malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ജൂൺ 30, ശനിയാഴ്‌ച

ചരിത്രം




ചരിത്രത്തിന്റെ
ചിത്രത്തൂണുകൾ
ചിതലരിച്ചു പോകുന്നേയില്ല
അടിയാർ പെണ്ണുങ്ങളുടെ
അടിവസ്ത്രങ്ങളുടെ തേങ്ങൽ
അടിച്ചമർത്തിയ യുവാക്കളുടെ
അടങ്ങാത്ത വിങ്ങൽ
വിപ്ലവത്തിൽ വീണടിഞ്ഞ
അധികാര കസേരകൾ
അധ്വാനത്തിന്റെ ആടുകളെ
വേട്ടയാടുന്ന
അധികാരത്തിന്റെ ചെന്നായകൾ
തെറ്റു ചെയ്യുന്നവർ മാത്രം
കല്ലെറിഞ്ഞ കാലം
പരദേശി അല്ലാതിരുന്നിട്ടും
പാലായനം ചെയ്യേണ്ടി വന്നവർ
നോക്കൂ ;
ഒത്തിരി കണ്ണീരു വീണമണ്ണ് ചവുട്ടി-
ക്കുഴച്ചാണ്
ചരിത്രം കടന്നു പോയിട്ടുള്ളത്.
പറേ

2018 ജൂൺ 29, വെള്ളിയാഴ്‌ച

അമ്മ ഒരിക്കലും മരിക്കില്ല




ഇലയുടെ കണ്ണീർ പോലെ
വഴിവക്കിൽ മഞ്ഞ് പൊഴിയുന്നു.
ഭയം പുരണ്ട നഗ്നതമറയ്ക്കാൻ
വരമ്പിൽനിന്ന് വയലിലേക്ക് തവള -
കൾ ചാടി
ഇരുട്ടും, കണ്ണീരും കണ്ണുകാണാതാക്കുന്നു
വിതുമ്പുന്ന ചുണ്ടുകൾ വിറകൊള്ളുന്നു
കുഴിമാടത്തിലെ പച്ചമൺകൂനയ്ക്ക്
മുന്നിൽ അവൻ നിന്നു.
നഷ്ടപ്പെട്ടു പോയ ഒരു വാക്കാണമ്മ.
സ്നേഹത്തിന്റെ ഒരു തുരുത്ത്.
ചിറകറ്റുപോയിരിക്കുന്നു
സ്വപ്നങ്ങൾ പാളങ്ങൾപോലെ
അനന്തതയിലേക്കു നീളുന്നു
രാപ്പക്ഷിയുടെചിറകിന് കനമേറുന്നു
നരച്ച വഴിവിളക്കിൽ നിന്ന് ദുഃഖം
തുളുമ്പുന്നു
ലക്ഷ്യത്തിന്റെ ഭൂപടമായിരുന്ന അമ്മ
കണ്ണിലൊരു മുഖമായി മണ്ണിൽച്ചേർന്നു
കിടക്കുന്നു
വേദനമാത്രം വിളമ്പിതരുന്നു ജീവിതം
സ്നേഹങ്ങൾ ആകാശമേഘംപോലെ
വേഗം കടന്നുപോകുന്നു
സ്നേഹത്തെ ഹൃദയത്തിലേറ്റിയ സമാധനത്തിന്റെ ഒലീവിലയാണ് അമ്മ
അമ്മ ഒരിക്കലും മരിക്കുന്നില്ല

2018 ജൂൺ 28, വ്യാഴാഴ്‌ച

പ്രണയ വിളക്ക്




എന്റെ ഹൃദയത്തിൽ ടാറ്റു
കുത്തിയിരിക്കുന്നു
നിന്നോടുള്ള പ്രണയം.
എന്റെ സ്വപ്ന തീരത്ത്
അലയടിച്ചെത്തുന്ന ഒരു
സൂര്യകാന്തിപ്പൂവ്
കുങ്കുമപ്പൂവുപോലെ ചുവന്ന
മുഖമുള്ള സന്ധ്യയിൽ
അരളിപൂപ്പട്ടുവിരിച്ച ചരൽ -
പാതയിൽ
സ്നേഹത്തിന്റെ ഭാഷ
മൗനമെന്നു നീ പറഞ്ഞു തന്നു .
പ്രണയം ഒരു മഹാവൃക്ഷമാണ്
നാമതിൽ ചേക്കേറുന്ന പക്ഷികളും .
പ്രണയികളുടെ കണ്ണുകളിൽ
ലഹരി പുകഞ്ഞു കൊണ്ടേയി -
രിക്കുന്നു
അവ പിന്നെയുംപിന്നെയും
മൗനത്തിന്റെ തിരകളെ മുറിച്ച്
വാചാലതയുടെ തെളിവിളക്കുകൾ -
കൊളുത്തുന്നു.

