malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022 ജൂൺ 26, ഞായറാഴ്‌ച

ഇറങ്ങിപ്പോക്ക്


കഷ്ടത്തിൻ്റെ കാലത്തിലാണ്
ഇഷ്ടത്തിൻ്റെ ഇഴപിരിയാനൂലിൽ
കോർക്കപ്പെട്ടത്

പട്ടിണിയുടെ ചാവുമുനമ്പിലേക്ക്
ഞാൻ മുമ്പേ, ഞാൻ മുമ്പേയെന്ന്
നിരങ്ങിയേറിയിട്ടും
നരകത്തിൻ്റെ തീ വാതിൽ കടന്ന്
ജീവിതച്ചുരമൊന്നിച്ചിറങ്ങിയവർ നാം

അനാഥത്വത്തിൻ്റെ കണ്ണീരുപ്പിൽ
നനഞ്ഞിട്ടും
സ്നേഹത്തിൻ്റെ ഇലപ്പച്ച
വാടാതെ സൂക്ഷിച്ചവർ നാം

തീയിനാലല്ലാതെ തീക്ഷണമായ
പൊള്ളലേറ്റ നാളുകളിലും
ജീവിതത്തിൻ്റെ വഴുപ്പൻ വരമ്പിലൂടെ
പ്രണയത്തിൻ്റെ പടവുകൾ കടന്നു -
വന്നവർ നാം

എന്നിട്ടും ;
ഓർക്കാപ്പുറത്ത്
ഓർമ്മകളേയും തുറന്നുവെച്ച്
എന്നെ ഒറ്റയ്ക്കാക്കി നീ
എങ്ങോട്ടാണ്ട് ഇറങ്ങിപ്പോയത്

2022 ജൂൺ 24, വെള്ളിയാഴ്‌ച

ഷാപ്പിൽ


കൻമതിലിനു മുകളിലിരുന്ന്
കൈമാടി വിളിക്കുന്നുണ്ട്
കള്ള്, കപ്പ

മുറ്റക്കൊള്ള് കയറി
ഷാപ്പിലേക്ക് കയറുമ്പോൾ
ആടിയാടി വന്നൊരു കാറ്റ്
ഞങ്ങൾക്കുമുന്നേ കയറി

കപ്പയിൽ കൊഞ്ചുകറിയൊഴിച്ച്
കൊഞ്ചും കപ്പയും പെരക്കുമ്പോൾ
എന്തൊക്കെയോ കൊഞ്ചിക്കൊഞ്ചി
പറയുന്നുണ്ടൊരുവൻ തെക്കേമൂലയിൽ

ഞങ്ങളഞ്ചാളും
ബെഞ്ചിലിരിക്കുമ്മുന്നേ
മാറുപോലുള്ള മൺഭരണിയിൽനിന്ന്
കള്ളുംമുക്കിവന്ന് കറിക്ക് പറയുന്നുണ്ട്
റപ്പായി

ജാനുവിൻ്റെ ഇഞ്ചിയിട്ട കൊഞ്ച്കറിയുടെ
മണമടിച്ചാല്
കൊതികൊണ്ടൊരു കപ്പലോട്ടംനടക്കും
വായില്
ചാറ്നക്കി രസിച്ചിരിക്കുമ്പം
ചിരികൊണ്ട് പതഞ്ഞ്തൂവുന്നുണ്ട്
ചരിഞ്ഞു പെയ്യുന്ന മഴയും കള്ളും

ലഹരിയുടെ മലരി പൂത്തപ്പോൾ
തിക്കുമുട്ടിയചിരിയും കൊഞ്ചുകറിയുടെ
അവസാനത്തെ പറ്റും കവിത പോലെ
വടിച്ച് നക്കി
കാറ്റിൻ്റെ കൈയും പിടിച്ച്
ഞങ്ങള് പുറത്തേക്കിറങ്ങി

2022 ജൂൺ 22, ബുധനാഴ്‌ച

കവിതപോലൊരുകാമുകൻ


കവിതപോലുള്ളൊരു

കാമുകനെയാണു ഞാൻ തിരയുന്നത്


അനുഭവങ്ങൾ അടുക്കി വെച്ച

ഒരു പുസ്തകം പോലെയായിരിക്കണമവൻ

അരികിലിരിക്കുമ്പോൾ തന്നെ

എരിച്ചലനുഭവപ്പെടണം


ആ അനുഭവച്ചൂടിൽഎനിക്ക്

ഉരുകി തെളിയണം

കത്തുന്ന കവിതയായ് തീരണം


അവനൊരു സംഗീതമായ്

പുതുമഴയായ്

എന്നിലേക്ക് പെയ്തിറങ്ങണം

അതിൻ്റെ പുളകത്തിൽ

പുതുമണത്തിൽ

എനിക്കവനെ ശ്വസിക്കണം

ഉണരണം


മതിവരാത്ത മഴവില്ല് പോലെ

കൊതി കെറുവുപൂണ്ട

കുട്ടികളെപ്പോലെ

പ്രിയപ്പെട്ട കാമുകാ.....

മലർത്തിവച്ച കാവ്യപുസ്തകമായി

നമുക്ക് നമ്മെ വായിച്ചു കൊണ്ടേയിരിക്കണം


2022 ജൂൺ 21, ചൊവ്വാഴ്ച

എന്നിട്ടും.....!


