malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021 മാർച്ച് 31, ബുധനാഴ്‌ച

ഒറ്റമരം


ഒറ്റമരത്തെ നിങ്ങൾ കണ്ടിട്ടില്ലെ?
തടിച്ചുകൊഴുത്ത് ,
പടർന്നുപന്തലിച്ച്
അങ്ങനെ ഒരു നിൽപ്പുണ്ട്

കാണുന്നവർ പറയും:
പരമസുഖം, ഒറ്റാന്തടി
കാഴ്ചക്കാർക്കറിയില്ലല്ലോ
കദനത്തിൻ്റെ കയ്പ്പുനീർ കുടിച്ചെന്ന്.

ഓർത്തിട്ടുണ്ടോ നിങ്ങൾ ഒറ്റമരത്തിന് -
ഓർച്ചനേരങ്ങളിൽ
ഒന്നു ചായാൻ,ചരിയാൻ, ഒതുക്കത്തോടെ -
ചേർന്നു നിൽക്കാൻ
ചിരിയുടെ ചില്ലകൈകളാൽ ഒരുസാന്ത്വന
മേൽക്കാൻ എത്ര കൊതിക്കുന്നുണ്ടാകും

അർത്ഥംവെച്ചുള്ള ,അശ്ലീലച്ചുവയുള്ള
ഭ്രാന്തൻ കാറ്റിൻ്റെ ഭർത്സനം,
കാടൻ മഴയുടെ കല്ലുവാരിയെറിയൽ,
ഇരുട്ടിൻ്റെ കണ്ണുരുട്ടൽ, പകലിൻ്റെ കുത്തി -
നോവിക്കൽ.

ഒറ്റമരത്തെ
ഓർമ്മ മരമെന്നോ,
കണ്ണീർ മരമെന്നോ
എന്തു പേരിട്ടാണ് വിളിക്കേണ്ടത്?!

2021 മാർച്ച് 30, ചൊവ്വാഴ്ച

അന്നൊരു നാളിൽ


തൊണ്ണൂറുകളിലാണ്
കമ്പനി പ്പണിയാണ്
നാലുമണിക്കുള്ള ഷിഫ്റ്റിലാണ്
സമയം, പുലർച്ചെ മൂന്നരയാണ്
അരക്കിലോ മീറ്റർ നടക്കണം

കവിതയേർത്ത്
നടന്നു നടന്ന് കമ്പനിഗെയ്റ്റിലെ -
ത്താറായി
പിന്നിൽ നിന്നൊരു ശബ്ദം
തിരിഞ്ഞു നോക്കിയപ്പോൾ
വടിയും കുത്തി ഒരമ്മൂമ്മ!
നാവുനീട്ടി അണച്ചുകൊണ്ട്
നരിപോലൊരുനായ !!

ഞെട്ടി തരിച്ചു പോയെങ്കിലും
ശബ്ദം ശരിയായി പുറത്തു വന്നി-
ല്ലെങ്കിലും
'ആരാ' - ന്ന് ചോദിച്ചെങ്കിലും
കേട്ടതായി നടിച്ചില്ല അമ്മൂമ്മ
കണ്ടതായി നടിച്ചില്ലനായ

വേഗം നടന്ന് ഗെയ്റ്റ് തുറന്നകത്തു -
കയറി
കുറ്റിയിട്ട് നോക്കുമ്പോൾ
എങ്ങുമില്ല അമ്മൂമ്മ !!!
കൂടെയുള്ള നായ !!!

അപ്പോഴാണ് ശരിക്കുംഞെട്ടിത്തരിച്ചു -
നിന്നു പോയത്
കാൽ വിറച്ച് നടക്കാൻ കഴിയാതായത്
കവിതയെങ്ങോട്ടോ കാണാതെ പോയത്.

പിന്നെയിന്നോളം കണ്ടിട്ടില്ല ആ കവിതയും
അമ്മൂമ്മയും, നായയും


2021 മാർച്ച് 27, ശനിയാഴ്‌ച

നേർക്കാഴ്ച


അമ്മ കുടുംബ സീരിയലിൽ
കഴുത്തോളം കണ്ണീരിൽ

അച്ഛൻ തെരുവിൽ മദ്യലഹരിയിൽ
സിനിമാ പോസ്റ്ററിലെ സുന്ദരിയുടെ -
മൂർദ്ധാവിൽ മൂത്രിക്കുന്നു

മകൻ പോർണോസൈറ്റിലെ
നീലത്തിരയിൽ

അകത്ത് പൂച്ച പാലുകുടിക്കുന്നു !
മകളും ആൺ സുഹൃത്തും ഒളിച്ചോടി
വാർത്താ മാധ്യമങ്ങളിലേക്ക് -
എടുത്തുചാടുന്നു

നേർരേഖ


ഒരാൾക്ക് അധികദൂരം സഞ്ചരിക്കുവാൻ -
കഴിയില്ല
മറ്റൊരാളുടെ കൂടെ
യാത്രയ്ക്കിടയിൽ എവിടെ വെച്ചും ഏതു
സമയത്തും
ഒറ്റയായിപ്പോയേക്കാം

ഇഷ്ടത്തിൻ്റെ ദൈർഘ്യത്തേക്കാൾ
കൂടുതലാണ്
കഷ്ടത്തിൻ്റെ ദൈർഘ്യം
കാത്തിരുന്ന നഷ്ടങ്ങളെക്കുറിച്ചോർത്തിട്ട്
കാര്യമില്ല