2018 ജൂൺ 27, ബുധനാഴ്‌ച

ഇന്ന്.......!



ഇന്നലെ കണ്ട
പച്ചയുടിപ്പിട്ട ഒരു മൊട്ടക്കുന്ന്
ഇന്നാരോടും പറയാതെ
ഇറങ്ങി നടന്നു.
സുന്ദരിപെണ്ണായമുളങ്കാട്
തലയൊലുമ്പിയിരുന്ന
കൈത്തോട്
ഇന്ന് കറുത്ത കോട്ടിട്ട റോഡ്.
സ്വപ്ന ലോകത്തിലാണ്
നാം ജീവിക്കുന്നത്
യാഥാർത്ഥ്യമായതെല്ലാം
ഒരു നിമിഷം കൊണ്ട് സ്വപ്നംപോലെ
മറയുന്നു
മണ്ണിന്റെ നിലവിളിയിൽ ഉന്മാദം
കൊള്ളുന്നമക്കൾ
അമ്മയെ ബലാൽസംഗം ചെയ്തു
കൊണ്ടിരിക്കുന്നു
ചോരനദികളുടെ ഉറവയിൽ
ആത്മരതി നുണയുന്നു
ക്രൂരമായൊരാനന്ദത്തിന്റെ സീൽക്കാര
മുതിർക്കുന്നു.
എല്ലാം സഹിക്കുമ്പോഴും ചില അടയാള
ങ്ങൾ കാട്ടുന്നുണ്ടവൾ
നീ തിരിച്ചറിയാതെ പോകുന്ന  അടയാളങ്ങൾ
നീ നിന്റെ ചോരകൊണ്ട് ചാർത്തിയ
നിന്റെപെണ്ണിന്റെ നെറ്റിത്തടത്തിലെ
സിന്ദൂരം
വടിച്ചെടുക്കുന്നുണ്ടിടയ്ക്കിടെ.
ചായങ്ങൾ കൊണ്ട് കോറിയിട്ട ചിത്രങ്ങൾ
മാത്രമാണ് നിനക്കിന്ന് പ്രകൃതി
കിളികളുടെ സിംഫണി നിലച്ച
കനച്ച ഒരു കാട്
കാവുകളെല്ലാം കാൽച്ചിലമ്പുകൾ
ഊരിയെറിഞ്ഞിരിക്കുന്നു
ഒറ്റച്ചിലമ്പുമായ് ഒരിക്കൽ ഉറഞ്ഞാടി
യേക്കാം
പുരിചുട്ട് കണ്ണകിയായ് കത്തിനിന്നേക്കാം


2018 ജൂൺ 26, ചൊവ്വാഴ്ച

നെരിപ്പോട്




പച്ചപ്പട്ടിൽ നീലക്കണ്ണുള്ള
കുഞ്ഞിനെപ്പോലെ
തലയാട്ടി കളിക്കുന്നു
കുന്നിൽ ചരുവിൽ കാക്കപ്പൂവ്
കരയിലിട്ട പരൽ മീനിനെപ്പോലെ
ഓർമ്മകൾ പിടയ്ക്കുന്നു
വെള്ളം ചൂടാകുന്നതു പോലെ
പതുക്കെ സംസാരിച്ചിരുന്നവൾ
കാക്കപ്പൂവിന്റെ കുഞ്ഞിക്കണ്ണിലേക്ക്
നോക്കിയിരിക്കുന്നവൾ
കുസൃതിക്കിടയിൽ കണ്ണൊരു വലിയ
ജലാശയമെന്ന് കാട്ടിതന്നവൾ
തേക്കിലവട്ടിയിൽ പൂക്കളിറുക്കുവാൻ
കാടുതോറും തുമ്പിയായ് പറന്നവൾ
താളത്തിൽ തുമ്പിതുള്ളി തങ്കക്കുടമെന്ന്
ചെല്ലപ്പേര് ചൊല്ലുമ്പോൾ
ചൊടിച്ചുകൊണ്ട് പിന്നാലെയോടി
പിച്ചിയും, മാന്തിയും അരിശം തീർത്തവൾ
അരശിച്ചെടിയെന്ന്നെൽച്ചെടിയെ വിളിച്ച
തമിഴത്തിക്കുട്ടിയെ കളിയാക്കി
കണ്ണുപൊട്ടിച്ചവൾ
പിന്നെയെന്നാണ് താഴ്വരയിലെ
തണ്ണീർതടത്തിലേക്ക് അവൾ പോയത്
കണ്ടപ്പുല്ലുകൾക്കിടയിൽ വെട്ടിയിട്ട
തടപോലെ
ജലത്തിൽ പൊങ്ങിക്കിടന്നത്.
നിറങ്ങളായ് നിറഞ്ഞു നിന്നവൾ
നെരിപ്പോടായ് ഇന്നുമുണ്ടുള്ളിൽ.





