malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024 ഒക്‌ടോബർ 30, ബുധനാഴ്‌ച

വാക്കേ.....




വാക്കേ നിൻ്റെ നോക്കിൽ
വിഭ്രാന്തിയാൽ
വിതുമ്പിപ്പോകുന്നു.
ചിതറിപ്പോയ ചിന്തകളെ
നീ കൂട്ടി വെയ്ക്കുന്നു
രണ്ടാം ജീവിതത്തിലേക്ക്
കൈപിടിച്ചു നടത്തുന്നു
ഞാൻ എന്നെ നിനക്കായ്
സമർപ്പിക്കുന്നു

2024 ഒക്‌ടോബർ 29, ചൊവ്വാഴ്ച

നോട്ടം

 


അവളുടെ കണ്ണിൽ ഉപ്പു കാ-
റ്റിരമ്പുന്നു
വിതുമ്പലിനെ വിലക്കാൻ ശ്രമി-
ക്കുന്നു
വൈകുന്നേരവെയിൽ പോലെ
തെളിഞ്ഞിരുന്ന പെണ്ണ്
പൊള്ളും ശൂന്യതയിൽ നീറുന്നു .

ഒരു വഷളൻ വെയിൽ അവളെ
ഉറ്റുനോക്കുന്നു
അവിടവിടെയുണ്ട് ചിതറിയ ചില -
സങ്കടനോട്ടങ്ങൾ.

നോട്ടങ്ങൾ ചിലനേരം നെടുകെ
പിളർത്തും നമ്മെ .

2024 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ഓരോ ചുംബനവും


ഓരോ ചുംബനവും
ആദ്യ ചുംബനമാകണം
ചുണ്ടിലൊരു കവിതയായ്
കൊത്തിവെയ്ക്കണം

ഓരോ നോക്കിലും
ഒരു വാക്കുണ്ടാവണം
ലിപിയില്ലാത്ത അവയിൽ
നിന്നും
ഒരു പാട് വായിച്ചെടുക്കണം

കവിൾത്തുടുപ്പിലൊരു
കടൽക്കോളു കാണണം
സാന്ധ്യ ശോഭയായ്
കൈകോർത്തു നിൽക്കണം

പ്രണയമെന്നും
അടങ്ങാത്ത ആഴിയാകണം
ചുംബനങ്ങൾ
ചെമ്പകപ്പൂവും

2024 ഒക്‌ടോബർ 26, ശനിയാഴ്‌ച

ഇറക്കം



കയറ്റം ബുദ്ധിമുട്ട് തന്നെയാണ്.
ഇറക്കം
എളുപ്പമല്ല

കണ്ണൊന്നു പാളിയാൽ
കാലൊന്നു തെറ്റിയാൽ
ജീവിതത്തിൽ നിന്നു തന്നെ
ഇറങ്ങിപ്പോകേണ്ടി വരും
ചിതലരിച്ച ചിത്രമായി
മാറേണ്ടി വരും

എളുപ്പമാണ്
പറയാൻ
പ്രോത്സാഹിപ്പിക്കാൻ
അനുഭവിച്ചു നോക്കണം
അപ്പോഴറിയാം.....!

ഓർക്കുക
കയറ്റത്തേക്കാൾ
ബുദ്ധിമുട്ടാണ്
ഇറക്കത്തിന്

അത്രയും
ഉദാസീനമായി
ജീവിതത്തെ ഒന്നുരുട്ടി വിട്ടു
നോക്കൂ
കണ്ണടച്ചു തുറക്കുന്ന
ആ നിമിഷംമതി
അരികിലുള്ളവയൊക്കെ
അകലത്താകാൻ
എന്നന്നേയ്ക്കുമായി ഇല്ലാ
താകാൻ

2024 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

മഴയേ....



