malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഓഗസ്റ്റ് 30, ബുധനാഴ്‌ച

ഓണം




ഓണം വന്നോണം വന്നോണം
വന്നോമനേ
ഓണക്കിളി,പാട്ടു പാടിടുന്നു
ഓണവിരുന്നു മൊരുക്കി പൂ
വാടികൾ
കൈനീട്ടി മാടി വിളിച്ചിടുന്നു
പച്ചിലപ്പായയിൽ
തുമ്പിതുള്ളാനുള്ളോരുക്കങ്ങൾ
തുമ്പികൾ ചെയ്തിടുന്നു
ആവോളം നറുമണം
ഭക്ഷിച്ചിളം തെന്നൽ
ഏമ്പക്കംവിട്ട്, ഉലാത്തിടുന്നു
തൂമധുവുണ്ടിളം വണ്ടുകൾ
മത്തരായ്
പൂവിൻ ദളത്തിൽ ശയിച്ചിടുന്നു
തോട്ടുവരമ്പത്ത്
നീടുറ്റ ചിരിയാലെ
ആമ്പലോ പൂക്കളം തീർത്തിടുന്നു
പാണന്റെ വീണ പാടുന്നു
മനോജ്ഞമായ്
ഓണം വന്നോണം വന്നോണം വന്നേ

നിറഭേദങ്ങൾ



എത്ര സുന്ദര സങ്കൽപ്പ
മായിനീ
എന്നന്തരംഗത്തിൽ
നിറഞ്ഞു നിന്നു
ആപ്രേമ ദീപ്തി തൻ
നീഹാരഹാരങ്ങൾ
എൻമാറിലെന്നു മണി
ഞ്ഞിരുന്നു
ഈ,യോണം നല്ലോണ
മെന്നുമൊഴിഞ്ഞു നീ
കിനാവിന്റെ പൂക്കളം
തീർത്തു തന്നു
എല്ലാം മറന്നുനീ യെന്നെ
മറന്നു നീ
നീയിന്നെനിക്കന്യയായി.
നാം തമ്മിൽ ചാർത്തിയ
ചുംബന മുദ്രകൾ എല്ലാം
മറന്നു നീ പോയി
മാരിവില്ലായി നിറം ചാർത്തി
നിന്നു നീ
മായയായെങ്ങോ മറഞ്ഞു
പോയി
പ്രണയമെന്നുള്ളത്
പഞ്ഞമില്ലാതൊരു
വർണ്ണ മേലങ്കി നിനക്ക്




2017 ഓഗസ്റ്റ് 29, ചൊവ്വാഴ്ച

അങ്ങനെയാണ് ഞാൻ കവിത യെഴുത്ത് നിർത്തിയത്




അങ്ങനെയാണ് ഞാൻ കവിത -
യെഴുത്ത് നിർത്തിയത്.
അതിന്റെ ആഴവും പരപ്പും
നഷ്ട്ടപ്പെട്ടു
ആകുലതയും, വ്യാകുലതയും
വിട്ടകന്നു
ഒന്നുതന്നെ ആവർത്തിച്ചുകൊണ്ടി-
രിക്കുമ്പോൾ
പിന്നെ വിരസത ,നിർവ്വികാരത.
ആർത്തനാദത്തിന്റെ ചിലമ്പിച്ച സ്വരം
ചുറ്റും പ്രകമ്പനം, പൊട്ടിത്തെറി
ഒരു പിടച്ചൽ, ചിറപൊട്ടിയതുപോലെ
ചീറ്റിയൊഴുക്കുന്ന ചോര.
ഓരോ മരണവും എന്റെ തന്നെ
മരണമാകുമ്പോൾ
ഞാനെന്തിന് ഉൽക്കണ്oപ്പെടണം.
നാം കരുതിയിരുന്നു
കേട്ടറിഞ്ഞതും, വായിച്ചറിഞ്ഞതു
മെല്ലാം
വായിക്കാൻ മാത്രമുള്ളതെന്ന്
അവരുടെ മാത്രം കാര്യമെന്ന്.
ഓരോ മനുഷ്യനും ഓരോ കവിത
യാണ്
മനുഷ്യനെക്കുറിച്ചല്ലാതെ ഞാനെ-
ന്തിനെക്കുറിച്ചെഴുതും?!
മനുഷ്യന് മനുഷ്യനെ വായിക്കുവാൻ
കഴിയുന്നില്ലെങ്കിൽ
മനുഷ്യൻ വായിക്കാത കവിത -
ഞാനെന്തിനെഴുതണം.

