malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021 സെപ്റ്റംബർ 12, ഞായറാഴ്‌ച

വീടില്ലാത്തവൻ്റെഓർമ്മ


കുഞ്ഞുനാളിൽ വരച്ചുകളിച്ചു
മലകൾ, മേഘങ്ങൾ, പറക്കുന്നപക്ഷി,
ഒറ്റത്തെങ്ങ്, വാടിവീഴുന്ന തെങ്ങോല,
തോട്, തോണിക്കാരൻ, കൈവരി

ഉദിച്ചുയരുന്ന സൂര്യൻ്റെചെങ്കതിർ,
നീന്തുന്നഅരയന്നം
കുഞ്ഞുവീടിൻ്റെ കിളിവാതിലിലൂടെ -
ഞാൻകണ്ടു
ഇലയിൽവീണ മഞ്ഞിൻ്റെഒറ്റത്തുള്ളി

എന്താകുമത്....?!

വെയിൽകുടിച്ച് ആവിയാക്കി
ആകാശത്തേക്കയക്കുമോ?
കുറുമ്പൻകാറ്റുവന്ന് താഴേക്ക്
തള്ളിയിടുമോ?
ഇലകൈയിനാൽ ഇറുകെപിടിച്ച്
പുണർന്നുനിൽക്കുമോ ?

വരച്ചവീടിൻ്റെ ഓർമ്മയുടെമുറ്റത്ത്
ഞാൻനിൽക്കുന്നു
വീടില്ലാത്തവൻ്റെ വീട്ടുവിചാരത്തിൽ
ഇലയോടെപിഴുതുവീണ മഞ്ഞുതുള്ളി
നെഞ്ചിൽകിടന്ന് ഉരുകിയൊലിക്കുന്നു

മൗനവും തേടി


മഹാമൗനവും തേടിയവൻ -
വനത്തിലേക്കുനടന്നു
എവിടെയാമൗനം ?!
വനത്തിൽ മൗനമെന്നാരുചൊല്ലി?

മനസ്സെത്രമലീമസം, ചിന്തകൾ -
ചുറ്റുംപറക്കുന്നു
തെന്നിമാറും ചിന്തയിൽ
വനമൊരു പത്തനമായ്മാറുന്നു

മെലിഞ്ഞ ചെട്ടിച്ചികളെപ്പോലെ -
പൂക്കളുമായ് കാത്തുനിൽക്കുന്നു -
കുറ്റിച്ചെടികൾ
ഭിക്ഷതെണ്ടും മെല്ലിച്ചശരീരങ്ങളെ-
പ്പോലെ
തെണ്ടിനടക്കുന്നു ശവംതീനിയുറു-
മ്പുകൾ

അങ്ങാടിയിലെന്നപോലെ അടങ്ങാത്ത
കലപിലശബ്ദങ്ങൾ
ധൃതിപിടിച്ചങ്ങുമിങ്ങും പറക്കുംപക്ഷികൾ.
വനാന്തരമൊരുമധുശാല
മധുനുകർന്നുമദോന്മത്തരായി വിലസുന്നു
ഭൃംഗങ്ങൾ, ചെറുചെറുപക്കികൾ

ചിലപ്പോൾ കാടൊരമ്മ
കരവലയത്തിലൊതുക്കിസംരക്ഷിപ്പവൾ,
ഉൺമതൻ കഥപറഞ്ഞുതരും മുത്തശ്ശി,
ചിത്രകഥയിലെ രാക്ഷസക്കോട്ട ,
കാടൊരുകാമുകി, ബലംപ്രയോഗിച്ചു -
കീഴടക്കാൻകഴിയാത്ത പ്രണയിനി

മൗനമെവിടെ?
മഹാമൗനവും തേടിയലയുന്നുയിന്നു -
മവൻ !

