malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ജൂലൈ 31, ചൊവ്വാഴ്ച

കെട്ടാൻ പോകുന്ന പെണ്ണിനോട് വർത്തമാനം പറഞ്ഞ് ഇരിക്കാൻ തോന്നിയാൽ



അവന്റെ ഗ്ലാസിൽ
അവൾ ചായ നിറച്ചു
അവർ പരസ്പരം
കണ്ടിട്ട്
മാസങ്ങളായിരുന്നു
ഇതാകട്ടെ പ്രശാന്തമായ
ഒരു സായാഹ്നം
വീട്ടിൽ അമ്മ
മാത്രമെയുള്ളു.

അവർക്ക് ഒരു പാട്
പറയാനുണ്ട്
പുറത്തേക്കൊന്നിറങ്ങാൻ
കൊതിയുണ്ട്
കെട്ടാൻ പോന്നപെണ്ണങ്കിലും
ദിവസം കുറിച്ചിട്ടില്ല
മോതിരം മാറിയിട്ടില്ല
വളയിടീച്ചിട്ടില്ല
അമ്മയല്ലേയുള്ളു
ആശ്വാസമുണ്ട്
പുറത്തേക്കൊന്നിറങ്ങാം.

അപ്പോഴേക്കും ആങ്ങള
യെത്തി
വർത്തമാനമായി
ചിരിയും കളിയുമായി.

അവന്റെ മിഴികളിൽ നിന്നും
അവൾ
പ്രതികരണം വായിച്ചെടു
ക്കുന്നുണ്ടായിരുന്നു
മുള്ളിൻമേൽ എന്ന
പോലായിരുന്നു അവൾ
സന്ധ്യ നടയിറങ്ങി തുടങ്ങി
അപ്പോൾ, അച്ഛനും വന്നു
കൂട്ടിന് ഇരുട്ടും.

കുറച്ച് കഴിഞ്ഞ് അവനും
ഇറങ്ങി
ജാലകത്തിലൂടെ അവന്റെ
പുറങ്കാഴ്ച്ചയുമായി അവൾ
നിന്നു
മിഴികളിപ്പോൾ നവജാതമായ
 രണ്ടു നദികൾ പോലെ

2018 ജൂലൈ 30, തിങ്കളാഴ്‌ച

പീഡനപർവ്വം



നാടു നിറയെ വീടുകൾ പൊന്തുകയാണ്.
കൂണുപോലെയല്ല
 കൊട്ടാരം പോലെ
കഞ്ഞികുടിക്കാനില്ലാത്തവനും
രണ്ടു നില വീടുണ്ട്
മുറ്റത്തൊരു കാറുണ്ട്
ബി.പി.എൽ കാർഡുണ്ട്
വീടുകളെല്ലാംകൂടിയെന്റെ വീടിനെ
ഞെരിക്കുന്നു
അമർന്നമർന്ന് എന്നാണ്
നിലംപൊത്തുകയെന്നറിഞ്ഞുകൂട
എ.പി.എൽ ആയതിനാൽ
അകറ്റി നിർത്തപ്പെട്ടിരിക്കുന്നു
കെട്ടിമേയാൻ ഓലയില്ല,പുല്ലില്ല, -
ഊന്ന് കൊടുക്കുവാൻ തൂണ് കിട്ടാനില്ല
വാപിളർന്ന് ,വലിയ വീടുകൾ
 പിടിച്ചുതിന്നുമെന്ന്
പേടിപ്പിക്കുന്നു എന്റെ കുഞ്ഞു വീടിനെ
കരയാൻ പേടിച്ച് വിങ്ങിപ്പൊട്ടി കമിഴ്ന്നു
കിടക്കുന്നു മണ്ണിൽ
നെഞ്ചോട് ചേർത്ത് ,നിലവിളിക്കരുതെന്ന്
മുത്തം കൊടുത്ത് ഞാൻ പുറത്തേക്കിറ
ങ്ങിയതാണ്
തിരിച്ചു വന്നപ്പോൾ
വരഞ്ഞു കീറി പൂർണ്ണ നഗ്നയായി
ചലനമറ്റുകിടക്കുന്നു വെളിമ്പറമ്പിൽ
കേൾക്കുന്നുണ്ട് അടുത്തുള്ളമട്ടുപ്പാവിൽ
നിന്ന്
ചില്ലുഗ്ലാസുകളുടെ ചിലമ്പിച്ച പൊട്ടിച്ചിരി
കളും
അട്ടഹാസങ്ങളും.

2018 ജൂലൈ 29, ഞായറാഴ്‌ച

അടുക്കള




കരഞ്ഞു കരഞ്ഞ് തളർന്നിരിക്കുന്നു
അരഞ്ഞരഞ്ഞ് ക്ഷീണിച്ചൊരു
അമ്മിക്കല്ല്
നീറി നീറിവെന്തിടുന്നു
അടുപ്പിന്നുളളം
ചുക്കിച്ചുളിഞ്ഞ് ,കറുത്തു കരിഞ്ഞ്
കുഴിഞ്ഞുതാണ് ഒട്ടിയ വയറുമായ്
കലം
അകലെ അകന്നു നിൽക്കുന്നു
ഒര,ധഃകൃതകൈക്കല.
അരഞ്ഞു ക്ഷീണിക്കുമ്പോൾ
അരുമയായ് തടവിയിരുന്നവൾ
വെന്തുരുകുമ്പോൾ വെള്ളം തന്ന്
തണുപ്പിക്കുന്നവൾ
കരിഞ്ഞാലും, കുഴിഞ്ഞൊട്ടിയാലും
സ്നേഹത്താലെന്നും പെരുമാറിയവൾ
അകറ്റി നിർത്തിയാലും അടുത്തുവന്ന്
തൊട്ടുംപിടിച്ചും നിന്നവൾ
അവളാണിന്ന് നടുത്തളത്തിൽ
വെള്ളവിരിപ്പാൽ മൂടി ചലനമറ്റ്
കിടക്കുന്നത്
പുലർച്ചെ ഉണർന്നിട്ടും സങ്കടം
സഹിക്കവയ്യാതെ
ചുരുണ്ടുകൂടി കിടക്കയാണിന്ന്
അടുക്കള.