2017 ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

അവൾക്കു മുന്നിൽ.......!




അവസാനം ഞാൻ അവിടെയെത്തി.
ചെമ്മൺപാതകയറി കുന്നിൻ മുകളിലെ
ഇന്നുവരെ കണ്ടിട്ടില്ലാത്ത,അറിയാത്ത
ആ ശവപ്പറമ്പിൽ
താഴെ ചതുപ്പിന്റെ ഉപ്പുഗന്ധവും പേറി
ഒരു കാറ്റു വന്നു
പഴകി പരന്ന കല്ലുകളും, ചിതലരിച്ച സ്മാര
കങ്ങളും,
മാർബിളിൽ തീർത്ത ചിലതും,
ചില കല്ലറകൾ വൃത്തിയാക്കി പ്ലാസ്റ്റിക്ക്
പുവുകൾ വച്ചിരുന്നു.
ഇരുണ്ടുകൂടി താഴ്ന്ന മേഘങ്ങൾ
മഴകളെ തുള്ളികളായി വിതറിത്തുടങ്ങി  ആ കല്ലറ ഞാൻ കണ്ടെത്തുക തന്നെ ചെയ്തു
പായൽപച്ചനിറം തേച്ച തേഞ്ഞു തുടങ്ങിയ
ജനന മരണക്കണക്കിനാൽ
നാമകരണം ചെയ്യപ്പെട്ട കല്ലറ
തോരത്ത കണ്ണീർ അന്നാദ്യമായി എന്നിൽ വരണ്ടുണങ്ങി
കാറ്റിലുലയുന്ന മരംപോലെ
ഞാനെന്നെതന്നെ നിനക്ക് നൽകിയി
രുന്നിലെ?
ഒറ്റയ്ക്കും, പൂർണ്ണമായും എനിക്ക് നിന്നെ
വേണമായിരുന്നു
ഞാനൊരമ്പായ് കുതിക്കാൻ നീയൊരു
വില്ലായ് വേണമായിരുന്നു
പ്രണയത്തിന്റെ പല്ലവിയിൽ തന്നെ
പൊഴിഞ്ഞു പോയവൾ നീ
എന്റെ മോഹങ്ങൾ അത്തിപ്പഴങ്ങൾ
പോലെ
കരിഞ്ഞുണങ്ങി കാൽക്കീഴിലേക്ക്
വീണു പോയി
എല്ലാം അയഥാർത്ഥങ്ങളുടെ മൂടൽ
മഞ്ഞിൽവരച്ചതു പോലെ


