malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019 ഒക്‌ടോബർ 30, ബുധനാഴ്‌ച

മായ്ച്ചാലും മായാത്തത്



രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ
പിറകേ വന്ന് തൊട്ടു വിളിക്കും
ഒരു പിൻവിളി
റബ്ബറ്, കടലാസു പെൻസില്,
നാരങ്ങാമുട്ടായി
കുഞ്ഞുകുഞ്ഞാവശ്യങ്ങളെ
അണലിലിട്ട് അലിയിച്ച്നടക്കും അയാൾ
പിളർന്നു പോയ പെൻസിലിന്റെ
പൊട്ടിയ മുനകൊണ്ടെഴുതി
മായ്ച്ചാലും മായ്ച്ചാലും തേഞ്ഞു തീരാത്ത
പ്രതീക്ഷയോടെ അപ്പനെകാത്തു -
നിൽക്കും മകൾ
വെയിലു കൊണ്ട് തളർന്ന സൂര്യൻ
കുന്നത്തെ ഷാപ്പിൽ നിന്ന്
ഇത്തിരി വെളിച്ചം നിലാവിന്ചെരിച്ചുകൊടുത്ത്
നടന്നു മറയുമ്പോൾ
കുന്നിറങ്ങിവന്ന കാറ്റിനൊപ്പം
ആടിയാടി കൊള്ളു കയറി വരും അപ്പൻ
ഇടയ്ക്കിടേ തുപ്പിക്കൊണ്ടിരിക്കും
നാടൻപാട്ടിന്റെ വരികളെ
കോയക്കാന്റെ കടയിൽ നിന്ന് കയറിയിരിക്കും
ചെവിക്കുടയിൽ കടലാസുപെൻസിൽ
കള്ളിന്റെ മണമുള്ള കീശയിൽ
നാരങ്ങാ മുട്ടായി
തലയിലെ വട്ടക്കെട്ടിൽ റബ്ബറ്, ബീഡി, തീപ്പെട്ടി
ഇറങ്കല്ലിന്റെ അനക്കം കേട്ടാൽ
ഏതിരുളിലും ഓല വാതിൽ വലിച്ച് തുറന്ന്
ഓടിയെത്തുമവൾ അപ്പനരികിൽ
നാരങ്ങാ മുട്ടായി അലിയിച്ച് പെൻസിലിന്റെ
റബ്ബറിന്റെ പുതുമണം മണപ്പിച്ച്
അപ്പന്റെ ഒപ്പമിരിക്കും


ഓർമ്മ



നോക്കി നോക്കി,യവളുടെ കണ്ണുകൾ
കുന്നേറിപ്പോകുന്നു
കുടമണിയാട്ടി,യൊരു കന്ന്
കുന്നുമ്പള്ളയിൽ നിൽക്കുന്നു
നോക്കി നോക്കി,യിരിക്കുവോനെ
കാണാതെ കണ്ണുഴറുന്നു
അവനന്നത്തെപ്പോലെയിന്നും
അവളിലേക്കിറങ്ങി നടക്കുന്നു
കാച്ചിൽ വള്ളിപോൽ പ്രണയം
ഞറുങ്ങണെ പിറുങ്ങണെകിടക്കുന്നു
മനസ്സിന്റെ വയൽക്കോണിൽ
മരമില്ലാമരക്കൊമ്പിൽ
രണ്ടു കിളികളിരിക്കുന്നു
പൂത്ത കപ്പച്ചെടികളിൽ
മൂത്ത തിരിപ്പട്ടക്കായ.
വെണ്ടപ്പുളിയുടെ അല്ലിയായ്
നുണഞ്ഞു നിൽക്കുന്നു ഓർമ്മ
തോട്ടുവക്കപുല്ലാങ്കണ്ണിയിൽ
മിഴിയെഴുതാൻ ഹിമസുറുമ
കുമ്പള വള്ളിപോൽക്കുന്നിൻ നെറുക
തൊടും ബാല്യ വഴികൾ
പാവയ്ക്കപോൽ കയപ്പേറുമീ ജീവനിൽ
മധുരനെല്ലിക്കതൻ ഇനിപ്പായി ഓർമ്മകൾ
അവനിന്നു മാഞ്ഞു
മുറ്റത്തെ മാവും മുറിഞ്ഞു
നോക്കി നോക്കിയിന്നുമീ കുന്നേറുന്നു
കണ്ണുകൾ
തോട്ടുചാലിലെക്കണ്ണിയായ് പിടയ്ക്കുന്നു
ഉള്ളം


