malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019 ജൂലൈ 31, ബുധനാഴ്‌ച

കർക്കിടകവാവ്



കെട്ടണഞ്ഞ അടുപ്പിനരികിൽ
കണ്ണീരണിഞ്ഞവൻ നിൽക്കുന്നു
നെഞ്ചിൻ കുടുക്കയുടെ വക്കിൽ
മഞ്ഞൾച്ചോറ് ഉണങ്ങിക്കിടക്കുന്നു
ദുഃഖത്തിൻ കാക്കക്കാലുകൾ
തട്ടിമറിച്ചു എള്ളും, പൂവും
ഇന്ന്, കർക്കിടക വാവ് .
അമ്മേ.... മാപ്പ്!
ബലിക്കാക്ക മുരിക്കിലിരുന്ന്
പറയുന്നതെന്താണാവോ?
വേണ്ട, ബലി വേണ്ട
അമ്മതൻ നിത്യബലി നീയാകുമ്പോൾ
എന്നാകുമോ?
വിറക്കുന്ന കൈകളിൽ
തുടിക്കുന്ന നെഞ്ചിൽ
കണ്ണുനീരുപ്പിൽ അമ്മയുള്ളപ്പോൾ
എന്തിനു ബലിയെന്ന് അവനും നിനപ്പൂ.

2019 ജൂലൈ 29, തിങ്കളാഴ്‌ച

ഒരു പിച്ചക്കാരന്റെ ആഗ്രഹം



വാക്കുകൾ കൊണ്ട്
പിച്ചച്ചട്ടി നിറയുമോ?!
ആക്രോശം, പ്രാക്ക്, വെറുപ്പ്,
ദയ, സ്നേഹം
തന്റെ ചട്ടി നിറയെ വാക്കുകൾ മാത്രം.
പച്ചതൊടാൻ കഴിയാതെപോയ
പിച്ച കിട്ടിയൊരു ജീവിതം
മൂർച്ചയുള്ള അലർച്ച മാത്രം കൂട്ട്
നീരവം മരവിച്ചു
നന്മകൾ നിറമില്ലാത്തായി
ബുദ്ധ മൗനം പോലെ മുഖങ്ങൾ
പക്ഷികളുടെ അക്ഷരമാലക്കിലുക്കത്തിൽ
ജീവൻ തിരിച്ചറിയുന്നു
നോക്കു കൊണ്ടുള്ള വാക്കുകൾ തന്നെ മതി
ഒരു ജന്മം ഭസ്മമാകാൻ
പ്രാചീനതയുടെ ഒരു മണം എന്നെ -
ഉണർത്തുന്നു
പൂവിന്റെ ,പുലരിയുടെ ജന്മഗൃഹമായ -
മണ്ണിലേക്കെന്നെയും കൂട്ടിക്കൊണ്ടു പോയാലും.

2019 ജൂലൈ 28, ഞായറാഴ്‌ച

എന്നായിരിക്കും.....!



പ്രണയത്തിന്റെ നാരുകൊണ്ട്
നാം ഉടലുകളെ നെയ്യുന്നു
ഉടയാത്ത സ്നേഹത്തിന്റെ
തേൻ രുചിയറിയുന്നു
ഏതോ രണ്ട് ഉറവകളിലെ
ഒന്നായ്ച്ചേർന്ന ജലമായ്
ഒരിക്കലും പിരിയാതെ
ഒന്നായലിഞ്ഞു ചേരുന്നു
നമുക്കായൊരു ഭാഷ ഉരുവം -
കൊള്ളുന്നു
ഉടലുകൾ കൊണ്ട് ലിപിയില്ലാത്ത
ഭാഷ നാം എഴുതുന്നു
ഒച്ചയില്ലാതെ നാം ഉറക്കെ സംസാ-
രിക്കുന്നു
ചുണ്ടിൽ ചെണ്ടുമല്ലിക വിരിയിക്കുന്നു
നമുക്കായ് മുളയ്ക്കുന്നു ചിറകുകൾ
മുളങ്കൂട്ടങ്ങൾതൻ മൃദുല ഗാനങ്ങളിൽ
നൃത്തംചവിട്ടിന്നു
അനന്ത ഗഗനത്തിൽ ഖഗങ്ങളായ് -
പറക്കുന്നു
പുഴകളും മലകളും നമുക്ക് കൂട്ടു -
വരുന്നു
വെയിലും, മഞ്ഞും, മഴയും
നമ്മിലേക്ക് വേരാഴ്ത്തുന്നു
പ്രണയത്തിന്റെ പടർവള്ളിയിൽ
നാം പന്തലൊരുക്കുന്നു
ഓരോ മാത്രയും ഒരായിരം പൂക്കൾ
വിരിയുന്നു
പ്രിയങ്ങളെ നാം ഒപ്പിയെടുത്തു -
കൊണ്ടേയിരിക്കുന്നു
കവിതകളായ് പൂത്തുലയുന്നു.
പിന്നെയെന്നാണു നമ്മിൽ ഒരഗ്നി-
പർവ്വതം തിളയ്ക്കാൻ തുടങ്ങിയത്
വെറുപ്പിന്റെആണവനിലയം
പണിതുയർത്തിയത്

