malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 മാർച്ച് 30, വെള്ളിയാഴ്‌ച

പ്രണയം ചേക്കേറുന്നത്




തളിരിലനിറമുള്ള
ജമ്പറും, പാവാടയുമണിഞ്ഞ്
അവൾ വാഴത്തേൻ പറിക്കുന്നു
വേലിയിലൊരണ്ണാൻ ഝിൽ, ഝിൽ
മുഴക്കി ശ്രദ്ധ ക്ഷണിക്കുന്നു.
മുടിത്തുമ്പിലും,മുഖത്തും എണ്ണമിനുപ്പ്
തളിരിളകൾക്കിടയിൽ മിന്നി നിൽക്കുന്ന
അവളുടെ കവിത പേറും കണ്ണുകൾ
പറയാതെ പറയുന്നുണ്ട് മീൻപിടപ്പായി
കോറിയിടുന്നുണ്ട് കാൽവിരലുകൾ
കളിയായെന്തോ നാണച്ചിരിയേനോക്കി
മിണ്ടാതെ നോക്കിനിന്ന പശ്ചിമചക്രവാളം
പതഞ്ഞു തൂകിയ പ്രണയ രക്തം പോലെ
തുടുത്തു നിൽക്കുന്നു
അവനിലെ പ്രണയ പക്ഷി അവളിലേക്ക്
ചേക്കേറി.

2018 മാർച്ച് 29, വ്യാഴാഴ്‌ച

വെള്ളച്ചായ കണ്ടം ബീഡി




കൃഷ്ണൻ മാഷ,യാലയിലെ
ഒരാല പൈക്കളിൽ
ഒരു പൈയ്യായി കണാരേട്ടനുണ്ടാകും
കണ്ടം ബീഡി ചുണ്ടിൽ തന്നെ കാണും
കുസൃതി പിള്ളേരുടെ കൂക്കിവിളിക്ക്
അകമ്പടിയായി കൊഞ്ഞനം കുത്തും
വെള്ളച്ചായ കണ്ടം ബീഡിയെന്നു കേട്ടാൽ
മുരിയെപ്പോലെ തലവെട്ടിച്ച്
മുക്രയിട്ട് ചുരമാന്തുന്നതു പോലെ
കല്ലുപെറുക്കി തുരുതുരാ യെറിയും
പല്ലില്ലാമോണ അമർത്തിക്കടിച്ചും
അമ്മയ്ക്കു പറഞ്ഞും
ചീത്ത വാക്കുകൾ ചവച്ചു തുപ്പും
എന്റെ ഓർമ്മയിൽ
ഞങ്ങടെ നാട്ടിലെ ശ്മശാനത്തിൽ
ഏറ്റവും കൂടുതൽ ആളുകൂടിയത്
കണാരേട്ടൻ മരിച്ചപ്പോഴാണ്.

2018 മാർച്ച് 28, ബുധനാഴ്‌ച

ഒറ്റമരം

ഒറ്റമരം


പട്ടിണിയുടെ
പെട്ടകവും പേറി
ഞാൻ നടക്കുന്നു.
ചിരിക്കുന്നമുഖം
മാത്രം നാം തിരയുന്നു
ഉള്ളകം ആരറിയുന്നു
പ്രശ്നങ്ങളുടെ
പാതാളമുഖം ഞാൻ.
പ്രീയങ്ങളൊന്നുമില്ലിനി
പ്രീയപ്പെട്ടവരെല്ലാം
കൈയ്യൊഴിയുമ്പോൾ
കാലങ്ങൾ കൊണ്ടെത്തി
ക്കുന്നു നമ്മെ
ഓരോ തുറമുഖങ്ങളിൽ.
ജീവിതത്തിന്റെ
ചാവുകടലിൽ ഞാൻ
പൊങ്ങുതടിയായ്
കിടക്കുന്നു.
മോഹങ്ങളുടെ ഒരുകുന്നു
മായി
നാം പ്രയാണം തുടങ്ങുന്നു
കാലപ്രവാഹങ്ങളിൽ
എല്ലാം കുത്തിയൊലിച്ചു
പോകുന്നു
ഓർമ്മകളെ മാത്രം
തളിരിടുന്ന
ഒരൊറ്റമരമാണ് ഞാൻ.

