malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, ഒക്‌ടോബർ 30, ബുധനാഴ്‌ച

വാക്കേ.....




വാക്കേ നിൻ്റെ നോക്കിൽ
വിഭ്രാന്തിയാൽ
വിതുമ്പിപ്പോകുന്നു.
ചിതറിപ്പോയ ചിന്തകളെ
നീ കൂട്ടി വെയ്ക്കുന്നു
രണ്ടാം ജീവിതത്തിലേക്ക്
കൈപിടിച്ചു നടത്തുന്നു
ഞാൻ എന്നെ നിനക്കായ്
സമർപ്പിക്കുന്നു

2024, ഒക്‌ടോബർ 29, ചൊവ്വാഴ്ച

നോട്ടം

 


അവളുടെ കണ്ണിൽ ഉപ്പു കാ-
റ്റിരമ്പുന്നു
വിതുമ്പലിനെ വിലക്കാൻ ശ്രമി-
ക്കുന്നു
വൈകുന്നേരവെയിൽ പോലെ
തെളിഞ്ഞിരുന്ന പെണ്ണ്
പൊള്ളും ശൂന്യതയിൽ നീറുന്നു .

ഒരു വഷളൻ വെയിൽ അവളെ
ഉറ്റുനോക്കുന്നു
അവിടവിടെയുണ്ട് ചിതറിയ ചില -
സങ്കടനോട്ടങ്ങൾ.

നോട്ടങ്ങൾ ചിലനേരം നെടുകെ
പിളർത്തും നമ്മെ .

2024, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ഓരോ ചുംബനവും


ഓരോ ചുംബനവും
ആദ്യ ചുംബനമാകണം
ചുണ്ടിലൊരു കവിതയായ്
കൊത്തിവെയ്ക്കണം

ഓരോ നോക്കിലും
ഒരു വാക്കുണ്ടാവണം
ലിപിയില്ലാത്ത അവയിൽ
നിന്നും
ഒരു പാട് വായിച്ചെടുക്കണം

കവിൾത്തുടുപ്പിലൊരു
കടൽക്കോളു കാണണം
സാന്ധ്യ ശോഭയായ്
കൈകോർത്തു നിൽക്കണം

പ്രണയമെന്നും
അടങ്ങാത്ത ആഴിയാകണം
ചുംബനങ്ങൾ
ചെമ്പകപ്പൂവും

2024, ഒക്‌ടോബർ 26, ശനിയാഴ്‌ച

ഇറക്കം



കയറ്റം ബുദ്ധിമുട്ട് തന്നെയാണ്.
ഇറക്കം
എളുപ്പമല്ല

കണ്ണൊന്നു പാളിയാൽ
കാലൊന്നു തെറ്റിയാൽ
ജീവിതത്തിൽ നിന്നു തന്നെ
ഇറങ്ങിപ്പോകേണ്ടി വരും
ചിതലരിച്ച ചിത്രമായി
മാറേണ്ടി വരും

എളുപ്പമാണ്
പറയാൻ
പ്രോത്സാഹിപ്പിക്കാൻ
അനുഭവിച്ചു നോക്കണം
അപ്പോഴറിയാം.....!

ഓർക്കുക
കയറ്റത്തേക്കാൾ
ബുദ്ധിമുട്ടാണ്
ഇറക്കത്തിന്

അത്രയും
ഉദാസീനമായി
ജീവിതത്തെ ഒന്നുരുട്ടി വിട്ടു
നോക്കൂ
കണ്ണടച്ചു തുറക്കുന്ന
ആ നിമിഷംമതി
അരികിലുള്ളവയൊക്കെ
അകലത്താകാൻ
എന്നന്നേയ്ക്കുമായി ഇല്ലാ
താകാൻ

2024, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

മഴയേ....



