malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഒക്‌ടോബർ 22, ഞായറാഴ്‌ച

ഓർമ്മകളെന്നും ......!





ഇനിയെനിക്ക് താണ്ടാൻ
ദേശങ്ങളില്ല
നിയതി കാണിച്ച ദേശാന്തര
ങ്ങൾ താണ്ടി
ഇവിടെ എത്തിയവരായിരിക്കാം
ഞങ്ങൾ!
പോകൂ സുഹൃത്തേ, പോകൂ
ഇനിയെന്റെ പ്രീയപ്പെട്ടവളുടെ
ഓർമ്മകളിൽ കൂടുകൂട്ടി
ഞാനിവിടെ നിൽക്കാം.
എനിക്ക് തേങ്ങാനുള്ള
ഒരു തണലാണവൾ
എന്റെ ചുണ്ടിൽ നിന്നും അവൾ
നൽകിയ ചുംബനത്തിന്റെ അടയാ
ളങ്ങൾ
ഇന്നും തുടച്ചു നീക്കപ്പെട്ടിട്ടില്ല
അവളുടെ മൺകൂനയിൽ നിന്നും
ഒരു തെക്കൻ കാറ്റ് ഇന്നും എന്നിൽ
കുളിരിന്റെ മണൽ കോരിയിടുന്നുണ്ട്
തൊടിയിലും, തളത്തിലും മൃദുസ്വന
മുയരുന്നുണ്ട്
കുളിരുള്ള പുലരികളിൽ പുതപ്പായ
വൾ പുതയുന്നുണ്ട്
ഒര് ഒറ്റവരിക്കവിതയായ് അവളിന്നും
എന്നിലേക്ക് ചാഞ്ഞു നിൽക്കുന്നു
ഒരു മഴവിത്തിനെ മരമാക്കുന്നതു
പോലെ ഓർമ്മയിൽ
ഇല്ല എന്റെ ഓർമ്മയുടെ അറ്റത്ത്
ഒരു പുളളിക്കുത്ത് പോലും വീണിട്ടില്ല

2017 ഒക്‌ടോബർ 21, ശനിയാഴ്‌ച

ചുംബന രഹസ്യം




രണ്ടു പേർ ഉമ്മവെയ്ക്കുമ്പോൾ
അവർ ഒര് ഒറ്റമരമായ് പ്രഭാതത്തി -
ലേക്കുണരുകയാണ്
കാറ്റ് ജലത്തെ ഉമ്മവെയ്ക്കുമ്പോലെ
അവർ ഉമ്മവെയ്ക്കുമ്പോൾ
അവരുടെ ലോകം മാറുന്നുണ്ട്
ഉമ്മ ഒര് ഓർമ്മിപ്പിക്കലാണ്
പുതിയ ലോകത്തിലേക്കുള്ള
പ്രവേശിക്കലാണ്
ആവേശത്തിന്റെ തിരത്തള്ളലെന്നു
പറഞ്ഞ്
തള്ളിക്കളയരുത്
ചുംബനങ്ങളുടെ ആഴങ്ങളെ
ചുണ്ടുകളിൽ കാണാൻ കഴിയില്ല
എന്നാൽ, പാഞ്ഞു പോകുന്ന ഒരു
വിറയൽ
അത് ഉള്ളറയിലേക്കാണ്
അപ്പോഴാണവർ മൽസ്യത്തിന്
ജലമെന്ന പോലെ
പ്രണയത്തിന്റെ ചരിത്രം കോറി -
വരയ്ക്കുന്നത് .
എല്ലാ ചുംബനങ്ങളും വെറും ചുംബന
ങ്ങളല്ല
അവ പങ്കുവെയ്ക്കലിലൂടെ രണ്ട് _
ജന്മങ്ങളെ ഒന്നാക്കുകയാണ്

ഒറ്റത്തുള്ളി




കാണാൻ കഴിയാത്ത ഒരു മഴയുണ്ട്
മനസ്സു മാത്രം കാണുന്ന
ഒരണു തണുക്കാൻ മാത്രമുള്ള
ഒറ്റത്തുള്ളി മഴ.
ഒരു തുള്ളി മതി മനസ്സിലൊരു
പച്ചിലനാമ്പിടാൻ
പ്രണയത്തിന്റെ നിഗൂഢ കവിത
വിരിയാൻ.
കാണുന്നവർക്കാർക്കുമറിയില്ല
ഉള്ളിൽ പച്ച ഞരമ്പായി തിടം വെച്ചു
നിൽക്കുന്ന പ്രണയത്തെ
കഴിയില്ല ഒരടയാള ശാസ്ത്രത്തിനും
പ്രണയത്തെ അടയാളപ്പെടുത്തുവാൻ
നാഡിയിലോ, നാട്യത്തിലോ അറിയില്ല.
പ്രണയത്തെ അളക്കുവാൻ കഴിയുന്നത്
പ്രണയികളിലെ പ്രണയമാപിനിക്ക്
മാത്രം.

