malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020 ഡിസംബർ 27, ഞായറാഴ്‌ച

പേര്


പ്രിയേ,
കാലം കരുതിവെച്ച കായ്കനികൾ
നാം ഭക്ഷിക്കുക തന്നെ ചെയ്യും !

വാകപ്പൂവിൻ്റെ ചുവപ്പാലും, മഞ്ചാടി -
മണികളുടെ ത്രസിപ്പാലും
സ്നാനം ചെയ്യപ്പെട്ടവർ നമ്മൾ

നാം നമ്മിൽ തമ്മിൽ വരച്ചു ചേർത്ത
രക്തഛായയ്ക്ക്
പ്രണയമെന്നല്ലാതെ മറ്റെന്തു പേരിട്ടു -
വിളിക്കും

2020 ഡിസംബർ 26, ശനിയാഴ്‌ച

വാക്ക്


എന്നോ ഞാനെഴുതിയ
കവിതകളോരോന്നായ് തിരിച്ചുവരുന്നു
ഒന്നിന് മൂക്കില്ല
ഒന്നിന് മുലയില്ല
മറ്റൊന്നിന് വിരലില്ല
വേറൊന്നിന് നാവില്ല
ഇനിയും വേറൊന്നിന് മിണ്ടാട്ടമേയില്ല

എങ്ങോട്ടായിരിക്കും ഇവയൊക്കെ ഇറങ്ങി -
പോയിട്ടുണ്ടാവുക?
എങ്ങുനിന്നാണ് വന്നിട്ടുണ്ടാവുക?
കാശ്മീരിൽനിന്നോ
ഉന്നാവിൽനിന്നോ
ഹൈദരാബാദിൽനിന്ന്
ത്രിപുരയിൽനിന്ന്
ജെ.എൻ.യുവിൽ
ജാമിയാമിലിയിൽ
ഇല്ല, എനിക്കറിയില്ല.

ഞാൻകേട്ട നിലവിളികൾ:
ദേവാലയത്തിന്റെ അകത്തളത്തിൽനിന്ന്
തെരുവീഥിയിൽനിന്ന്
കുറ്റിക്കാട്ടിൽനിന്ന്
അഗ്നിയിൽനിന്ന്
കരവാളത്തിൽനിന്ന്
രാത്രിയുടെ ശിഖരത്തിൽനിന്ന്
പുലരിയുടെ മഞ്ഞിൻ തലപ്പിൽനിന്ന്
ഇവരുടേതായിരിക്കുമോ?

ഞാനെല്ലാറ്റിനേയും ഒന്നുകൂടി സൂക്ഷിച്ചുനോക്കി
അപ്പോഴാണറിഞ്ഞത്
വാക്കുകൾ
വെറും വാക്കുകളല്ലെന്ന്
വാളിനേക്കാർമൂർച്ചയുണ്ടെന്ന്
വാക്ക് വരകളെന്ന്
നോക്കിൽ ചിത്രങ്ങളെന്ന്
ആശയവിനിമയോപാധിയെന്ന്
ചിലരുടെ ഉറക്കം കെടുത്തുന്നുവെന്ന്

ഈ പ്രായത്തിലും
നിസ്സാരനീ നിന്റെ ചോരയ്ക്ക് ഇത്രയുംതിളപ്പോ?!
കവിതകളെല്ലാം വട്ടംചുറ്റിനിന്ന് ചോദിക്കാതെ -
ചോദിക്കുന്നു.

ഇനിയെന്നായിരിക്കും
അവർ എന്നെത്തേടിവരുന്നത്.
.....................
രാജു.കാഞ്ഞിരങ്ങാട്
ചെനയന്നൂർ
കാഞ്ഞിരങ്ങാട് .പി.ഒ
കരിമ്പം .വഴി
തളിപ്പറമ്പ്- 670 142
കണ്ണൂർ ജില്ല
കേരള
ഫോൺ: 9495458138

2020 ഡിസംബർ 24, വ്യാഴാഴ്‌ച

മന്നിലെ സ്നേഹപ്പുൽക്കൂട്ടിൽ.....!