പ്രണയപ്പൂവ്


കടലിരമ്പുന്ന കാലത്തിൻ്റെ -

കരയിൽ അവരിരിക്കുന്നു

അവളുടെ മൗനത്തിൽ
മൗനമുരുക്കിച്ചേർത്ത് അവൻ

അവരിലെ ഓളത്തിമർപ്പവർ
അറിയുന്നു
വെള്ളിത്തിളക്കമുള്ള മീനുകളാ-
യിരുന്നു
അവരുടെ കണ്ണുകൾ

ഉമ്മകൾ പതുങ്ങിയിരിക്കുന്ന
ചുണ്ടുകൾ
കിളിർത്തുപൊന്തുന്ന എന്തൊക്കെ
യോപറയാനുള്ള തരുതരുപ്പിൽ
നേരിയതായി അനങ്ങുന്നുണ്ട്

ഏതു പൂവിൻ്റെ നിറമാണ്
പ്രണയപ്പൂവിന് ?!

2021 സെപ്റ്റംബർ 11, ശനിയാഴ്‌ച

രോഗശയ്യയിൽ

അസ്ഥിയിലഗ്നിസഞ്ചാരം

സിരകളിൽ സർപ്പസീൽക്കാരം

മനസ്സിൽ ശ്യാമസംഗീതം

നെഞ്ചിൽ തപിക്കുന്നഗ്രീഷ്മം


ഞരമ്പിൻ വരമ്പത്തിരുന്ന് 

അർബുദപൂനോക്കി നിൽക്കേ

ദക്ഷിണമാർഗമെൻ മുന്നിൽ

മഹാമൗനസമുദ്രമായ് നിൽപ്പൂ


സത്യപീഠങ്ങളേ സാക്ഷി

നിത്യകർമ്മങ്ങളേ സാക്ഷി

ഔഷധഗന്ധം പരത്തും

ശ്യാമകാലങ്ങളേ സാക്ഷി


പല്ലിളിക്കുന്നു സ്വപ്നങ്ങൾ

ഹൃത്തിൻ കൊമ്പിൽ തൂങ്ങുന്നു -

മോഹങ്ങൾ

ചിന്തതൻ ചിതൽപ്പുറ്റിനുള്ളിൽ

ഉറുമ്പുകൾ ഉമ്മവെയ്ക്കുന്നു


ഹരിതങ്ങൾ മെല്ലെമായുന്നു

ശ്യാമങ്ങൾ നൃത്തമാടുന്നു

മനസ്സിൻപടിഞ്ഞാറ്റ മുറിയിൽ

വെന്തതേങ്ങതൻ ഗന്ധമുയരുന്നു

2021 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

വിചാരണ


ആടിൻ്റെ കാലടി നോക്കി നടന്നു
കാലടി കയറിപ്പോയത് ഗുഹയിൽ
മാളത്തിൽ നിന്നും കേൾക്കാം മേളം
രേഖപ്പെടുത്താത്ത കടലിൻ്റെ രോധനം

കപ്പൽച്ചേതത്തിൽപ്പെട്ട നാവികൻ ഞാൻ
നോവും ഹൃദയത്തിൽ ഓർമ്മതൻ
പൊള്ളും തുള്ളികളുടെ വീണു പൊട്ടൽ

മഴനൂലുകൾക്കപ്പുറം ആട്
മിഴിനീരുകൾക്കിപ്പുറം ഞാൻ
ആഴത്തിലെവിടെയോ ഒരു നോവ്

ഞങ്ങൾ രണ്ടു ദൂരത്തിൽ സഞ്ചരിക്കുന്നു
ഗുഹയിപ്പോൾ നിശ്ശബ്ദ കുടീരം
ഗന്ധക മഴയുടെ ഗന്ധം

കൃത്യമായി എഴുതപ്പെടാത്ത ഒരു വാചകം
പദപ്രശ്നത്തിൽ വിട്ടു പോയ അക്ഷരം

അക്ഷമയും, പ്രതീക്ഷയും
അകത്തു കടന്നു
ഗുഹയ്ക്കുള്ളിൽ ചെന്നായകൾ
മനുഷ്യരെ വിചാരണ ചെയ്യുന്നു

വാർദ്ധക്യത്തിൽ


കാത്തു വെച്ച കാമനയുടെ
പരിപ്രേക്ഷ്യം പോലെ
വാർദ്ധക്യത്തിൽ ഒരുവ(ൾ)ൻ
എല്ലാമുപേക്ഷിച്ച് കാട്ടിലേക്കു -
പോകുന്നു !

