malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019 ഡിസംബർ 29, ഞായറാഴ്‌ച

കിണർ



ചിലപ്പോൾ
അകം കലങ്ങി
ചിലപ്പോൾ
കണ്ണീരു പോലെ
തെളിഞ്ഞ്
ഏകാന്തതയിൽ
മുങ്ങി
ആകാശത്തിലേക്ക്
നോക്കി
ആഴങ്ങളിലേക്കിറങ്ങി
ഒരിക്കലും
തുളുമ്പാകെ
തൂവാതെ
ഉള്ളിലടക്കി
രാപ്പകലില്ലാതെ
ഏത് ഋതുവിലും
പരിഭവമില്ലാതെ
ഉറവകളെ മാത്രമുണർത്തി
ഉൺമകളെ മാത്രമേകി
ഉണർന്നിരിക്കുന്നൊരമ്മ.
ഓർമ്മകളുടെ
ഒറ്റക്കണ്ണാണ് കിണർ.
ഓരോ ആളുടെ
ഉള്ളിലുമുണ്ട് ഒരു കിണർ
അകം കലങ്ങി
ആഴം വളർന്ന്

2019 ഡിസംബർ 27, വെള്ളിയാഴ്‌ച

മറച്ചു വെയ്ക്കുന്നത്



മറച്ചു വെയ്ക്കുന്നുണ്ട്
ഓരോആളും എന്തോഒന്ന്
വാക്കിൽ
നോക്കിൽ
ചിരിയിൽ
ചിന്തയിൽ
ബന്ധത്തിൽ
സ്വന്തത്തിൽ.
മറച്ചുവെയ്ക്കുന്നുണ്ട്
ഓരോ ആളും
ഒരു കാട്
ഒരു തേറ്റ

2019 ഡിസംബർ 24, ചൊവ്വാഴ്ച

ക്രിസ്തുമസ്



സാന്താക്ലോസിന്റെ
വെളുത്ത താടിപോലെ
ഡിസംബറിലെ മഞ്ഞ്
ചില്ലു നൂലിൽ കോർത്ത
കുഞ്ഞു ബൾബു പോലെ
ഹിമശലാകകൾ
വർണ്ണങ്ങളുടെ വെളിച്ചമായ്
ക്രിസ്തുമസ് .
ചില്ലതൻ പച്ചവിരലുകൾ ഉയത്തി -
കാട്ടുന്ന ക്രിസ്തുമസ്ട്രീയിൽ
നക്ഷത്രങ്ങളായ് ചുവന്ന ഫലങ്ങൾ
തൂങ്ങിയാടുന്നു
വിശുദ്ധകന്യക സ്നേഹലാളനത്തിൽ
മുഴുകിയിരിക്കുന്നു
അവനെന്റെ ഹൃദയവേദന ശമിപ്പിക്കുന്നു
മൃതിവിഹ്വലതയെ
വൃക്ഷവിരലുകളാൽ
തഴുകി തലോടുന്നു
അവനെന്റെ പാപങ്ങളെ
കൈയ്യേൽക്കുന്നു
അവനെന്റെ അപ്പത്തിന്
കാവലാളാകുന്നു
അവനേകും മഞ്ഞെനിക്ക്
വീഞ്ഞിൻ ലഹരി
അവനെന്നിൽ പ്രത്യാശതൻ
നാമ്പുണർത്തുന്നു
ഇന്നിവിടെ സ്നേഹത്തിൻ
പിറവി ദിനം

അവൾ, ഒരു കടലാണ്



കടലുകാണുവാൻ
കടൽക്കരയിൽ പോകണ
മെന്നില്ല
കടൽക്കരയിൽ വസിക്കുന്ന
ഒരുവളെ കണ്ടാൽ മതി.
നിറഞ്ഞ കൺകളിൽ കടൽ
തിരപോലെ പാറുന്ന മുടി
തിരതൻ പടഹധ്വനിപോലെ
തേങ്ങൽ
അപാരതയിലേക്കെന്നപോലെ
ശൂന്യമായ കൈകൾ
നിരാശതയേറ്റിവരുന്നവള്ളം -
പോലെ ചുണ്ടുകൾ
പ്രതീക്ഷയറ്റ പകൽപോലെ -
മനസ്സ്
ഉൾക്കടൽപോലെ അനക്കമറ്റ -
നിൽപ്പ്
കടലുകാണാൻ കടൽക്കരയിൽ
പോകണമെന്നില്ല
കടൽക്കരയിൽ വസിക്കുന്ന
ഒരുവളെ കാണണമെന്നില്ല
നോക്കൂ ;
അവളെക്കുറിച്ചുള്ള ഓർമ്മകളിൽ -
തന്നെ
ഒരു കടലിരമ്പുന്നത്

