malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022 ഡിസംബർ 30, വെള്ളിയാഴ്‌ച

നല്ല കാലം

അമ്പലവഴിയിൽ പൂത്തുലഞ്ഞൊരു -

പുല്ലാഞ്ഞിക്കാട്

ഊഞ്ഞാൽ വള്ളികൾ പാമ്പുകളെപ്പോൽ -

സർപ്പക്കാവുകള്

കടുന്തുടികൊട്ടിതുള്ളി വരുന്നേ -

കർക്കടക പെയ്ത്ത്

ഓലക്കുടയായ് ഓടി നടക്കും -

ബാല്യത്തിൻ ചൂട്


നാട്ടുമാവിലെ മാങ്ങ പറിക്കും -

മേടത്തിൽ കാറ്റ്

എറിഞ്ഞകല്ലുകൾ പോലെ ബാലക_

ആർപ്പുവിളിക്കൂറ്റ്

കണ്ടം പൂട്ടി വിത്തുകൾ തൂവും -

പുതുമഴയാഘോഷം

തണുതണ്ണീർനീന്തുംകുളത്തിൽ മീനുകൾ -

ബാലകർതൻവേഷം


ഓണക്കാലം നാടൻ പന്തും തിരുവാതിര -

ക്കളിയും

തിറയും ഉത്സവ പെരുന്നാൾ എന്തൊരു -

വിസ്മയമനുഭൂതി

എങ്ങോപോയ് മറഞ്ഞുള്ളൊരു നാളുകൾ -

ഓർമകളായില്ലെ

വേദനയായത് കരളിന്നുള്ളിൽ വിങ്ങുകയായില്ലെ

2022 ഡിസംബർ 29, വ്യാഴാഴ്‌ച

എങ്ങനെ




"പ്രായം കുറേയായില്ലെ

ഇനി അടങ്ങിയൊതുങ്ങിയിരിക്ക് " -

മകൾ അമ്മയോട് ദേഷ്യപ്പെടുന്നു

'കൊട്ടൻ ചുക്കാതി' - കട്ടിളപ്പടിയിൽ

'ടപ്പേന്ന്' - വയ്ക്കുന്നു.


ഞാനടങ്ങിയിരുന്നോളാം

എൻ്റെയുള്ളിലെ തിര

എങ്ങനെ അടങ്ങും


മനസ്സുകൊണ്ട് ,

നക്ഷത്രങ്ങളെ

എങ്ങനെ നോക്കാതിരിക്കും


കവിത എഴുതാതിരിക്കും

കണ്ണിലേക്കിറങ്ങുന്ന

പുസ്തകത്തിലെ തീ

ജ്വലിക്കാതിരിക്കും


കവികളെ കാണാതിരിക്കും

കവിത വരയ്ക്കാതിരിക്കും

ചിത്രമെഴുതാതിരിക്കും


ദുരിത നടുവിലൂടെ

നെട്ടോട്ടമോടാതിരിക്കും


ചിറകൊടിഞ്ഞ കിളിയുടെ

കുഞ്ഞിലയുടെ ഞരക്കം

കേൾക്കാതിരിക്കും


ഞാനടങ്ങിയിരുന്നോളാം

എങ്ങനെ അടക്കും

കടലിലെ തിര

2022 ഡിസംബർ 28, ബുധനാഴ്‌ച

മൃത്യു ഗുപ്തൻ



ഏത് ഇരുളിലും വെളിച്ചത്തിലും

നീ എന്നിൽ തന്നെ

ഏത് ഉറക്കത്തിലും ഉണർച്ചയിലും

വേർപിരിയാതെ

ഇരപിടിയനെപ്പോലെ പതുങ്ങി


ഹൃദയതാളമൊന്നടരാൻ

ശരീര ചൂടൊന്നാറും നാളുനോക്കാൻ

എന്നിലെ താളു മറിക്കും 

മൃത്യു ഗുപതൻ നീ


നിസ്സംഗത നിൻ്റെ ഭാവം

എന്തുവന്നാലും മറിച്ചില്ലൊരുഭാവം

കുരിശു ചുമന്നാലും

കരുണയുടെ കുരുന്നില്ല ലവലേശം


എൻ്റെമൃത്യുവിൽ നിൻ്റെ ജീവൻ

തളിർക്കുന്നു

മർത്യനെപ്പോൽ വേണ്ട ചിന്ത.

