malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

അമ്മയില്ലാത്ത വീട്




അമ്മയില്ലാത്തവീട്
എനിക്കാലോചിക്കുവാനേ
കഴിയുമായിരുന്നില്ല.
എങ്ങും നിശ്ചലത തളം കെട്ടി
നിൽക്കുന്നു
യന്ത്രമില്ലാത്ത ക്ലോക്കിൽ
സൂചിമാത്രം അവശേഷിച്ചപോലെ.
എന്റെ വിചാരങ്ങളിലെല്ലാം അമ്മ.
പണിത്തിരക്കിനിടയിൽ അങ്ങുമിങ്ങും
നടക്കുമ്പോൾ
പറയുന്ന വാക്കുകളെല്ലാം
മുറിഞ്ഞുപോകുന്ന ശബ്ദങ്ങളായ്
എങ്ങുംകേട്ടുകൊണ്ടിരിക്കുന്നു.
എന്റെ മനസ്സിൽ വേണമെന്നു തോന്നുന്ന
ഘട്ടത്തിലെല്ലാം
വിളിക്കാതെ വിളിപ്പുറത്തെത്തുന്ന,
കുഞ്ഞുകുഞ്ഞു കാര്യങ്ങളെ
കളിയായ് കാണാതെ സാധിച്ചു തരുന്ന
അമ്മ.
എന്റെ വിചാരങ്ങളിൽ, ദുഃഖങ്ങളിൽ,
സന്തോഷങ്ങളിൽ
എല്ലാവിഷമങ്ങളും,വിങ്ങിപ്പൊട്ടലുകളും
ചുണ്ടിനും, മുണ്ടിന്റെ കോന്തലയ്ക്കുമിട
യിലൊളിപ്പിച്ച്
എനിക്കായ് കണ്ണുകൊണ്ട് കളിപറഞ്ഞ്
സുരക്ഷയുടെ കവചമൊരുക്കുന്ന അമ്മ
കഴിയില്ലഅമ്മയെ വായിക്കുവാൻ
ആർക്കും
രാത്രിയിലിന്നും ഓർത്തു കിടക്കുമ്പോൾ
ഒരാർത്തനാദം ഉള്ളിൽ നിന്നുമുയരുന്നു
മനസ്സിലിന്നും മായാത്ത വലിയൊരു ,മ്മ-
യാണമ്മ


2017 ഓഗസ്റ്റ് 2, ബുധനാഴ്‌ച

ഭക്ഷണത്തിന്റെ പേരിൽ ....!




മഴ പെയ്തൊഴിഞ്ഞിട്ടും
മനസ്സിൽ വെള്ളംതുള്ളിയിട്ടു നിൽക്കുന്നു
കുഴികളിലെ കുഞ്ഞുവെള്ളത്തിൽ
നിലാവ് നിറഞ്ഞുനിൽക്കുന്നു
പാമ്പിനെപ്പോലെ ഇഴഞ്ഞുപോകുന്ന
വഴിച്ചാല്
ഇരുമ്പ്പാളമായ് ഉയർന്നുനിൽക്കുന്നു
എന്നിലേക്കൊരുതീവണ്ടി കുതിച്ചു
പായുന്നു
മനസ്സിലൊരു ജുനൈദ് പിടഞ്ഞുവീഴുന്നു
അഖ്ലക് എന്നൊരു കർഷകന്റെ രക്ത-
മൂറ്റിയസന്ധ്യ
കാവിയുടുത്ത് കുന്നിറങ്ങി പതുക്കെ നടക്കുന്നു
ആഗ്രഹങ്ങൾ മഴവെള്ളംപോലെ കുത്തിയൊലിച്ച് പോയിരിക്കുന്നു!
വേദനയുടെ വേനൽപക്ഷി ഹൃദയത്തിൽ
കൂടുകൂട്ടുന്നു
ഭക്ഷണത്തിന്റെപേരിൽ മനുഷ്യർ
കൊല്ലപ്പെടുന്നു
മനുഷ്യത്വംമരിച്ച ഒരുകൂട്ട,മാളുകൾ മൃഗങ്ങളായ് പുനർജനിക്കുന്നു
ഇവിടെ മൃഗങ്ങളുടെ തേർവാഴ്ച്ച
അനാദിയായൊരു അപൂർണതാ
ബോധമെന്നെ ചൂഴ്ന്നുനിൽക്കുന്നു
വർണ്ണത്തിൽ വെറിപൂണ്ടവർ
അമ്മ പെങ്ങൻമാരെന്നില്ലാതെ
വെട്ടിമുറിക്കുന്നു.
പുകപോലൊരാവരണം മനസ്സിനെ
മൂടുന്നു
വാക്കുകൾ വരണ്ടകാറ്റായ് തൊണ്ടയിൽ
തടഞ്ഞുനിൽക്കുന്നു.

