malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020 മാർച്ച് 30, തിങ്കളാഴ്‌ച

തെരുവിലെ പെൺകുട്ടി



കറുത്ത കണ്ണുള്ള വിഷാദ വതിയായ
പെൺകുട്ടി
എത്ര ദുരിതപൂർണ്ണമാണ് നിൻ്റെ ജീവിതം
എന്നും പ്രഭാതത്തിലെ,യീ തണുപ്പിൽ
ഇരുളടഞ്ഞ ശവക്കുഴിയിലേക്കെന്നോണം
തെരുവു മൂലയിലൂടെ, ഗലികളിലൂടെ നിനക്ക്
യാചിച്ചു നടക്കേണ്ടി വരുന്നു
അപ്പോഴും തെമ്മാടികളായ ചിലർ
അശ്ലീലങ്ങൾ പറഞ്ഞ് കണ്ണ് കൊണ്ട് നിന്നെ കൊത്തിപ്പറിക്കുന്നു
നിനക്ക് കണ്ണു കാണില്ലെന്ന് കണ്ടാൽ തോന്നു
കയേയില്ല
ഓരോ കാലടി ശബദവും വെച്ച് നീ ആളുകളുടെ
നീക്കത്തെ തിരിച്ചറിയുന്നു
ഓരോ മൊഴിയിലൂടെ നീ മനസ്സിനെ അടുത്തറി യുന്നു
നിൻ്റെ ഓരോവാക്കും എൻ്റെ ബോധത്തിലൂടെ -
യൂർന്ന്
ഓർമ്മയിൽ വന്നിറങ്ങിക്കൊണ്ടിരിക്കുന്നു
ആ വാക്കുകളെന്നെ ഗദ്ഗദം കൊണ്ട് മൂടുന്നു
അക്ഷരങ്ങളുടെ ഒഴുക്കും, ഇലകളുടെ നൃത്തവു
മാണ് നീ
ആഴങ്ങളിൽ നിന്നും ചുരത്തുന്ന പ്രകാശം,
ലോകത്തിൻ്റെ നന്മ
നിന്നെയോർക്കുമ്പോൾ എന്നിൽനിന്നുഞാൻ
പൊഴിഞ്ഞു പോകുന്നു
നിലാവും, ആകാശവും, ഞാനും, ചക്രവാളവും
ഒരേകാന്ത വൃക്ഷമായി മാറുന്നു
ശരത്കാല ഇലപോലെ വീണടിയുന്നു
കഥയില്ലാതെ ചിത്രമില്ല
നിറങ്ങളായി വിരയുന്ന ചിത്രത്തിൻ്റെ ഇതളുക
ളാണു നീ
മഞ്ഞിൽ പതിഞ്ഞ ആ മനോഹരമായ കാൽപ്പാട്
മനസ്സിൽ നിന്നും മായുന്നേയില്ല
പിന്നെയും, പിന്നെയും നിൻ്റെയോർമ്മ
മുറിവേറ്റൊരു പക്ഷിയേപ്പോലെ മനസ്സിൽ
പൊടുന്നനെ ചാടി വീഴുന്നു
ഒരിക്കൽ വരച്ചു വെച്ചാൽ മതി
മറക്കില്ല നാം ഒരുനാളും ചില ഓർമ്മകൾ

2020 മാർച്ച് 28, ശനിയാഴ്‌ച

പ്രണയം പ്രാർത്ഥനപോലെ



പ്രിയേ,
നമ്മുടെ മുന്തിരിത്തോപ്പുകൾ
നാം തന്നെയാണ്
ഉടലിൻ്റെ ഇഴയടുപ്പത്താൽ
ഇനി നമുക്ക് ഉഴുതുമറിക്കാം
ജീവിതത്തിൻ്റെ മഹത്തായ
ലഹരിക്കായ്
പ്രണയത്തിൻ്റെ വീഞ്ഞ് നുകരാം
നാം തന്നെ നമ്മുടെ ഉടയാടകളാകു
മ്പോൾ
നമുക്കെന്തിന് വേറെ ഉടയാടകൾ
അധരങ്ങൾകൊണ്ട് നമുക്ക്
ഋതുക്കളെ കോർക്കാം
അനുരാഗത്തിൻ്റെ ഒറ്റയടിപ്പാതയി
ലൂടെ
ഇതുവരെ കാണാത്ത ഭൂഖണ്ഡങ്ങ
ളിലേക്ക് യാത്ര പോകാം
സമുദ്രങ്ങളും, വനങ്ങളും താണ്ടി
വസന്തത്തിൻ്റെ താഴ് വരകളെ
കണ്ടെത്തുക തന്നെ ചെയ്യാം
നിൻ്റെ വാക്കുകളേക്കാൾ വേഗത്തിൽ
നിൻ്റെ മണമെത്തുന്നല്ലോ.
ദൈവമേ ! അവൾ എന്നിൽ തളിർത്ത്
എന്നിൽ പൂത്തു വിടർന്ന ഒരു പുഷപമെന്ന്
ഞാനറിയുന്നു.
പ്രിയേ,
നാം ഭൂമിയാകുന്നു
നഗ്നത വാരി ചുറ്റിയബ്ഭൂമി
നമുക്ക് നമ്മിലെ മുന്തിരി തോപ്പിലേ
ക്കിറങ്ങാം
വീഞ്ഞിൻ്റെ വീര്യത്തിലേക്ക്
ആഴങ്ങളിൽ നിന്നാഴങ്ങളിലേക്ക്
പ്രയാണം തുടരാം
പ്രാർത്ഥന പോലെ
ധ്യാനം പോലെ

