malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021 സെപ്റ്റംബർ 29, ബുധനാഴ്‌ച

മഴയോർമ്മ


മഴ അലമുറയിടുമ്പോൾ
അമ്മയെ ഓർമ്മവരും
ഒരു മഴത്താണല്ലോ
മറിഞ്ഞുവീണമരമ്പോലെ -
യച്ഛൻ
കല്ലിടുക്കിൽ വീണു മരിച്ചത്

മഴ തലയിട്ടടിക്കുമ്പോൾ
അമ്മയെ ഓർമ്മവരും
അതിനു ശേഷമാണല്ലോ
ഭ്രാന്തൻ മഴയെന്നു പറഞ്ഞ്
അമ്മ കമ്പിയിൽ തലയിട്ടടി -
ക്കാൻ തുടങ്ങിയത്

ചിങ്ങവെയിലിലെ ചിരിമഴയും
അമ്മയെ ഓർമ്മിപ്പിക്കും
ചങ്ങലക്കിലുക്കമായ് ചിരിച്ചു
തുള്ളിയതും ഒരു ചിങ്ങത്തി -
ലാണല്ലോ

മരുന്നു മണക്കുന്ന മുറിയിലിന്ന്
അമ്മമണം കൂട്ടിനുണ്ട്
ഒഴിഞ്ഞ കട്ടിൽ മടിത്തട്ടായുണ്ട്
അച്ഛൻ്റെ നെഞ്ഞൂക്കിൽ മുട്ടമർ-
ത്തി വെച്ച് ഞാൻ പറ്റിക്കിടക്കുന്നു

മുറിയുടെ മൂലയിൽ തരിമ്പും തുരുമ്പി -
ക്കാതെ
കാത്തിരിപ്പുണ്ടൊരു ചങ്ങല


2021 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

കറുത്ത പുക


പർദ്ദക്കുള്ളിലെ പെരുങ്കടൽ -
കണ്ടിട്ടുണ്ടോ?!
ഹൃദയത്തിലുള്ളതല്ലാം
ഭയംകൊണ്ടും വേദനകൊണ്ടും
കത്തിച്ചുകളയേണ്ടി വരുന്നവരെ
സ്വപ്നങ്ങൾപോലും നിരോധിക്ക-
പ്പെട്ട ഒരുജനതയെ

കണ്ണിൽച്ചോരയില്ലാത്ത കാട്ടാളരുടെ
കലാപഭൂമിക
ചോരകൊണ്ട് ചോദ്യവും, ഉത്തരവും
എഴുതപ്പെടുന്നത്
കാബൂളിലെ കറുത്തപുക

കവിതകൾക്ക് കൂച്ചുവിലങ്ങിടുന്ന,
ബലാത്സംഗം ചെയ്യപെടുന്ന,
കത്തിച്ചുകളയപ്പെടുന്ന ഒരുരാജ്യത്തെ
എന്തുപേരിട്ടു വിളിക്കും നാം

2021 സെപ്റ്റംബർ 26, ഞായറാഴ്‌ച

നേരെവിടെ.....!


നാടെത്ര നാവെത്ര
നാട്ടറിവിൻ ചൂരെത്ര
ചരിത്രച്ചോരപ്പാട്
പതിഞ്ഞുള്ളൊരേടെത്ര

കതിരുണരും ആദിത്യ
കണ്ണിൻ്റെചൂടെത്ര
മാനംപോയ് മണ്ണടിഞ്ഞ
പെണ്ണിൻ്റെ കഥയെത്ര

കീഴാളച്ചാളകളിൽ
കുടിനീരു കിട്ടാതെ
കരിന്തിരിയായ്സൂര്യൻമാർ
കത്തിപ്പൊലിഞ്ഞതെത്ര

പാടത്തും പറമ്പത്തും
രാപ്പകലുകളില്ലാതെ
മേലാളൻമാർക്കായി
കനകം വിളയിച്ചും
കഴുമരക്കയറിലാടി
കടന്നുപോയ ജീവനെത്ര

മാടനും,മറുതയും
പാഞ്ഞെത്തും പാതിരാവിൽ
മഴയത്തും മഞ്ഞത്തും
മാടത്തിനു കാവൽ നിൽക്കെ
മറ്റാരുമറിയാതെ മണ്ണിൽ -
മാഞ്ഞവരെത്ര

കന്യകയെ തമ്പ്രാന് കാഴ്ച്ച -
വെച്ചുള്ള കാലം
അടിയാൻ്റെ മക്കൾക്ക്
തമ്പ്രാൻ പേരിട്ടകാലം
കൂട്ടിയാൽ കൂടാത്ത നഷ്ടത്തിൻ
കണക്കെത്ര

അറിയാക്കഥ ചൊല്ലാക്കഥ
കഥയെത്ര മാളോരെ
നാടെല്ലാം മാറിപ്പോയ്
നാട്ടറിവും മാറിപ്പോയ്
നേരിൻ്റെ നറുംപാല്
എവിടെയുണ്ട് മാളോരെ





