malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ഭൂമി


അമ്മ ഭൂമിയേകുന്ന വാത്സല്യം
കൊണ്ടല്ലയോ
മണ്ണിലീപാദമൂന്നി മുന്നിലേക്കടിവെയ്പ്പൂ

പാവന സ്പർശത്താലെ
ആ സ്നേഹവായ്പ്പിനാലേ
അങ്കുരിച്ചതല്ലയോ കാണുമീ ജാലമെല്ലാം

നിൻകൃപയില്ലെങ്കിലീ പാരിതിലെന്തുണ്ടമ്മേ
പുണ്യമാം സ്പർശം കൊണ്ടേ മൃത്യുവേ
ജയിച്ചോൾ നീ !
എൻമിഴി വെളിച്ചവും സിരയിൽ പ്രസാദവും
നീയല്ലാതെന്തന്നമ്മേ! നമിപ്പൂ നിൻ പാദത്തിൽ

വാരിധിയെക്കാക്കും നീ,
വരുണനേയും കാത്തിടും
ആകാശം തേടുന്നോൾ നീ,
ആശയും തരുന്നോൾ നീ
നിന്നുടെ മുന്നിൽ ഞാനോ ഒരു കൊച്ചു -
മൺതരി
എന്നിട്ടും ഗർവ്വെനിക്ക് ,എന്നുള്ളം -
കൈയ്യിൽ വെച്ച നെല്ലിക്കയെന്ന ഭാവം.

2020 ഒക്‌ടോബർ 28, ബുധനാഴ്‌ച

കഴുമരങ്ങളേ സൂക്ഷിക്കുക


കവിതയെ കഴുമരത്തിലേറ്റാൻ
കൽപ്പിച്ചു ന്യായാസനം.
കൽത്തുറുങ്കിന്റെ കാതരമായ
നിലവിളികേൾക്കാൻ അവർക്ക്
കാതുണ്ടായിരുന്നില്ല
കൊലക്കയർ നെയ്യുന്ന കൈകളെല്ലാതെ.
തൂക്കിലേറ്റപ്പെട്ട കവിത മരിച്ചെന്ന് -
പരിശോധിച്ച് ഉറപ്പിച്ചവർ തൽക്ഷണം 
മറിഞ്ഞുവീണു.
കവിതയ്ക്ക് കൈകൾ മുളച്ചു കൊണ്ടേ
യിരുന്നു
അടക്കാനാവാത്ത ആനന്ദത്തോടെ
ചുരുട്ടിയ മുഷ്ടികൾ തെരുവിലേക്കിറങ്ങി
അധികാരത്തിന്റെ അകത്തളങ്ങൾ വിറച്ചു
ന്യായാസനങ്ങൾ ഇളകിയാടി
വെടിയുണ്ട വരച്ച ചിത്രങ്ങളിൽ നിന്ന്
കൈകൾ പിറന്നു കൊണ്ടേയിരുന്നു
കവിത കാറ്റായെങ്ങും പരന്നു
ന്യായാധിപർക്ക് പേനപിടിക്കാൻ കൈകളോ
കുത്തിപ്പൊട്ടിക്കാൻ പേനകളോയില്ലാതായി
അധികാരം വിട്ടൊഴിഞ്ഞവർ
കവിത കാലാതിവർത്തിയെന്നു പറഞ്ഞ്
കവിതയുടെ കൈകളെ പിൻതുടരാൻ തുടങ്ങി
...................
രാജു.കാഞ്ഞിരങ്ങാട്




കാലിഡോസ്കോപ്പ്


ജരായുവിൽ നിന്ന് ജാതനായി
വെളിച്ചത്തിലേക്കു വളർന്നു
തെളിച്ചത്തിലാണ് തളർന്നു പോയത്

ബാല്യം വർക്കത്ത് കെട്ടുപോയി
പ്രാണൻകൂട്ടിലെ തത്തയായി
രക്തത്തിൻ്റെ നിറം ചുവപ്പായിരുന്നു
അനുഭവങ്ങൾക്ക് കവർപ്പും

കൗമാരത്തിൽ ഞാനും നീയുമായി
പിന്നെ പിന്നെ കണ്ടാൽ മിണ്ടാതായി
നിറത്തിൻ്റെ അർത്ഥങ്ങളറിഞ്ഞു
അനർത്ഥങ്ങളുടെ ശാസ്ത്രമറിഞ്ഞു

കീറിപ്പോയ ഒരു ജീവിതം
കുഞ്ഞുനാളിലെ കടലാസുവഞ്ചി
കാലം സാക്ഷിപറയാൻ കാത്തുനിന്നില്ല
പടിക്കു പുറത്തെ പടുമുള

നിൻ്റെ കുപ്പിവളപ്പൊട്ടുകളിട്ട കാലിഡോ-
സ്കോപ്പ്
എന്തെന്തു വർണ്ണങ്ങൾ കാട്ടിത്തന്നു
പൊട്ടിപ്പോയ കാലിഡോസ്കോപ്പാണ്-
ജീവിതം
പുസ്തകത്താളിൽവെച്ച മയിൽപ്പീലി
പെറ്റില്ല മണ്ണടിഞ്ഞു പോയി

2020 ഒക്‌ടോബർ 27, ചൊവ്വാഴ്ച

ചിത്രം

 

ഒരിക്കൽ
ഞാനൊരനാഥാലയത്തിൽ
പോയി
ചുമരിൽ ഗാന്ധിജിയുടെ
ചിത്രമുണ്ടായിരുന്നു
തിരിച്ചിറങ്ങുമ്പോൾ
എൻ്റെ ചുണ്ടിലൊരു പുഞ്ചിരിയും

ഇന്ന്
ഒരിക്കൽക്കൂടി ഞാനവിടെയെത്തി
ചുമരിൽ ഗോഡ്സേയുടെ ചിത്രം
എനിക്ക്
തിരിച്ചിറങ്ങാൻസാധിക്കുമോ?

