malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019 മാർച്ച് 31, ഞായറാഴ്‌ച

ചില നിമിഷങ്ങളിൽ



ചില നിമിഷങ്ങളിൽ ചാരെയാണു നീ
ചിതലെടുക്കാത്ത ഓർമ്മയാണു നീ
പ്രണയമേ നിന്റെ സ്നേഹ സൗരഭം
സിരകളിൽ പടർന്നേറും കന്മദം

ഒളി തെളിമയാർ,ന്നുറവയാർന്നുള്ള
പഴയ നാളുകൾക്കിടയിലെത്തവേ
ദ്രുതകവനമായ് ഉണർത്തിടുന്നു നീ
പെരുംകുളിരാർന്ന പ്രണയഗാനമായ്

കുനുവാർകുന്തളത്തിൻ ഗന്ധമായ്
പടർന്ന പാരിജാത മലർ സുഗന്ധമായ്
മന്ദമെന്നുള്ളിൽ തിരയിളക്കവേ
അമലെ ഞാൻ നിന്നിലലിഞ്ഞു ചേരുന്നു.

2019 മാർച്ച് 29, വെള്ളിയാഴ്‌ച

അരുതുകൾ പെയ്യുമ്പോൾ



അതിരുകളിൽ
അരുതുകൾ പെയ്യുന്നു
സ്വപ്നങ്ങൾ
ചിതറിക്കിടക്കുന്നു
ചോര കൊണ്ടൊരു കവാടം
പണിയുന്നു
കണ്ണീരിൽ കുതിർന്ന ഒരു
മരുഭൂമിയും
അലയടിക്കുന്നഒരു സമുദ്രവും
ഇടനെഞ്ചിൽ വെച്ചുതരുന്നു
മനസ്സിലൊരു സ്നേഹത്തിന്റെ
ആകാശക്കീറുമായ് നിൽക്കുന്നവൻ
ആയിരം നക്ഷത്രപ്പൊട്ടായ്
പൊട്ടിത്തെറിക്കുന്നു
മോഹത്തിന്റെ ഒരുകുന്നുമായ്
സ്വപ്നത്തിന്റെ മഞ്ചലിൽ
സ്നേഹത്തിന്റെ താഴ് വരയിൽ
കാത്തു കാത്തിരിക്കുന്നവരിലേക്ക്
മൗനത്തിന്റെ വിമാനവേഗമേറി
അധികാരത്തിന്റെ അടയാളമായി
വഴിയിൽ വെച്ച് വറ്റിപ്പോയ ഒരുറവയായി
വരണ്ടു നിൽക്കുന്നു.

2019 മാർച്ച് 27, ബുധനാഴ്‌ച

എന്നാൽ



ഒരാൾ
ഒറ്റയ്ക്കാണെന്ന്
നമുക്ക് തോന്നാം
എന്നാൽ,
ഒരാൾ ഒറ്റയ്ക്കല്ല
ഒരു രാജ്യമാണ്
ആൾക്കൂട്ടമാണ്
സംസ്കാരമാണ്
വസന്തവും, ഗ്രീഷ്മവും
മഴയും, മഞ്ഞും
നദിയും
ആകാശവും
പൂവും.
എന്നാൽ,
ഏതൊരാൾക്കൂട്ടത്തിലും
ഒരാൾ ഒറ്റയാകുന്ന
ചില നിമിഷങ്ങളുണ്ട്
എല്ലാം നിശ്ചലമാകുന്ന
ഏകാന്തമായ
എല്ലാം നഷ്ടമാകുന്ന
എന്നെ തന്നെ നഷ്ടമാകുന്ന
ചില നിമിഷങ്ങൾ.

2019 മാർച്ച് 24, ഞായറാഴ്‌ച

കടലെടുത്തത്.......!



പ്രീയേ, ഏതു രാവിലാണ്
നമ്മിലെ പ്രണയത്തെ കടലെടുത്തത്
ഉടൽ പൂത്ത രാവുകളിൽ
ഉരുകിയുടഞ്ഞ ഉന്മാദവേളകളിൽ
ശിലാ മൗനമായുറഞ്ഞു പോയ നേരങ്ങളിൽ
വേറിട്ട ശരീരങ്ങളിലെ വിയർപ്പാർന്ന മനസ്സുകൾ
എന്നാണു പരസ്പരം വെറുത്തു തുടങ്ങിയത്.
നഗ്നശരീരങ്ങളിൽ നാണം കുമിഞ്ഞത്
നേരുകളിൽ നുണമുളച്ചത്
തപിക്കുന്ന നഗ്നതകൾ ശാപമേറ്റു തണുത്തത്
കരളിൽ കള്ളിമുള്ള് പൂത്തത്
കണ്ണിൽ നിന്ന് ചിത്രശലഭങ്ങൾ ഒഴിഞ്ഞു പോയത്
ഓർമ്മയിലെവിടെയോ ഒരു ചെണ്ടുമല്ലിക പൂക്കുന്നു
പ്രീയേ, നീ, യോർക്കുന്നുവോ
ഏതു രാവിലാണ് പ്രണയത്തെ കടലെടുത്തത്
വാക്കുകളുടെ വാൾത്തലപ്പുകൾ മിന്നിയത്
ചുണ്ടുകളിൽ ചോര കിനിഞ്ഞത്
താലോലിച്ച കരങ്ങളെ തട്ടി മാറ്റിയത്
പ്രണയമൊഴികളെ, നനഞ്ഞ കണ്ണുകളെ
പച്ചയായി കുഴിച്ചിട്ടത്
ഉടലൂരിയെറിഞ്ഞ് തിരിഞ്ഞു നോക്കാതെ പോയത്
പ്രീയേ, എന്നാണു നാം ഇനി കണ്ടാലും മിണ്ടില്ലെന്ന്
നെഞ്ചോടു നെഞ്ചുചേർത്തുറപ്പിച്ചത്
അന്നായിരിക്കണം നമ്മിലെ പ്രണയത്തെ
കടലെടുത്തത്

