malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ഫെബ്രുവരി 28, ബുധനാഴ്‌ച

മൂർച്ച




നാക്കിൽ നിന്ന്
വാക്കിനെ ഊരിയെടുക്കുക
കണ്ണിൽ നിന്ന് കാഴ്ച്ചയെ
കാതിൽനിന്ന് ശബ്ദത്തെ
സ്നേഹത്തിന്റെ
വെള്ളാരങ്കല്ലു പൊടിച്ച്
സഹനത്തിന്റെ അണപ്പല-
കയിലിട്ട്
രാകി മിനുക്കുക
എന്നിട്ടും ;
നിന്നിലേക്കു തന്നെ ഊഴമി -
ട്ടെത്തുന്നുവെങ്കിൽ
ശരിക്കും മൂർച്ച കൂട്ടുവാൻ
സമയമായി
.....................
രാജു.കാഞ്ഞിരങ്ങാട്
28. 2. 2018

2018 ഫെബ്രുവരി 27, ചൊവ്വാഴ്ച

വഴി




വീട്ടിലേക്ക്
എത്രവഴികളായിരുന്നു
അളക്കാനാവാത്ത
വീതിയുള്ള വഴികൾ
രാപ്പകലില്ലാതെ കണ്ണുമടച്ച്
നടന്നു വരാം
കല്ലും ,മുള്ളും, തടസ്സങ്ങളുമില്ലാത്ത
വാതിലടക്കാത്ത
 വീടിനുള്ളിലോളമുള്ള വഴികൾ.
അന്ന് ഉണ്ടായിരുന്നില്ല ഇതുപോലെ
ജാതി, മതം, വർണ്ണം
പ്രകൃതിപോലെ എല്ലാം ചേർന്നായിരുന്നു
സൗന്ദര്യം
പിന്നെയെന്നാണ് വഴികൾ വിലങ്ങി
ക്കിടന്നത്
വീതികൾ കുറഞ്ഞു കുറഞ്ഞു വന്നത്
കള്ളിമുള്ളുകൾ പൊട്ടി മുളച്ചത്
ജാതിക്കും, മതത്തിനും
നാരും, വേരും മുളച്ചത്
വർണ്ണം കൊണ്ട് വേർതിരിക്കപ്പെട്ടത്.
ഇപ്പോൾ വീട്ടിലേക്ക് വഴിയേയില്ല
വാതിൽ തുറക്കാറേയില്ല
മതിലും മൗനവും വർത്തമാനത്തി
ലാണ്.

2018 ഫെബ്രുവരി 26, തിങ്കളാഴ്‌ച

തീവ്രവാദി




ചന്തയിൽ നിന്നും
ചന്തമേറും കളിപ്പാട്ടം
ഏതു കൊണ്ടു വന്നാലും
കുട്ടിതട്ടിക്കളയും
വീണയെന്നു കേൾക്കുകിൽ
വാളെടുക്കുന്നു അവൻ
വേണുവെന്നു കേൾക്കിലോ
വേലെടുത്തീടുമപ്പോൾ
കുട്ടിക്കുരങ്ങനെങ്കിൽ
ചുടുചോറുവാരിക്കും
പീപ്പി കൊണ്ടു വന്നാൽ
ആട്ടിപ്പായിക്കും
സ്നേഹവുംനന്മകളും വളർത്തും
കളിപ്പാട്ടം
ഒന്നുമേവേണ്ടവന്
വേണ്ടത് കൈത്തോക്ക് മാത്രം
വാങ്ങിക്കൊടുത്തില്ലച്ഛൻ
പാടില്ലെന്നമ്മയും
തോക്കെന്ന വാക്കിൽ തന്നെ
തോൽവി വന്നെത്തീടുന്നു
ദുഷ്ടത തലപ്പൊക്കി
ഞെളിഞ്ഞു നിന്നീടുന്നു.
സ്കൂളിൽ നിന്നുംവന്ന
മകനെ തീറ്റുന്നമ്മ
ഉരുളയുരുളയായി വയറു നിറയ്
ക്കുന്നു
ഉൺമയും, നന്മയും കേൾക്കവേ
കലികൊണ്ടവൻ
കീശയിൽ നിന്നും തോക്കെടുത്ത -
മ്മയ്ക്കു നേരേ ചൂണ്ടി
ഉത്തരം പറയുന്നു ഞൊടിയിൽ
വെടിയുണ്ട
തിരിഞ്ഞു നോക്കാതവൻ
ഇറങ്ങി നടക്കുന്നു


2018 ഫെബ്രുവരി 25, ഞായറാഴ്‌ച

തച്ചു കൊന്നില്ലെ......!




കാടു
കട്ടെടുത്തു നിങ്ങൾ
മലകൾ
പങ്കുവെച്ചുനിങ്ങൾ
കടലു വിറ്റു
കാണാപ്പൊന്ന് കൈക്കലാക്കി -
നിൽപ്പു നിങ്ങൾ
പുഴകളൂറ്റി മണലെടുത്തു
രമ്യഹർമ്യം പണിതു നിങ്ങൾ
കള്ളമെന്നും ചൊല്ലി നിങ്ങൾ
കൊള്ളയെന്നും ചെയ്തു നിങ്ങൾ
പണവു ,മധികാരവും
ചൊൽപ്പടിക്കു നിർത്തി നിങ്ങൾ.
കാട്ടുമക്കൾ ഞങ്ങളോ
കാടുകാണാതുഴറിടുന്നു
പട്ടിണിക്കോലങ്ങളായ്
പ്രാഞ്ചി പ്രാഞ്ചിനടന്നിടുന്നു
കുറ്റമൊന്നും ചെയ്തതില്ല
ഒരു കുറവും ചൊല്ലിയില്ല
എന്നിട്ടും;
വന്നെത്തി നിങ്ങൾ
കട്ടുവെന്ന് കള്ളം ചൊല്ലി
തച്ചു കൊന്നില്ലെ
കെട്ടിയിട്ട് കാട്ടു മക്കളെ
തച്ചു കൊന്നില്ലെ