2019 ഒക്‌ടോബർ 29, ചൊവ്വാഴ്ച

എല്ലാവരിലുമുണ്ട്



എല്ലാവരിലുമുണ്ട്....!
എല്ലാവരിലുമുണ്ട് ഒരു ഇരുണ്ട ഇടം
അസൂയയുടെ
ഈർഷ്യയുടെ
ദാർഷ്ട്യത്തിന്റെ
ക്രൂരതയുടെ
അപ്പോഴും കനിവിന്റെ ഒരു വെളിച്ചം
കത്തിച്ച്
ഇരുളിനെ അകറ്റുന്നു
എല്ലാവരിലുമുണ്ട് ഒരു വെള്ളച്ചാട്ടം
ഉളളു തുരന്ന് ഉറവ യെടുക്കുന്ന
വെള്ളച്ചാട്ടം
സ്നേഹത്തിന്റെ
സാഹോദര്യത്തിന്റെ
പ്രണയത്തിന്റെ
ചിരിയുടെ ചില്ലകളിൽ പൂത്ത് അവ
സുഗന്ധം പരത്തുന്നു
എല്ലാവരിലുമുണ്ട് ഒരു അറിയാത്തുരുത്ത്
തൂക്കണാം കുരുവിയുടെ കൂടുപോലെ
ആടിക്കളിക്കുന്നത്
ദുഃഖത്തിന്റെ
മൗനത്തിന്റെ
ഏകാന്തതയുടെ
തണൽ തേടുന്ന വെയിലായി
ഇരുൾ മായ്ക്കുന്ന വെളിച്ചമായി
തിരിച്ചെത്തുന്ന ശബ്ദമായി
സ്വപ്നമെന്നതു പോലെ
ഇലപൊഴും പോലെ
അറിയാത്ത ഉറവിടങ്ങൾ തേടി
തിരിച്ചെത്താൻ വെമ്പുന്നത്

2019 ഒക്‌ടോബർ 27, ഞായറാഴ്‌ച

വിലാപവൃക്ഷം



ഇരുട്ട് പെയ്തു കൊണ്ടേയിരുന്നു
വിലാപവൃക്ഷം പോലെ അവളുടെ -
കണ്ണീരും
വിഹ്വലമായ മുഖം, ഇരുളിന്റെ സമുദ്രം
തീക്കാറ്റു ചുറ്റും
ഇനി കിനാവിൽ മാത്രം യാത്ര
ദു:ഖത്തിന് ചിറകുകളുണ്ടായിരുന്നെങ്കിൽ
അവ പാറിയകന്നേനെ
ചെന്നായപറ്റമാണ് ചുറ്റും
നാട്ടപ്പെട്ട നോക്കുകുത്തിയായ്
ഒരു ജന്മം
പതുങ്ങിയിരുന്ന പൊൻമ
കോരിയെടുത്തിരിക്കുന്നു
ജീവിത മത്സ്യത്തെ
ഊർന്നിറങ്ങാനുള്ള പിടച്ചിൽ മാത്രം
ബാക്കി
സെമിത്തേരിയിലെ മരങ്ങൾ
ജീവിതകാലം ഓർമ്മിപ്പിക്കുന്നു
വരണ്ടുപോയ പുഴയാണ് ഇന്ന് ജീവിതം

2019 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ആറ്റൂർ



ആറ്റിക്കൊഴിച്ചെടുത്ത വാക്കുകളെ
ആറ്റൂരെന്നല്ലാതെയെന്തുവിളിക്കും
വാക്കുകളുടെ വിപിനത്തിൽ,
വഹ്നിയിൽ, വാപിയിൽ
അനന്തമാംആകാശത്തിൽ
കവിതയുടെ കാതലുകളാൽ
കോറിയിട്ട ചിത്രങ്ങളെ
ജീവിത യാഥാർത്ഥ്യങ്ങളെ
ആർദ്രതയെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും.
അഴൽ ജീവിതങ്ങളെ
വിതുമ്പും മനസ്സിനെ
പുളിച്ചുപോയ ജീവിതക്കഞ്ഞി മോന്തീടുന്ന
അടുപ്പുകല്ലായെരിഞ്ഞടങ്ങുവോളെ
ത്രയും അറിഞ്ഞ കവിവര്യനെ
ആ മേഘരൂപനെ, ഒറ്റയാനെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും
നേരിന്റെ വഴികളിൽ
നിറനിലാവെളിച്ചമായ്
കാവ്യപുഷ്പമായുദിച്ച താരത്തെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും

2019 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

എന്നേ മരിച്ച ഞാൻ....!




