malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024 ഫെബ്രുവരി 29, വ്യാഴാഴ്‌ച

പ്രഭാതത്തിൽ


ഉരുകിയുരുകി ഊഷ്മളമായ
കിടക്കയിലേക്ക്
പുലരി ,കുളിരിൻ്റെ അലകളെ
ഇളക്കി വിടുന്നു
അവളുടെ വിരലുകൾ ഇഴഞ്ഞി
ഴഞ്ഞു ചെന്ന്
മുടികളെ വാരിക്കെട്ടുന്നു
ചൂലിൻ്റെ ചെറുകിലുക്കം
മുറ്റത്തെ ചരലിൽ നിന്നുയരുന്നു

ഓലക്കൊട്ടയിലെ ചപ്പുചവറുകൾ
കത്തിച്ച്
ഞങ്ങൾ ശീതമകറ്റുന്നു
മുറ്റക്കൊള്ളിലെ പൂക്കളിൽ മഞ്ഞു -
മണികൾ
കവിത ചമയ്ക്കുന്നു

മുരിക്കുമരത്തിൽ ഒരു കാക്ക
ഇരുട്ടിനെയകറ്റുന്നു
കണങ്കാലിൽ മുട്ടിയുരുമ്മി
പൂച്ച സൗഹൃദം കാട്ടുന്നു

ചാണകവറളി പെറുക്കി കൂട്ടുന്നു
മുത്തശ്ശി
വാലു പൊക്കി തുള്ളി കളിക്കുന്നു
ആലയിൽ പൈക്കുട്ടി
കവിത പോലൊരു കട്ടൻ ചായ
കുടിച്ചിരിക്കണമിപ്പോൾ

2024 ഫെബ്രുവരി 27, ചൊവ്വാഴ്ച

ഓർക്കുക


അരുവികൾ, കുരുവികൾ, ആരാമവീഥികൾ
എങ്ങു പോയെങ്ങുപോയ് തണൽമരങ്ങൾ
മഞ്ഞ മുക്കുറ്റികൾ, പച്ചോല ചീന്തുകൾ
എങ്ങുപോയെൻ കളിക്കൂട്ടുകാരും

വയലും,വനങ്ങളും, വാസന്ത രാത്രിയും
മഞ്ഞും ,കുളിരും ,തളിർത്തോരുഡുക്കളും
ഋതുമതി പെണ്ണുപോൽ പൂവിട്ട മേദിനി
എൻ കിനാവേരുകൾ തേടും കവിതകൾ

എങ്ങു പോയെങ്ങുപോയ് കൊയ്ത്തുകാലം
എങ്ങു പോയ് മോഹങ്ങൾ നെയ്ത കാലം
കണ്ടാൽ പരസ്പരമൊന്നു ചിരിക്കുന്ന
കണ്ടില്ലയെങ്കിലോ ഓർമ്മയിൽ തങ്ങുന്ന
എല്ലാരുമൊന്നായിരുന്ന കാലം

ഒത്തൊരുമിച്ചിടാം കൂട്ടായി നിന്നിടാം
കാലത്തിൻ മാറ്റം തിരിച്ചറിയാം
ഒന്നിച്ചു നിൽക്കുകിൽ ഒന്നായിത്തീരുകിൽ
പറിച്ചെറിയാനാർക്കും കഴിയില്ലനമ്മേ

2024 ഫെബ്രുവരി 26, തിങ്കളാഴ്‌ച

പ്രണയത്തിൻ്റെ റോഡ് നിയമങ്ങൾ


പ്രണയം വൺവേയല്ല
കൂട്ടിമുട്ടാൻ സാദ്ധ്യതയുണ്ട്
സൂക്ഷിച്ച് പോകുക

പ്രണയം ടൂവീലർ പോലെയാണ്
തിളങ്ങുന്ന കണ്ണുമായി നേരെ -
പോകണം
ഇടംവലം ചേർന്നു പോയാൽ
അപകടമാണ്
സൂക്ഷിച്ച് പോകുക

സൗന്ദര്യത്തിൻ്റെ ലഹരി കുടിച്ചു
കൊണ്ടേയിരിക്കുക
ഹൃദയത്തിലെ തീ അണയാതെ
സൂക്ഷിക്കുക
തീയണഞ്ഞാൽ നനഞ്ഞ പടക്ക -
മാകും
ചിലപ്പോൾ
അറിയാതെ പൊട്ടിത്തെറിച്ചേക്കാം
അപകടമാണ്
സൂക്ഷിച്ച് പോകുക

കുഴികളും തടകളും ഏറെയാണ്
വെട്ടിച്ചും ചാടിച്ചും പോകുക
മനസ്സിൻ്റെ വേഗം കൂട്ടുക
അറിയാതെയെങ്ങാനും നിർത്തി
പോകരുത്
എങ്കിൽ മതി ജീവിതകാലം മുഴുവൻ
കോമയിലാകാൻ

മുന്നറിയിപ്പ്:
പ്രണയത്തിൻ്റെ റോഡുനിയമങ്ങൾക്ക്
ബോർഡുകളില്ല
പച്ചയും, ചുകപ്പും മറ്റു സിഗ്നലുകളും
വിവേകത്തിന് വിധേയം


2024 ഫെബ്രുവരി 21, ബുധനാഴ്‌ച

ജഡ ശരീരം


കണ്ണീരും
ചോരയുമിറ്റിയതിൽ നിന്നാണ്
സ്വാദറിഞ്ഞ് നാം
വയറു നിറക്കുന്നത്

സ്വേദമെന്തെന്നറിഞ്ഞിട്ടില്ല
പട്ടിണിയുടെ പട്ടടകണ്ടിട്ടില്ല
നീലയുടെ ചതുപ്പിലേക്ക്
താഴ്ന്നു പോയവവരെ അറിയില്ല