ചിതയും, കല്ലറയും ഏതു തന്നെയായാലും

എൻ്റെ ശ്വാസം നിൻ്റെ ദാഹജലം


അരൂപിയാം നീ വ്യാപിച്ചുകിടക്കുന്നു

ജീവനെങ്ങുണ്ടോ അവിടെയെങ്ങും

ജീവൻ കൊണ്ടു മാത്രം പൈദാഹമാറ്റുന്ന

പിറന്ന,ന്നു മുതൽ പിരിയാമൃത്യുഗുപ്തൻ നീ



2022 ഡിസംബർ 27, ചൊവ്വാഴ്ച

പഴയകാലം

നിസ്തുല സ്നേഹം വിളമ്പി തരുന്നൊരാ

പഴയ കാലത്തെ ഞാൻ ഓർത്തു നിൽപ്പൂ
കുശുമ്പും, കുന്നായ്മയുമില്ലാത്ത കൂട്ടരായ്
കൂട്ടമായെന്നും നടന്ന കാലം

ഉൺമതൻ വെൺമയെ കാട്ടിത്തരുന്നൊരാ
സ്നേഹസ്വരം മാത്രം കേട്ട കാലം
മതിലുകളില്ലാത്ത മതിമറന്നീടാത്ത
മദമൊട്ടുമില്ലാത്ത പഴയ കാലം

അച്ഛനുമമ്മയും മക്കളുമൊത്തുചേർന്നാവോളം
സ്നേഹം പങ്കിട്ട കാലം
ഉപ്പും, മുളകും, അടുപ്പിലെ തീ പോലും
എന്നും പങ്കിട്ടു കഴിഞ്ഞ കാലം
ഇത്തിരിപ്പോരുന്ന കൂരയാണെങ്കിലും
ഒത്തിരി സന്തോഷിച്ചുള്ള കാലം

പഴയകാലത്തിൻ്റെ മൂല്യച്യുതിയോർക്കേ
മൗനത്തിൽ മുങ്ങിപ്പോകുന്നു ഞാനേ
എങ്കിലും, വറ്റിയിട്ടില്ല പ്രതീക്ഷകൾ
വന്നിടാമിനിയുമാ നല്ലകാലം

2022 ഡിസംബർ 25, ഞായറാഴ്‌ച

ഭയം

ഭയം പുതച്ച് ഒരാൾ എങ്ങനെ ഉറങ്ങും

പുറത്ത് നിലാവുണ്ടെങ്കിലും

അകം ഇരുട്ടു മൂടി കിടക്കുമ്പോൾ

ആധി ഊതിവീർപ്പിക്കപ്പെടുമ്പോൾ


നിലാവിലെ മരനിഴലുകൾ

മരണത്തിൻ്റെ പല വഴികൾ കാട്ടുമ്പോൾ

വെയിലും, വേവലാതിയും ഉദരത്തിൽ -

ചുമക്കുമ്പോൾ

കരളിലൊരു കാടിൻ കയം തിടംവച്ചു് -

വളരുമ്പോൾ


മനസ്സിലെ മുളങ്കൂട്ടങ്ങൾക്ക് തീപ്പിടിക്കു-

മ്പോൾ

വകതിരിവില്ലാത്ത വല്ലായ്മകൾ പെരു-

വിരലിലൂടരിച്ചു കയറുമ്പോൾ

തീ തുള്ളികളെ ഗർഭം ധരിച്ച്

കനൽക്കട്ടകളെ പ്രസവിക്കുമ്പോൾ


ഭയം പുതച്ച് ഒരാൾ എങ്ങനേയും ഉറങ്ങും

ഇതിനേക്കാൾ വലുതൊന്നും വരാനില്ലെ -

ന്നറിയുമ്പോൾ

2022 ഡിസംബർ 23, വെള്ളിയാഴ്‌ച

ആമോദം, ആഹ്ലാദം !



യേശു പിറന്നൊരു പുൽക്കൂട്

ഉണ്ണിയൊരുക്കി പുൽക്കൂട്

വാനിലുദിച്ചൊരു നക്ഷത്രം പോൽ

വാനിലുയർത്തി നക്ഷത്രം

എന്തൊരു മോദം ആമോദം

എങ്ങും എങ്ങും ആഹ്ലാദം

പൂത്തൊരു വർണ്ണപുഷപം പോൽ

വിരിഞ്ഞു നിൽപ്പൂ ക്രിസ്മസ്


2022 ഡിസംബർ 21, ബുധനാഴ്‌ച

നിന്നിലേക്കു തന്നെ

 



നിറയെ കുളിരുപൂത്ത

ശിശിരമാണു നീ


എന്നിട്ടും,

എനിക്കു മാത്രമെന്തിനു നീ

ഗ്രീഷ്മം സമ്മാനിക്കുന്നു

പതുപതുത്ത മുയൽക്കുഞ്ഞുങ്ങളെ

എന്നിൽ നിന്നും മാറ്റി പാർപ്പിക്കുന്നു


കവിതക്കടലിലെ

ഒരു കുഞ്ഞു മൺതരി ഞാൻ

നീ മഹാസമുദ്രം


പർവ്വതങ്ങൾക്കും

നീലാകാശങ്ങൾക്കും മേലെ

നാം മഴവിൽ കൊട്ടാരം പണിഞ്ഞിരി -

ക്കുന്നു


എന്നിട്ടും ;

നീയെന്നെ പൊള്ളും മഴയത്തു മാത്രം

നിർത്തുന്നു

എൻ്റെ എല്ലാ തൃഷ്ണകളും നിന്നാൽ,

നിരാശയും


എന്നിട്ടും

പ്രണയമേ,

നിൻ്റെ തീമുഖം ചുംബിച്ച 

വടുക്കളുംപേറി

നിന്നിലേക്കു തന്നെ ഞാൻ നടക്കുന്നു