2018 ജൂലൈ 28, ശനിയാഴ്‌ച

അച്ഛനെ കാത്ത്




കുടത്തിന്റെ കുത്തിന് പിടിച്ച്
കൂവലിൽ നിന്ന് കയറി വരുന്നു
കർക്കടകത്തിലും അമ്മ.

അപ്പന്റെ അരക്കിറുക്കിൽ
മനംനൊന്തു പെയ്യുന്നു
തോരാത്ത മഴയായി അമ്മ.

പകലിരവില്ലാതെ കാലു വെന്ത
നായപോൽ
തീരാത്ത ദു:ഖമായ, ച്ഛൻ
ചില നേരമെങ്ങോ വെയിൽ
പാമ്പ് മറയുമ്പോൾ
സ്നേഹ നിറകുട, മച്ഛൻ.

അത്തരം നാളൊന്നിൽ
ജീവിത ദുരിതത്തിനുത്തരം
തേടി നടക്കേ
പശിയാൽപൊരിയുമാവയറി
നെയോർത്തൊരാൾ
പച്ചയിറച്ചി കൊടുത്തു.

ഇറച്ചിക്ക് കാൽ വന്നു കൈവന്നു
കവലയിൽ കാലനായ് നിന്നു
പാതിരാ കവലയിൽ പച്ചയിറച്ചി
യായ്
അച്ഛൻ ചമഞ്ഞു കിടന്നു.

അടക്കാത്ത കൂരയിൽ ആറിയ
കഞ്ഞിക്ക്
അമ്മ കാവലിന്നു ,മിരിപ്പൂ.




2018 ജൂലൈ 27, വെള്ളിയാഴ്‌ച

ചതി




ചൂണ്ട ഒരു ചോദ്യചിഹ്നമാണ്
മരണത്തിനും ജീവിതത്തിനു
മിടയിലെ ചോദ്യം.

ചിതമെന്നപോലെകൂർത്തു
വളഞ്ഞതിൽ
കൊരുത്തുവച്ചിരിക്കും ചതി
തിരിച്ചറിഞ്ഞ് കുരുങ്ങാതിരു
ന്നാൽ
ജീവിതമേ, നീ തന്നെ ശരി

2018 ജൂലൈ 26, വ്യാഴാഴ്‌ച

വിയർപ്പിൽ കുരുത്ത കവിത




പണിയെടുത്തെടുത്ത്
കറുത്തു കല്ലിച്ചുപോയ
കവിതയാണച്ഛൻ.

നോക്കൂ.....
എത്ര ഭംഗിയായാണ്
കൈക്കോട്ടു കൊണ്ട്
കവിതവരഞ്ഞിടുന്നത് .

തെറ്റാതെ
ജീവിതവൃത്തം
വൃത്തിയിലും ,താളത്തിലും
മെനഞ്ഞിടുന്നത്.

കഞ്ഞിവെള്ളത്തിൽ
കാന്താരിയും, ഉപ്പും -
 ഞെരടി വലിച്ചൊരു
കുടിയുണ്ട്
ഹോ....!എരുവിനെ
വലിച്ചുക്കുടിച്ചു പോകും
കണ്ടു നിൽക്കുന്നവർ -
 പോലും.

കറുത്ത മെയ്യിൽ
കവിതാക്ഷരങ്ങൾ പോലെ
വിയർപ്പിന്റെ മുത്തുമണികൾ
കുനുകുനേ കുരുത്തിരിക്കും
പണിയുന്നവന്റെ കവിത -
യ്ക്കെന്നും
വിയർപ്പു മണമാണ്.

2018 ജൂലൈ 25, ബുധനാഴ്‌ച

കണ്ണീർ പെയ്ത്ത്




അവളെന്നും പറയും:
രാവിലെ ഓഫീസിലേക്കിറങ്ങിയാൽ
ഉച്ചയ്ക്ക് ഊണിനിറങ്ങിയാൽ
വൈകുന്നേരം വീട്ടിലേക്കിറങ്ങിയാൽ
വീട്ടിലെ പട്ടിയേപ്പോലെ,യെന്നും
കൂടെ കൂടും മഴ.
ചരിച്ചുപിടിച്ച കുടയ്ക്കുള്ളിലേക്ക്
ലൈൻ ബസ്സിൽ വിദ്യാർത്ഥികളെ
തളളിക്കയറ്റുന്നതുപോലെ
മഴയെ തള്ളിക്കയറ്റും കാറ്റ്
നനഞ്ഞ വസ്ത്രങ്ങളിൽ ഒട്ടിച്ചേർന്ന്
തിരക്കുള്ള വാഹനത്തിലെ
പീഡനം പോലെ
മഴവിരലുകൾ തണുപ്പിന്റെ
അട്ടകളായി
ദേഹത്തിലിഴയും
ആളുകളറിഞ്ഞാലോ,യെന്ന
പേടിപോലെ
തട്ടിക്കളയാനാവാതെ അസ്വസ്ഥ-
തപ്പെടും
ഇന്ന്, അവളില്ല
ഈ തോരാമഴയിൽ അവളുടെ, _
യോർമ്മകൾ
കണ്ണീർ പെയ്ത്തായെന്നെ
നനയ്ക്കുന്നല്ലോ.