2019 ജൂലൈ 27, ശനിയാഴ്‌ച

ഒരു മഴ ദിനം



വെളിയിലെ മഴശബ്ദം വാക്കുകളെ വിഴുങ്ങി
അയാൾ ചുടുചായ ഊതിക്കുടിച്ചുകൊണ്ട്
പത്രത്തിലെ അക്ഷരങ്ങളെ പെറുക്കി പെറുക്കി
കൊറിച്ചു
ചുമർഘടികാരം അലസമായി, അശ്രദ്ധമായി
തന്റെ ചിറകുകളിൽ നിന്ന്
സമയദൂരത്തെ അനായാസം കുടഞ്ഞെറിഞ്ഞു
കൊണ്ടിരുന്നു
മണിയടി കൊണ്ട് മദ്ധ്യാഹ്നമെന്ന് പ്രഖ്യാപിച്ചു
നദിയിലുയർന്നജലം തീരങ്ങളെ മായ്ക്കുന്നതു
പോലെ
കുത്തിയൊലിക്കുന്ന ചെങ്കലക്കാർന്ന ജലം
റോഡിനെ മായ്ച്ചു കളഞ്ഞു.
മഴയുദ്ധം കഴിഞ്ഞു
സമാധാന ഉടമ്പടി ഒപ്പുവെച്ചു
കുന്നിൻ ചരുവിൽ സൂര്യൻ സ്വർണ്ണം പൂശിത്തുടങ്ങി
ഒരു കൊക്ക് പതിയെ പറന്നു പോയി
മനസ്സ് നക്ഷത്രമില്ലാത്ത രാത്രിപോലെ ഇരുണ്ടി
രിക്കുന്നു
ഇന്നത്തെ പണിയും പോയി
പലഹാരവുമായി എത്തുന്ന അച്ഛനെ കാത്തിരി - ക്കുന്ന ഒരു കുഞ്ഞു മുഖം മനസ്സിൽ തെളിഞ്ഞു
ബാക്കിയായ തണുത്ത ചായയിൽ വീണു പിടയുന്ന
ഈച്ചയെ നോക്കി അയാൾ ഇരുന്നു.

2019 ജൂലൈ 25, വ്യാഴാഴ്‌ച

മൃതയാനം



നുരമണികളുമായി വരുന്ന-
ഓളങ്ങളിൽ
കുരിശുപോലെ കൈകൾവിരിച്ച്
കമിഴുകിടന്ന്
ആടിയാടി വരുന്നു ഒരുശവം
നിർവ്വികാരത വിളമ്പിവെച്ച്
എത്തിനോക്കുന്നു ആളുകൾ
ഒരില എത്തിക്കടിക്കാൻനോക്കുന്ന -
ആടിനെപ്പോലെ
പുഴയിലേക്ക്നീണ്ട പുല്ലാനിക്കാടി-
നരികിലൂടെ
അത് ഒഴുകിനീങ്ങി.
ഘനീഭവിച്ച കഴിഞ്ഞുപോയ
യാഥാർത്ഥ്യങ്ങൾ
ഓർമ്മകളുടെ ഓളപ്പെരുക്കത്തിൽ ജലത്തുള്ളികളായ് ഇറ്റിറ്റു വീഴുന്നു
പെരുവഴിയിൽഒറ്റപ്പെട്ട പെൺകുട്ടിയെ -
പ്പോലെ
മൂകമായ വൃക്ഷങ്ങളിലേക്ക് നോക്കി -
അവൾ നിന്നു
നീളൻ വടിയാൽ സാഹസപ്പെട്ട്
അവർ മലർത്തിയിട്ടു ശവത്തെ
പൊട്ടിയ ചില്ലുപാത്രം പോലെ
അടർന്നു തൂങ്ങി നിൽക്കുന്നു ഒരു കണ്ണ്
വീർത്തശരീരത്തിനു ചുറ്റും
മരണത്തിന്റെ മണിപ്രവാളം പാടുന്നു
മണിയനീച്ചകൾ
വാക്കും, വരിയും വേർതിരിച്ചറിയാനാ-
കാതെ
വിയർപ്പും ,നെറ്റിയിൽ ചിന്തയുടെ -
ചാലുമായി
ആരെന്ന് ഓർത്തുനോക്കുന്നു
ഓരോരുത്തരും
ഒന്നോ രണ്ടോ വാക്കു മാത്രം ഉരിയാടി
പറന്നുപോകുന്നു ഒരു നീർപക്ഷി.
കാത്തിരിക്കുന്നുണ്ടാവും എവിടെയെങ്കിലും
പ്രതീക്ഷയോടെ ഒരമ്മ, പെങ്ങൾ,
ഭാര്യ, മക്കൾ.

