malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019 സെപ്റ്റംബർ 28, ശനിയാഴ്‌ച

പ്രണയപര്യന്തം



സ്നേഹത്തിന്റെ കോടതിയിൽ
നീ കേസു കൊടുക്കുക
പ്രണയ പീഡനമെന്ന്
മൊഴികൊടുക്കുക
മൗനം കൊണ്ടു നീ
വിചാരണ ചെയ്യുക
ഇരട്ട ജീവപര്യന്തം വിധിക്കുക
ഹൃദയത്തിന്റെ ജയിലിൽ
എന്നെ പൂട്ടുക
പ്രണയപര്യന്തം ഇനി -
നിന്നിലാകട്ടെ
എന്റെ ജീവിതം

2019 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

കവിതയുടെ വഴി



കവിതയുടെ വഴി അത്ര സുഗമമല്ല
മുള്ള്, മുരിക്ക്, മൂർഖൻ പാമ്പ്
കുണ്ടനിടവഴി, കാരാഗൃഹം
കവിതയുടെ വഴി അത്ര സുഗമമല്ല
കുടിക്കാൻ മൗനം
ചവച്ചിറക്കാൻ ശ്ലഥബിംബം
ഉറങ്ങാൻ ഞെരിഞ്ഞിൽ കിടക്ക
കവിതയുടെ വഴി അത്ര സുഗമമല്ല
ചരിത്രം
ചാരിത്ര്യം
ചോരമണം
കവിതയുടെ വഴി അത്ര സുഗമമല്ല
ഭ്രാന്തു പൂത്തവഴികൾ
തലയോട്ടിയിൽ പൊതിഞ്ഞ പാമ്പിൻ -
പുറ്റ്
ഇരുളിന്റെ ഭാണ്ഡക്കെട്ടുകൾ
കവിതയുടെ വഴി അത്ര സുഗമമല്ല
മോഹമറ്റ മനസ്സ്
ശിരസ്സറ്റ ഉടല്
മരണത്തിന്റെ മഹാഗർത്തം
കവിതയുടെ വഴി അത്ര സുഗമമല്ല
കവിത കടൽ പോലെ പരപ്പും
ആകാശം പോലെ ആഴവുമാണ്
കവിതയെകാണണമെങ്കിൽ
ആഴങ്ങളിലേക്കിറങ്ങിച്ചെല്ലണം
കവിത കാണുമ്പോലെ അത്ര സുന്ദരമല്ല
കവിതയുടെ വഴി അത്ര സുഗമവുമല്ല

2019 സെപ്റ്റംബർ 25, ബുധനാഴ്‌ച

അന്വേഷണം



എവിടെ ഞാൻ നിത്യം ചവിട്ടിപ്പോകാറുള്ള
ഒറ്റച്ചാലാം വഴി
കുറ്റിക്കാടുകൾ പിന്നെ തൊട്ടാവാടിക്കൂട്ടങ്ങൾ
തൊട്ടു തൊട്ടു നോക്കുമ്പോൾ നുള്ളിനുള്ളി -
കിന്നാരം പറഞ്ഞു ചിരിച്ചുള്ള പച്ചത്തലപ്പുകൾ
മഴ മിഴി നീട്ടീടവേ,യന്നോളമറിയാത്ത അത്യപൂർ
വ്വ സുഗന്ധം
വാപി യിലെങ്ങും വ്യാപിച്ചുള്ള പങ്കജങ്ങൾ
കോടി ജന്മങ്ങൾ മാറി മറിഞ്ഞു വന്നീടിലും
അന്തര്യാമിയായിന്നും കാന്തിയാൽ കാത്തീടുന്ന
ഹൃദയസരസ്സിലെ കുളിരാംകുരുന്നില പെണ്ണ്.
കള്ളിമുള്ളു പൂത്തുള്ള കാലത്തിലാണിന്നു ഞാൻ
കാടക, മുള്ളിൽ പേറി നടക്കും ജന്മങ്ങൾ -
കാടായ കാടൊക്കെയും കട്ടുമുടിക്കും കാലം.
ഇലക്കുമ്പിളും കോട്ടി ഓണപ്പൂ പറിക്കുവാൻ
കേറിയ കുന്നും ,കാടും ,ഊഷ്മള ശ്വാസങ്ങളും
വേനലും, വെളിമ്പ്രദേശവും ഇടവപ്പാതിതൻ -
തുടിതാളവും
താളം തെറ്റിപ്പോയല്ലോ തമസ്സുകിളിർത്തല്ലോ
നന്മയും ,നറുമലരും എങ്ങാണൊളിഞ്ഞിരിപ്പൂ
നിറങ്ങളെല്ലാം വറ്റി തിരിച്ചറിയാതായല്ലോ
ഗ്രീഷ്മങ്ങൾ പെയ്യുന്നല്ലോ
കാട്ടുതീയാണിന്നെങ്ങും
നട്ടുച്ചത്തിറയാട്ടം, ഗുരുസി കലിയാട്ടം
ഒറ്റച്ചാലാംവഴിപോൽ
ഒറ്റയ്ക്കു നിൽക്കുന്നു ഞാൻ
ഓർമ്മകൾ തൊട്ടാവാടി കൂട്ടമായ് തളിർക്കുന്നു
പഴയൊരാമുഖത്തിനെ മറച്ചീടുന്നു കാലം
മറക്കാനെളുതാമോ,യെനിക്കാ മുഖത്തിനെ
മാലേയ സുഗന്ധത്തെ.