മഞ്ഞു പൂക്കുന്നൊരു നാളുവന്നു
മഞ്ഞക്കിളികളും കൂട്ടു വന്നു
മൗനങ്ങളെല്ലാമെ പോയ്മറഞ്ഞു
മന്ദാര പൂങ്കാറ്റും പെയ്തു നിന്നു

മന്നിലെ സ്നേഹപ്പുൽക്കൂട്ടിലന്ന്
മന്നനാമേശുഭൂജാതനായി
മന്ദസ്മിതം തൂകി വാനിടത്തിൽ
മന്ദംഗമിപ്പു നക്ഷത്രമൊന്ന്

മണ്ണിതിൽ ശാന്തി സമാധാനത്തിനായ്
മനതാരിൽ സത്യസരയുവാകാൻ
മിഴിവേറും സ്വപ്നങ്ങൾ പങ്കുവെയ്ക്കാൻ
മന്നനാമേശു ഭൂജാതനായി


സുഗതകുമാരി



അമ്മേ കവിതേ,
വിശുദ്ധിതൻ അമ്പലമണിമുഴ-
ക്കമായ്നീയെന്നിൽ നിറയുന്നു
തുലാവർഷപ്പച്ചയായ് ,ക്കുറിഞ്ഞിപ്പൂക്കളായ്
രാത്രിമഴയായെൻ വിങ്ങും നെഞ്ചിൻനടവരമ്പിൽ
കൃഷ്ണകവിതയായ് പൂത്തുനിൽക്കുന്നു

അമ്മേ കവിതേ ,
നിൻ കവിതതൻ മുത്തുച്ചിപ്പിയിൽ നിന്നും
ഒരു മുത്തു പോലുമെടുക്കാൻ ഞാനശക്തൻ
കലർപ്പറ്റ കവിതതൻ ഉറവയായ്
അറിവിൻ നിറകുടമായ്
പ്രകൃതിയാമമ്മയ്ക്കുമമ്മയായ് !
സ്നേഹമായ് ശക്തിയായ് കാത്തുരക്ഷിപ്പ -
വൾനീ

അമ്മേ കവിതേ,
ശാന്തികവാടത്തിലെങ്കിലും
ഒഴിയാത്തൂലികയായ് നീയെന്നിൽ വിരാജിക്കും
സുഗതവാക്യമായെൻ ഹൃദയ തന്ത്രിയിൽ
മീട്ടി നിൽക്കും കാവ്യതന്തു

2020 ഡിസംബർ 23, ബുധനാഴ്‌ച

കവിയും,കവിതയും


കാണുന്നതെല്ലാം സത്യമെന്ന്‌ -
കരുതിയേക്കരുതേ...!
കവിതയും!
കവിക്കുള്ളിലെ കലങ്ങിയ കിണ -
റാണ് കവിത
കവിതയ്ക്കുള്ളിലെ,യാഴം ഉരുണ്ടഭൂമി
പരന്നു കാണുന്നതുപോലെയും.

ഒരിക്കലും ജയിക്കാത്ത ഒരു കളിയിലാണ് -
ജീവിതം ഏർപ്പെട്ടിരിക്കുന്നത്
കൗരവരുടെ ദുരാഗ്രഹത്തിൻ്റെചൂതുകളി -
യിൽ
വിജയമെന്ന് തോന്നിക്കുന്ന ചിലതൊക്കെ -
കാണും
പാണ്ഡവരുടെ സത്യമാകുന്നു മരണം

കളിക്കളത്തിൽ കൂടെയുണ്ടെന്ന തോന്നലി-
ലാണ് നാം കളിക്കുന്നത്
കവിതയെന്നും ഒറ്റയ്ക്കാണ് !
ഏറ്റെടുത്തവരൊക്കെ കയ്യൊഴിയും
യേശുവിനെ ഒറ്റുകൊടുത്തതുപോലെ

മരിച്ചവൻ്റെ ഉയിർത്തെഴുന്നേൽപ്പാണ് -
കവിത

2020 ഡിസംബർ 16, ബുധനാഴ്‌ച

ആത്മഗതം


കടല കൊറിച്ചു കൊണ്ട് നിങ്ങൾ
കടലിനെക്കുറിച്ചും പ്രളയത്തെക്കുറിച്ചും
സംസാരിക്കുന്നു
എത്ര നിസ്സാരം
കൈയിൽ പറ്റിയ ചളി കഴുകികളയുമ്പോലെ
സാധാ ജീവിതത്തിലെത്തിക്കുവാൻ കഴി-
യുമെന്ന് വീമ്പിളക്കുന്നു.