ചരിത്രമെന്തെന്നറിയില്ല
കഴിഞ്ഞ ചിത്രമേ കണ്ടിട്ടില്ല
ചുരുങ്ങിച്ചുരുങ്ങി വന്ന്
ജഡ ശരീരമായൊരു ജീവിതം

മൃത്യുഗന്ധം ശ്വസിക്കുമ്പോഴും
സ്മൃതിയിലൊരുമന്ത്രം മാത്രം
അറിവെന്നാൽ പണമെന്നും
പണം തന്നെ ഗുണമെന്നും

2024 ഫെബ്രുവരി 18, ഞായറാഴ്‌ച

ആശാൻ വൈദ്യർ


ആശാൻ വൈദ്യർ
ഊശാൻ താടിയുംതടവി
ഒരുവരവുണ്ട്
വൈദ്യരെത്തുന്നതിനു മുന്നേ
മരുന്നിൻ്റെ മണമെത്തും

വൈദ്യരുടെ വാക്കിൻ്റെ രസായനം
സേവിച്ചാൽ തന്നെ
രോഗം പകുതി മാറും
കണ്ണടച്ച്, മൂക്ക് പൊത്തി ഒറ്റവലിക്ക്
കുടിക്കുന്ന കഷായത്തിന് ശേഷം
കഴിക്കുന്ന
കൽക്കണ്ടമാണ് വൈദ്യരുടെ വാക്ക്

കാലം തേച്ചുമിനുക്കിയെടുത്ത
കാൽമുട്ടുവേദന
ജീവിതഭാരം കയറ്റിവെച്ച് ഒടിഞ്ഞു -
പോയ മുതുക്
കുനിഞ്ഞു കുനിഞ്ഞ് കൂച്ചിക്കെട്ടി
പ്പോയ നടുവ്
ഒട്ടിപ്പോയ വയറിനുള്ളിലെ നെട്ടോട്ടം

ചിരിയുടെ ഒരു ചീന്തെടുത്ത്
ആദ്യമൊരു കെട്ടുകെട്ടും വൈദ്യർ
വേദന മാറാനുള്ള വേത് അതിൽ
തിളയ്ക്കും
കല്ലും,മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ
കളിവണ്ടി കൊണ്ടു പോകുന്ന കുട്ടിയെ -
പ്പോലെ
തൊട്ടു നോക്കും വൈദ്യർ
വേദനയുടെ കെട്ടഴിഞ്ഞ് ചിരിയിലേക്ക്
വഴുതി വീഴുമപ്പോൾ രോഗി

ആശാൻ വൈദ്യരുടെ ഓർമ്മയാണ്
ഇപ്പോഴും
ചില വേദനകൾക്കെല്ലാം ശമനം

2024 ഫെബ്രുവരി 17, ശനിയാഴ്‌ച

മരിച്ചുപോയ കുഞ്ഞുങ്ങൾ


മരിച്ചുപോയ കുഞ്ഞുങ്ങൾ
എങ്ങോട്ടാണ് പോകുന്നത് !

പൊന്തക്കാടുകളിൽ
ഒളിച്ചു കളിക്കുകയായിരിക്കുമോ?
അട്ടാച്ചൊട്ട കളിക്കാൻ
ഓടിപ്പോയതാണോ?
നെടിയ പിലാവിൻ കീഴെയിരുന്ന്
മണ്ണപ്പം ചുടുന്നുണ്ടാകുമോ ?!

മരിച്ചു പോയകുഞ്ഞുങ്ങളെ -
ക്കുറിച്ചുള്ള ഓർമ്മകൾ
വിശാലം
അഗാധം
കുഞ്ഞുങ്ങൾ ദൈവങ്ങളാണ്
അവരെ ആർക്കാണ്
കൊല്ലാൻ കഴിയുക.

അവർ ഒരു യാത്ര പോയതാണ്
മലകൾ
പുഴകൾ
ആകാശം
കാണുവാനൊരു തീർത്ഥയാത്ര

മരിച്ചുപോയ കുഞ്ഞുങ്ങൾ
മരിക്കുന്നേയില്ല

2024 ഫെബ്രുവരി 16, വെള്ളിയാഴ്‌ച

പുലരിയിൽ


കുയിലിൻ കുളിരൂറുന്നൊരു ശബ്ദം
കേട്ടുയിന്നു പുലർകാലെ
ചക്കരമാവിൻ ചില്ലത്തുമ്പിൽ
ചാഞ്ചാടുന്നൊരു ശബ്ദത്തെ

ഉന്മേഷത്തിൻ തിരകൾ വന്ന്
തൊട്ടു തലോടി ഹൃദയത്തെ
കന്മഷമെല്ലാമുരുകിയൊലിച്ചു
കവിത നിറഞ്ഞു ഉള്ളത്തിൽ

സിരകളിലെങ്ങും സ്വരമഴചാറി
കുളിരു പടർത്തുന്നതു പോലെ
ഇതളു വിടർത്തി ഇമകൾ തുറന്ന്
വിരിഞ്ഞു വരുന്നൊരു പൂ പോലെ

പുതുലോകത്തങ്ങെത്തിയ പോലെ
പുതുമുളയിട്ടതു പോലെ
പുതുതായൂർജ്ജം വന്നുനിറഞ്ഞു
പുത്തനുറവകൾ പോലെ