അന്ന്,
ഒരു പൂമ്പറ്റയെപ്പേലെ പാറിപ്പറന്നു
പ്രണയത്തിന്റെ അലകടൽ തീർത്തു
സ്നേഹത്തിന്റെ ഭൂമിയും ആകാശവും -
പണിതു
സുന്ദരമായൊരു സ്വാതന്ത്ര്യം സ്വപ്നം -
കണ്ടു.
ഇന്ന്,
പപ്പും, പൂടയും പറിച്ച്
ഉപ്പും, മുളകും പുരട്ടി
നിന്റെ പാകത്തിന്
പൊരിച്ചെടുത്തില്ലെ
കാലിലൊരു കാണാച്ചരടിട്ട്
ചിന്തകൾക്ക് ചിന്തേരിട്ട്
വഴങ്ങാത്തതൊക്കെവശപ്പെടുത്തി
കാണാ കമ്പിയുടെ കൂട്ടിലടച്ച്
ചിരിയുടെ ചായങ്ങൾ കൊണ്ട്
ചുണ്ടുകളെ കെട്ടി
കണ്ണീരിനെ കാണാക്കയത്തിലൊളി -
പ്പിക്കാൻ മെരുക്കിയെടുത്ത്
ഇഷ്ടാനുസരണം മേയ്ച്ചു നടന്നില്ലെ
വളരാതിരിക്കാൻ വേരുകൾ പിഴുതു
പടരാതിരിക്കാൻ ശാഖകളും
ഭൂമിയും
ആകാശവും
കടലും
വർണ്ണപ്പെട്ടിയിലടച്ച്
സ്വർണ്ണമത്സ്യത്തെപ്പോലെ പിടിച്ചിട്ടില്ലെ
എന്നിട്ടും,
ആഹ്ലാദാ,ഭിമാനത്തോടെ നീ പറയുന്നു
രാജകുമാരിയെപ്പോലെ ജീവിതം!
ഞാനില്ലെങ്കിൽ നീ എന്താകുമായിരുന്നു?
എന്റെ അലച്ചിലെല്ലാം
നിന്നെ ഉയർത്തുക എന്ന ലക്ഷ്യം.
പക്ഷേ,
അറിയുന്നില്ലല്ലോ നീ
ആചിരി കരച്ചിലിന്റെ ബഹിർസുഫുരണമെന്ന്
ഇല്ലാതാക്കിയത് സർഗ്ഗ സാന്നിദ്ധ്യമെന്ന്
കരളിലൊളിപ്പിച്ച കൊച്ചു കൊച്ചു സ്വപ്നമെന്ന്
എന്നെ ഞാനാക്കുന്ന വർണ്ണങ്ങളെന്ന്
ഞാൻ എന്നേ മരിച്ച ഞാനെന്ന്.







2019 ഒക്‌ടോബർ 22, ചൊവ്വാഴ്ച

അവസാനം



അണിവിരലാണ്
കെണിയൊരുക്കിയത്
കെട്ടിപ്പിടിച്ചാണ്
രാജ്യം വെട്ടിപ്പിടിച്ചത്
ചിരിയുടെ കാലം
ചിതലെടുത്തു പോയ്
ചതിയുടെ ചിതയിൽ
വിറകായ് വാക്കുകൾ
ഓരോ ദിനവും
ഓരോ മാൻപേട
എരുവുള്ള ഇരയായി
സിംഹത്തിന് കാഴ്ച
വേട്ടക്കാരനൊരുക്കിയ
രാമരാജ്യം
ഇരയ്ക്കുള്ളതാണ്
വേട മൊഴി
പുണ്ണ്യ വചനം
പാനസുഖം എനിക്ക്
യാനസുഖം നിനക്ക്.
നൃപനാക്കേണ്ടയെന്നെ
കൃപ മാത്രം മതി
മണൽപ്പായയിൽ
അന്തിയുറങ്ങാൻ
നിളയോരം മാത്രം മതി