പാടി പതിഞ്ഞൊരീണം പോലെ
മഴയിന്നു നിന്നു  പെയ്യുന്നില്ല
കവിതയുടെ കുളിരുമായങ്ങനെ
കുണുങ്ങി പെയ്യുന്നില്ല

മഴയാകെ മാറിയിരിക്കുന്നു
മനുഷ്യമനസ്സുപോലെ കുഴമറിയുന്നു
ഒറ്റപ്പെട്ട മഴ ഒച്ചവച്ചു കൊണ്ട്
ഓടി വീഴുന്നു
തൊടിയിൽ തളംകെട്ടി കിടക്കുന്നു

മഴയെന്നാണിനി ഗസലു പെയ്യുക
ഗസലിൻ്റെ ഗരിമ എന്നാണെന്നെ
തൊട്ടുണർത്തുക
എന്നാണു നിൻ്റെ നിഷ്കളങ്കത
വറ്റിപ്പോയത് !
വന്യമായ ഉന്മാദത്താൽ എല്ലാം
തച്ചുടക്കാൻ തുടങ്ങിയത്

ഇടവപ്പാതിയിൽ ഇടമുറിയാതെ
കർക്കിടകത്തിൽ കള്ളക്കണ്ണാലെ
ചിങ്ങത്തിൽ ചിരിമണികളുതിർത്ത്
കന്നിയിൽ നാണംകുണുങ്ങി
നിന്നെയെനിക്കൊന്നു കാണണം

പുതുപ്പെണ്ണിൻ്റെ സ്പർശംപോലെ
കുളിരുള്ള ചാറ്റലേറ്റ്
വരാന്തയുടെ അങ്ങേയറ്റത്ത്
ചാരുകസേരയിൽ മലർന്നു കിടന്നു
മയങ്ങണം

മഴയേ........,
സ്നേഹത്തിൻ്റെ
സഹ്യനായി നീയൊന്നു കൂടിയെന്നിൽ
പെയ്തിറങ്ങിയെങ്കിൽ

2024, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ഇല്ലിനി



അമ്മേ, പ്രകൃതി
പ്രാക്തന കാലത്തുള്ള
മാനവനായിരുന്നില്ല
പ്രാകൃതൻ.
ലോകത്തെ ഉള്ളങ്കൈയി-
ലൊതുക്കും
ഇന്നിൻ അത്യാഗ്രഹിയാം
മനുജൻ.
നീ ചുരത്തിയ മാറവൻ
അരിഞ്ഞേ കൊണ്ടുപോയി
വെട്ടിയെടുത്തു നിൻ കൈ -
കാലുകൾ.
കൊഞ്ഞനം കുത്തി രസിക്കു -
മ്പോൾ
കുത്തിയൊലിച്ചു പോകുന്നു
നാടും നാട്ടാരും,ജീവജാലങ്ങളും
ഇല്ലിനിയിവിടെ ജീവജലം
സ്നേഹത്തിൻ ഇന്ദ്രജാലം
പ്രണയവും കവിതയും
പൂക്കളും, പക്ഷികളും
ഒരിറ്റു കണ്ണീരുപ്പു പോലും



2024, ഒക്‌ടോബർ 23, ബുധനാഴ്‌ച

പ്രണയത്താൽ




മഴച്ചില്ലുപോലെ മിനുത്തുള്ള -
സുന്ദരി
വെടിച്ചില്ലുപോലുളളിലോർമ്മ -
യായുണ്ടു നീ
അന്ന,ന്തിനേരത്ത് അക്കടൽ -
ത്തീരത്ത്
ഉളളിൽ കൊളുത്തിവച്ചന്നു -
നാം നെയ്ത്തിരി

കാണുന്നതുണ്ടിനും കണ്ണിലെ -
കടൽത്തിര
അധരത്തിൽ പറ്റിയ അന്തിനേ-
രച്ചുന
സ്നേഹമെന്തെന്നത് അറിയാ-
തെ പോകെലാ !
എന്നുമുണ്ടാവുമെന്നുള്ളിലീ,യ -
ർത്ഥന

മുന്നമേ തന്നെ നാം ഒന്നായിരു-
ന്നിടാം
രണ്ടിടത്തായി ജനിച്ചെന്നതാ-
യിടാം
ഒന്നായിടുന്നതിൻ മുന്നോടിയാ -
യിടാം
അന്ന,ന്തിയിൽ കണ്ടുമുട്ടിയതോ -
ർക്കുക

