malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023 ഏപ്രിൽ 30, ഞായറാഴ്‌ച

സ്വപ്നങ്ങൾ വിൽക്കുന്ന തെരുവ്

സ്വപ്നങ്ങൾ വിൽക്കുന്ന 

തെരുവിലാണിപ്പോഴവൻ

എല്ലാവരും ആഘോഷത്തി-

ലാണ്

അതിരുകളില്ലാത്ത

ജീവിതോത്സവത്തിൽ


ദൈവത്തെപ്പോലെ

സ്പർശിക്കാൻ കഴിയാതിട-

ത്തോളം

അലൗകികമാണ് സ്വപ്നം

അറ്റ ചിറകുമായ് വന്നവർ

അറ്റമില്ലാത്ത സ്വപ്നത്തിൽ

പറക്കുന്നു


അവന് യാഥാർത്ഥ്യത്തിന-

പ്പുറത്തേക്ക്

കടക്കുവാനേ കഴിയുന്നില്ല

സ്വപ്നങ്ങൾ വാങ്ങി

സ്വർഗ്ഗം കാണുവാൻ കഴിയു -

ന്നില്ല


അല്ലെങ്കിലെങ്ങനെയാണ്

ജീവിതം തൊട്ടവന്

മണ്ണിൽ കാലു കുത്താതെ

നിൽക്കുവാൻ കഴിയുക

2023 ഏപ്രിൽ 28, വെള്ളിയാഴ്‌ച

തിരക്ക്


ബാക്കി വെച്ചേക്കണം
എന്നും, കുറച്ചു തിരക്കിനെ !
എങ്കിലെ ജീവിതത്തിന്
ഒരു,ഷാറുണ്ടാകൂ

കുളിരുള്ള പ്രഭാതത്തിൽ
'നേരം വൈകി' -യെന്ന
ചൂടുള്ള ഓർമ്മയെ
ചൂടുള്ള പ്രഭാതത്തിൽ
'നേരത്തേ പോകാ' -മെന്ന
കുളിരുള്ള ഓർമ്മയെ

ഓർത്തു നോക്കൂ;
തിരക്കില്ലാത്ത ദിനങ്ങളെ !
ഒന്നും ചെയ്യാനില്ലെന്ന
മുഷിപ്പൻ പ്രഭാതം
ഒന്നും വയ്യെന്ന മധ്യാഹ്നം
മടുപ്പെന്ന സായാഹ്നം
ഉറക്കമില്ലാത്ത അലസതയുടെ
രാത്രി

തള്ളിനീക്കുന്നതാവരുത് ജീവിതം
സമയം പോര, സമയം പോരെന്ന്
തുള്ളി നീങ്ങുന്നതാവാണം
എന്നും കുറച്ച് തിരക്ക് ബാക്കിയാവണം

2023 ഏപ്രിൽ 27, വ്യാഴാഴ്‌ച

മിഴികളിൽ ഒഴുകുന്ന പുഴ


ശരമാരി വന്നാലും പിരിയില്ല -
നാമെന്ന്
അന്നു നീ ചൊന്നതിന്നോർമ്മയുണ്ടോ
ശിശിരം തളിർത്തുള്ള ശിഖരത്തിൽ -
നിന്നുമേ
ഞെട്ടറ്റു വീണൊരു വാക്കായത് !
സ്വപ്നങ്ങൾ പൂക്കേണ്ട മിഴികളിൽ -
തന്നതോ
ഒരുനാളും വറ്റാത്ത ഒരു പുഴ നീ !
വിടപറഞ്ഞീടവെ വാടിയ പൂപ്പോലെ
ആകെ തളർന്നു നീ നിന്നതല്ലേ
ഒരു വാക്കും മിണ്ടുവാനാകാതെ മിഴി -
കളാൽ
വാക്കുകളായിരം ചൊന്നതല്ലേ
പ്രണയവിരലാൽ നീ മീട്ടിയ പാട്ടുകൾ
ഇടനെഞ്ചിലിന്നും കുറുകി നിൽപ്പൂ
ഇരു ഹൃദയങ്ങളും ഒന്നായി ചേർന്നൊരാ
ദിവ്യ നിമിഷത്തെ ഓർത്തിടവേ
കോരിത്തരിക്കുയല്ലല്ലഞാനിന്ന്
ആ നിമിഷത്തെ ശപിച്ചിടുന്നു !
കവിതകളായിരം പേറുമാ കരളതിൽ
കരുണതന്നൊരുതുള്ളിയില്ലയെന്നോ
തുണയായി തണുവായി മാറേണ്ടിരുന്നവൻ
തൂണും തകർത്തു പിരിഞ്ഞുവെന്നോ
കിളിവാതിൽ ചാരാതെ കുറിമാനവും കാത്ത്
എത്ര നാളായി ഞാൻ കാത്തിരിപ്പൂ
മധുനുകരാനായി അരികിലണഞ്ഞുള്ള
വണ്ടായ്മദിച്ചു നീ പോയതാണോ
ആളിപ്പടരുമാപ്രണയാഗ്നി ചതിയുടെ
ചിതയായിരുന്നെ,ന്നിന്നറിയുന്നു ഞാൻ
മഴയായി യെന്നിൽ നീ തോരാതെ പെയ്യുന്നു!
വറ്റാതെ ഒഴുകുന്നു കണ്ണീർപ്പുഴ





2023 ഏപ്രിൽ 26, ബുധനാഴ്‌ച

പുലരിയിൽ....