2018 മാർച്ച് 27, ചൊവ്വാഴ്ച

ചോർന്നൊലിക്കുന്ന ജീവിതങ്ങൾ




ആരുമില്ലാത്തോരവർ
തലചായ്ക്കാനില്ലൊരിടം
ചിന്തിക്കുവാൻ വയ്യൊരുകൂര
നേരെന്നതല്ലാതെയില്ലൊരു
വേരും ഓർമ്മകളും
ജീവിതം വളർന്നതേ കാട്ടു
ചെടികൾക്കൊപ്പം
ജോലി ചെയ്യാനെന്തു മിടുക്ക്
നെഞ്ചുപറിച്ചുതരും വിശ്വാസ
മുള്ളോരവർ
ഒന്നുമറിയാത്ത സാധുക്കളാം
ദരിദ്രർ
അവരെ നീ നേരം കെട്ട നേരത്തും
ചൂഷണം ചെയ്യുന്നു
അവരുടെ പെണ്ണുങ്ങളെപാനപാത്ര
മാക്കുന്നു
എന്നിട്ടും;
അവർ നിങ്ങടെ കണ്ണിലെ കരട്
അഴുക്ക് തെറിച്ചതു പോലൊരു
തോന്നൽ
കരഞ്ഞു കലങ്ങിയ കണ്ണുമായവർ
തരുത്തണലിൽ കഴിച്ചുകൂട്ടുന്നു
പുകഞ്ഞു ദുർബലമായിക്കത്തുന്ന
അടുപ്പിൽ
ശ്വാസനിശ്വാസംപോലെ അരിമണി
കൾ
കണ്ണീരുപ്പിൽ തിളച്ചു തൂവുന്നു
ജീവിതമെന്നാൽ വിശപ്പെന്നു മാത്ര -
മറിഞ്ഞ ജന്മങ്ങൾ
ഏതു പ്രതിസന്ധിയിലും വിധിയെന്ന
മൗനം അവരിൽ അവശേഷിക്കുന്നു
അവരുടെ കറിച്ചട്ടിയിൽ മഴവെള്ളവും
മണ്ണും
അടുപ്പുകല്ലുകളിൽ കറുത്തു കട്ടയായ
ഇത്തിരിച്ചാരം
അവർ ജീവിതംചോർന്നൊലിച്ചുകൊ_
ണ്ടേയിരിക്കുന്ന ജന്മങ്ങൾ.