മറ്റൊരാൾക്കില്ലിനി ചേക്കേറുവാ-
നിനി
എന്നിൽ ശിഖരങ്ങളെന്നറിഞ്ഞീടു -
നീ
പ്രീയമോടില്ലിനി കൊളുത്തുവാൻ -
നെയ്ത്തിരി
നിൻ പ്രണയച്ചില്ലിൽ തറഞ്ഞവന -
ല്ലി ഞാൻ

2024, ഒക്‌ടോബർ 22, ചൊവ്വാഴ്ച

മൂന്നു കവിതകൾ




യുദ്ധം

ചുംബിച്ചു കൊണ്ടിനി
പിരിയാം
പ്രിയേ,
ഒത്തുചേരാനിനി
കഴിഞ്ഞില്ലെങ്കിലോ

(2)
മൊഴി

കാറ്റേ,
ഒരു സന്ദേശവും
കൊണ്ടുവരേണ്ട നീ
ഞാൻ ചുംബിച്ച ചുണ്ടുകളാൽ
എന്നെ ചുംബിക്കുന്നവനെയല്ലാതെ

(3)
രക്തസാക്ഷി

വസന്തകാലത്തെ
ചുവന്ന പൂവ്

2024, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

കഴിഞ്ഞുപോയതിന്നോർമ്മ





ഉണ്ടായിരുന്നു ;
തൊടിയിലൊരറ്റത്ത്
ധവളമേഘങ്ങൾ നിഴലിച്ചു -
നിൽക്കുമൊരുകുളം

തുമ്പികൾ, ചിത്രശലഭങ്ങൾ
ചീവീടുകളുടെ സംഗീതം
കുയിലിൻ കളകൂജനം
കോഴികളുടെ ചിക്കിപ്പെറുക്കൽ

ആഞ്ഞിലി, മഹാഗണി
കുടമ്പുളി, വരിക്കപ്ലാവ്
കശുമാവ്, പപ്പായ
ചിലക്കും ചിതല പക്ഷികൾ

ഇരുണ്ട നാളിലെ
അരണ്ട വെളിച്ചത്തെയോർത്തും
സന്തോഷിക്കാം
അതിലുമുണ്ടൊരു ഉല്ലാസാഘോഷം
ഉഷസ്സിൻ്റെ കണ്ണിമ

കഴിഞ്ഞുപോയ കാലത്തിൻ
ഇല്ലായ്മയേക്കാൾ
അനുഭവിക്കുന്നുയിന്നിൻ
സമൃദ്ധിതൻ വല്ലായ്മ

അതിൻവൃണങ്ങളിൽ ചൊറിഞ്ഞു
ചൊറിഞ്ഞങ്ങനെ
പരേതാത്മാവിനെപ്പോലെ
വരിക്കപ്ലാവിലള്ളിപ്പിടിച്ചിരിക്കുമാ
പഴയ കാക്കയായ് ഞാനിരിക്കുന്നു


2024, ഒക്‌ടോബർ 20, ഞായറാഴ്‌ച

ഉറങ്ങുമ്പോൾ




അടുപ്പിൽ തീയായ് പുകഞ്ഞ്
നനക്കല്ലിൽ വിഴുപ്പായ് കുതിർന്ന്
രാവിലെ കട്ടൻ ചായയായ്
ഉച്ചയ്ക്ക് ഊണായ്
വൈകുന്നേരം നാലുമണിച്ചായ-
യായ്
രാത്രിയിൽ നിനക്കു മെത്തയായ്

അണിഞ്ഞും
അഴിഞ്ഞും
കരിഞ്ഞും
പൊരിഞ്ഞും
ദിവസത്തിൻ്റെ മുക്കാൽ പങ്കും
കഴിഞ്ഞ്
ഉറങ്ങുമ്പോഴാണ്
ഞാൻ നീയാകുന്നത്

എവിടേയും തോറ്റുപോകുന്ന ഞാൻ
ജയിച്ച് തലയുയർത്തുന്നത്
കൽപ്പിച്ചും കവിത മൂളിയും
സ്വതന്ത്രമാകുന്നത്
ഒന്നു പൊട്ടിച്ചിരിക്കുന്നത്

