malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021 നവംബർ 30, ചൊവ്വാഴ്ച

നീ ...


നീ മൃദുവാർന്നൊരോർമ്മ
മൃതിയിലും മറക്കാത്തത്
ഇങ്ങ് ,ഇവിടെയിരുന്ന്
ഞാൻ നിൻ്റെ ഓർമ്മകളെ -
തൊടുന്നു

പ്രണയത്തിൻ്റെ പച്ചക്കൊടി
പരസ്പരം വീശി
ജീവിതത്തിൽ ചിലതാളങ്ങൾ
തീർക്കുന്നു

ചുണ്ടോരം ചുകപ്പിച്ച ഉമ്മകൾ -
പോലെ നിന്നോർമ്മ
ഉരുമിനിൽക്കുന്നു ഒരുമിച്ചു -
നിൽക്കുമ്പോലെ

സങ്കടക്കടലിനെ കൈക്കുമ്പി -
ളിൽക്കോരി
പ്രാണൻ്റെ ചൂടുചേർത്ത്
മുത്തമെത്ര നൽകി നീ

വാക്കിൻ്റെ കുളിർമയും,
തെളിമയും നൽകി നീ
പ്രാണൻ്റെ പച്ചപ്പ് ഹൃത്തിൽ -
പടർത്തി നീ

ഹാ ! നിൻ്റെ പുഞ്ചിരി
പൂനിലാവിന്നൊളി
ജീവൻ തുറന്നിട്ട ജാലകപ്പാളി

നീ മൃദുവാർന്നൊരോർമ്മ
മൃതിയിലും മറക്കാത്തത്
അങ്ങ് ,അവിടെയിരുന്ന്
നീയെൻ്റെ ഓർമ്മകളെതൊടുന്നു

2021 നവംബർ 29, തിങ്കളാഴ്‌ച

മറക്കാതിരിക്കാൻ


ഓർമ്മയുടെ ഒരുരുളയാണു നീ
നീ ചേറിൽ പുലർന്നാണ്
അവർക്ക് ചോറായത്
നിൻ്റെ വിയർപ്പിന്നുപ്പാണ്
അവർക്ക് രുചിയായത്
നീയായിരുന്നു അവരുടെ സ്വർണ്ണ
ഖനി
നീ തന്നെയായിരുന്നു
സ്വകാര്യ അഹങ്കാരം
നിൻ്റെ മുതുകിലായിരുന്നു
അവർ മാളിക പണിതത്
ഒച്ചിനെപ്പോലെ നീയതും ചുമന്നു -
നടന്നു
എന്നിട്ടും ;
നിൻ്റെ വേരിൽ നിന്നും മുളച്ച
ചെടികൾ
നിന്നോടു പറഞ്ഞു:
നിനക്ക് മണ്ണില്ലെന്ന്
മണ്ണിൽ പണിതതിന് കൂലിയില്ലെന്ന്
കൈവശാവകാശമായി നിൻ്റെ കൈയിൽ -
നിനക്ക് നീതന്നെയില്ലെന്ന്
നീയിവിടെ ജനിച്ചിട്ടില്ലെന്ന്
ജീവിച്ചിട്ടില്ലെന്ന്
രാജ്യദ്രോഹക്കുറ്റം ചുമത്തി പിടിച്ചിട്ടില്ലെന്ന് .

ഓർമ്മയുടെ ഒരുരുളയാണു നീ
നിൻ്റെ വിയർപ്പിന്നുപ്പുവീണ
ഈ മണ്ണിൽ നിന്നുമെടുത്തു വച്ചിട്ടുണ്ട് ഞാൻ

ഓർമ്മയുടെ ഒരുരുളയാണു നീ
നീ ചേറിൽ പുലർന്നാണ്
അവർക്ക് ചോറായത്
നിൻ്റെ വിയർപ്പിന്നുപ്പാണ്
അവർക്ക് രുചിയായത്
നീയായിരുന്നു അവരുടെ സ്വർണ്ണ
ഖനി
നീ തന്നെയായിരുന്നു
സ്വകാര്യ അഹങ്കാരം
നിൻ്റെ മുതുകിലായിരുന്നു
അവർ മാളിക പണിതത്
ഒച്ചിനെപ്പോലെ നീയതും ചുമന്നു -
നടന്നു
എന്നിട്ടും ;
നിൻ്റെ വേരിൽ നിന്നും മുളച്ച
ചെടികൾ
നിന്നോടു പറഞ്ഞു:
നിനക്ക് മണ്ണില്ലെന്ന്
മണ്ണിൽ പണിതതിന് കൂലിയില്ലെന്ന്
കൈവശാവകാശമായി നിൻ്റെ കൈയിൽ -
നിനക്ക് നീതന്നെയില്ലെന്ന്
നീയിവിടെ ജനിച്ചിട്ടില്ലെന്ന്
ജീവിച്ചിട്ടില്ലെന്ന്
രാജ്യദ്രോഹക്കുറ്റം ചുമത്തി പിടിച്ചിട്ടില്ലെന്ന് .