വേനൽ




വേനൽ അഗ്നിയായ് പെയ്യുന്നു
നാവും, ചുണ്ടും,തൊണ്ടയും
വരണ്ടു പൊട്ടുന്നു
തുടൽ പൊട്ടിച്ച് ഉടൽ ഒരു നീർ
പക്ഷിയെപോലെ
ജലം മണത്തു പാറി പിടയുന്നു.
ആകാശത്തിലേക്കു നോക്കൂ
ഭൂമിയിപ്പോൾ അവിടെ കാണാം
മേഘങ്ങളുടെ ഒരാനക്കൂട്ടം നടന്നു
പോകുന്നു ,
ഒരു ജിറാഫ് തലയുയർത്തി നോക്കുന്നു ,
പഞ്ഞിക്കെട്ടുകളുടെ ചെമ്മരിയാടുകൾ
തുള്ളി കളിക്കുന്നു ,
മേഘങ്ങളുടെ ഒരു കാളക്കൂട്ടം വെള്ളം
കുടിക്കാനായ് തലനീട്ടുന്നു ,
ചില മേഘങ്ങൾ ചൂണ്ട് യിട്ട് മീൻ പിടിക്കു
ന്നു
കുളക്കരയിൽ തപസ്സിരിക്കുന്നു ഒരു
മേഘക്കൊറ്റി.
വെള്ളം കിട്ടാതെ ശരീരം തളരുന്നു
വേച്ചുപോയ ഭൂമി ആകാശത്തു നിന്ന്
താഴേക്ക് വീണ് പൊട്ടി ചിതറുന്നു
വേനൽ അഗ്നിയായ് പെയ്യുന്നു
ഉടയുന്നുമൺകലം പോലെ മനുഷ്യ
ജന്മങ്ങൾ

അമ്മ വീട്




പൊട്ടിയ ചില്ലുകൾക്കുള്ളിൽ ദൈവം
ത്രിശങ്കുവിലാടുന്നു
തലമുറകളെത്രയിവിടെ വിരിഞ്ഞു,
ചിറകു വിടർത്തി, പറന്നു മറഞ്ഞു ,
മണ്ണോടു മണ്ണ്ചേർന്നു
സ്നേഹം, പക, അസൂയ, ചതി, രഹസ്യം,
എല്ലാറ്റിനും സാക്ഷി
കൊലക്കൊമ്പനെപോലെ നിന്ന
ഇന്ന് കൊമ്പുകുത്തിയ ഈ പൊളിഞ്ഞ
വീട്.
പൊളിച്ചു വിൽക്കാൻ പാറാവിലാണ്
മക്കൾ
കേൾക്കുന്നില്ലെ ചുമരു ചേർന്നു വരുന്ന
ഒരു പാദപതനം
മോനേയെന്ന വിളി
അമ്മയുടേയും, അച്ഛന്റേയും മണമാണ്
വീടിന്
വീട് വെറും വീടല്ല
നമ്മെ നാമാക്കി മാറ്റുന്ന
അമ്മയാണ് വീട്

കൈ ഒപ്പ്




ദൈവത്തിന്റെ കൈഒപ്പിനായി
ഞാൻ കാത്തു നിൽക്കുന്നില്ല!
സ്വർഗ്ഗമോ, നരകമോയെന്ന്
തീരുമാനിക്കുന്നത്
അവനാണു പോലും.
എനിക്ക് നരകം മതി
 ഒപ്പ്


ദൈവത്തിന്റെ കൈഒപ്പിനായി
ഞാൻ കാത്തു നിൽക്കുന്നില്ല!
സ്വർഗ്ഗമോ, നരകമോയെന്ന്
തീരുമാനിക്കുന്നത്
അവനാണു പോലും.
എനിക്ക് നരകം മതി

2017 ഒക്‌ടോബർ 19, വ്യാഴാഴ്‌ച

മണ്ണിന്റെ കാരുണ്യം




പൂവുകൾ പല്ലവി മൂളിടുമ്പോൾ
പുല്ലാങ്കുഴലൂതും പൂത്തുമ്പികൾ
പുല്ലുകൾ പുളകങ്ങൾ പങ്കിടുമ്പോൾ
നൃത്തമാടുന്നു പുൽച്ചാടികളും
പൂമദമണിഞ്ഞ പൂവാടി തോറും
പൂമ്പാറ്റകൾ പാറിപ്പറന്നിടുന്നു
ഇത്തിരിപ്പൂവിന്റെ ചുണ്ടിലൂറും മധു
ഒച്ചവെയ്ക്കാതെ നുകർന്നിടുന്നു
പാണന്റെ പാട്ടുകൾ പാടിടുന്നു
പൂങ്കുയിലുകൾ പാടവരമ്പുതോറും
പുന്നെല്ലു കൊയ്യുവാൻ കൊയ്ത്ത-
രിവാളുമായ്
പച്ചക്കിളികൾ വരിയിടുന്നു
തോടുകൾ നീന്തിത്തുടിച്ചിടുന്നു
നീരാളം നീർത്തുന്നു നീലവാനം
മലകൾ മുലകൾ ചുരന്നു നിൽക്കേ
പതഞ്ഞൊഴുകുന്നു പാലരുവിയെങ്ങും
പെണ്ണേ നിൻ ചുണ്ടിലെ പൂവിറുക്കാൻ
കൊതിയേറെയുണ്ടെന്റെയുള്ളിലിന്ന്
മണ്ണിന്റെ കാരുണ്യമാണു പെണ്ണേ
ഞാനുമീനീയും, ഈ കാഴ്ച്ചകളും