2018 ജൂൺ 24, ഞായറാഴ്‌ച

കണി


സുഹൃത്തുപോൽ വന്നെത്തി
നൽസുപ്രഭാതം
പ്രണവമന്ത്രമുരുവിട്ടു വിളിക്കയായ് .
പ്രകൃതീശ്വരിക്കൊരു വിളക്കുമായി
പ്രഭാത കിരണം വിരികയായി.
പച്ചവില്ലീസു പുതപ്പുമൂടി
പച്ചപ്പുൽക്കൊടികൾ
കുളിർന്നിരിപ്പായ്.
സുമമാല ചാർത്തി ചെറുകാവു തോറും
കിളികൾതൻ കളിചിരി മേളമായി
ഹിമവൈരമാല, യണിഞ്ഞു കൊണ്ട്
ചെറുകുന്ന് കുശലം പറഞ്ഞു നിൽ-
പ്പായ്.
വല്ലികൾ താളത്തിൽ തലകളാട്ടി
തെന്നലുമായി സല്ലാപമായി.
മാറ്റൊലി കൊള്ളുന്നു
മുറ്റു ,മാശംസകൾ
അമ്പലപ്രാവിൻ, അരയാൽ കിളികൾതൻ.
പൂവിൻദലങ്ങളിൽ
കവിതകൾ കോറുന്നു
ചോടുകൾവെച്ചു തുള്ളീടുന്നു മൈനകൾ
ശൈലാഗ്രത്തിലിരുന്നു
ചെറുപുഞ്ചിരിയാലെ
ഇളവെയിൽ നാളം നീട്ടീടുന്നു തരണിയും
...........
തരണി = സൂര്യൻ.

യാത്രയ്ക്കൊടുവിൽ



വണ്ടിവരാൻ ഇനിയും -
താമസമുണ്ടെന്ന്
ചൂളംവിളിയോടുകൂടി
ഒരു കാറ്റ് ഫ്ലാറ്റ്ഫോമിൽ
വന്നുനിന്നു.
അക്ഷമരായി നിന്നവരിൽ -
പലരും
വർത്തമാനത്തിന്റെ ഒച്ച
പ്പാടിലേക്ക് ഊളിയിട്ടു
ചിലർ അക്ഷമയെ ഒരുകാലിൽ
നിന്ന്
മറ്റേ കാലിലേക്ക് മാറ്റിചവുട്ടി
ഒരു കൂട്ടർവാച്ചിലെ സമയത്തെ
അളന്നുകൊണ്ടിരുന്നു
മറ്റൊരുകൂട്ടർ  മണ്ണിലേക്ക്തല
പൂഴത്തിയ
ഒട്ടകപ്പക്ഷികളെപ്പോലെ
മൊബൈൽ ഫോണിലേക്ക് തല -
പൂഴ്ത്തി
ക്ഷമയുടെ നെല്ലിപ്പടിക്കണ്ട ഏതാനും -
പേർ
ചൂടുചായ ചവച്ചരച്ച് ആവിയാക്കി
പറത്തിക്കൊണ്ടിരുന്നു
എത്രയെത്ര ആൾക്കാർ
പല ജാതി, മതം, ദേശം, ഭാഷ,
പ്രായം, പ്രീയം, വേഷം, വിഷയം
ഒരു മേൽക്കൂരയ്ക്കുകീഴെ
ഒടുവിൽ പലപല വഴികളിലേക്ക്
വിടചൊല്ലി പിരിയുന്നു
ഒരു നനുത്ത ചിരി, കൈവീശൽ
തീർന്നു
പിന്നെ,ഒരു നാളും കണ്ടുമുട്ടിയെന്നു
വരില്ലപലരേയും.