2019 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

വഴി



പണ്ടൊക്കെ
ഒരുപാടു വഴികളുണ്ടായിരുന്നു
കിഴക്കുപുറമെന്നോ
അടുക്കള പുറമെന്നോ നോക്കാതെ
എത്ര എളുപ്പമായിരുന്നു
അന്നൊക്കെ
ഓരോ പോക്കുവരവും
ഇന്നിപ്പോൾ
വഴികളേ ഇല്ലാതായി
ഒരു മുറിയിൽ നിന്ന്
അടുത്ത മുറിയിലേക്ക് തന്നെ -
യെത്ര ദൂരം
അതുകൊണ്ടായിരിക്കണം
കടലാസുകളൊക്കെ
ചീന്തിയെറിയുന്നതു പോലെ
ചീന്തിക്കളയുന്നത്
ജീവിതത്തേയും.

2019 സെപ്റ്റംബർ 21, ശനിയാഴ്‌ച

അലിഞ്ഞലിഞ്ഞ്



പാതിവിടർന്ന പൂവ്
കറുകനാമ്പിലെ
മഞ്ഞുതുള്ളി
അടർത്തിമാറ്റാൻ
കഴിയാത്ത ഇഷ്ടം
സിരകളിൽ
പൊള്ളിനിൽക്കും
തീനാമ്പ്
അതിരുകളില്ലാത്ത
പറവകൾ
എരിതീയിലെ
കനൽ ശലാകകൾ
അലിയിച്ച,ലിയിച്ചു
ലയിക്കണം
വീഞ്ഞിന്റെ വീര്യമായ്
മാറണം
മൗനം കൊണ്ട്
മേളങ്ങൾ തീർക്കണം
പൂത്തുലഞ്ഞ് സുഗന്ധം
പരത്തണം പ്രണയം.

സമയം



ഇന്നലെ രാത്രി കൃത്യം പന്ത്രണ്ടേ -
മുപ്പതിനാണ്
വെട്ടിയിട്ട പോലെ നിട്ടാനീളത്തിൽ
മലർന്നടിച്ചു വീണത്
തട്ടിയും, മുട്ടിയും ഉണർത്താനെത്ര
ശ്രമിച്ചതാണ്
പ്രാഥമികമായി ചെയ്യേണ്ടതൊക്കെ ചെയ്തു
ഇപ്പോൾ ഐ.സി.യുവിൽ സ്ഫടികക്കൂട്ടിൽ
ഇടയ്ക്കെങ്ങാനൊരു ശ്വാസമെടുക്കുന്നതല്ലാതെ
മറ്റനക്കമൊന്നുമില്ല
ഡോക്ടർമാരുടെ സംഘം കിണഞ്ഞു പരിശ്രമി-
ക്കുന്നുണ്ട്
ആശങ്കാജനകമെന്നാണ് ജനസംസാരം
മരുന്നിനോട് പ്രതികരിക്കുന്നില്ലെന്ന്
സ്പെഷ്യലിസ്റ്റുകൾ എത്തിയിട്ടുണ്ട്
മസ്തിഷ്ക മരണം നേരത്തേ സംഭവിച്ചെന്ന്
ഹൃദയസ്പന്ദനം ഏതു നിമിഷവും
നിലയ്ക്കാമെന്ന്
ഓപ്പറേഷൻ തീയറ്ററിൽ ഉദ്വേഗത്തിന്റെ -
നിമിഷങ്ങൾ
വെളിയിൽ ലാഭനഷ്ടങ്ങളുടെ -
കണക്കുകൂട്ടലുകൾ
കൂട്ടിയും, കുറച്ചും, ഗുണിച്ചും, ഹരിച്ചും
ജീവിതത്തിന്റെ വിലകണക്കാക്കിയപ്പോൾ
നഷ്ടമെന്ന് ഒരേസ്വരത്തിൽ സ്വന്തക്കാർ
പിന്നെയെല്ലാം പെട്ടെന്നായിരുന്നു
ഏറ്റെടുക്കുവാൻ ആളില്ലാത്തതിനാൽ
അനാഥ ശവമെന്ന് എഴുതിച്ചേർത്ത്
മോർച്ചറിയുടെ മൂലയിൽ തള്ളപ്പെട്ട നിലയിൽ
പൊട്ടിയ ചില്ലുകൾക്കിടയിൽ
ക്ലോക്കിലെ സമയം ചത്തു കിടന്നു.



2019 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ഭാഷ



സന്ധ്യയ്ക്ക്
ചേക്കേറിയ കാക്ക
സൗഹൃദം പുതുക്കി
കാ... കാ...
രാവിലെ
ഒരു കാക്ക
വിളിച്ചുണർത്തി
ക്യാ.... ക്യാ....
അങ്ങനെയാണ്
ഭാഷ നിരോധിച്ചതായി
അറിഞ്ഞത്