ഓർമ്മയുടെ ഒരുരുളയാണു നീ
നിൻ്റെ വിയർപ്പിന്നുപ്പുവീണ
ഈ മണ്ണിൽ നിന്നുമെടുത്തു വച്ചിട്ടുണ്ട് ഞാൻ

2021 നവംബർ 27, ശനിയാഴ്‌ച

നിർവചിക്കാൻ കഴിയാത്തത്




ഉടയാടകൾ ഉരിഞ്ഞെറിഞ്ഞ്

അലങ്കാരങ്ങളെ അകറ്റി നിർത്തിയ

ജ്വലിക്കുന്ന നഗ്ന ഭംഗിയാണ് പ്രണയം


മോഹതൃഷ്ണയുടെ പക്ഷി

വർഷബിന്ദുവിനായ് കാത്തിരിക്കും -

വേഴാമ്പൽ

വേലിയേറ്റം കൊള്ളുന്ന രണ്ടു സമുദ്രം


ജന്മകാമനയുടെ പൂത്തു നിൽക്കുന്ന

ജീവവൃക്ഷമാണ് പ്രണയം

തേജസ്സിൻ്റെ ജ്വലനം

ഇതളില്ലാത്ത പൂവ്

കുലച്ചു നിൽക്കുന്ന വില്ല്


കുടിക്കുന്തോറും വർദ്ധിക്കുന്നദാഹം

പച്ച നുള്ളി നിൽക്കുന്നഭാവം

പുലരിയിൽ പൂത്ത കിഴക്കൻകാട്

ഹൃദയത്തിൽ അഴിച്ചുവിട്ട കൊടുങ്കാറ്റിൻ്റെ -

ചുഴി


നിശ്ശബ്ദതയുടെ സ്മൃതിഗോപുരമേ

കഴിഞ്ഞിട്ടില്ല ഇന്നുവരെ ആർക്കും

നിൻ്റെ നിർവ്വചനങ്ങളെ പൂർത്തീകരി-

ക്കുവാൻ


പ്രണയം എത്ര സുന്ദരമാണ്


2021 നവംബർ 21, ഞായറാഴ്‌ച

പരാജിതൻ


സനാഥനായി പിറന്നു
അനാഥനായി അലഞ്ഞു
അതിഥിയും
ആതിഥേയനും ഇവൻ തന്നെ

പാതിവഴിയിൽ
ചിറകൊടിഞ്ഞു കിടപ്പാണ്
പ്രതീക്ഷയുടെ പക്ഷി

ഗ്രീഷ്മത്തിൻ്റെ ഖരം കുടിച്ചു -
മടുത്തു
വസന്തം വേദന മാത്രമായി
ചുഴറ്റിയടിക്കുന്നു ചുറ്റും ചുടു -
വാതൻ

അലയാൻ ഇനിയിടമില്ല
ഉലയാൻ മനസ്സും
ആഴിയും
ആകാശവും
ഊഴിയും
ഉടയോനും ഇവൻ തന്നെ

കാലമേ,
ചെങ്കോലും, കിരീടവും
തിരികെയെടുത്തുകൊൾക
ഈ തിരസ്കൃത ശരീരം മാത്രം -
വിട്ടുതരിക
ഭൂമിയിലെ കോടാനുകോടി സൂക്ഷ്-
മാണുകൾക്ക് സമർപ്പിക്കട്ടെ

ശിരോരേഖ


കളിത്തോക്കായിരുന്നു കമ്പം
ആദ്യത്തെ ഉണ്ട അച്ഛൻ്റെനെഞ്ചിൽ
കഞ്ഞിയിൽ മണ്ണ് വാരിയിട്ടു
അമ്മയുടെ പട്ടിണിക്കഞ്ഞികുടിച്ചു