2018 ഫെബ്രുവരി 24, ശനിയാഴ്‌ച

ഇര





മാടറിയുന്നില്ല
മരണത്തിലേക്കെന്ന്
എത്ര സന്തോഷത്തോടു
കൂടിയാണ്
കശാപ്പുകാരന്റെ കൂടെ
പോകുന്നത്
കശാപ്പുകാരന്റെ കഴുക
കണ്ണുകൾ
കണക്കുകൂട്ടുന്നത്
മാംസത്തെക്കുറിച്ചാണ്.
അവന്റെ ചിറകിൻ കറുപ്പ്
കണ്ണിൽ നിറക്കുന്നു
ചാണ്ടുന്ന വാക്കാ,ലാവാക്കുക-
ളെയെടുക്കുന്നു
ചുണ്ടിന്റെ ചെമ്പൂവാൽ
ചിത്തത്തെ കൊത്തുന്നു
അഴിവിന്റെ ഒഴിവിനാൽ
വാഴ്വെടുക്കുന്നു
കറുത്ത കൈയുകൾ
ചുറ്റിവരിഞ്ഞ്
അരയെ മുറുക്കുന്നു
എരിഞ്ഞ കണ്ണിൻ
എരിതീകനലിൽ
ചുട്ടെടുക്കുന്നു
ചുട്ടു തിന്നതിൻ ബാക്കി
ചണ്ടിയായ്
ചൂണ്ടിയെറിയുന്നു
ഇരയെന്നോമന പേരുവിളിച്ച്
പൂരം തീർക്കുന്നു

2018 ഫെബ്രുവരി 22, വ്യാഴാഴ്‌ച

ഓർമ്മയ്ക്ക് ....!




മനുഷ്യൻ, അവനേ,യവനെന്തറിയുന്നു.
ദ്രവമായ് ഗർഭപാത്രത്തിലേക്കാദ്യ യാത്ര
പഞ്ഞിമൊട്ടുപോൽപിണ്ഡമായ്
പിന്നെ അങ്കുരിക്കുന്നു അംഗങ്ങൾ.
പുഷ്ടിയാർന്നീടുന്നു ,ഹൃദയം തുടിക്കുന്നു
മനസ്സിൻ മലരുണരുന്നു
നാഡികൾ നാരായ് മുളച്ചുണരുന്നു
അസ്ഥികൾ പൂത്തുനിൽക്കുന്നു
കാതോടു കൈകൾ ചേർത്തു വെയ്ക്കുന്നു
ശബ്ദങ്ങളെയറിയുന്നു
അമ്മതൻ ശോണസംഘാതമാ,മറയിൽ -
നിന്നൊരുദിനം ബ്ഭൂവിൽ വന്നെത്തുന്നു
കഴിഞ്ഞവയെല്ലാമെ വിസ്മൃതിയി
ലാണ്ടിതാ
ജന്മാന്തരതൊട്ടിലിൽ കൺതുറപ്പൂ
പിന്നെയാ താരാട്ടുപാട്ടിലലിഞ്ഞും
തറയിലും, തലയിലുമല്ലാതെ വളർന്നും
ഒത്ത മനുഷ്യനായ് മാറിടുന്നു.
ഓർക്കുക മാതാപിതാക്കളെ നാമെന്നും
ഒരു ജന്മം മക്കൾക്കായ് വീതിച്ചവരാണവർ
തൻ കാര്യപ്രാപ്തരായ് പോകുന്ന നേരത്ത്
കാക്കണം അവരെയവസാന നാൾവരെ
നാമും ഒരിക്കലീ പാത പിന്നിടേണ്ടവർ
മാറാപ്പു മാറ്റി മണ്ണിൽ പോകേണ്ടവർ.

2018 ഫെബ്രുവരി 21, ബുധനാഴ്‌ച

പെണ്ണ്




രക്തം ഉറഞ്ഞുപോകുന്ന
ജീവസംഭാന്തി
മുയലിന്റെ പ്രാണവേഗം
ദിക്കറ്റുനീന്തുന്ന
സമുദ്ര ജന്മം
ജന്മാന്തരങ്ങളേകിയ
വിഴുപ്പുകെട്ടുമായ് ജീവിതം
കാലം ഇരുണ്ട ഓർമ്മയാകു
മ്പോഴും
കരളു വിങ്ങുമ്പോഴും
മാനാഭിമാനത്തിൻ
ലക്ഷമണ രേഖയിൽ നിന്നവൾ
കുതിച്ചും ,കിതച്ചും
ഇടറിയും, മുടന്തിയും,
വീണും, പിടഞ്ഞും
പിന്നെയും ദുരിതക്കയങ്ങളിൽ
മുങ്ങിയും
പച്ചതൊടാതൊരു ജീവിത -
മെങ്കിലും
ഉള്ളിലൂറും ചെറുമോഹങ്ങളുമായി
എത്തേണ്ടതെങ്ങോ
എന്തിനെന്നോ
എക്കാലത്തെന്നോ
എന്നൊട്ടുമില്ല നിശ്ചയമെങ്കിലും
ഈ ലോകവാസമതൊന്നുമാത്രം
ജീവിച്ചു തീർക്കണമെനിക്കുമെ-
ന്നോർക്കവേ
പിന്നെയും, പിന്നെയും പ്രാണനി -
ലുന്തുന്നു
ഒരു പാതി നെന്മണിക്കായി.