                              o

2020 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

വ്യസനം


ഇലകൊഴിഞ്ഞ വൃക്ഷമ്പോലൊരുവൻ
വിശുദ്ധമുഖഛായയാൽ
ഏതോ ഗോത്രപുരാവൃത്തമ്പോൽ
ഏതോവിഷാദ നീലിമപോൽ
ഏതോ പ്രാക്തന നിശ്ശബ്ദതപോൽ .

മനസ്സിൻ കിളിവാതിൽതുറന്നു -
മടങ്ങിവരും ചിലവേളയിൽ
ദേശാന്തരംപോയ പക്ഷിപോലോ -
ർമ്മകൾ
കാലക്കടലിൽപ്പെട്ട പെട്ടകം ജീവിതം
അതിൽ കരയുന്ന കുരികിൽ പക്ഷി -
പോൽജീവൻ

ജീവിതക്കുരിശുംപേറിക്കയറുന്നു -
മലയവൻ
സ്നേഹത്തിന്
സമാധാനത്തിന്
സാഹോദര്യത്തിന്.

പൊറുതികേടിൻ ശിഖരത്തിൽ
തൂങ്ങുന്നു ജീവിതകവർപ്പെന്ന്
ആക്രന്ദനങ്ങളുയരവേ,
ധ്യാന മാനസം ചൊല്ലുന്നു ഏറ്റംവലിയ -
വ്യസനം ജീവിതം തന്നെ.




2020 ഒക്‌ടോബർ 24, ശനിയാഴ്‌ച

എന്തു പേരിട്ടു വിളിക്കും


കുടയില്ലാത്ത ഒരു ദിവസം
കൂട്ടുകാരിയുമൊത്ത് നടക്കുമ്പോൾ
കോരിച്ചൊരിഞ്ഞു മഴ

മദിപ്പിക്കുന്ന ഗന്ധവും
കൊതിപ്പിക്കുന്ന കുളിരുമില്ലാതെ
കിടു കിടക്കും വേളയിൽ
കുടയായ് പരസ്പരം ഞങ്ങൾ ഞങ്ങളെ-
കാത്തു

കൂട്ടിപ്പിടിച്ച കൈകളെ കുടഞ്ഞെറിഞ്ഞ
കൊടുങ്കാറ്റിൻ്റെ കുത്തുവാക്കിൽ മനം -
നൊന്തവൾ
കണ്ണീരിൻ്റെ പൊള്ളുന്നൊരുകണം നെഞ്ചി -
ലിറ്റിച്ചുകടന്നു പോയി

മഴയുടെ കയപ്പു തിന്നവൻ
വെയിൽ കുടിച്ചു കൊണ്ടേയിരിക്കുന്നു

ഏകാന്തയിൽ എരിഞ്ഞു തീരുമ്പോൾ
എറിഞ്ഞുടയ്ക്കുന്നു ഓരോ മഴത്തുള്ളി -
കളേയും

ഒരു കാറ്റുമെടുക്കുന്നില്ല
ഈ കരയെ
ഒരു മഴയും നനയ്ക്കുന്നില്ല
ഈ മിഴിനീരിനെ
നീറി നീറി മരിക്കുന്ന മനുഷ്യനെ
എന്തു പേരിട്ടു വിളിക്കണം


പ്രാർത്ഥന

 

ധ്യാന ബുദ്ധനെപ്പോലെയിരുന്ന-
മരങ്ങൾ
ഉടയാടയുരിഞ്ഞപോലെ,യുലഞ്ഞു
കരയുന്നു.

മുളകളെ മൂടോടെ പിഴുതെടുക്കുന്നു!
സീതേ നീഅഗ്നിശുദ്ധി തേടുക !!
ചിതയൊരുക്കി കാത്തിരിക്കുന്നു ചതി

എവിടെ, ഒഴുകുന്ന പുഴതൻ -
സംഗീതം
പറവകൾതൻ മധുര ഗീതം
പുതുപച്ചകൾ
ഇളംവെയ്ലുകൾ
ഗാഢനീലാകാശം

ഗർഭപാത്രം കരിഞ്ഞുണങ്ങിയ
പാടത്തിരുന്ന് പ്രാർത്ഥിക്കുന്നു -
ഒരച്ഛൻ.
പ്രാർത്ഥനയുടെ പതാകകളെവിടെ !

ഇനിയെനിക്ക് ഗാഢമായൊന്നുറങ്ങണം
മണ്ണിലൊരു മൗനവേരായ്
സ്നേഹ ഉറവകൾ തേടി
പെൺ സൗഹൃദങ്ങളുടെ
പുതുതെഴുപ്പുകളുടെ
മാറ്റത്തിൻ്റെ സ്ഫുരണതലത്തിൽ
ഒരു പച്ചപ്പായ് ഉറക്കമുണരണം