2017 ഓഗസ്റ്റ് 1, ചൊവ്വാഴ്ച

പുതുകാലം



എന്റെ മൗനത്തിന്റെ മഞ്ഞക്കിളി
നിന്റെ വിളികൾ എന്നാണ് വിലക്ക
പ്പെട്ടത്
നിന്റെ കണ്ണിലെ കാർമേഘക്കൂട്ടങ്ങൾ
എന്നാണ് പെയ്തൊ ഴിയുക
പിച്ചവെയ്ക്കുമ്പോൾ നക്ഷത്രമുണ്ടാ
യിരുന്നു നിന്റെ കണ്ണിൽ
പിന്നെ പിന്നെ പേടിയുടെ കാട് അവർ
നിന്റെകണ്ണിൽ നട്ടുപിടിപ്പിച്ചു
ഇപ്പോൾ നിന്നെ ഒളിക്കുവാൻ പാകത്തി
ലുള്ള
ഗുഹകളാണ് കണ്ണുകൾ
അദൃശ്യത കൊണ്ട് അവർ നിന്നെ
വലയം ചെയ്തിരിക്കുന്നു
നീയിപ്പോൾ അവർക്ക് മകളല്ല,
അമ്മയല്ല,സ്ത്രീ പോലുമല്ല.
മതവും, ജാതിയും, ഇരയും!
നിന്റെ ഇളം മാംസവും, രക്തവും
അവർനുണഞ്ഞു കൊണ്ടേയിരി
ക്കുന്നു
നിന്റെ ചിത്രങ്ങളിൽ വർണ്ണങ്ങൾ
ചാലിച്ച്
കമ്പോളങ്ങളിൽ നിറഞ്ഞാടുന്നു
അവർ പൂച്ചയും നീ എലിയുമാകുന്നു!!
അവർ നിന്നെ തട്ടിക്കളിച്ചു കൊണ്ടേ
യിരിക്കുന്നു
അങ്ങനെയാണ് പോലും നീ ചരിത്രമാ
കുന്നത്

2017 ജൂലൈ 31, തിങ്കളാഴ്‌ച

ജീവിതം ഒരു തീവണ്ടിയാകുമ്പോൾ



തേരട്ടയെപ്പോലെ ഇഴഞ്ഞുനീങ്ങുന്ന
തീവണ്ടി
പാലത്തിൽ കയറിയപ്പോൾ
ഭയാനകമായശബ്ദം പുറപ്പെടുവിച്ചു തുടങ്ങി
ഒരു പെരുമഴപോലെ,യതുപെയ്തി
റങ്ങുന്നു
ഓർമ്മകളുടെ കീറക്കുടയുമായി ഞാനെന്റെ
പഴയ നാളുകളിലേക്കിറങ്ങുന്നു
മങ്ങിയ ദൂരങ്ങളിൽനിന്ന്
മറഞ്ഞു പോയവർ നടന്നുവരുന്നു
ചിലതൊക്കെ ഇരമ്പിവന്ന് ചൂഴ്ന്നു
നിൽക്കുന്നു
അരുണപ്രഭാതവും, ചുവന്നസന്ധ്യയും
തുടുത്തു നിൽക്കുന്നു
വെയിലിലൂടെ, മഴയിലൂടെ, മഞ്ഞിലൂടെ
എന്റെഒഴുകൽ
പരിഭവം കൊറിച്ചുകൊണ്ടുളള അമ്മനീട്ടിയ
കട്ടൻചായയിൽ
മധുരമില്ലെന്ന് മധുരമായ്നുണയുന്നു.
ആകാംക്ഷയുടെ ശിഖരങ്ങൾ മുളയ്ക്കുന്ന,
ചില്ലകൾപൂക്കുന്ന പ്രായം
പറയാൻവന്നത് പെട്ടെന്ന്മറന്നുപോയ
പ്രണയകാലം.
ആ കാലം പാഞ്ഞുപോകുന്ന
വണ്ടിയുടെയിടയിലേക്കിന്ന് നടന്നു
കയറിയിരിക്കുന്നു .

