന്റെ ഘോഷയാത്രയാണ്
പിന്നെ
ജാതികൾ, മതങ്ങൾ,വർണ്ണം, വംശം,വർഗ്ഗീയത
വാളുകൾ ‌, വാക്കുകൾ,ശൂലങ്ങൾ,
സൂത്രങ്ങൾ, തോക്കുകൾ, തേർവാഴ്
ച്ചകൾ
അന്നുവരെമൃദുലമായ ജീവിതക്കുപ്പായം
മുള്ളുകുപ്പായമാകുന്നു ചിലർക്ക്
കലാപങ്ങളുടെ കതിനകൾ പൊട്ടുന്നു
ആഘോഷങ്ങൾ പലതരത്തിലുണ്ട്