malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019 നവംബർ 30, ശനിയാഴ്‌ച

ഡിസംബർ



തണുത്തു വിറയ്ക്കുന്നു താഴ് വരകൾ
എന്തോ തിരയുന്നു കിനാമിഴികൾ
നിലാക്കിളി പടിഞ്ഞാട്ട് നീങ്ങിടുന്നു
ദിവ്യപ്രകാശം പരന്നിടുന്നു
സ്നേഹ മനസ്സുകളൊന്നിക്കുന്നു
നല്ലിടയൻ നമ്മിലെത്തിടുന്നു
സ്നേഹ പുൽക്കൂട് കിളിർത്തിടുന്നു.
പുൽക്കൂട് കത്തിച്ചു ചാമ്പലാക്കാൻ
പുൽമേട് പൊൻ മാളികയാക്കീടുവാൻ
നിഷ്കളങ്കത്തിൽ കളങ്കംചാർത്താൻ
അതിരില്ലാതാർത്തിയാൽ ഓടിടുന്നു
അധികാര കസേര പിടിച്ചിടുന്നു
തമസ്സിന്റെ ശക്തികളെന്നുമെന്നും.
അറിയാത്തവരറിയും ഒരിക്കലെല്ലാം
സ്നേഹനാഥന്റെ പ്രകാശധാര

2019 നവംബർ 29, വെള്ളിയാഴ്‌ച

അവസാനനാളിൽ



വന്നെത്തി വൃദ്ധസദനത്തിൽ നിന്നും
ശകടം തുരുതുരാ ഹോണടിച്ചീടുന്നു
ചങ്ങാതിമാർ വേലി ചാരിച്ചരിഞ്ഞങ്ങ്
കണ്ണീര് കോന്തലയാൽ തുടച്ചീടുന്നു
കട്ടിലിലൊട്ടിക്കിടക്കുന്ന കെട്ടിയോൾ
കാര്യമറിയാതെ മേലോട്ടു നോക്കുന്നു
വന്നെത്തുമോയെന്റെ പൊന്നോമന -
മക്കൾ
വേണ്ടെന്ന് തിണ്ണം പറഞ്ഞീടുമോ
ഒത്തിരി ഒത്തിരി പൊക്കമുള്ളോരവർ
നാടിന്നഭിമാനമായോർ
വന്നെത്തിനോക്കുവാൻ നേരമില്ലൊട്ടുമേ
അവരെ ഞാനോർക്കുന്നുയെന്നും
ഒത്തിരിക്കാലമീ ഒക്കത്തിരുന്നതിൻ
പാടുണ്ട് തഴമ്പായി, യിന്നും
മക്കളെല്ലാരുമൊരുമകാത്തീടുവാൻ
ഓഹരിവെച്ചു സ്വത്തെല്ലാം
ആണായൊരുതരി മാത്രമല്ലേയുള്ളു
അവനായി നൽകിയീ വീടും
പണ്ടേയവനൊരു ബുദ്ധി കുറഞ്ഞവനെന്നു
കരുതും ഞാൻ വിഡ്ഢി
അച്ഛനുമമ്മയ്ക്കും രണ്ടു സീറ്റലോ ഉറപ്പിച്ചു
വൃദ്ധസദനത്തിൽ
ബുദ്ധിമാൻ മാത്രമോ സദ്ഗുണ സമ്പന്നൻ
ഫ്ലാറ്റിനി വേഗം പണിയാം
പട്ടണത്തിൽ മഹാ സൗധത്തിൽ വാഴുവോൻ
നേരമില്ലൊട്ടുമേനോക്കാൻ
തഞ്ചത്തിലെല്ലാമേ കൈവശമാക്കിലും
എന്റെ നെഞ്ചത്തിലവനുണ്ട് യെന്നും
ഇല്ല ഞാൻ ചൊല്ലില്ല മക്കൾതൻ പോരായ്മ
നെഞ്ചകം ചുട്ടുനീറീടിലും
എങ്കിലും ആശിച്ചു പോകുന്നു ഉള്ളകം
അവസാന നാളുകൾ എണ്ണിക്കഴിക്കവേ
ഈ മണ്ണിൽ തന്നെയടിഞ്ഞു മണ്ണാകുവാൻ
വന്നെത്തുമോയെന്റെ പൊന്നോമനമക്കൾ
പോണ്ടെന്ന് തിണ്ണം പറയുമോ