ഉറങ്ങുമ്പോൾ മാത്രമാണു ഞാൻ
ഉണർന്നിരിക്കുന്നത്

2024, ഒക്‌ടോബർ 19, ശനിയാഴ്‌ച

അന്നും ഇന്നും



ചിരപ്പക്കുടം മൂടിയൂരിനോക്കി
ചായ്ച്ചും ചരിച്ചും കുലുക്കി നോക്കി
ഒരുമണിയരിയില്ല കഞ്ഞിവെയ്ക്കാൻ
ചിരട്ടയിലൊരുതരി ഉപ്പുമില്ല

അപ്പനെപ്പംവരും അറിവതില്ല
കുന്നത്തെ ഷാപ്പും അടച്ചതില്ല
മോന്തി കഴിഞ്ഞാലും മോന്തുമപ്പൻ
പള്ള കള്ളിൻകുടമാകും വരെ

തൊള്ള തുറന്നിടും കള്ള് പിന്നെ
തുള്ളിത്തുളുമ്പി മറിഞ്ഞു വരും
കുന്നത്തെ കാറ്റിൻ്റെ കൈ പിടിച്ച്
രാച്ചൂട്ട് മിന്നിച്ച് ആടി വരും

വിശന്നു കരഞ്ഞൊരാ പൈതങ്ങള്
ചാഞ്ഞുകിടന്നങ്ങുറക്കമാകും
കലത്തിൽ തവിയിട്ടിളക്കിയുള്ള
പഴയൊരാ കഥയപ്പോൾ ഓർമ്മവരും

തിന്നു ചീർത്തിന്നു നടക്കവയ്യ
വഴി നീളെ വലിച്ചെറിയുന്നു അന്നം
പഴമൊഴി നമ്മൾ മറന്നിടൊല്ലെ
" അറിയാത്തപിള്ള ചൊറിയുമ്പോ-
ളറിയും"








2024, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

പ്രതീക്ഷ

 പ്രതീക്ഷ



മഴ ചിണുങ്ങിക്കൊണ്ടു നിൽക്കുന്നേരം
പുഴ മെല്ലെ തലോടി തലോടി നിൽപ്പൂ
പഴയൊരാമഴയുടെ കഥകൾ കേട്ട്
പൂത്ത പുൽപ്പാടം തലയാട്ടി നിൽപ്പൂ

ഇരുൾ മാറി ഒളികണ്ണാൽ വെയിലു -
നോക്കേ
നിഴലു നിലംപൊത്തി നിന്നിടുന്നു
ചിരി ചുരത്തിച്ചിങ്ങ വെയിലുവന്നു
ചക്രവാളം മയിൽപ്പീലി നീർത്തി

ഒരു പൊൻമ നീല വര വരച്ച്
നീലക്കയത്തിൽ മുങ്ങി നിവർന്നു
കൊക്കിൽ പിടയുന്ന കുഞ്ഞുമീനോ
ഒന്നും തിരിയാതെ നിന്നു പോയി

വെയിലു വെള്ളം കുടിക്കാനിറങ്ങി
വെറുതേയൊരണ്ണാൻ മിഴിച്ചുനോക്കി
പ്രണയസല്ലാപം തുടർന്നു കൊണ്ടേ
പൂവിലൊരു വണ്ടിരുന്നിടുന്നു

മഴമെല്ലെ മാനത്തെ കുന്നുകേറി
പുഴ പിന്നെയും പാടി പാടിനിന്നു
വഴിപിന്നെയും മിഴി നീട്ടി നിൽപ്പൂ
ആരെയോ പ്രതീക്ഷിച്ചു കാത്തു നിൽപ്പൂ

2024, ഒക്‌ടോബർ 16, ബുധനാഴ്‌ച

കുഞ്ഞു പൂവ്



രാവിലെ ഇറങ്ങിയതാണ്
ഇടവഴിയിലൂടെയാണ്
ഇല്ലിക്കാടു കഴിഞ്ഞ്
പള്ളിപ്പറമ്പിനപ്പുറത്തെ
വള്ളിക്കാട്ടിലാണ്
ഇതളുകൾ ഇരുണ്ട് ക്ഷത -
ങ്ങളേറ്റ
കൊച്ചു പൂവ് വീണു കിടന്നത്