തൊട്ടതെല്ലാം കരിക്കട്ടയായി
തികട്ടിയതെല്ലാം ശാപവാക്കും
വെറുപ്പും, പരിഹാസവും കൂട്ട്
ഇരുന്ന കൊമ്പെല്ലാം മുറിച്ചു

മുലമറന്നമനസ്സ് മലചിതറുന്നതിൽ
രമിച്ചു
ചോരകുടിച്ചു വളർന്നവന്
ദാഹജലം അരുചി

വിലക്കപ്പെട്ട കനിതിന്നവനെ
ഭൂലോകംവിലക്കി
ചതുപ്പിലാണ് പെട്ടതെന്ന്
പട്ടുപോയ ജീവിതംനോക്കി വിതുമ്പി

ഇപ്പോൾ,
മൂടുചെത്തി വളംവെച്ച്
പൊതിഞ്ഞുകെട്ടി കാത്തിരിക്കുന്നു
മുളയുടെ തഴപ്പുംകാത്ത്
ചുളിവീണ ശിരോരേഖയുംപരതി

മരിച്ചയാളെക്കുറിച്ചുള്ള ഓർമ


മുറ്റത്തെമാവുമുറിച്ചതിൻ ശാഖകൾ
ആഞ്ഞിട്ടതൊക്കെയും ഉണങ്ങി -
പ്പൊടിയാറായ്
ഒരുചുള്ളിക്കമ്പുമെടുത്തുകത്തിക്കുവാൻ
തോന്നുന്നതേയില്ല ,തോരുന്നില്ലോർമ്മകൾ

തോരാത്തകണ്ണീരിൻ ഉപ്പുക്കുടിച്ചതാ
അപ്പുറഞ്ഞാലിയിലൊരമ്മ കിടക്കുന്നു
അക്കൊച്ചു കട്ടിലിൽ, കോസടിയിൽ നിന്നും
അച്ഛൻ്റെ ചെത്തവും,ചൂരുമുയരുന്നുപോൽ !

ആറുമാസത്തിനുമപ്പുറമൊരുദിനം
അച്ഛൻമരിച്ചതിൽ പിന്നെയിന്നേവരെ
എഴുന്നേറ്റതില്ലമ്മ ഏഴയെപ്പോലെയാ-
താഴെത്തറയിൽ ചുരുണ്ടു കിടപ്പാണ്

എത്ര വയസ്സായിമരിച്ചുവെന്നാകിലും
ഉണ്ട് ചിലർക്കത്രനാളില്ലാത്ത സങ്കടം
മൃത്യുഗന്ധംമാറാതുള്ള മനസ്സിലേക്കത്ര -
വേഗം തിരിച്ചെത്തില്ല ചേതന

മിണ്ടാതെയന്നോളം കാത്തുസൂക്ഷിച്ചൊരു
സ്നേഹമെന്തെന്നതിപ്പോഴെയറിയൂചിലർ
മൃതിബാക്കിവച്ചോരടയാളമെന്തെന്ന്
മായ്ക്കാൻകഴിയാവെയിൽച്ചീളുപോലെയാ
മനസ്സിന്നകത്തു പതിഞ്ഞു കിടപ്പുണ്ടാം


2021 നവംബർ 20, ശനിയാഴ്‌ച

ഓർക്കുമ്പോൾ


നഷ്ടങ്ങളുടെ കണക്കുകൾ
കൂട്ടിയാൽ കൂടുന്നില്ല
ഇഷ്ടങ്ങളെല്ലാം
നഷ്ടങ്ങളുടെ കണക്കിലാണ്

പച്ചയ്ക്ക് കത്തുന്ന
പച്ചമരക്കാടാണ് ജീവിതം

പ്രതീക്ഷകൾ അനന്തമായ
ആകാശംപ്പോലെയാണ്
അടുത്തെന്ന് തോന്നും
അടുക്കുമ്പോൾ അകലും

ഓർക്കുമ്പോൾ
ജീവിതമെന്തെന്ന് പിടികിട്ടുന്നേയില്ല
ആർക്കെന്നോ എന്തിനെന്നോ-
യെന്നറിയുന്നില്ല

എന്നിട്ടും;
പാച്ചിലുകളൊട്ടും നിർത്തുന്നില്ല

കണ്ടുകൊണ്ടിരിക്കുമ്പോൾ
കാണാതാകുന്ന ജീവിതമേ.....
എഴുപ്പെടാതെപോയ
കവിതയോ നീ