malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022 മേയ് 30, തിങ്കളാഴ്‌ച

 

വർത്തമാനത്തിലെത്തുന്ന ഭൂതകാലം

ചിന്തയുടെ ഒരുപൊറ്റ അവളുടെ
ചുണ്ടിലുറച്ചു.
സ്വപ്നങ്ങളുടെ ബീജങ്ങൾ
തെറിച്ചുവീണയിടമെല്ലാം
പുതുമുളകൾ നാമ്പിട്ടു
എന്നാൽ,
അവയെല്ലാം തനിക്ക് വിലക്ക-
പ്പെട്ടതെന്ന് ഇന്നവൾ തിരിച്ചറിയുന്നു

ജീവിതത്തിൻ്റെ താളുകൾ തുന്നി-
ക്കൂട്ടാൻ
എത്രകാലമായി ഈ ഉമ്മറപ്പടിയിൽ
നിൽക്കുവാൻ തുടങ്ങിയിട്ട് !
കൽക്കരിപോലെ ഉള്ളം കത്തുമ്പോഴും
ചില ചിരികളുണ്ട് ജീവിതത്തിൽ
കണ്ണുകളോളമെത്തിയ കരച്ചിലിനെ
തടയാനുള്ള ഒരു ശ്രമം പോലെ

ചില നേരങ്ങളിൽ
പൊടുന്നനെ മുറിയിലേക്ക് കടന്നു
വരാറുണ്ട് കഴിഞ്ഞകാലം
കുറച്ചു നേരം തങ്ങിനിന്ന് കടന്നു
പോകാറുണ്ട്

അകലെയേതോ താഴ് വരയിലേക്ക്,
പർവ്വത പ്രദേശത്തേക്ക്,
ആകാശത്തിലേക്ക് ,ആഴിയിലേക്ക്,
സമയത്തിനുമപ്പുറത്തിനുമപ്പുറത്തേക്ക് !!

നാം കാണാത്ത
ഏതു വഴിയിലൂടെയായിരിക്കും
കഴിഞ്ഞകാലം കടന്നു വരികയും
ചില പരിഭ്രമങ്ങളെ വാരിയിട്ട്
കടന്നുപോവുകയും ചെയ്തിട്ടുണ്ടാവുക


ചിലപ്പോഴൊക്കെ


പിതൃത്വം അനിശ്ചിതമായ കുഞ്ഞിനെ
അവഹേളിക്കരുത്
മാതൃത്വത്തെ പുച്ഛിക്കുകയും
ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്

വേദനകളിലും
യാതനകളിലും
നിരാശപ്പെടരുത്
ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്

ഉത്കടമായ സ്നേഹത്താൽ
സഹിക്കേണ്ടി വരുന്നനാണക്കേടുണ്ട്
കഴിവുകെട്ടതെന്ന് കളിയാക്കരുത്
ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്

ഏകാന്തതയുടെ അപാരതയിൽ
ജീവിതം ജീവിച്ചു തീർക്കേണ്ടി
വരാറുണ്ട്
ഭ്രാന്തെന്നു പറയരുത്
ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്

അല്ലെങ്കിലും;
ഈ ജീവിതം
എന്തെന്നും ഏതെന്നും
കണ്ടറിഞ്ഞവരാരുണ്ടീ ഉലകിൽ

കടൽ


കടലിനെക്കുറിച്ച്
നിങ്ങൾക്കെന്തറിയാം
അതിൻ്റെ ആഴത്തെക്കുറിച്ച്
പരപ്പിനെക്കുറിച്ച്

ജീവിതം തന്നെയാണ് കടൽ
മുൻകൂട്ടി ഒന്നും നിശ്ചയിക്കാൻ
കഴിയില്ല .
മനുഷ്യ മനസ്സുപോലെയാണ്
കരയിലേക്ക് കയറുന്നതിരകൈകൾ
വലിച്ചിടാനൊ, വാരിപ്പുണരാനൊ
യെന്നറിയില്ല

കടലിലേക്കിറങ്ങുമ്പോൾ
കരയിലെ പുറന്തോട് അഴിച്ചു വെയ്ക്കണം
കടലിലുമുണ്ട് കാട്
അവൻ്റെ അറ്റുപോയ വേരുകൾ
അവിടെ നിന്നായിരിക്കാം തുടങ്ങുന്നത്

കടലിനുമുണ്ട് നിയമങ്ങൾ
അറ്റുപോയ വേരുകൾ
അടങ്ങാത്ത ആഗ്രഹത്തിൽ തൊട്ടെന്നു
കരുതി
നിയമങ്ങൾ തെറ്റിക്കാൻ കഴിയില്ല
കടലത് നമ്മെ പഠിപ്പിക്കുന്നുണ്ട്

കടലിലേക്കിറങ്ങിയാൽ
അവരിൽ ഒരാളാകണം നമ്മൾ
ഒഴുകിപ്പോയ ഓർമ്മകളെ തിരഞ്ഞ്
പലപാടും ഒഴുകേണ്ടതുണ്ട്

കടലെന്നു കരുതി
കടലായ കടലിലെല്ലാം ഇറങ്ങരുത്
നമ്മുടെ കാൽപ്പാദങ്ങൾ പതിപ്പിക്കുവാൻ
പാടില്ലാത്ത കടലുകളുണ്ട്
പരിശുദ്ധമായവ
തൊഴുതു മടങ്ങുക മാത്രം ചെയ്യേണ്ടവ