ചതഞ്ഞ ഇതളുകളിലേക്കാ-
യിരുന്നു
കൂനനുറുമ്പുകൾ വരിയിട്ടു -
പോയത്
പകയിൽ പുകഞ്ഞ് വെയിൽ
നിസ്സഹായയായി
പടർന്നാളുന്നുണ്ടായിരുന്നു
അപ്പോഴും .

2024, ഒക്‌ടോബർ 15, ചൊവ്വാഴ്ച

അവൾ, ഒരു കടൽ





കടലുകാണുവാൻ
കടൽക്കരയിൽ പോകണ
മെന്നില്ല
കടൽക്കരയിൽ വസിക്കുന്ന
ഒരുവളെ കണ്ടാൽ മതി.
നിറഞ്ഞ കൺകളിൽ കടൽ
തിരപോലെ പാറുന്ന മുടി
തിരതൻ പടഹധ്വനിപോലെ
തേങ്ങൽ
അപാരതയിലേക്കെന്നപോലെ
ശൂന്യമായ കൈകൾ
നിരാശതയേറ്റിവരുന്നവള്ളം -
പോലെ ചുണ്ടുകൾ
പ്രതീക്ഷയറ്റ പകൽപോലെ -
മനസ്സ്
ഉൾക്കടൽപോലെ അനക്കമറ്റ -
നിൽപ്പ്
കടലുകാണാൻ കടൽക്കരയിൽ
പോകണമെന്നില്ല
കടൽക്കരയിൽ വസിക്കുന്ന
ഒരുവളെ കാണണമെന്നില്ല
നോക്കൂ ;
അവളെക്കുറിച്ചുള്ള ഓർമ്മകളിൽ -
തന്നെ
ഒരു കടലിരമ്പുന്നത്

2024, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

വാക്കുകൾ സൂക്ഷിക്കുക




അവൾ അന്നുവരെ കേൾക്കാത്ത
ഒരു കഠിന പദമാണ്
അയാളുടെ നാവിൽ നിന്നും തെറിച്ചു
വീണത്
നിലത്തു വീണ് ചിന്നിച്ചിതറിയതൊ
ക്കെയും
അവളുടെ നെഞ്ചിലേക്കാണ്
തറഞ്ഞു കയറിയത്

ഉന്നം വെച്ച അമ്പു പോലെ
അതവളുടെ ഉള്ളിൻ്റെ ഉള്ളിലേക്ക്
തുളഞ്ഞു കയറി
അള്ളിപ്പിടിച്ചവയെ ഒക്കെയും
ഉറുമ്പുകളെപ്പോലെ
സിരയിലെ രക്താണുക്കൾ
വലിച്ചുകൊണ്ടുപോയി

വിഗ്രഹിച്ചവയൊക്കെയും
മനസ്സിൻ്റെ അടിത്തട്ടിൽ
ചേർന്ന്
സമസ്തപദമായി ബലപ്പെട്ട് ബല-
പ്പെട്ടു വന്നു
അങ്ങനെയാണ്
അവനിൽനിന്നും അവൾ ഇറങ്ങിപ്പോ
യത്

വാക്കിൻ്റെ ഊക്കിനെക്കുറിച്ച്
അവനോർത്തതേയില്ല
അകക്കാമ്പിലേക്ക്
ആഴ്ന്നിറങ്ങുമെന്ന് അറിഞ്ഞതേ
യില്ല

വാക്കുകൾ
വെറുംവാക്കല്ല
സൂക്ഷിച്ച് ഉപയോഗിക്കുക

2024, ഒക്‌ടോബർ 13, ഞായറാഴ്‌ച

പുലരി



നിലാവിൻ്റെ നീല ചുറ്റിയ ഒരു മുകിൽത്തുണ്ട്
പതുക്കെ നീങ്ങുന്നുണ്ട്
നക്ഷത്രക്കണ്ണിൽനിന്നും ഒരു
പച്ചവര
ചില്ലകളിലൂടെ മണ്ണിൽവന്നു ചിത്രം വരയ്ക്കുന്നുണ്ട്

