malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

പൊന്നോണം

 



വന്നുവിളിക്കുന്നതാരീപ്പുലരിയിൽ
ഝടുതിയിൽ വാതിൽതുറന്നുഞാൻ നോക്കവേ
ഓണമെന്നുമ്മറപ്പടിയിലിരിക്കുന്നു
ഓർമ്മകളൊരുപിടി പൂക്കളായ് മുറ്റത്ത്
കരിയില മാറ്റിക്കളം വരച്ചീടുന്നു.
കണ്ണീർക്കടലിന്റെ,യീശ്യാമ തീരത്ത്
കനിവുമായെന്തിനു വന്നു നീയോണമേ
ഭൂവിന്റെ, യാത്മാവിലെവർണ്ണസ്വപ്നമാം
പൂക്കളെ പിഞ്ചു കരങ്ങളാൽ നിങ്ങളെൻ
കണ്ണീർ തുടച്ചു മൃദുവായ് തഴുകയോ
വാർധക്യത്തിന്റെ ,യിടനാഴിയിൽ നിന്ന്
ബാല്യ, കൗമാരത്തിലേക്കാനയിക്കയോ
തിരുവോണം വെൺ താമര പൂവുപോലിന്ന്
വിടർത്തുകയോ വീണ്ടുമൊരു കോടിയിതളുകൾ
ഓർമ്മകൾ വിതുമ്പുന്നു മൃതിമദിച്ചീടുന്നു
എങ്കിലും പിച്ചവെച്ചീടുന്നു ഭാവന
നീലനിലാവിന്റെ കോടിയുടുത്തുള്ള
രാവിന്റെ കഥയിന്നു കവനം നടത്തുന്നു
സർവ്വം മറന്നൊന്ന് പാടട്ടെ ഞാനിന്ന്
പൊന്നോണ നാളിൻ മഹത്വത്തെ വാഴ്ത്തി.

2020 ഓഗസ്റ്റ് 30, ഞായറാഴ്‌ച

ഓണം വന്നു


നൽത്തിരുവോണം വന്നു
നെൽക്കതിർക്കുല തന്നു
മൽസഖീ, കണി കാണാൻ
കദളിക്കൂമ്പുണർന്നു.
കയ്പ്പവല്ലികൾ പൂത്തു
കൈതോലക്കാറ്റുണർന്നു
പൊയ്മുകിൽ പോയ് മറഞ്ഞു
പൊൻ തിരുവോണം വന്നു
പോയ്പ്പോയ കാലത്തിൻ്റെ
ഓർമ്മകളുണർത്തുന്നു
മാങ്കൊമ്പിൽ മഞ്ഞക്കിളി
മൈനകൾ മൂളീടുമ്പോൾ
ആർപ്പുവിളിച്ചീടുന്നു
പൂവേ പൊലി പൊലി
എന്നൊരു കുഞ്ഞു ബാല്യ-
മെന്നന്തരംഗത്തിൽ നിന്നും

2020 ഓഗസ്റ്റ് 29, ശനിയാഴ്‌ച

ഓണപക്ഷികൾ

 

അത്തിപ്പൊത്തിലെ തത്തമ്മേ
അത്തം വന്നതറിഞ്ഞില്ലേ
എങ്ങും പൂവിളി
എങ്ങും പൂക്കളം
എങ്ങും,യെങ്ങും മേളാങ്കം

ഊഞ്ഞാലിട്ടത് ഓലേഞ്ഞാലി
പുടവകൾ തുന്നീ തുന്നാരാൻ
മണിയൻമയിലോ മഴവിൽവർണ്ണ
പീലിക്കിരീടമൊരുക്കുന്നു
കുഴലുമൊരുക്കി കുയിലമ്മ
കച്ചേരിക്കായ് ഒരുങ്ങുന്നു

തിത്തിരി തത്തേ തിത്തിരി തത്തേ
തത്തി തത്തി വന്നാട്ടെ
ഓണം വന്നതറിഞ്ഞില്ലെ
ഓർമ്മകൾ പൂത്തതറിഞ്ഞില്ലെ
പിച്ചക മാലകൾ കോർത്തീടാം
പച്ചതത്തേ വന്നാട്ടേ

2020 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

പ്രണയം ഇങ്ങനെ........


പ്രണയം വിശുദ്ധ കൂദാശയാണ്
ചുംബനത്തിൻ്റെ സീൽക്കാരങ്ങൾ
പ്രണയത്തിൻ്റെ ലുത്തിനിയയും

പ്രണയം മൗനം കൊണ്ടുള്ള വാക്കു-
കളുടെ പെയ്ത്താണ്
കുളിരിൻ്റെ പൊള്ളും വേവാണ്
പ്രണയികളുടെ ഹൃദയമിടിപ്പിന്
വിജനഗോപുരത്തിലെപ്രാവുകൾ
ചിറകടിക്കുന്ന ഒച്ചയാണ്

കണ്ണുകൾക്ക് നക്ഷത്ര തിളക്കം
ഓരോ സ്പർശവും ഓർമ്മകളെ
ഉടലിൽ നിന്നും അഴിച്ചു കളയൽ
വിറയാർന്ന പുഞ്ചിരിയിൽവിവ-
സ്ത്രനാണം

ചുണ്ടുകൾ ചുണ്ടുകളെ ഇരപിടി -
ക്കുന്നു
ഉഷ്ണ ഞരമ്പുകൾ സർപ്പളങ്ങളായ്
പറുദീസയിലേക്കുണരുന്നു
പ്രണയം ലില്ലിപ്പൂക്കളുടെ ഉദ്യാനമാണ്
അവ ജീവൻ്റെകനി നട്ടുനനയ്ക്കുന്നു.


