malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

ഒറ്റത്തുള്ളി




ഇന്നീ മഴപ്പെയ്ത്ത്
അലോസരമാകുന്നേയില്ല.
അനേകം നാശനഷ്ടങ്ങളും
ദുരിതങ്ങളും വിതയ്ക്കുന്നു
ണ്ടെങ്കിലും.
മേൽക്കൂരയിൽ ഒറ്റത്തുള്ളി
വീണാൽ
നെഞ്ചു പിടയ്ക്കുന്നകാല-
മുണ്ടായിരുന്നു
മലർന്നു കിടന്നാൽ
മോന്താഴത്തിലൂടെ
നക്ഷത്രങ്ങളെ കണ്ടിരുന്ന-
കാലം
ഏതോ പാതിരാവിൽ
നല്ല ഉറക്കത്തിലായിരിക്കും
നെഞ്ചിൻ കൂടിലേക്ക്
തകര പാത്രത്തിലെന്നോണം
വെള്ളം വന്നു വീഴുക
ദേഷ്യവും, സങ്കടവും
തളർച്ചയിലും ശരീരത്തെ-
വലിച്ചൊരുയർത്തലുണ്ട്
കീറപ്പായ ചുരുട്ടിവെച്ച്
ചുമരുചാരി തളർന്നിരി-
പ്പുണ്ടാകുമപ്പോൾ അമ്മ
അച്ഛൻ ചാക്കു വിരിപ്പിൽ
ചുരുണ്ടു കിടപ്പുണ്ടാവും
പഴുതാര മൺകട്ടവിള്ള -
ലിൽ നിന്നും
സ്വൈര്യ വിഹാരത്തിനിറ-
ങ്ങുന്ന നേരം.
നിദ്ര നനഞ്ഞു കുതിർന്ന്
തണുപ്പായ് പറ്റിപ്പിടിച്ചിരിക്കു-
മ്പോൾ
എത്ര പ്രാകിയിട്ടുണ്ട് മഴയെ
ഇന്നീ മഴപ്പെയ്ത്തിൽ
സുഖിച്ചുറങ്ങുമ്പോൾ എന്തു
രസം
ഇതുകൊണ്ടാണ് പറയുന്നത്
മനുഷ്യൻ നന്ദികെട്ടവനെന്ന്
കണ്ടാലും കൊണ്ടാലും
അറിയാത്തവനെന്ന്
അറ്റു വീഴുന്ന ഓരോ മഴത്തു -
ള്ളിയും
അലറിപ്പൊലിയുന്ന ജീവിത -
മാകുമ്പോഴും
നാശങ്ങളും, ദുരിതങ്ങളും
ആഘോഷിക്കയാണിന്ന്.

2018 ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

എന്റെ നാട്




കാഴ്ചകളിൽ കടൽ മാത്രം
കാലടികളിൽ ശൈത്യം
കരളിൽ കണ്ണീരുപ്പിൻ കവർപ്പ്
ഇത് ഞാൻ കണ്ട നാടല്ല
പുതിയൊരു ഭൂമി ഭൂജാതമായി
രിക്കുന്നു.
എന്റെ വീട്
എന്നോടെന്നും തല കുനിച്ച്
വന്ദിക്കേണ്ടുന്നതിന്റെ
മഹത്വം പറഞ്ഞിരുന്ന കട്ടിലപ്പടി
ഇറങ്ങിപ്പോകുമ്പോഴും
തിരിച്ചു വരുമ്പോഴും
ആദ്യവസാനം കാത്തിരിക്കുന്ന
ഇറങ്കല്ല്
എന്റെ നിറങ്ങൾ, നറുമണങ്ങൾ
പൈക്കിടാവ്, എത്ര ദേഷ്യപ്പെട്ടാലും
കാൽവണ്ണയിൽ മുട്ടിയുരുമ്മി
സ്നേഹവാലിളക്കുന്ന കറുമ്പി പൂച്ച
എന്റെ കുഞ്ഞു ചോദിക്കുന്നു:
ഈ നാട് ഏതാണച്ഛാ?
അവൻ വാശി പിടിക്കുന്നു
നമുക്ക് വീട്ടിലേക്ക് മടങ്ങാം
ഈ കടലിൽ, കരകാണാത്ത,യീ -
നടുക്കടലിൽ.
ഞാനെന്തു പറയും
എന്റെ മകനെ ,
നിന്റെയീ വാക്കിൻപ്രളയത്തിൽ
ഞാനൊലിച്ചു പോകുന്നു.


2018 ഓഗസ്റ്റ് 29, ബുധനാഴ്‌ച

കൊളാഷ്



കാലമൊരു മഹാ
 കലാകാരനാണ്
കേരളത്തിലെ
പല പല ചിത്രങ്ങൾ
ചേർത്താണ്
'പ്രളയത്തിനു ശേഷ-
മെന്ന'
കൊളാഷ്
സൃഷ്ടിച്ചത്

2018 ഓഗസ്റ്റ് 28, ചൊവ്വാഴ്ച

പ്രളയ ദർശനം



ചിരിയിൽ
ചതിയെന്നറിഞ്ഞിരുന്നില്ല
കുളിരിന്
മരണത്തിന്റെ തണുപ്പെന്നും
ചിതയെരിക്കാനുള്ള
ചിതം പോലും ചെയ്തില്ല
നീയെൻ മക്കളേയും
മണ്ണിനേയും
നക്കി തിന്നില്ലെ.
'ഭൂമിക്കൊരു ചരമഗീതം '_
പാടിയോൻ
മണ്ണിന്റെ മകനവൻ ക്രാന്ത -
ദർശി.