2020 മാർച്ച് 27, വെള്ളിയാഴ്‌ച

കൂടെയല്ല മുന്നിൽ തന്നെയുണ്ട്



സത്യത്തിൽ
വായിക്കുവാനേ തോന്നുന്നില്ല
എഴുതുവാനും
കൂട്ടിലിട്ട വെരുകിനെപ്പോലെ
ഓരോ മുറിയിലും കയറിയിറങ്ങി
നേരം കൂട്ടുന്നു
ചരടുപൊട്ടിയ പട്ടംപോലെ
ചിന്തകൾ ലക്ഷ്യമില്ലാതെ പറക്കുന്നു
ഫോണിനോടുമില്ല അത്രയും താത്പര്യം
എങ്കിലും,
മൊബൈലിൽ വരുന്ന ചിലവാർത്ത
കളും, വീഡിയോകളും ഇടയ്ക്കൊന്ന്
എടുത്തു നോക്കുന്നു
സത്യത്തിൽ
യഥാർത്ഥ ജീവിതമെന്തെന്ന് നമ്മേ
പഠിപ്പിക്കുന്നത്:
ആരോഗ്യ പ്രവർത്തകരാണ്,
സന്നദ്ധ പ്രവർത്തകരാണ്,
പോലീസാണ്
എന്തിനേറെ;
കൂടെയല്ല, മുന്നിൽ തന്നെ നടക്കുന്ന
ഈ ഗവർമ്മേണ്ടാണ്
സത്യത്തിൽ
കാലം കാത്തു വെച്ച 'കൊറോണ' യെന്ന
ഈ മഹാമാരിയെക്കുറിച്ചോർക്കുമ്പോൾ
പുറത്തിറങ്ങാനേ തോന്നുന്നില്ല

2020 മാർച്ച് 25, ബുധനാഴ്‌ച

വീടുകൾ അതിരുകളാകുമ്പോൾ!



വീടുകൾ അതിരുകളാകുമ്പോൾ
മനസ്സുകൊണ്ടൊരു മതിലു തീർക്കുക
അദൃശ്യവും, നിശ്ശബ്ദവുമായൊരു
നിരോധാജ്ഞ നടപ്പിലാക്കുക
തീ തുപ്പുന്ന ഭൂതമായി അലയാതിരിക്കുക
തിരയടങ്ങിയ കടൽ പോലെ ശാന്തമാകുക
ഉണ്മയും, നന്മയും തിരിച്ചറിയുക
ശീപോതി അകത്ത്, പൊട്ടിപുറത്തെന്ന്
ആത്മഗതം ചെയ്യുക

വക്കും ,മുനയും



കടവുകളും
കൽപ്പടവുകളും ഇന്നില്ല
കടവിൽ നിന്നൂർന്നു പോയ
പുഴയെ കാണാനേയില്ല
വക്കു പൊട്ടിയ കലമായി മനസ്സ്
കുസൃതികളും, കൂരിയാറ്റ കിളികളും
കാലത്തിൻ്റെ മണ്ണടരുകളിലേക്ക്
മറഞ്ഞു പോയി
സന്യാസി കൊക്കുകൾ ഓർമ്മയായി
കുളവും
മത്സ്യവും
ഞെണ്ടും
കൊക്കു പറന്നെത്തിയ
കുന്നിൻ പുറവും
കഴിഞ്ഞ കാലങ്ങളിൽ തലകുത്തി
കൊഴിഞ്ഞുവീണ,യിലകളായി
പട്ടങ്ങളെന്നേ ചിറകൊതുക്കി
പെട്ടു പോയ് പെട്ടകത്തിലെന്നോണം
ഫ്ലാറ്റിൽ
ഓന്തിനെകണ്ടാൽ പൊക്കിൾ മറച്ചു
പിടിച്ച ബാല്യം
ചോരയൂറ്റി കുടിക്കുമെന്ന പഴ,യറിവ്
ഇന്ന്,
ചുറ്റും ഓന്തൻമാർ
വാക്കിൻ്റെ വക്കും
കൺമുനയുടെ
മുനയും കൊണ്ട്
വലിച്ചൂറ്റിക്കുടിക്കുന്നു ചോര
പ്രായഭേദമില്ലാതെ