2019 നവംബർ 27, ബുധനാഴ്‌ച

നാലുവയസ്സുകാരി



നാലു വയസ്സുകാരി പെൺകുട്ടി
കടലാസ്സു പെൻസിൽ കൊണ്ട്
വെള്ളതേച്ച ചുമരിൽ
കുഞ്ഞു വരകളായ് കോറിയിടുന്നത്
എന്തൊക്കെയായിരിക്കും
പൂച്ച, പട്ടി, പശു, പൂവ്, മയിൽപ്പീലി
ഇത് മാത്രമായിരിക്കില്ല.
ചോറുതിന്നാത്തതിന്
അച്ഛന്റെ കണ്ണുരുട്ടൽ
അമ്മയുടെ ശകാരം
അച്ഛമ്മയുടെ കൊഞ്ചൽ
ഇതു മാത്രമായിരിക്കില്ല.
ഇരുളുറഞ്ഞ് തിമർത്തുപെയ്യും മഴ
ഇറവെള്ളത്തിലെ ഇളകിയാടുന്ന
കടലാസുതോണി
പൊള്ളുന്ന വെയില്
പൊരുളറിയാത്ത വാക്ക്
തണുത്ത കാറ്റ്
കൊളുത്തി വലിക്കും വെളുത്ത
മഞ്ഞിൻ പുതപ്പ്
ഇതു മാത്രമായിരിക്കില്ല.
തിരക്കുപിടിച്ച ബസ്സിൽ
അറിയാത്ത ചേട്ടന്റെ
മടിയിൽനിന്ന് പകർന്ന നോവ്
തിണർത്ത പാട്
കൈവിരൽ ഇഴഞ്ഞ ഇക്കിളികൾ.
ചിതറിക്കിടക്കുന്ന ഈ ചെറുവരകളിൽ
ഒളിഞ്ഞിരിക്കുന്നത്
ചായക്കൂട്ട് വെച്ച് നിറം പിടിപ്പിക്കാനുള്ളതല്ല
തൂവിപ്പോയ കണ്ണുനീരാണ്
ഇനിയും മായ്ച്ചു കളയുന്നതിനു മുമ്പ്
സൂക്ഷിച്ചു നോക്കുക
ഇങ്ങനെയൊക്കെയല്ലാതെ
ഒരു നാലുവയസ്സുകാരി
എങ്ങനെയൊക്കെയാണ്
തന്റെ ദുഃഖം വരച്ചിടുക


2019 നവംബർ 25, തിങ്കളാഴ്‌ച

അപ്പുറം ഇപ്പുറം



അതിരിൽ നടരുത്
എതിരു നിൽക്കരുത്
എരിതീയിൽ നടക്കരുത്
അപ്പൻ പറഞ്ഞതൊക്കെ
അപ്പം തന്നെ മറന്നു
ഇപ്പം
ഇപ്പുറം നട്ടതെല്ലാം അപ്പുറം
ഇപ്പുറം എരിപൊരിസഞ്ചാരം
അപ്പുറം ചിരിയും കളിയും
ഇപ്പുറം വഴക്കും പുക്കാറും
അപ്പുറം കാറ്റിൻ കിളിക്കൊഞ്ചൽ
ഇപ്പുറം കാറ്റിൻ കൊഞ്ഞനം കുത്തൽ
കത്തി കത്ത്യാള് വാക്കത്തി
ആളും ബഹളും കൂട്ടൂം കുറിയും
നട്ടുനനച്ച് വളർത്തിയതെല്ലാം
മുഴുത്ത മഴുവിന് ഇറച്ചിപ്പാകത്തിന്

2019 നവംബർ 23, ശനിയാഴ്‌ച

അവൾ



സ്വപ്നം പുതച്ച് അവൾ ഉറങ്ങിയതൊക്കെയും
യൗവനത്തിന്റെ നട്ടുച്ചയിലായിരുന്നു
മോഹങ്ങളുടെമരംകൊത്തികൾ കൊത്തിക്കൊത്തിയാണ്
അവളിൽ വസന്തം വിടർത്തിയത്
പ്രണയത്തിന്റെ പൊന്തപ്പടർപ്പിൽ
അവൾ ലജ്ജയുടെ ഹിമവർഷമായിരുന്നു
മുന്തിരിവള്ളി പോലെ നീണ്ടു മെലിഞ്ഞവൾ
മുള്ളുകാട്ടിൽ എങ്ങനെയാണ് പെട്ടത് ?!
മുല്ലപ്പൂവ് പോലെ പുഞ്ചിരിക്കുവോൾ
കട്ടയിരുട്ടിൽ അകപ്പെട്ടത്.
ഇന്ന്,
ഹിമക്കട്ടപോലെ ഉരുകിയൊലിക്കുന്നു
ഗ്രീഷ്മവാതനിലെന്ന പോലെ
പൊള്ളിപ്പിടയുന്നു
ഇടയിലെന്നോ വറ്റിപ്പോയ് യൗവന നദി
ജന്മദാനമായ അകാല ജരാനരയാൽ
നരകയാതന
മിഴിനീരിന്റെ മിഴാവുകൊട്ടലുമായി
കന്യാവനത്തിൽ