2017 ഓഗസ്റ്റ് 27, ഞായറാഴ്‌ച

വീട് അലങ്കാരമാകുമ്പോൾ



പഴയ തറവാട്ടുവീട്
പാതി പൊളിഞ്ഞു വീണെങ്കിലും
ഇന്നുമുണ്ട്
മുതുകുവളഞ്ഞ് ഇരിപ്പിലായ
മുത്തിയമ്മയെപ്പോലെ.
കഴിഞ്ഞു പോയ കാലങ്ങൾ
ചുരുണ്ടുകൂടി കിടപ്പുണ്ടാകും
ഇരുട്ടറകളിൽ.
കൊഴിഞ്ഞു പോയ ജന്മങ്ങളുടെ
കിതപ്പുണ്ടാകും.
ഇഴഞ്ഞുപോയ ഇനിപ്പുള്ള കാലങ്ങ
ളെക്കുറിച്ച്
ദുഃഖത്തിന്റെ കരിങ്കാറുകളെക്കുറിച്ച്
ഇടറിയ കൂറ്റാലെ അകലങ്ങളിൽ നട്ട
മിഴികളാലെ പറഞ്ഞിട്ടുണ്ട,മ്മ.
ശനിയും, സംക്രാന്തിയും, ഓണവും,
വിഷുവുമില്ലാതെ
ആളും അർത്ഥവുമില്ലാതെ എല്ലാം ഓർമ്മകളായിപ്പോയില്ലെ .
കെട്ടുന്നുണ്ട് മകനിന്നൊരു വീട്
പഴയൊരു മാതൃകയിലൊന്ന്
കൂട്ടുകുടുംബം ഇല്ലെന്നല്ല
കൂടാനാരും ഇല്ല
ഉള്ളവരെല്ലാം കടലുകടന്ന്
കല്പകവാടിയിലല്ലോ
ഓണം, വിഷുവും വന്നാൽ വാതിൽ
തുറന്നീടാതൊരു വീട്
ആരും താമസമില്ലാതുള്ള
അലങ്കാരത്തിൻവീട്



2017 ഓഗസ്റ്റ് 26, ശനിയാഴ്‌ച

മകളേ... നീയും




നരച്ച തെരുവിൽ നിന്ന്
പുതുമഴയുടെ ഗന്ധമുയരുന്നു
തെരുവു കഴുകി വൃത്തിയാക്കാൻ
പോരുന്ന
മഴയായിരുന്നില്ല
തുമ്പികൈവണ്ണത്തിൽ മഴ പതിക്കു
മ്പോൾ
പൊടി ആവിയായി പൊങ്ങുന്നു
തെരുവിനിരുപുറവും ഗുഹ പോലുള്ള
വീടുകൾ
വില കുറഞ്ഞ വർണ്ണവസ്ത്രങ്ങള
ണിഞ്ഞ്
ചുണ്ടുകൾ ചുവപ്പിച്ച്
തേടി വരുന്നവരെ കാത്തിരിക്കുന്നു
സ്ത്രീകൾ
ദുഃഖമിരമ്പുന്ന മുഖങ്ങളിൽ
പൗഡറിട്ടു മിനുക്കിയവർ
അരവയർ നിറയ്ക്കുവാൻ
ആടകളുരിയുന്നവർ.
എണ്ണമയമില്ലാത്ത ചെമ്പിച്ച മുടിയുമായ്
കാത്തുനിൽപ്പുണ്ടൊരു പെൺകുട്ടി
ഹൃദയം പോലെ പുഷ്പ്പിച്ചു നിൽക്കുന്ന
വൾ
പുരുഷനെന്തെന്നറിയാൻ പാകമാകാ
ത്തവൾ
പട്ടിണി പാഠം മാത്രം ഉരുവിട്ടു പഠിച്ചവൾ
പശി മാറ്റുവാൻ ഒരു പിഞ്ചുശരീരം
മകളേ.... നീയും

2017 ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

വരിക പൊന്നോണമേ



വരിക പൊന്നോണമേ
ചിങ്ങത്തേരൊരുക്കമായ്
നന്മതൻ മേന്മചൊല്ലാൻ
വരിക പൊന്നോണമേ.
കള്ളവും, ചതികളും
ചിതമെന്നു കരുതും
ചിന്തകളെ ചീന്തുവാൻ
വരിക പൊന്നോണമേ.
വേലിക്കെട്ടില്ലാതൊരു
വൻമതിലില്ലാതൊരു
സ്നേഹ സന്ദേശം നൽകാൻ
വരിക പൊന്നോണമേ
ഒരുമ, സ്നേഹം, നന്മ,
സത്യവും, ധർമ്മം, നീതി
മണ്ണിലും മനസ്സിലും
പുത്തനാം പുതുപൂക്കൾ
വാരി വിടർത്തി വേഗം
വരിക പൊന്നോണമേ
വരിക, വരിക നീ
വരിക പൊന്നോണമേ