2020 മാർച്ച് 22, ഞായറാഴ്‌ച

കൊറോണക്കാലം



മനസ്സുകൊണ്ടൊരു വിനോദയാത്ര
നടത്തുക
മനസ്സുകൊണ്ടാകുമ്പോൾ അത്
തീർത്ഥയാത്രയാകും
മനസ്സുകൊണ്ടൊരു പൂക്കാലം
തീർക്കുക
മനസ്സുകൊണ്ടാകുമ്പോൾ അത്
പ്രണയകാലമാകും
തിരക്കുകൾക്കും അന്തർദാഹങ്ങൾക്കും
അവധി കൊടുക്കുക
തിരിഞ്ഞുനോക്കാനും അന്യനെ അറിയാനും
അതുവഴി കഴിയും
സന്തോഷത്തോടെ ജീവിക്കുക
ജീവിതമെന്തെന്ന് ഇപ്പോഴാണറിയുക
സുന്ദരമായതിനെയൊക്ക സ്വന്തമാക്കി
നശിപ്പിച്ചു കൊണ്ടിരിക്കുന്നവരാണ് മനുഷ്യർ

2020 മാർച്ച് 21, ശനിയാഴ്‌ച

വേനലിൽ



മീനത്തിൽ മീനിനു പോലു,മിരയില്ല
വേനൽ വെളിച്ചപ്പാട് തുള്ളുന്നു
പൊട്ടിച്ചിതറിയ അപ്പൂപ്പൻ താടികൾ
പോലെ
വെൺമേഘങ്ങൾ പാറിപ്പറക്കുന്നു
സൂര്യൻ തീക്കുണ്ഡമായെരിയുന്നു
ജലത്തെ ഒരു ഭീകരജീവിയെപ്പോലെ
കുടിച്ചു വറ്റിക്കുന്നു
അവന്റെ ക്രൗര്യക്കണ്ണേറ്റ് കത്തുന്നു
കാടുകൾ
അവന്റെ ചവിടേറ്റ് ഭൂമിക്കടിയിലേക്ക്
പൂഴ്ന്നുപോകുന്നു പുഴകൾ
ഉഴറി വീഴുന്നു ഉറവങ്ങൾ
നീണ്ടുപോയ വേരിൻ കൈകൾക്ക്
എത്തിപ്പിടിക്കുവാൻ കഴിയാതെ
അർദ്ധ പ്രാണനായ മരങ്ങളിൽ
അള്ളിപ്പിടിച്ചിരിക്കുന്നു
അവശരായ പച്ചയിലകൾ,
പഴുത്തവ പൊഴിയുന്നു കൊതിതീർ
ന്നിട്ടില്ലെന്നമൊഴിയുമായ്
വാക്കുകൾക്ക് വേനൽ വരൾച്ചപുര-
ട്ടുന്നു
വിത്തുകൾ പ്രാക്തന കാലത്തിലെന്ന
പോലെ
മണ്ണിൽ പുതഞ്ഞു കിടക്കുന്നു
പറവകൾ കരിയിലക്കളെപ്പോലെ മരി-
ച്ചടിയുന്നു.
പഴുത്ത പാറയിൽ നിന്ന് ചൂടിന്റെ പൊന്നീ -
ച്ചകൾ പാറുന്നു
ഉമിനീരു വറ്റിയ മൃഗങ്ങൾ നീരുവറ്റിയ കുള-
ങ്ങളിൽ, കിണറുകളിൽ ചത്തുപൊങ്ങുന്നു
അവസാനത്തെ ഒരിറ്റു വെള്ളത്തിനായ്
നീണ്ടുനിരങ്ങിപ്പോയ മരങ്ങൾ ഒരു
തുള്ളിയും കിട്ടാതെ
പുഴയുടെ കാട്ടുപൊന്തയിൽ ,കല്ലിടുക്കു
കളിൽ
ശ്വാസംമുട്ടിമരിച്ചു
ഇവിടെ ഒരു പുഴയുണ്ടായിരുന്നെന്ന്
പൊൻമയുടെ ജഡം ഒരുനീല വരവരച്ചു
വെയ്ക്കുന്നു