പുൽക്കൊടിത്തുമ്പിൽ നിന്നും
ഒരു പുതുമഞ്ഞു തുള്ളി
കൺമിഴിച്ചു നോക്കുന്നുണ്ട്
ഒറ്റവരി കവിതപോലെ
ഒരു കണ്ണിമാങ്ങ കണ്ണിറുക്കി കാട്ടുന്നുണ്ട്

ഇരുട്ടിനെ കൊത്തിയെടുത്ത്
ഒരു കാക്ക
പുളിമരക്കൊമ്പിൽ വച്ച്
പുലരിയെ നീട്ടി വിളിച്ചു

2024, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ജാതകം



ജന്മനക്ഷത്രം ഗണിച്ചു ചിന്തിച്ച-
തിൽ
രാജയോഗമെന്ന് കുറിച്ചു , മുന്ന-
മേ ജാതകം
മുജ്ജന്മപുണ്യവും, സൽക്കർമ്മ - സിദ്ധിയും
ആവോളമെന്നോതി പിന്നെയൊ-
രു കാക്കാലത്തി

സന്തോഷമായ,ച്ഛനു,മമ്മയും, -
ബന്ധുക്കളും
മംഗളാരവം മുഴക്കി കാത്തു -
കാത്തിരിപ്പായി
ആയുസ്സിനൽപ്പം ദൈർഘ്യം കുറ-
ഞ്ഞിടാമെന്നാകിലും
കുറയില്ല,യൊട്ടുമേ,യറുപതിനി -
പ്പുറം

ദുഃഖിച്ചതില്ലാരും അതിനേറെ മുന്ന-
മേ
ആറടി മണ്ണിൽ അരികു പറ്റേണ്ടോ -
ർ നാ,മെന്നു സമാധാന, മുരുക്കഴി-
ച്ചന്നേരം
കൽപ്പെട്ടിയിൽവച്ചു പൂട്ടി,യാജാതകം

നേർപ്പാതിപോലുമേ,യായില്ല ജീവിതം
കരുതിവച്ചല്ലോ കാലം കണ്ണീരു കുടി-
ക്കുവാൻ
അരചനാ,യീരാജ്യം വാണരുളേണ്ട -
വൻ
രചകനായ് കഴുതച്ചുമടു ചുമക്കുന്നു .

ആനന്ദഭേരിയില്ലാ,ഘോഷമില്ല
തങ്കനാണ്യങ്ങൾതൻ കുംഭങ്ങളില്ല
എല്ലാഗണിതവും തെറ്റിച്ചു മുന്നോട്ട്
പോകുന്നതല്ലയോ ജീവിതം ഓർക്കുക

2024, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

വേവലാതി



മൗനമാണെങ്കിലും
മനസ്സേ അറിയുന്നു
നിന്നിലെ വേവലാതി.
മോഹങ്ങളെല്ലാമെ
പൂട്ടിവച്ചുള്ളൊരു
ഹൃദയത്തിന്നാവലാതി

2024, ഒക്‌ടോബർ 9, ബുധനാഴ്‌ച

പ്രണയിക്കപ്പെടുമ്പോൾ



പ്രണയിക്കുന്നതിനേക്കാൾ
പ്രിയതരം മറ്റെന്തുണ്ട്
ഒറ്റമരത്തിൻ്റെ വേരു പോലെ
ഒറ്റവരി കവിത പോലെ

അടരുവാൻ കഴിയാതെ
അണയാതെ
തെളിനീരിൻ്റെ നൈർമല്യ -
ത്തോടെ
നിറചിരിയോടെ

ചുംബിച്ചുണർത്തുന്ന
പുലരി പോലെ
കൈകോർത്തു പിടിച്ച
കടൽക്കാറ്റുപോലെ
ചെമ്പക പൂവൊത്ത സന്ധ്യ -
പോലെ

അടർത്തിയാലടരാത്ത
എന്നിലെ നീയും
അടർന്നാലുമടരാത്ത
നിന്നിലെ ഞാനും
മൗനത്തിൽ മുളയിടും
മധുരവും

പ്രണയിക്കപ്പെടുന്നതിനേക്കാൾ
പ്രിയതരമായി മറ്റെന്തുണ്ട്

2024, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

ഞാനൊന്നുമറിഞ്ഞില്ലേ.....