അതേ കടലകൊറിച്ചു കൊണ്ട് നിങ്ങൾ
കടത്തേക്കുറിച്ചും രാജ്യത്തെ പൊതുസ്ഥാപ
നങ്ങൾ വിൽക്കുന്നതിനെക്കുറിച്ചുംസംസാരി
ക്കുന്നു
എത്ര ലാഘവത്തോടെ
അനിവാര്യമായതെന്ന് അടിവരയിട്ട് അഭിനന്ദി
ക്കുന്നു.

ജനതയുടെചിന്തയുടെ പഴുതടയ്ക്കാൻ പരിശ്ര
മിക്കുമ്പോൾ
ഒന്നോർത്തോളു
നിങ്ങളുടെ അടിത്തറകൂടിയാണ് ഇളക്കുന്നത്.

ചിലരുണ്ട് ചാനലിൽ ചാരിനിന്ന് ചർച്ചിച്ച് -
ചർച്ചിച്ച്
ചതി തന്നെ ചിതമാക്കിയവർ
അവരറിയുന്നില്ല
അവന്റെ പണിയാലയിലേക്ക് ഒഴുകുന്ന
പണം കൊണ്ട് ഉലയിൽ പഴുപ്പിച്ച് നിട്ടിയും,
കുറുക്കിയും എടുക്കുന്നതു പോലെ തന്നെ
യായിരിക്കും തന്റേയും അവസാനമെന്ന്!

'വാളെടുത്തവൻ വാളാലെന്ന് ' കോപ്പിയെഴുതി
പഠിച്ച നീയിന്ന്
പഠനമുറിയിലിരുന്ന് കപട ഗ്രന്ഥങ്ങൾ രചിക്കുന്നത്
കാലത്തിന് രുചിക്കുന്നില്ലെന്ന് ഒരിക്കൽ തിരി -
ച്ചറിയും
നിന്റെ ജാലക കാഴ്ചയല്ല ഭാവിയുടെ ജാതകം ഗണിക്കുന്നത്
നിന്റെ ജാതകം തന്നെ നിന്റെ അന്തകനെന്ന്
നീ തിരിച്ചറിയാതിടത്തോളം കാലം

2020 ഡിസംബർ 14, തിങ്കളാഴ്‌ച

പ്രതീക്ഷ

 

പ്രതീക്ഷ

മുതുക് മുന്നേ കുനിഞ്ഞുപോയ്
പ്രാണനും കൈയിൽപിടിച്ചാണ് നടപ്പ്
വേട്ടയാടുന്നു വാക്കിൻ്റെ വടുക്കൾ
വേടൻ്റെ അമ്പിൻ മൂർച്ച ഇതിലും ഭേദം

ഇന്നോളമറിഞ്ഞില്ല ഒരു രുചിയും
ഇന്നോളമേറ്റില്ല ഒരു തണുവും
തുണയില്ലാതെ തളർന്നു പോയവൻ
പഴന്തുണിക്കെട്ടായ് മാറ്റിയിടപ്പെട്ടവൻ

തിരസ്കാരങ്ങളിലേക്കു തിരിച്ചു
ചെല്ലാനില്ല
ജാടയും, നാട്യവുമറിയില്ല
വിലാപങ്ങളുടെ വിളിപ്പുറം എൻ്റെ ഭവനം
മുറിവുകൾ ഒരുക്കിത്തരുന്നു,യെനി-
ക്കു ശയ്യ

വാക്കുകൊണ്ടു നിങ്ങൾ വേരറുക്കുന്നു
വേഗത്തിലാഴുമെന്നതിനാൽ.
ജീവിതത്തിൻ്റെഏതു തിരിവിൽ
വെച്ചായിരിക്കും
എന്നെയൊരു ഗർജനം സ്നേഹത്തോടെ
സ്വീകരിക്കുക!