2021 സെപ്റ്റംബർ 20, തിങ്കളാഴ്‌ച

തീവണ്ടിയിലെ ടോയ്ലറ്റ്


തീവണ്ടിയിൽ കയറിയാൽ
ആദ്യംടോയ്ലറ്റിലേക്കു തന്നെ
പോകണം

മൂക്ക്പൊത്തിപ്പിടിക്കരുത്
മുകളിലേക്ക്മാത്രം നോക്കിയിരി
ക്കരുത്

അവിടെയാണ്
ആദ്യഗവേഷണവും,
പര്യവേഷണവുംനടത്താൻ പറ്റിയ -
സ്ഥലം

അകത്തുകയറി
വാതിൽക്കുറ്റിയിടുമ്പോൾ
പുരാതനമായഒരുതെറി
കാത്തുനിൽക്കുന്നുണ്ടാകാം
കാര്യമാക്കേണ്ട

ചുറ്റും കണ്ണോടിച്ചുനോക്കൂ
അന്ന്നീ ഇടക്കൽഗുഹയിലെ
ചുമരിൽക്കണ്ട
അതേവട്ടെഴുത്തും കോലെഴുത്തും
കണ്ടില്ലെ.
അതാണുപറഞ്ഞത്
ഇതൊരുസംസ്കാരമാണ്

പുറത്തേക്കിറങ്ങുമ്പോഴേക്കും
അറപ്പും,
വെറുപ്പുംമാറിയ
പുതിയൊരുമനുഷ്യനാകുംനീ

നോക്കൂ ;
ഇനി എവിടെചെന്നാലും
നീയറിയാതെ
നിന്നിലെതൃഷ്ണയുടെ
കൃഷ്ണമണി
ചിലതെല്ലാം സസൂക്ഷ്മം
വീക്ഷിച്ചുകൊണ്ടിരിക്കും

പേര്


ആത്മാവിലുണ്ടൊരിളമുളന്തണ്ട്
അതിനുനാംപേരിട്ടു സ്നേഹം

അറിയാതെയാരാരിലുംകുടിപ്പാർക്കു-
ന്നതതിനുനാംപേരിട്ടു മോഹം

ഉള്ളിൻ്റെയുള്ളിൽനിന്നുണരുന്ന സൗരഭം
അതിനുനാംപേരിട്ടു പ്രണയം

ദുരമൂത്തൊരിക്കാലജീവിതം തീർക്കുന്നു
സ്വർഗവും, നരകവും മണ്ണിൽ

2021 സെപ്റ്റംബർ 19, ഞായറാഴ്‌ച

നേർക്കാഴ്ച


വെയിൽ പാമ്പിൻകൊത്തേറ്റ്
പിടയുന്നു തെരുവിലൊരുബാലിക
വിശന്നവയറിൽനിന്നും
കരിഞ്ഞസ്വപ്നം മണക്കുന്നു

ദൈവത്തിൻ കൊട്ടാരത്തിൽനിന്ന്
കുഴൽവിളികളുയരുന്നു
സദ്യവട്ടങ്ങൾതൻ സദിരുകൾനടക്കുന്നു
കുരളുകത്തുന്നൊരു തെരുവുകുഞ്ഞിൻ -
കണ്ണുകളിറ്റുവെള്ളം തിരയുന്നു

ഒട്ടിയവയറുമായൊറ്റനാണയത്തിനു
കൈനീട്ടവേ
ആട്ടിയോടിക്കുന്നു പുഴുത്തനായയേ -
യെന്നപോൽ
പൊട്ടിച്ചിരികളുയരുന്നുചുറ്റും
പണക്കൊഴുപ്പിൻചീർത്ത ദേഹങ്ങ -
ളിളകുന്നു


മഴവില്ല്


ഓണ നാളിലാണ്
വീട്ടിലെ പൂക്കളമത്സരത്തിനാണ്
ഒരുത്രാട സന്ധ്യയിൽ

സ്കൂളിൽ നിന്ന് വരുമ്പോൾ -
വാങ്ങിയ മഷി ഗുളിക
നീല, പച്ച, ചുകപ്പ്, കറുപ്പ്.......
ഏഴു നിറങ്ങൾ

ഈർച്ചപ്പൊടിയിൽ നിറം പകരാൻ
ചിരട്ടകളിൽനിറച്ചുവച്ചു
കലികൊണ്ടഅച്ഛൻ കാലാൽതട്ടിമറിച്ചു
നിറങ്ങളേഴും

വിതുമ്പിക്കൊണ്ടച്ഛനെ നോക്കേ
ദേഷ്യം പൂണ്ട ചക്രവാളത്തിൽ
നിറഞ്ഞു നിൽക്കുന്നു
ഏഴു നിറത്തിൽ മഴവില്ല്