2019 ജൂലൈ 24, ബുധനാഴ്‌ച

എത്ര ദൂരത്തെങ്കിലും



മഴയെത്ര വെയിലെത്ര തോർന്നീടിലും
മാമര,മിലകൾ പൊഴിച്ചീടിലും
ദുരമൂത്തൊരീക്കാല യാനത്തിലും
നീയെത്ര ദൂരത്തിലാണെങ്കിലും
ഓട്ടുവിളക്കിലെ പൊൻപ്രഭപോൽ
നീയെന്റെ,യുള്ളിൽ വിളങ്ങിനിൽക്കും.
നീവരുമെന്നു മനംപറയും
വരില്ലെന്നൊരുകാറ്റ് കാതിൽമൂളും
ചില്ലയിൽ ചിറകുകുടഞ്ഞ്കാറ്റ്
ഈറൻതെറിപ്പിച്ച് പാഞ്ഞുപോകും
മഴപെയ്തുതോർന്നാലും മരമെന്നപോൽ
എന്നുംനിന്നോർമ്മകൾ പെയ്തുനിൽക്കും
ചികയുന്നു ഞാൻനിന്നെ മാത്രതോറും
ചകിതമാ,മാമുഖം ഇന്നുമുള്ളിൽ
ചിരപരിചിതരായി പിന്നെനമ്മൾ
ചിരിയും, കളിയുമായ,ല്ലേ സഖീ
ആശകൾ നീർക്കുമിളകളാണെങ്കിലും
എങ്കിലും നീയുള്ളിലോളമാകും
വാനിലെ വെള്ളിപ്പറവപോലെ
മഴക്കാല മേഘത്തുവാല പോലെ
കോരിച്ചൊരിയും കർക്കടംപോൽ
തപിച്ചു തിളയ്ക്കുന്ന ഗ്രീഷ്മംപോലെ
നിന്നോർമ്മയെന്നിലേഹൃത്തടത്തിൽ
സഖി നീ,യെത്രദൂരത്തെങ്കിലും.



2019 ജൂലൈ 20, ശനിയാഴ്‌ച

വീട്



എല്ലാ വാതിലുകളും
തുറന്നിടണം.
അല്ലെങ്കിൽ
വാതിലുകളേ വേണ്ട!
എന്തിനാണ് വീടുകൾക്ക്
വാതിലുകൾ ?
'മാനുഷ്യരെല്ലാരും'
ഒന്നായാൽ
വാക്കില്ല, വക്കാണമില്ല,
വാതിലുമില്ല.
മുൻവശത്തു തന്നെ
ഉണ്ടാകണം
ആ ചാരുകസേല
മുറുക്കാൻ ചെല്ലം,
ഊന്നുവടി
നീട്ടിത്തുപ്പിയ ചുവന്നകറ.
മുൻവശത്തെ മൂലയിൽ
തൂക്കിയിടണം ഭസ്മക്കൊട്ട
പടിഞ്ഞാറ്റയിൽ പലക.
പതിഞ്ഞ ശബ്ദത്തിൽ -
ആ സന്ധ്യാനാമജപം.
അമ്പൂഞ്ഞിക്ക് ഒരു കഷ്ണം
പൊകേല ഞെട്ട്
ആമിനതാത്തക്ക് ഒരു കൂട്-
കാസറട്ട്
പണിയും കഴിഞ്ഞു വരുന്ന
ഏലിക്കുട്ടിക്ക് ഒരു
ചിരട്ടയിൽ തീ
അയൽവീട്ടിലെ വിരുന്നു
വന്നവർക്ക്
കഞ്ഞിക്കു കൂട്ടാൻ
വെള്ളരിക്ക ഓലൻ
ചുട്ട ഉണക്കുമത്തി
ചായപ്പൊടി, പഞ്ചസാര,
ഉപ്പ്, മുളക്
ഞാനും, നീയുമില്ല നമ്മൾ -
മാത്രം.
എല്ലാ വാതിലുകളും അടച്ച്
പൂട്ടണം
മുൻവാതിലിന് ഉറപ്പേറെ -
വേണം
ഇല്ലെങ്കിൽ വീട് ഇറങ്ങി -
പോയാലോ.
ആളനക്കമില്ലാത്ത
അകത്തളങ്ങൾ
ഓരോ ഭൂഖണ്ഡമാണ്
വിരുന്ന് വരാറുണ്ട് പോലും
ഇടയ്ക്ക്
അടുത്ത മുറിയിലേക്ക്
ഒരു ഫോൺ കോൾ
മൗനം കൊണ്ട് മടുത്തു
പോലും
വീടുകൾക്ക്.