എല്ലാറ്റിനും ശമനമാകുന്ന
ആദിമ കൂരയിലേക്ക്

അവർ അന്തർദാഹത്താൽ -
പിടയുന്ന
പ്രണയ മരുഭൂമികൾ

കാത്തു കാത്തു വെച്ച
പുളിമരക്കാടുകൾ

പരിഭവവും, പരാതിയും
എന്നേക്കുമായി പരണത്ത്
കെട്ടിവച്ചവർ

അവിടെ ഉടയാടകളെല്ലാം
ഉരിഞ്ഞു പോകുന്നു

ആസക്തികൾ മറികടന്ന്
നഗ്നരാകുന്നു

തൃപ്തിയും, എതിർപ്പും
മാഞ്ഞു പോകുന്നു

ആത്മയാനങ്ങളുടെ ആന്തോളന-
ങ്ങളിൽ ആടിക്കളിക്കുന്നു

ഓർമ്മയിൽ കൊത്തിവച്ചവയെ
കണ്ടെടുക്കുവാൻ
കല്ലിടുക്കുകളിലൂടെ, വനാന്തരങ്ങളി-
ലൂടെ
സഞ്ചരിക്കുന്നു

മോഹമരുപ്പച്ചയിലേക്ക്
മേഘ തണു പൂക്കളായ് നിപതിക്കുന്നു

വാർദ്ധക്യത്തിൽ
കൂട്ടില്ലാത്തവ (ൾ ) ന് കൂട്ടിനായ്
സ്വയം ഒരു കൂര ചമയ്ക്കുന്നു

2021 സെപ്റ്റംബർ 8, ബുധനാഴ്‌ച

ജീവൻ



കൂർത്തമുനയിൽ കോർത്തുവച്ചതാണ് ജീവൻ

എപ്പോഴാണ് നെഞ്ചുതുളച്ച്

ചുവന്നു പോകുന്നതെന്നറിയില്ല


കരിമ്പനയിൽ കാത്തിരിപ്പുണ്ടാകും -

യക്ഷി

ഇത്തിരിചുണ്ണാമ്പിനായി തിരഞ്ഞു -

കൊണ്ടിരിക്കുന്നുണ്ടാകും

വ്യാഘ്രം വഴിയിലുണ്ടെന്ന്

മുയൽക്കുഞ്ഞിനറിയാം

ഏതുവളവിലെന്നുമാത്രം അറിയില്ല


നൃപൻ്റെ നൃശംസതയിൽ

നിരാലംബജനത

ജീവകോശത്തിനുള്ളിൽ

കൂടുകൂട്ടികൊറോണ


വായുവിൻ്റെകരയിൽ വായുവിനായി

പിടയുമ്പോൾ

വേദനഞരമ്പുകളിൽ

രക്തമുറയുമ്പോൾ

കൂടുവിട്ടുകൂടുമാറുന്ന

പക്ഷിയാകുന്നുജീവൻ


നൃപൻ ശത്രുവിനെതിരഞ്ഞുകൊ-

ണ്ടിരിക്കുന്നു

രക്തത്തിലൂടെ

ശവത്തിലൂടെ

തേരുതെളിക്കുന്നു


ആലംബഹീനർ

അരികുപറ്റി നിൽക്കുക

അന്തപ്പുരത്തിലേക്കെത്തുന്ന

ഔഷധത്തിന് ആരാധനയർപ്പിക്കു