2018 മാർച്ച് 26, തിങ്കളാഴ്‌ച

പ്രണയ പുരസരം




മനമെങ്ങുസഞ്ചരിച്ചാലുമെൻമാനസ-  പ്രീയതൻ ചാരത്തു വന്നണയും
പരിമളംപെയ്യുമാ പുഞ്ചിരിപൂക്കളെ
പ്രണയപുരസരം ലാളിച്ചിടും
മാമകചിത്തം തുടിക്കുമാനേരത്ത്
മായികമായൊരു നിർവൃതിയാൽ
സുമസമമായോരധരങ്ങളാലവൾ
എരിവുള്ളചൂടു പകർന്നപോലെ
കരളിന്നുഷ: സന്ധ്യ കാതരമായെന്തോ
കൊഞ്ചിക്കുഴഞ്ഞു പറയുമ്പോലെ
പുളകങ്ങൾപൂത്തതാ പ്രണയമലരണി -
ക്കാടുകൾ തനുതോറും പൂത്തുനിൽപ്പൂ
താനേയിരുന്നുഞാൻ തരളഗാനം മൂളി
ഭ്രമരമായ് ചുറ്റിപ്പറന്നിടുന്നു
അങ്ങെത്ര ദൂരം നീയെങ്കിലുമോമനേ
എന്നുള്ളിൽ ചാരത്തു ചേർന്നിരിപ്പൂ
നീയെന്റെ കാതിൽ മൊഴിയുന്ന നേരത്ത്
ഇരു സുഗന്ധങ്ങളൊന്നാകുന്ന പോൽ
ചിലനിമേഷങ്ങളിൽ സ്വപ്നംതുടിക്കുമാ
മിഴികളിപ്പോഴും ഞാൻ കാണുന്നുണ്ട്
പറയാൻകൊതിച്ചരികത്തണഞ്ഞീടു
മ്പോൾ
പറയാൻ മറന്നു പോകുന്നു നമ്മൾ
പറയുവതെന്തിനു പ്രീയേനാമെന്നെന്നും
പതിവായി മനസ്സാൽ മൊഴിവതില്ലേ
പകർന്നിടാമെന്നെന്നും മധുരമാംപ്രണയ
ത്തിൻ
നിർവൃതിയെന്നെന്നും കാത്തുവെയ്ക്കാം.

2018 മാർച്ച് 24, ശനിയാഴ്‌ച

കാക്ക




വേപ്പുമരത്തിനപ്പുറം
വാർക്കക്കെട്ടിടത്തിനു മേലെ
കാക്ക കാത്തിരിക്കയാണാരേയോ !
വിരുന്നുകാരെക്കുറിച്ച് വിവരം
തരാനാവും.
വെളുപ്പിനെ ഉണർത്തുന്നതും
സന്ധ്യയെ ചേക്കേറ്റുന്നതും അവ
നാണല്ലോ .
നാട്ടുവഴിയിലൂടെ നടന്നുവരുന്ന
മീൻകാരൻ കാക്ക
കൊട്ടയ്ക്കു മുകളിൽ ഉപ്പിലച്ചപ്പ്
വീശുന്നുണ്ടെങ്കിലും
കാക്കക്കണ്ണിനെ തടുക്കാൻ കഴിഞ്ഞില്ല
ഒരു മീൻ വിരുന്നു പോയെന്ന്
വിളിച്ചു പറയുകയാണിപ്പോൾ കാക്ക.

2018 മാർച്ച് 23, വെള്ളിയാഴ്‌ച

വറ്റിപ്പോയ കടൽ




ഒരിക്കൽ
ഒരിറ്റു ജലമായ്
ഇറ്റി,യിറ്റി
മെല്ലെ മെല്ലെ
പിച്ചവെയ്ക്കും
നീർച്ചാലായി
കൈകൊട്ടി
കലപില കൂട്ടി
പാദസരക്കിലു
ക്കത്തിന്റെ
കൈത്തോടായി
കുണുങ്ങി
ക്കുണുങ്ങി
കുലുങ്ങിച്ചിരിച്ച്
വയലേലകളെ,
തെങ്ങിൻ തോപ്പു
കളെ
കോരിത്തരിപ്പിച്ച്
കാമുക പച്ചകൾക്ക്
കൗതുകമേകി
നാണത്താൽ നടന്നു
നീങ്ങുന്ന
കൗമാരത്തിൻ
കൈയ്യെത്താത്തോ
ടായി
ചിരിയുടെ ചിലങ്കകൾ
ചിതറി
തുള്ളിച്ചാടി പ്രേമ പര
വശയായ
യുവതിയായി
ജീവിതക്കടലിലേക്ക്
ഓടിമറഞ്ഞു
പിന്നെ, തിരകൈകൾ
നീട്ടി
പ്രാരാബ്ധങ്ങളിൽ നിന്ന് ,
പ്രതിസന്ധിയിൽ നിന്ന്
കരകയറാനെത്ര ശ്രമിച്ചു
ഇന്ന്;
വറ്റിപ്പോയ കടലാണു നീ.