നേരം ബിലഹരിരാഗം പാടി.
വടക്കേ പുളിമരക്കൊമ്പിലി -
രുന്ന്
വാക്ക് വരയ്ക്കുന്നു ഒരു കാക്ക

നട്ടുവെച്ച വെട്ടുകല്ലിൽ കയറി
കാൽമുഖം കഴുകുന്നു പൂച്ച
മഞ്ഞിൻ്റെ വെണ്ണീർ മാറ്റി
തീപ്പൂട്ടിയിരിക്കുന്നു കിഴക്കൻ -
കുന്ന്

പൊട്ടിയ റോഡിലേക്ക് കുട്ടി-
കളിറങ്ങി
വർണ്ണം ഒലിച്ചുപോയ കളിമണ്ണു -
പോലുള്ളൊരുവൾ
ചാണകവറളി ഉണക്കാനിടുന്നു

കുടിലിൽ നിന്നൊരു പെണ്ണ്
കണ്ണീരുമായി പുറത്തേക്കു വരുന്നു
ശേഷിച്ച രണ്ടു തുളളി എണ്ണ
അടുപ്പിൻ്റെ നാക്കിലേക്കിറ്റിച്ചൊരമ്മ
പുകഞ്ഞ കണ്ണു തുടയ്ക്കുന്നു

2023 ഏപ്രിൽ 23, ഞായറാഴ്‌ച

ജീവിതം തുന്നുമ്പോൾ


കുഞ്ഞുനാളിലെ
ഓർമ്മകൾ പലതും മരിച്ചു
ചില കൂട്ടുകാരും

ആഗ്രഹങ്ങളുടെ
അരക്കിണർ
എന്നേ മൂടി

എന്നെപ്പോലെ
വളർന്നു വന്ന
അറിയാത്തൊരോർമ്മ -
യാണമ്മ

ശൈത്യവും
ഗ്രീഷ്മവും പുതപ്പാക്കി
വിശപ്പിൻ്റെ വിരൽ പിടിച്ച്
കടത്തിണ്ണയിലിരുന്നു

സ്കൂളായിരുന്നു അമ്മ
ഉപ്പുമാവ് ഉൺമ
പാല് അമ്മിഞ്ഞ

ബാല്യം എന്നേ ബലിയിട്ട്
പിരിഞ്ഞു പോയി
കുപ്പായമില്ലാത്ത കുഞ്ഞിന്
കൈക്കലകൊണ്ടു കിട്ടിയ
പൂമാലയാണു ജീവിതം

ജനിക്കും മുമ്പേ മരിച്ചുപോയ
കുഞ്ഞാണു ഞാൻ.

2023 ഏപ്രിൽ 22, ശനിയാഴ്‌ച

മുത്തശ്ശി


ഉണ്ണിക്കവിതകൾ ചൊല്ലാം
ഉൺമകൾ വാരി ഞാനൂട്ടാം
ഉണ്ണീ കരായാതിരിക്കൂ
ഓതുവാൻ എവിടെ മുത്തശ്ശി ?

മഴയെ, നിലാവിനെ കാട്ടി
സ്മൃതികളെ തൊട്ടു തൊട്ടുണർത്തി
പട്ടു പോൽ നേർത്ത മടിയിൽ
പൊട്ടു പോലൊട്ടിയിരിക്കാൻ
എവിടെ മുത്തശ്ശി ?!

സ്നേഹനിലാവായുദിക്കാൻ
കൂരിരുട്ടിൽ ചിരാതാകാൻ
ചിരിതൻ നെല്ലിപ്പൂ വിടർത്താൻ
എവിടെയെവിടെയെൻ മുത്തശ്ശി

2023 ഏപ്രിൽ 20, വ്യാഴാഴ്‌ച

അഗ്നിലിപി


പ്രണയം
അഗ്നിലിപികളാൽ എഴുതപ്പെടുന്നു
സ്നേഹത്തിൻ്റെ, ആദരവിൻ്റെ -
പറുദീസയിൽ
വിശുദ്ധമാലാഖയാകുന്നു

ആത്മവിശ്വാസത്തിൻ്റെ, അഭിലാഷ -
ത്തിൻ്റെ പക്ഷിയാണത്
ആത്മസ്വത്വത്തിൻ്റെ വിത്തു നൽകി
പോറ്റുന്നു

വിയർപ്പും,രക്തവും തുളുമ്പുന്ന
ഒരു ജീവിതത്തെയാണത്
കരങ്ങളിലേക്ക് അർപ്പിക്കുന്നത്
അഗാധമായ സ്നേഹത്തിൻ്റെ
നിഗൂഢമായ രഹസ്യമാണത് തിരയുന്നത്

സൂക്ഷിക്കണം;
പ്രണയം
താണുപറക്കുന്ന ഒരു പക്ഷിയായേക്കാം
ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ
മറ്റൊരുകൂട്ടിൽ അഭയം പ്രാപിച്ചേക്കാം