കവിതയുടെ കൈയും പിടിച്ച്
ഏകാന്തതയിലൂടെ ഭാവനയിലേക്കൊന്ന്
നടക്കണം
ജീർണ്ണിച്ചതെങ്കിലും അതിരുകളിൽ ഉപേക്ഷി-
ച്ചു പോയ ഉടുപ്പുടവകളെ ഓർക്കണം

പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ
പ്രതീക്ഷിക്കാത്ത കരങ്ങൾ
ഒരു താങ്ങായേക്കും
അപ്രതീക്ഷിത നേരങ്ങളിൽ
മനസ്സിൽ നിറഞ്ഞു നിൽക്കുന്നൊരാളിൽ നിന്ന്
താഡനമേറ്റേക്കും

ജീവിതത്തിൻ്റെ നേർരേഖകൾ
കണ്ടവരാരുമില്ല
ജീവിത കുപ്പായങ്ങൾക്ക്
ഒരേ അളവല്ല

2021 മാർച്ച് 24, ബുധനാഴ്‌ച

അടയാളപ്പെടുന്ന ജീവിതങ്ങൾ


ആനന്ദത്തിനും, വേദനയ്ക്കുമപ്പുറം
ഒരവസ്ഥയുണ്ടോ?!
ഉണ്ടെന്നാണ് ചില ജീവിതങ്ങൾ
ജീവിച്ചു കാണിച്ചുതരുന്നത് !

വാക്കുകൾ ലോപിച്ച് ലോപിച്ച്
മൂകത മുഴച്ചു നിൽക്കുമ്പോൾ
മനസ്സിനകത്ത് ഒരു ഡെവലപ്പിങ്
ഡാർക്ക് റൂം രൂപം കൊള്ളുന്നുണ്ടാകാം!

ഏതോ ഒരു ചിന്താരൂപം അവരോട്
സംസാരിക്കുന്നുണ്ടാകാം
നിർവ്വികാരതയുടെ മൂടുപടത്തിനുള്ളിൽ
നിർവ്വാണസുഖം അനുഭവിക്കുന്നുണ്ടാകാം

തൃഷ്ണകളില്ലാത്ത കൃഷ്ണമണികൾ -
നിങ്ങൾ കണ്ടിട്ടുണ്ടോ?
വാക്കുകളില്ലാതെ ചുണ്ടുകൾ സംസാരി
ക്കുന്നത് കണ്ടിട്ടുണ്ടോ?
അകത്തളങ്ങളിൽ അടയാളപ്പെട്ടുകിടക്കുന്ന
ചില ജീവിതങ്ങൾ
ആനന്ദത്തിനും, വേദനയ്ക്കുമപ്പുറം നിന്നു
കൊണ്ട്
ജീവിതമെന്തൊന്ന് ജീവിച്ചു കാണിച്ചുതരുന്നു -
ണ്ട് നമുക്ക്

അപ്പനെ ഓർക്കുമ്പോൾ


അപ്പനെ അടക്കം ചെയ്തിടത്ത്
ഒരു പച്ചപ്പ്മുളയിടുന്നു
അപ്പൻ്റെ ഒരു തുള്ളി ഉപ്പ്
അതിൽ ഉണ്ടായേക്കാം

അപ്പനെന്നും താങ്ങും തണലുമായിരുന്നു
ഈ പച്ചപ്പിലൂടെ ജീവിതം
പച്ച പിടിപ്പിക്കേണ്ടതിനെക്കുറിച്ച് ഓർമ്മി-
പ്പിക്കുകയാകാം
പച്ച തൊടാതെ പോയ ഒരു ജീവിതമായിരു-
ന്നല്ലോ അപ്പൻ്റേത് !

വേവുകാലം മാറുന്നേയില്ല
എനിക്ക് എന്നിലേക്ക് തിരിച്ചു പോകാൻ
കഴിയുന്നില്ല
കരയിലകപ്പെട്ട മത്സ്യം പോലെ പിടയുന്നു -
ഉള്ളം

ഈ പച്ചപ്പെന്നെ അപ്പൻ്റെ വിരലുകൾ പോലെ
കിക്കിളിപ്പെടുത്തുന്നുണ്ട്
ഓർമ്മകളുടെ നനുത്ത തൂവലിനൊപ്പം
വേദനയുടെ കൊടുംവേനലും കാണിച്ചുതരുന്നുണ്ട്

ഞാൻ;
ഉത്തരം കിട്ടാത്ത ചോദ്യം
കൊഴിഞ്ഞു വീണ ഒരില
തെറ്റിയോടുന്ന സമയസൂചി
തൊട്ടു വിളിക്കുന്നുണ്ട് പച്ചപ്പ്
അപ്പനെന്നും ഒപ്പരമുണ്ടെന്ന് പറയുന്നതാകാം

2021 മാർച്ച് 21, ഞായറാഴ്‌ച

രണ്ടു കവിതകൾ


ഭർത്താവ്


വിതച്ച്
വളമിട്ട്
വെള്ളമൊഴിച്ച്
മടുക്കും വരേ പണിതിട്ടും
ഇത്തിരി മാത്രം ഫലം തരുന്ന
ഒരു വൃക്ഷം


കാമുകൻ


പാഴ് വിത്തെന്നു കരുതി
എറിഞ്ഞു കളഞ്ഞിട്ടും
ഫലസമൃദ്ധിയാൽ
ചില്ലകൾ താഴ്ത്തി നിൽക്കുന്ന
വൃക്ഷം