2022 മേയ് 27, വെള്ളിയാഴ്‌ച

കടൽ തീരത്തെ പ്രഭാതം


ഇരുളിൽ മുഖപ്പാളി കൊത്തിയെറിഞ്ഞ്
കടൽപ്പക്ഷിയെന്തോ ചിലക്കുന്നനേരം
കിഴക്കിൻ കിളിവാതിൽ മെല്ലെത്തുറന്ന്
തിരിതെളിയിക്കുന്നൊരു കൊച്ചുകിടാത്തി

കാളിയനർത്തനമെന്നപോലാടുന്ന
കടലിൻ്റെ പത്തിയിൽ ഓടങ്ങൾ കണ്ണനോ?!
അർക്കൻ്റെ ആദ്യാംശു ഉടയാടയെന്നപോൽ
വർണ്ണങ്ങളാൽ പല ജാലങ്ങൾ തീർക്കുന്നു

ഓരത്തെക്കൂരയിൽ കരളിൽകടലുമായ്
കാത്തിരിപ്പുണ്ടൊരുപെണ്ണവൾ കണവനെ
കടൽച്ചെണ്ടകൊട്ടും മുഴക്കങ്ങൾ കേൾക്കേ
അവൾക്കിടനെഞ്ചിൽ മുഴങ്ങുംപെരുമ്പറ

തുഹിനങ്ങൾ വൈരങ്ങളാകും പുലരികൾ
മഹാരുദ്രമൗനങ്ങൾ പോലെയവൾക്കെന്നും
തലപോയതെങ്ങിൽ നരച്ചുള്ള കാക്കകൾ
നേരിൻതലപ്പിനായ് കാത്തിരിപ്പാണെന്നും

കരിമ്പാറപോലും കിഴക്കിനെ കൈകൂപ്പി
അർഘ്യമൊരുക്കിയിരിപ്പാണു പുലരിയിൽ
അണിയത്തുനിന്നാർപ്പുവിളിയൊന്നു കേൾക്കേ
പുത്തൻപുലരി പിറക്കുകയായി

2022 മേയ് 26, വ്യാഴാഴ്‌ച

ഒറ്റച്ചൂണ്ടയിൽകുരുങ്ങാത്തത്


മൗനത്തിൽ
മരുഭൂമിയും
മലർവാടിയുമുണ്ട്

ഹൃദയത്തിൽ
പർണ്ണശാലയും
പഞ്ചനക്ഷത്ര
നൃത്തശാലയുമുണ്ട്

ചിരിയുടെ
ഇടിമുഴക്കവും
കണ്ണീരിൻ്റെ മഴയും
ആനന്ദത്തിൻ്റെ
തെളിനീരുമുണ്ട്

ഇഴയഴിച്ചു നോക്കാനൊരു
സ്മരണയും
ഇഴചേർത്തു നെയ്യാനൊരു
പ്രത്യാശയുമുണ്ട്

ഒറ്റച്ചൂണ്ടയിൽ
കുരുങ്ങുന്ന
ചെറു മത്സ്യമല്ല
ജീവിതം

2022 മേയ് 21, ശനിയാഴ്‌ച

സ്വപ്നം

അന്നൊക്കെ എന്നും

സ്വപ്നങ്ങൾ കാണുമായിരുന്നു

സ്വപ്നം കാണുവാനുള്ളൊരു മനസ്സ്

ഭാഗ്യമെന്നു കരുതിയിരുന്നു


ലോട്ടറി അടിച്ചതായി സ്വപ്നംകണ്ടു

പണം സ്വന്തമാക്കുന്നതായി കണ്ടില്ല

ബംഗ്ലാവ് പണിതതായി കണ്ടു

താമസിക്കുന്നതായി കണ്ടില്ല


കാറ്,നല്ലജോലി,സന്തുഷ്ട കുടുംബം

സ്വപ്നം കണ്ടതുപോലെ

സ്നേഹിക്കുവാനല്ലാതെ

നിന്നെ സ്വന്തമാക്കുവാനെനിക്ക് -

സാധിച്ചില്ലല്ലോ കൂട്ടുകാരീ....


2022 മേയ് 19, വ്യാഴാഴ്‌ച

ചിലത്

കണക്കിലെന്നും

വട്ടപ്പൂജ്യമായിരുന്നു

സ്ക്കൂളിൽ പോകുന്നത് തന്നെ

ഉപ്പുമാവും,പാലും കുടിക്കാനുള്ള

കാട്ടിക്കൂട്ടലുകളായിരുന്നു


കാലിമേയ്ക്കാനായിരുന്നു കമ്പം


എന്നിട്ടും,

കമ്പനിയായി

കാറായി

ബംഗ്ലാവായി

കണ്ടമാനം സ്വത്തായി

ഓച്ചാനിച്ചു നിൽക്കാൻ

ഒരു പാടാളായി


ജീവിതത്തെ നോക്കൂ ;


ചില ജീവിതങ്ങൾ

എത്ര പെട്ടെന്നാണ്

മാറിമറിയുന്നത്