2018 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

എല്ലാ കാലവും ഒരു പോലെയെന്ന് നിനച്ചു പോകരുത്




ഒറ്റത്തുള്ളിയും തുളുമ്പിപോയേക്കാം
ചില നേരങ്ങളിൽ.....!
ഉയർത്തി കെട്ടിയതെല്ലാം
താഴ്ത്തികെട്ടേണ്ടതെന്ന്
ഓർമപ്പെടുത്തിയേക്കാം.
കുത്തിനോവിച്ചവരും
നഗ്നതയിൽ ഉഴവുചാലു തീർത്തവരും
കുത്തിയൊലിക്കുന്ന വെള്ളത്തിൻ
നടുവിൽ
ഒരിറ്റു വെള്ളത്തിന് യാചിച്ച്പിടഞ്ഞു -
മരിച്ചേക്കാം
വെട്ടിപ്പിടിച്ചവയൊക്കെ വേട്ടയാടപെ-
ട്ടേക്കാം
പൂപ്പലുകെട്ടിയ മനസ്സുകളിൽ
പുത്തനുണർവുകൾ ഉണരുമ്പോഴേക്കും
എല്ലാം അവസാനിച്ചേക്കാം
അഹന്തയുടെ ആൾ കണ്ണാടി
ഉടഞ്ഞു വീഴുമ്പോൾ
വലിയവനെന്നോ ചെറിയവനെന്നോയില്ല
നിന്റെ അഹങ്കാരത്തിന്റേയും, അധികാ
രത്തിന്റേയും കുന്നുകൾ ഒലിച്ചുപോകു-
മെന്ന്
കാട്ടി തന്നേക്കാം.
ജീവിതമെന്തെന്നും ജീവിക്കാനുള്ള -
കൊതി യെന്തെന്നും പഠിപ്പിച്ചേക്കാം
എനിക്കുകീഴെയെന്നു നീകരുതിയ
തൊക്കെ
ഒരിക്കൽ നിനക്കു മേലെയെന്ന് കാട്ടി
തന്നേക്കും.

2018 ഓഗസ്റ്റ് 26, ഞായറാഴ്‌ച

മഴക്കലി




ചുട്ടുപൊള്ളുന്ന
ഒരു രാത്രിയിലാണ്
ചാരിയിട്ട വാതിൽ മെല്ലെതുറന്ന്
പൂച്ചയെപ്പോലെ പതുങ്ങി പതുങ്ങി
നനുത്ത മാറിടം നെഞ്ചോടമർത്തി
അവൾ കെട്ടിപ്പിടിച്ചത്
പതുക്കെ പ്രണയത്തിന്റെ വരികളി
ൽനിന്നും
അവൾ വഴുതിയിറങ്ങി
ഭാവങ്ങൾ പലതും പകർന്നാടി
 പൈതലായ്, തരുണിയായ്,
അമ്മയായ്.
അന്നൊന്നും കരുതിയിരുന്നില്ലല്ലോ
ഇങ്ങനെയാകുമെന്ന് !
പിന്നെ ,യെന്നാണവൾ
കലിയായത്
സ്വപ്നങ്ങളടെ ചിറകൊടിച്ച്
ചോര പ്രളയം സൃഷ്ടിച്ചത്
അല്ലലമുറകൾ പോലും പ്രളയ
ത്തിൽ മുക്കിയത്
മരണത്തിന്റെ തിരകൈകളാൽ
തീരങ്ങളെ പിളർത്തിയാഴ്ത്തിയത്
മണ്ണിലിഴയും പവിഴതൊത്തുകളെ
പിച്ചിക്കീറിയത്
കിനാക്കൾതൻ മാറാപ്പു പോലും
പേറുവാൻ കഴിയാത്തോർ ഞങ്ങൾ
മാറു പിളർക്കാനെങ്ങനെ ക്രൗര്യമേറി
നിന്നിൽ !
പ്രണയമായ് വന്ന് പ്രളയമായ് തീർ-
ന്നോളെ
കുരുക്ഷേത്ര മിനിയും പിറക്കുമെന്നോ-
തുന്നുവോ നീ


2018 ഓഗസ്റ്റ് 25, ശനിയാഴ്‌ച

മാവേലി @ 2018



പാതാളത്തിൽ
പോയതിനു ശേഷം
മാനുഷ്യരെല്ലാരെയും
ഒന്നുപോലെ കാണാൻ
2018 ശ്രാവണം വരെ
കാത്തിരിക്കേണ്ടി വന്നുവെന്ന്
മാവേലി