അനാഥത്വത്തിൻ്റെ നെരിപ്പോട്
പുകഞ്ഞു കൊണ്ടേയിരിക്കുന്നു
ഊതിപെരുപ്പിക്കുവാനല്ലാതെ
ആറ്റി തണുപ്പിക്കുവാനില്ല ആരും

കത്തുന്ന കവിതയിലേക്ക്
പിരാന്തെന്ന് ശാപജലം ഒഴിക്കാ-
നായിരുന്നു തിരക്ക്
പിടിച്ചു നിന്ന കച്ചിത്തുരുമ്പും
പിച്ചിചീന്താനായിരുന്നു തിടുക്കം

ഏകാന്തയുടെ സായന്തനത്തിൽ
കൂട്ടുവന്ന പ്രണയത്തെ
കുരിപ്പു കിട്ടിയതുപോലെയാണ് കണ്ടത്
സദാചാരക്കണ്ണുകളാണ് വട്ടമിട്ടത്

ഒഴിഞ്ഞു മാറിയിട്ടും
ഓരം ചേർന്നു നടന്നിട്ടും
മുളചീന്തുമ്പോലവൾ പൊട്ടി ചീന്തിയിട്ടും
അവർ .........
എന്നിട്ടും;
ഒരു വാക്കും മിണ്ടാനാവാതെ
ഞാൻ.

യാത്ര


ഒരിക്കൽ ഒരു യാത്ര പോകണം
യാത്രയ്ക്കായി തന്നെ യാത്ര പോകണം!
വേറിട്ടൊരു സ്ഥലത്തേക്ക്
അത്രയൊന്നും പ്രധാന്യമില്ലെങ്കിലും !!
ഒട്ടേറെ പ്രാധാന്യമുള്ളിടത്തേക്ക്

ഭാവനയ്ക്കനുസരിച്ച് ഒന്നും തന്നെ
അവിടെ ഉണ്ടാകണമെന്നില്ല
മേൽവിലാസം തന്നെ ശരിയാകണമന്നില്ല
അങ്ങനെ ഒരു സ്ഥലം തന്നെ ഉണ്ടാകണമെന്നില്ല

എങ്കിലും അങ്ങനെ ഒരു സ്ഥലം
നമ്മിൽ കുറിച്ചു വെച്ചിട്ടുണ്ടാകും
പേനയിലെ മഷികൊണ്ടല്ലാതെ
അക്ഷരങ്ങൾ കൊണ്ടല്ലാതെ
വാക്കുകൾ കൊണ്ടല്ലാതെ

ജീവിത രക്തം കൊണ്ട്
തലച്ചോറിലെ വറ്റിൻ പശയാൽ
ഒരിക്കലും പറിഞ്ഞുപോകാത്ത രീതിയിൽ
ഒട്ടിച്ചു വച്ചിട്ടുണ്ടാകും
ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത
ആ സ്ഥലം

ഒരിക്കൽ യാത്ര പോകണം
യാത്രയ്ക്കായിതന്നെ യാത്ര പോകണം

2022 ജൂൺ 18, ശനിയാഴ്‌ച

അമ്മയുടെ ദുഃഖം


വറ്റിപ്പോയ

എൻ്റെ മുലകൾ നോക്കൂ

അതിൽ നിന്നാണവൻ

ജീവൻവലിച്ചു കുടിച്ചത്


ഒട്ടിപ്പോയ

എൻ്റെവയർ നോക്കൂ

അതിൽ നിന്നാണവന്

അവസാനത്തെ

വറ്റും ഊറ്റിക്കൊടുത്തത്


ഉടഞ്ഞുപോയ

എൻ്റെ ചുണ്ടുകൾ നോക്കൂ

അതുകൊണ്ടാണവനെ

ഉൺമയുടെ വെൺമ

ഉരുവിട്ട് പഠിപ്പിച്ചത്


വിറക്കുന്ന

എൻ്റെചില്ലപോലുള്ള 

വിരൽനോക്കൂ

അതു പിടിച്ചാണവൻ

ആദ്യമായി പിച്ചവച്ചത്


ചുക്കിച്ചുളിഞ്ഞ

എൻ്റെ ചുള്ളി കൊമ്പുപോലുള്ള

കാലുനോക്കൂ

അതിൽ ഉറച്ചു നിന്നാണ്

അവനെ ചെളിയിൽ താവാതെ

താങ്ങി നിർത്തിയത്


എന്നിട്ടും,

നാവില്ലാത്ത ഹൃദയമേ

നിൻ്റെ മൂകത

അനാഥാലയത്തിൻ്റെ

അകത്തളിൽ

എന്നെകൊണ്ടു തളയ്ക്കുന്നല്ലോ.


2022 ജൂൺ 16, വ്യാഴാഴ്‌ച

വിശപ്പ്

 

നാലാം ക്ലാസിലിരുന്നാൽ
ഒന്നാം ക്ലാസിലെ
ചുമരിലെ ഘടികാരം കാണില്ല

പന്ത്രണ്ട് മണിയാകുമ്പോഴെ
വയറ് കാളാൻ തുടങ്ങും
വയറിനറിനറിയല്ലല്ലോ
പട്ടിണിക്കാരൻ്റെ പങ്കപ്പാട്

പെരുവിരൽ കുത്തി ഏന്തി -
വലിഞ്ഞ് എത്തിനോക്കും
ഒന്നാം ക്ലാസിലെ ഘടികാരം
ദേഷ്യം വന്നമാഷ്
കയറ്റിനിർത്തും എന്നെ ബെഞ്ചിൽ

അങ്ങനെയാണ്
മണിയടിക്കും മുന്നേ
തയ്യാറെടുക്കാനും
മണിയടിച്ചാൽ ഒറ്റക്കുതിപ്പിന്
ഒന്നാമതെത്തി
ഉപ്പുമാവിന് വരിനിൽക്കാനും
കഴിഞ്ഞത്

ഇന്ന് എത്ര നല്ല ഭക്ഷണം കഴിച്ചാലും
കിട്ടുന്നില്ല
അന്നത്തെ ആ ഉപ്പുമാവിൻ്റെ
അത്ര സ്വാദ്