malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024 നവംബർ 30, ശനിയാഴ്‌ച

കാഴ്ച്ച



ആനമയക്കികള്ള് കുടിച്ചിട്ടച്ഛനകത്ത് കിടപ്പുണ്ട്
പട്ട കുടിച്ചു കറങ്ങി നടക്കും ഏട്ടന്‍ പട്ടണമൊട്ടാകെ
അമ്മ മഹാമുനി , വണ്ടിക്കാള
ജീവിത ഭാരം പേറുന്നു.

കേള്‍ക്കാം ഒരു മകള്‍ ,ഒരു പെങ്ങള്‍-
റോട്ടില്‍,വീട്ടില്‍ ഇരവില്‍,പകലില്‍
കാമാന്ധതയുടെ കഴുക കൊക്കുകള്‍
കൊത്തും ദീന വിലാപങ്ങള്‍

ആരുണ്ടിവിടെ തടയാന്‍
'അരുത് നിഷാദ അരുത് ' - ,
അരുതരുതരുതെന്നോതീടാന്‍

മാനംവിറ്റ്മാളികപണിതോര്‍
മനസ്സില്‍ മതിലുകള്‍ തീര്‍ക്കുമ്പോള്‍
പട്ടിണി പടിയേറീടിന വീട്ടില്‍
ഇറയില്‍ തൂങ്ങും കയര്‍ കാണാം

ആരുണ്ടിവിടെ തടയാന്‍
'അരുത് നിഷാദ അരുത് ' -,
അരുതരുതരുതെന്നോതീടാന്‍

അമ്മപ്പാല് കുടിച്ചൊരു മാറ്
മുറിച്ചു മുഴക്കും ജയഭേരി
ഉയിരിന്‍പാതി പതിയോ പത്നിയെ
പാതി വഴിയില്‍ വില്‍ക്കുന്നു.

ആരുണ്ടിവിടെ തടയാന്‍
'അരുത് നിഷാദ അരുത് ',
അരുതരുതരുതെന്നോതീടാന്‍.

2024 നവംബർ 29, വെള്ളിയാഴ്‌ച

അധികാരം



കിട്ടുമ്പോൾ
വളരുകയും
നഷ്ടപ്പെടുമ്പോൾ
ചെറുതാവുകയും
ചെയ്യുന്നത്

2024 നവംബർ 28, വ്യാഴാഴ്‌ച

ജീവിതമല്ലാതെ



ചിന്തയുടെ ഒരു വിത്തിനെ
ഭാഷയുടെ വളമിട്ട് ഞാൻ നടുന്നു
മുളയിട്ട് ചെടിയായി വാക്കിൻ്റെ -
വള്ളിയായി
അക്ഷരങ്ങൾ ചുറഞ്ഞു ചുറഞ്ഞു
കയറുന്നു

ഓരോ മനസ്സിലും ഓരോ ഭാഷയായി
വിവർത്തനം ചെയ്യപ്പെടുന്നു
കാണുമ്പോഴൊന്ന്,
വായിക്കുമ്പോൾ മറ്റൊന്ന്,
ചിന്തിക്കുമ്പോൾ വേറൊന്ന്

ചിലർക്ക് ജീവിതം പോലെ
ലിപിയില്ലാത്ത ഭാഷയായി
ഉറക്കെ ഉച്ചരിക്കപ്പെടുന്നത്
കവിത ജീവിതമല്ലാതെ മറ്റെന്ത്?

2024 നവംബർ 27, ബുധനാഴ്‌ച

മാമ്പഴക്കാലം



രസനയിലില്ലിന്നാ
രസമധുരം
രാസവിദ്യതൻ
കടും മധുരമല്ലാതെ

തത്തിക്കളിക്കുന്നുണ്ട്
വലിച്ചീമ്പിക്കുടിക്കുമാ
മാമ്പഴമധുരമിന്നുമെ-
ന്നോർമ്മയിൽ

മാങ്ങാച്ചുനതൻ ചുണയും -
ചൂരുമറിയില്ല കുട്ടികൾക്കിന്ന്
മാവു പൂത്ത വസന്തത്തെ
കണ്ടിട്ടേയില്ല
അറിയില്ല പഴയൊരാ പല -
മാമ്പഴപ്പേരവർക്ക്
പുതുപേരിൽ പുളകമണിയും
പളുങ്കുകളാണവർ

കനികൾതൻ തനിമയറിയില്ല -
വർക്ക്
കണ്ണഞ്ചിക്കും കനികൾ
മാർക്കറ്റിൽ കണ്ടു വളർന്നോര -
വർ

ഗ്രാമഹരിതക്കാഴ്ച്ചയും
കവിതമൂളും കാറ്റും
കുന്നേറി മരമേറി കൂത്താടി
കളിച്ചെത്തും
ബാലകരുമില്ലിന്ന്