2017 ജൂലൈ 30, ഞായറാഴ്‌ച

പ്രണയ രക്തം



നദി ചുവന്നൊഴുകുന്നു
ശൂന്യത പെരുകുന്നു
വേദനയുടെ കുന്നിൻമുകളിൽ
മരിച്ചുകിടക്കുന്നു ചലനം
ജീവിതമരത്തിലെ പൂവിന്
കറുപ്പുനിറമോ ?!
വാക്കിനേക്കാൾ മൂർച്ചയുള്ള
ആയുധം
ആയുസ്സിൽഞാൻ കണ്ടിട്ടില്ല.
എന്നിൽവാക്കുകൾ വറ്റിപ്പോയി
രിക്കുന്നു
ചിറകറ്റപക്ഷി.
ഉറഞ്ഞു പോയ എന്റെചോരയിൽ
നിന്റെ വാക്കുകൾ തറഞ്ഞിരിക്കുന്നു!
വേദനയുടെവൃണം പൊട്ടിയൊഴുകുന്നു
എന്റെമനസ്സ് ഇന്നൊരു ശവമഞ്ചം !!
അന്ത്യനിദ്രയ്ക്ക് വിധിക്കപ്പെട്ടവന്റെ
കണ്ണീരുപോലെ
ഹൃദയത്തിന്റെ അഗാധതയിൽവെച്ച്
അവവറ്റിപ്പോകുന്നു
എന്റെ പ്രണയത്തിന്റെ രക്തത്തിൽ
നദി ചുവന്നൊഴുകുന്നു
പ്രഭാതത്തിൽ വിരിഞ്ഞ് ദിനാന്ത്യത്തിൽ
കൊഴിഞ്ഞുപോകുന്നതോ
പ്രണയജീവിതം

2017 ജൂലൈ 29, ശനിയാഴ്‌ച

ഇന്ന്




അങ്ങേവീട്ടിലെ
അനന്തേട്ടന്റെ മരണമറിഞ്ഞത്
ശവമടക്ക് കഴിഞ്ഞാണ്.
അയൽപക്കത്തെ അമ്മുവിന്റെ
വീട്ടിലേക്ക്
അരയേക്കർ വളഞ്ഞുപോകണം.
വീടുകളെല്ലാം വളഞ്ഞുവെച്ചിരിക്കുന്നു
കുശുമ്പും, കാശുംചേർത്ത് മതിൽ
പണിതിരിക്കുന്നു
കമ്പിവേലിയോട് ചിലർക്കു കമ്പം.
പറമ്പുകളിലൂടെ, വീടിന്റെ പിന്നാമ്പുറ
ങ്ങളിലൂടെ,
അടുക്കളമുറ്റത്തൂടെ, പാടവരമ്പിലൂടെ.
നിത്യമുള്ള കണ്ടുമുട്ടലുകൾ, കുശലങ്ങൾ
കലശലായ നാടൻ പ്രേമങ്ങൾ
ഒത്തുചേരലുകൾ, നാടുനീങ്ങിയ നാട്ടുവർത്തമാനങ്ങൾ
കുളക്കടവിലെ രഹസ്യങ്ങൾ, കുട്ടികളുടെ
കശപിശകൾ.
തിരിഞ്ഞുനടപ്പുകൾ സാദ്ധ്യമോ?!
കാലം തിരിഞ്ഞു നടക്കാറേയില്ല
ഇപ്പോഴുള്ളവർക്ക് ഇതൊന്നുമറിയില്ല


2017 ജൂലൈ 28, വെള്ളിയാഴ്‌ച

പ്രണയ പക്ഷി




നമുക്ക് രണ്ട് അരയന്നങ്ങളാകണം
പ്രണയ സരസ്സിൽ നീന്തിതുടിക്കണം
തൂവലുകളെ കൊക്കുകൾചേർത്ത്
ചീകിയൊതുക്കണം
ഇന്ദ്രിയങ്ങൾക്കപ്പുറത്ത് കാണാത്ത
ഭാവതലങ്ങൾക്കപ്പുറത്ത്
രാഗസംഗീതത്തിന്റെ ഈണവും
ഈരടിയുമായി മാറണം
നീയെന്റെ പ്രഭാത പുഷ്പമാണ്
സഹസ്രകോടി പ്രഭവിടർത്തുന്ന
പ്രണയത്തിന്റെ സൂര്യപുഷ്പം
നിന്റെ ചിത്രത്തെ ഞാൻമുത്തം വെയ്ക്കുന്നു
നിന്നിൽ വിരിയും അക്ഷരങ്ങളെ
ലാളിക്കുന്നു
മനസ്സുകൾ ഇണചേർന്നാണോ
പ്രണയം പിറക്കുന്നത്!?
പ്രണയമെരു പക്ഷിയായിരിക്കണം.
ചക്രവാള സീമയ്ക്കുമപ്പുറം
മഴവില്ലുവിളയുന്ന രാജ്യത്തിനുമപ്പുറം
സൂര്യനെ ഉമ്മവെയ്ക്കുന്ന മേഘങ്ങൾ
ക്കുമപ്പുറം
അപ്പുറത്തിനുമപ്പുറം അതിനുമപ്പുറം
മധുരിക്കുന്ന മൃദുലമലകളിൽ ചേക്കേ
റാവുന്ന പ്രണയപക്ഷി