2019 നവംബർ 22, വെള്ളിയാഴ്‌ച

എങ്ങനെ അളക്കും....!



നിന്നിലെ ഹിമ ദംശനമേറ്റ്
ഞാൻ പൊള്ളിപ്പിടയുന്നു
നീയെന്നിൽ ഭ്രാന്തു പിടിച്ച
കൊടുങ്കാറ്റാകുന്നു
നാം ഉയിരും ഉടലും ഒന്നായ -
ഒറ്റക്കല്ല്
തെരുവുകളിലും
ആൾക്കൂട്ടത്തിലും
ഘോഷയാത്രയിലും
മുദ്രപ്പെടുന്ന വാക്കുകളുടെ
ചുവന്ന പൂക്കൾ
കറുകറുത്ത രാവുകളിൽ
സൂര്യചുംബിത മരുപ്പച്ച
നാം നമ്മിൽ കവിതകൾ വരച്ചു
കൊണ്ടേയിരിക്കുന്നു
ചിത്രങ്ങൾ വിരിയിച്ചു കൊണ്ടി-
രിക്കുന്നു
അഗാധതയിൽ നിന്നും
ആകാശനീലിമയിലേക്ക്
സ്വതന്ത്രമായ് പാറിപ്പറക്കുന്നു
അത്രയാഴത്തിൽ വളർന്ന
സമൃദ്ധതയെ
പ്രണയത്തെ
ഏത് അളവ് കോലു വെച്ച്
എങ്ങനെ അളക്കും

2019 നവംബർ 21, വ്യാഴാഴ്‌ച

മഴ പെയ്യുമ്പോൾ



മുരച്ചമഴ പെയ്തു കൊണ്ടിരുന്നു
ഞാൻ കുറിഞ്ഞി പൂച്ചയെ തലോടിയിരുന്നു
പല കൗശല ചോദ്യങ്ങളും ഞാൻ എന്നോട്
ചോദിച്ചു കൊണ്ടിരുന്നു
ആ വാക്കുകളൊക്കെ ഒരു ചെവിയിൽ നിന്ന്
മറുചെവിയിലൂടെന്ന പോലെ
പുറത്തേ മഴയിലേക്കു പോയി
ഒരു ഏകാകിയുടെ മൃദുല ഭാവത്തിലെന്ന പോലെ
പൂച്ച ചുരുണ്ടു കിടന്നു
ഞാൻ അതിനെ താലോലിച്ചും
പടക്കളത്തിലെ മുറിവേറ്റ പടയാളിയെപ്പോലെ
മഴ തെറിച്ചു വീഴുന്നു
കവിക് കാവ്യാവിഷ്കാരത്തിനുള്ള
ഉപാദാനം പോലെ
ഇടിനാദമുതിരുന്നു
പിടിതരാത്ത പ്രാസം പോലെ
പൂച്ച വാല് അനക്കി കളിച്ചു
പ്രണയിനിയിലേക്കെന്ന പോലെ
വരി തീർത്തു പോകുന്നു മഴവെള്ളം
ഒരിക്കലും പിരിയരുതെന്ന് മണ്ണ്
മഴയോട് പറഞ്ഞു കൊണ്ടിരുന്നു
മേഘങ്ങൾ മേഞ്ഞു മേഞ്ഞു മറഞ്ഞു
വിളഞ്ഞു പഴുത്ത പഴം പോലെ
കിഴക്കനാകാശം മഞ്ഞിച്ചു
മഴ മാറിയ തക്കത്തിന്
മനസ്സിലെ കവിതയെ കടിച്ചെടുത്ത്
കുറിഞ്ഞി മുറ്റത്തേ തിണ്ടിലേക്ക്
ഓടിക്കയറി