പട്ടണത്തിൻ
പളപളപ്പിൽ
പൊങ്ങി നീന്താൻ വെമ്പൽ
കൊള്ളുവോരല്ലാതെ

2024 നവംബർ 26, ചൊവ്വാഴ്ച

നീറ്റൽ



നീ വെച്ചുപോയ വാക്കുകൾ
വെള്ളാരങ്കല്ലുകളാകുന്നു
അവ പൊടിഞ്ഞ,രഞ്ഞ്
രാകി മിനുത്ത് കൂർത്ത് നിൽക്കുന്നു

മൂർച്ചിച്ച നിൻ്റെ വാക്കുകളേറ്റ്
എൻ്റെ മാംസം ചോരച്ചു പോയിരിക്കുന്നു
ക്രൂരതയുടെ ഉപ്പും മുളകും പുരട്ടി നീ
നൊട്ടിനുണയുന്നു

സ്നേഹത്തിൻ്റെ മേമ്പൊടി ചേർത്ത്
ആലസ്യത്തിൽ നിറഞ്ഞൊഴുകുന്ന രതിപ്പുഴയായ് പടർന്നു നിന്ന നീ
രക്തപ്പുഴ,യൊഴുക്കി തിരിച്ചു പോകുന്നു

നീയേകിയ സ്വപ്നങ്ങളൊക്കെയും
ക്ഷണികമായിരുന്നു
നീയേകിയ സ്വാതന്ത്ര്യം മായയായിരുന്നു
പ്രണയം നിറഞ്ഞ എൻ്റെ ഞരമ്പിൽ നിന്നും
നീ ഒളിച്ചു കടത്തിയത് പ്രാണനെയായിരുന്നു

അടിവയറ്റിൽ അറപ്പിൻ്റെ സൂചിമുന -
കളാണിപ്പോൾ
ഉൾവേഴ്ചകളുടെ ഉൾനോവുകളിൽ
ഉയിരുടഞ്ഞു നീറുകയാണിപ്പോൾ

2024 നവംബർ 22, വെള്ളിയാഴ്‌ച

ശേഷിപ്പ്


ഇന്നത്തെ പുലരി കൊണ്ടുവന്നത്
നിൻ്റെ ഓർമ്മകളെയാണ്.
തണുത്ത കാറ്റ്
സ്വർണ്ണ നിറമുള്ള സൂര്യരശ്മി
നിറഞ്ഞു നിരന്ന വാകപ്പൂക്കൾ

പ്രഭാത വെയിൽ കായുന്ന കാക്കകൾ
ഈറനുടുത്തു നാണിച്ച പുൽനാമ്പുകൾ
ഇവയ്ക്കിടയിലൂടെ എത്രയോ വട്ടം
നാം കാട്ടിയ കുസൃതികൾ

നാം വട്ടംചുറ്റിയ കുറ്റിക്കാടുകൾ
നാം നമുക്കായ് കാത്ത്
കാലു കഴച്ച്
കണ്ണുകഴച്ച്
എത്രയോ വട്ടം.......

പറഞ്ഞിട്ടും പറയാത്ത
പാടിയിട്ടും മുഴുമിപ്പിക്കാത്ത
പറഞ്ഞാലും പറഞ്ഞാലും തീരാത്ത
കാര്യങ്ങളുമായി കാത്തിരിപ്പാണിന്നും

മഞ്ഞു വീണു പൊള്ളിയിട്ടും
വെയിൽ നനഞ്ഞുനീറിയിട്ടും
ഇലപൊഴിഞ്ഞ് ശോഷിച്ചിട്ടും
നിന്നെക്കുറിച്ചുള്ള ശേഷിപ്പുമായ് .....

2024 നവംബർ 21, വ്യാഴാഴ്‌ച

പുനർജനി

 



വെയിലും നിഴലും പിണഞ്ഞു -
കിടക്കുന്നു
ഉലഞ്ഞുണരുന്നു അവളുടെ -
മിഴികൾ.
അവൻ, പ്രണയത്തിൻ്റെ പ്രകാ-
ശവർഷകാലത്തിൽ

ഉറഞ്ഞു പോയ പ്രായം പ്രണയ -
ത്തിൻ്റെചൂളയിൽ തിളക്കുന്നു
പ്രണയത്തെ പിഴിഞ്ഞ് തൻ്റെ -
മാത്രം ചഷകത്തിൽ നിറയ്ക്കുന്നു

എളുപ്പം കൊളുത്താവുന്ന പുളപ്പൻ
മീനായി അവൾ മാറുന്നു
അവളെ മുന്തിരിച്ചാറുപോലെ ഉറുഞ്ചി-
ക്കുടിക്കുന്നു
ഇടറുന്ന ചുണ്ടുകൾ തമ്മിൽ കൊരുത്ത്
മറ്റൊരു കാലത്തിലേക്ക് അവർ പുനർ
ജനിക്കുന്നു .