2020 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

കാത്തിരിപ്പ്




ശത്രുവിൻ്റെ ശത്രു മിത്രം

ഒറ്റമാത്രകൊണ്ട്

ഒരായുധപ്പുര


സർപ്പം നീട്ടിയ പഴമവൻ

ദർപ്പത്തിൻ്റെ കൂട്


അവൻ ശ്യാമത്തിൻ്റെ

കാവൽക്കാരൻ

ശരമുനയിൽ

ശിശിരം കോർക്കുന്നവൻ


ഇല്ല ഇനി വസന്തം

തളിർക്കാൻ

ജീവിത വൃക്ഷം


ഋഷഭത്തിൻ്റെ കണ്ണുകൊണ്ട്

ഇനി മലർമാല്യം

പാദുകത്തിന് 

പാമ്പിൻ തോൽ


പത്രത്തിനായ് കാത്തിരിക്കാം

അതാ, മുറ്റത്തൊരു

കിളിക്കുഞ്ഞിൻ്റെ ശവം

പുലരിക്ക്

ചോരയുടെ ഗന്ധം.

2020 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

എന്തു പേരിട്ടു വിളിക്കും



കുടയില്ലാത്ത ഒരുദിവസം

കൂട്ടുകാരിയുമൊത്ത് നടക്കുമ്പോൾ

കോരിച്ചൊരിഞ്ഞു മഴ


മദിപ്പിക്കുന്ന ഗന്ധവും

കൊതിപ്പിക്കുന്ന കുളിരുമില്ലാതെ

കിടുകിടക്കും വേളയിൽ

കുടയായ് പരസ്പരം ഞങ്ങൾഞങ്ങളെ-

കാത്തു


കൂട്ടിപ്പിടിച്ച കൈകളെ കുടഞ്ഞെറിഞ്ഞ

കൊടുങ്കാറ്റിൻ്റെ കുത്തുവാക്കിൽ മനം -

നൊന്തവൾ

കണ്ണീരിൻ്റെ പൊള്ളുന്നൊരുകണം നെഞ്ചി -

ലിറ്റിച്ചുകടന്നുപോയി


മഴയുടെ കയപ്പുതിന്നവൻ

വെയിൽ കുടിച്ചു കൊണ്ടേയിരിക്കുന്നു


ഏകാന്തയിൽ എരിഞ്ഞു തീരുമ്പോൾ

എറിഞ്ഞുടയ്ക്കുന്നു ഓരോ മഴത്തുള്ളി -

കളേയും


ഒരു കാറ്റുമെടുക്കുന്നില്ല

ഈ കരയെ

ഒരുമഴയും നനയ്ക്കുന്നില്ല

ഈ മിഴിനീരിനെ

നീറിനീറി മരിക്കുന്ന മനുഷ്യനെ

എന്തു പേരിട്ടുവിളിക്കണം


മൂന്നാംപക്കം



കടൽ പറഞ്ഞതൊക്കെയും
കദനകഥ

കാൽപ്പാടുകൾ തേടിവരുവാൻ -
ആരുമില്ല
ശ്രീരാമനോടു തോറ്റതിനുശേഷമോ
ഇത്രയും ക്ഷോഭമെന്നു ഞാൻചോദിച്ചില്ല

കഠിനപദങ്ങൾ വിളിച്ചുപറയരുത്
കരയുന്നസത്യത്തോട്

ഇറ്റിപ്പോകരുത് ഒറ്റത്തുള്ളിക്കണ്ണീരും
കണ്ണീരുകൊണ്ട് കാൽപാദംകഴുകുന്നവൾ -
കടൽ
ലഹരിയുടെകടൽ ഇനി കുടിച്ചുതീർക്കണം
കടലെന്നെ കാമാതുരനാക്കുന്നു

ഒരു കൂറ്റൻതിരമാലക്കൈയ്യാൽ
അവളെന്നെആലിംഗനം ചെയ്യണം
ക്ഷോഭത്തെ സ്നേഹം കൊണ്ടെനിക്ക് -
കീഴടക്കണം
നിമ്നോന്നതങ്ങളിൽ നീന്തിത്തുടിച്ച് -
കാടുകളിൽ കടപുഴകണം

ആ മാറിൽ പറ്റിച്ചേർന്നുകിടന്ന്
മൂന്നാംപക്കം മടങ്ങിവന്ന്
മണ്ണിൽ മലർന്നുകിടക്കണം