പാടി പതിഞ്ഞൊരീണം പോലെ
മഴയിന്നു നിന്നു  പെയ്യുന്നില്ല
കവിതയുടെ കുളിരുമായങ്ങനെ
കുണുങ്ങി പെയ്യുന്നില്ല

മഴയാകെ മാറിയിരിക്കുന്നു
മനുഷ്യമനസ്സുപോലെ കുഴമറിയുന്നു
ഒറ്റപ്പെട്ട മഴ ഒച്ചവച്ചു കൊണ്ട്
ഓടി വീഴുന്നു
തൊടിയിൽ തളംകെട്ടി കിടക്കുന്നു

മഴയെന്നാണിനി ഗസലു പെയ്യുക
ഗസലിൻ്റെ ഗരിമ എന്നാണെന്നെ
തൊട്ടുണർത്തുക
എന്നാണു നിൻ്റെ നിഷ്കളങ്കത
വറ്റിപ്പോയത് !
വന്യമായ ഉന്മാദത്താൽ എല്ലാം
തച്ചുടക്കാൻ തുടങ്ങിയത്

ഇടവപ്പാതിയിൽ ഇടമുറിയാതെ
കർക്കിടകത്തിൽ കള്ളക്കണ്ണാലെ
ചിങ്ങത്തിൽ ചിരിമണികളുതിർത്ത്
കന്നിയിൽ നാണംകുണുങ്ങി
നിന്നെയെനിക്കൊന്നു കാണണം

പുതുപ്പെണ്ണിൻ്റെ സ്പർശംപോലെ
കുളിരുള്ള ചാറ്റലേറ്റ്
വരാന്തയുടെ അങ്ങേയറ്റത്ത്
ചാരുകസേരയിൽ മലർന്നു കിടന്നു
മയങ്ങണം

മഴയേ........,
സ്നേഹത്തിൻ്റെ
സഹ്യനായി നീയൊന്നു കൂടിയെന്നിൽ
പെയ്തിറങ്ങിയെങ്കിൽ

2024 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ഇല്ലിനി



അമ്മേ, പ്രകൃതി
പ്രാക്തന കാലത്തുള്ള
മാനവനായിരുന്നില്ല
പ്രാകൃതൻ.
ലോകത്തെ ഉള്ളങ്കൈയി-
ലൊതുക്കും
ഇന്നിൻ അത്യാഗ്രഹിയാം
മനുജൻ.
നീ ചുരത്തിയ മാറവൻ
അരിഞ്ഞേ കൊണ്ടുപോയി
വെട്ടിയെടുത്തു നിൻ കൈ -
കാലുകൾ.
കൊഞ്ഞനം കുത്തി രസിക്കു -
മ്പോൾ
കുത്തിയൊലിച്ചു പോകുന്നു
നാടും നാട്ടാരും,ജീവജാലങ്ങളും
ഇല്ലിനിയിവിടെ ജീവജലം
സ്നേഹത്തിൻ ഇന്ദ്രജാലം
പ്രണയവും കവിതയും
പൂക്കളും, പക്ഷികളും
ഒരിറ്റു കണ്ണീരുപ്പു പോലും



2024 ഒക്‌ടോബർ 23, ബുധനാഴ്‌ച

പ്രണയത്താൽ




മഴച്ചില്ലുപോലെ മിനുത്തുള്ള -
സുന്ദരി
വെടിച്ചില്ലുപോലുളളിലോർമ്മ -
യായുണ്ടു നീ
അന്ന,ന്തിനേരത്ത് അക്കടൽ -
ത്തീരത്ത്
ഉളളിൽ കൊളുത്തിവച്ചന്നു -
നാം നെയ്ത്തിരി

കാണുന്നതുണ്ടിനും കണ്ണിലെ -
കടൽത്തിര
അധരത്തിൽ പറ്റിയ അന്തിനേ-
രച്ചുന
സ്നേഹമെന്തെന്നത് അറിയാ-
തെ പോകെലാ !
എന്നുമുണ്ടാവുമെന്നുള്ളിലീ,യ -
ർത്ഥന

മുന്നമേ തന്നെ നാം ഒന്നായിരു-
ന്നിടാം
രണ്ടിടത്തായി ജനിച്ചെന്നതാ-
യിടാം
ഒന്നായിടുന്നതിൻ മുന്നോടിയാ -
യിടാം
അന്ന,ന്തിയിൽ കണ്ടുമുട്ടിയതോ -
ർക്കുക

മറ്റൊരാൾക്കില്ലിനി ചേക്കേറുവാ-
നിനി
എന്നിൽ ശിഖരങ്ങളെന്നറിഞ്ഞീടു -
നീ
പ്രീയമോടില്ലിനി കൊളുത്തുവാൻ -
നെയ്ത്തിരി
നിൻ പ്രണയച്ചില്ലിൽ തറഞ്ഞവന -
ല്ലി ഞാൻ