2019 ഡിസംബർ 22, ഞായറാഴ്‌ച

കുരിശിൽ



തറയ്ക്കുക ആണിയെൻ
കൈപ്പത്തിയിൽ
കാരിരുമ്പുപോൽ ബന്ധമെന്നുറക്കെ
പറയുക
കാഴ്ച പൊട്ടിക്കുമ്പോൾ കേൾക്കുമാ
ശബ്ദത്തെ
ഞൊട്ടയിടുന്നതിന്നൊച്ചയെന്നോതുക
ഇനിയുമെൻചോരയും നീരും കുടിച്ച നിൻ
ചുണ്ടുകൾ ചുംബനത്താൽ ചോന്നതെന്നും
ചത്തവർഷങ്ങളായിരുന്നല്ലൊയിന്നോളം
നീയെനിക്കേകിയ വിവാഹ സമ്മാനം
തുടിക്കും ഹൃദയത്തിൽ കത്തിമുനയാലെ
കുത്തിക്കളിക്കുകയല്ലോനിൻ സൗഹൃദം
മരണം മണപ്പിച്ചു നീങ്ങും നിഴലത് നീയാണ്
യെന്നു ഞാൻ ഇന്നറിയുന്നിതാ
നോവിനെ വേവിച്ചു തിന്നു രസിക്കനീ
ഞാൻ നിനക്കായ് മാത്രമുള്ള ഇരയല്ലോ
നേടുവാനില്ലയിനിയെനിക്കൊന്നുമേ
മരണത്തെ മേവുക മാത്രം
ആണി തറക്കുവാനായല്ലോ അന്നെന്നെ
അച്ഛൻ പിടിച്ചു നിൻ കൈയിലേല്പ്പിച്ചത്
കൊച്ചു നുണക്കുഴിനുള്ളി നോവിക്കാതെ
ഉമ്മ തന്നുള്ളോരെന്നമ്മ കരഞ്ഞത്
പൊന്നും പണവും കണക്കു പറഞ്ഞന്ന്
പോര പോരെന്നു നീ പിന്നെയും ചൊന്നത്
കുരിശിന്റെ കൂട് നീയന്നേ പണിഞ്ഞെന്ന്
കുശുകുശുക്കുന്നെന്നിൽ മിടിപ്പുകളായിന്നും
തറയ്ക്കുകനീ ആണി സീമന്ദരേഖയിൽ
ഉയർത്തെഴുന്നേൽക്കില്ലെന്നുറപ്പു വരുത്തുക


2019 ഡിസംബർ 20, വെള്ളിയാഴ്‌ച

മഴ



മഴ വന്നേ, വരണ്ട മനസ്സിൻ
വയലേലകളെല്ലാം നനഞ്ഞു കുതിർന്നേ
ആർത്താർത്തു പെരുത്തു വരുന്നേ
സുന്ദരമൊരുമഴ കവിതമഴ
ഒറ്റയ്ക്കീകോലായിലിരുന്ന്
ഓർക്കുമ്പോൾ ലഹരിമഴ
ബാല്യത്തിൻ വരമ്പുവഴുക്കി
ആർത്തുചിരിക്കും ഓർമ്മമഴ
സ്വപ്നങ്ങൾ പൊട്ടിമുളച്ച്
നനഞ്ഞു കുളിർന്ന് തളിർത്തു പടർന്ന
ആദ്യത്തെ പ്രണയ വിചാര വികാരത്തിൻ
കന്നിമഴ
കുളിരുണർത്തും ഓർമ്മകളെ
യാമത്തിൻ ഇരുളറയിൽ
ഉറഞ്ഞാടി പെയ്തൊഴിഞ്ഞ
സ്വർഗ്ഗീയ നിമിഷമഴ
സുഖമേറെ ഓർക്കാനും സുഖമുണ്ടെന്നാ-
ണേലും
ചോരുന്നൊരു ചെറുകുടിലിൽ
ചോരാത്തൊരിടം തേടി
തേങ്ങിയൊരു രാവുകളിൽ
തുളുമ്പുന്നൊരു കണ്ണീർമഴ
മഴയായൊരു മഴയെല്ലാം
പല വഴിയേ പോയല്ലോ
നിനവുകളിൽ, നിലാവുകളിൽ
മുട്ടിയുരുമ്മുന്നു പല മുഖമിന്നും
ഓർമ്മകൾതൻ ചില്ലകളിൽ
കണ്ണീരിൻ കവിത മഴ

പ്രണയമേ....



നീ എന്നിലൊരു കമ്പനമാകുന്നു
കാറ്റാടിച്ചില്ലപോലെ,യാടിയാടി-
നിൽക്കുന്നു
മുയൽ മിഴിയായ്, കൂർമ്പൻ ചെവി
യായ്
പതുപതുത്ത മഞ്ഞിൻ തരിയായ്
കുളിർന്നു നിൽക്കുന്നു
അരുവിപോലെ കളകളം പൊഴിക്കുന്നു
കുരുവിപോലെ കുണുങ്ങിയിരിക്കുന്നു
ആകാശം പോലെ അനന്തമാകുന്നു
വൈദ്യുതി പോലെ വിജൃംഭിതം
പൂവുപോലെ മൃദുലം
കാറ്റിൻ ദലമർമ്മരം
കടും വെളിച്ചം
മിന്നൽ പിണർ
പുലർകാല നക്ഷത്രം
ഊരിക്കളഞ്ഞ ഏകാന്തത
സാന്ത്വനത്തിന്റെ സഹനത
സ്വപ്നങ്ങളുടെ കൂട്ടുകാരി
സ്വരാക്ഷരങ്ങളുടെ പാട്ടുകാരി
നിന്റെ ഓർമ്മയോളം മധുരം
ഏത് മധുരത്തിനുണ്ട്