2019 മാർച്ച് 23, ശനിയാഴ്‌ച

കവിത ഇങ്ങനെ



വിശന്നുവലഞ്ഞ
ഒരു വയസ്സൻ കവിത
പീടികത്തിണ്ണയിൽ
കാത്തിരുന്നു.
ഭക്ഷണം കഴിച്ച്
പല്ലിടയിൽ കുത്തി
സ്വയം മണത്ത്
സൊറ പറഞ്ഞ് പോയ -
വരൊന്നും
തിരിഞ്ഞു നോക്കിയില്ല
വയറെരിയും കവിതയെ
ഭക്ഷണശാലയ്ക്കരികിൽ
ചെന്നിട്ടും
അടഞ്ഞതൊണ്ടയാൽ
വിറക്കുന്ന ശബ്ദത്തിൽ
കവിത ചൊല്ലിയിട്ടും
ഭക്ഷണങ്ങൾ കുപ്പത്തൊട്ടി
യിലിട്ടതല്ലാതെ
തിരിഞ്ഞു നോക്കിയില്ല
മനംനൊന്തകവിതയെ
രാവേറെ ചെന്നിട്ടും
വാടിവീണിട്ടും,
കണ്ടിട്ടും കാണാതെ
പോയവരും, പൗരപ്രമുഖരും
എന്തൊരു തിരക്കായിരുന്നു
ഒരു നോക്കു കാണാനും
തൊഴുതു വലംവെയ്ക്കാനും
കവിതയുടെ ശവമടക്കിന്.

2019 മാർച്ച് 21, വ്യാഴാഴ്‌ച

മായ്ച്ചു കളഞ്ഞേക്കാം ആഒരു തുണ്ട്



എല്ലായിപ്പോഴും
ചുണ്ടിൽ ഒരു തുണ്ട്
ചിരി സൂക്ഷിക്കണേ
പരിചയമില്ലാത്ത ഒരു നാട്ടിലെത്തിയാൽ
പരിചിതനല്ലാത്ത ഒരാളെ കണ്ടാൽ
അപരിചിതനായ ഒരാളല്ലയെന്ന്
ഒറ്റനോട്ടത്തിൽ തോന്നിക്കാൻ.
സഹായത്തിനായി എത്തുന്ന ഒരാളോട്
"നിങ്ങളെ കണ്ടതായി ഓർക്കുന്നല്ലോ?
എന്തൊക്കെയുണ്ട് വിശേഷം?! " -യെന്ന്
വെറുതേയെങ്കിലും ചോദിക്കണേ.
അത്താണിയെന്നു കരുതി
ഹൃദയത്തിലെ അല്പം ഭാരമെങ്കിലും
കുറയുമയാൾക്ക്.
മസിലുപിടിക്കാതെ
മനസ്സു തുറന്നൊന്നു മിണ്ടണം
മഴപ്പെയ്ത്തായ് ചിതറി വീണിടും
ഏതു മൗനവും
ഇപ്പോഴത്തെ വെയിൽ ചൂട്
മഴ
രാത്രിയിലെ ചൂടും, തണുപ്പും
കാലാവസ്ഥയിലെ മാറ്റം
വിലക്കയറ്റം
യുദ്ധം
പത്രവാർത്ത
കഴിഞ്ഞകാലം
നാട്ടുവർത്തമാനത്തിന്റെ
ഒരു നീട്ടിയെറിയൽ
മതി.... എത്ര വേഗമാണ്
ഞാനും നീയും എന്നില്ലാതെ
നമ്മളായി മാറിയത്.
എന്നാൽ,
എല്ലായിപ്പോഴും
ചുണ്ടിൽ ഒരു തുണ്ട്
ചിരി സൂക്ഷിക്കരുതേ!
സ്വന്തമെന്ന് കരുതിയവർ തന്നെ
അപരിചിതത്വത്തിന്റെ ഒരു മേലങ്കി
യണിഞ്ഞ്
ചുണ്ടിൽ നിന്ന് ആ ഒരുതുണ്ട്
മായ്ച്ചു കളഞ്ഞേക്കാം.




2019 മാർച്ച് 19, ചൊവ്വാഴ്ച

കാലം



കാലത്തെ സാക്ഷിയാക്കി
നാം ഇണകളായി
മാറാത്ത നൊമ്പരം ബാക്കിയായി
നദിയും, മരുഭൂമിയും നമ്മളായി
കത്തുന്ന പച്ചമരക്കാടുകളായ്
പൊള്ളുന്ന കണ്ണീരിൻഉപ്പു നോക്കി
ചിരിയാലെ കാലം ഒഴുകി നീങ്ങി.