കരവാളുയരുന്ന നേരം
കൊരവള്ളി മുറിയുന്ന നേരം
കാത്തുരക്ഷിക്കുവാനല്ല അവന്
കട്ടെടുത്തീടാൻ തിടുക്കം.

കഴുകുകൾ കൊത്തുന്ന നേരം
കന്യക പിടയുന്ന നേരം
കരുണ കാട്ടീടുവാനല്ല അവന്
കഥ മെനഞ്ഞീടാൻ തിടുക്കം

2024, ഒക്‌ടോബർ 6, ഞായറാഴ്‌ച

പ്രണയരാവ്




പ്രിയേ, ഒരുപാടൊരുപാടെന്ന്
ഉമ്മവെച്ചുണർത്തിയ നിൻ്റെ -
അധരം
മധുരം ചൊരിയുന്നു.

ചീവീടുകൾ സംഗീതരസം -
പകരുന്ന
ഈ നീലരാവിൽ
കവിളിലേക്ക് കരിമഷി പടർന്ന്
മേഘത്തിൻ്റെ നിഴലുപോലെ
ജലമിളകുന്ന
നിൻ്റെ പൊളളും കണ്ണിൽ
എനിക്കു ചുംബിക്കണം
എൻ്റെ ചുണ്ടുകൾ പൊളളിപ്പോട്ടെ !

സുതാര്യമായ ചില്ലുപോലെ
മഞ്ഞു പെയ്യുന്ന ഉടലുണർച്ചയിൽ
നമുക്ക് കൈ കോർത്തു പിടിച്ച്
നടക്കണം
ഞെരിഞ്ഞമരും ചരൽപ്പാതയിലൂടെ
മൗനത്തിൻ്റെ നിശ്ശബ്ദതയിലൂടെ
സ്നേഹത്തിൻ്റെ സൗമ്യതയിലൂടെ .

അടിമുടി പൂത്തു നിൽക്കുന്ന മര-
മാണ് പ്രണയം
ഇലകളുടേയും, പൂക്കളുടേയും
കുളിർമയിൽ
ആത്മാവിനെ സ്പർശിക്കുന്ന
കടും ചുവപ്പു പൂക്കൾ പൊഴിക്കുന്ന
വാകമരം

2024, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

നങ്ങേലി




മൂത്തു വിളഞ്ഞു പൊന്നാര്യൻ പാടം
പുത്തരിക്കൊയ്ത്തിനു കാലമായി
കതിരറുക്കാൻ പോകും കൂട്ടരൊത്ത്
കൊയ്ത്തരിവാളുമായ് നങ്ങേലിയെത്തി

പെണ്ണിൻ്റെ മൂത്ത മുലകൾ കാണാൻ
തമ്പ്രാക്കൾ കയ്യാലയേറി നിന്നു
മനക്കോട്ട കെട്ടിയോർ ഞെട്ടിപ്പോയി
മാറുമറയ്ക്കയോ കീഴാളത്തി

മാനങ്ങൾ പോയത് ഞങ്ങൾക്കെന്ന് !
തമ്പ്രാക്കൾ ആർത്തട്ടഹസിച്ചിടുന്നു
വാശിയാൽ മീശ വിറച്ചിടുമ്പോൾ
വാല്യക്കാർ നിന്നു വിയർത്തിടുന്നു

മുലക്കരം നൽകുവാൻ ഉത്തരവാൽ
കാര്യസ്ഥർ കുടിലു നിരങ്ങിടുന്നു
പശിമാറ്റുവാൻ പോലും കാശില്ലാത്തോർ
മുലമറ മാറ്റി മുഴച്ചു നിൽപ്പൂ

നങ്ങേലിയോടു കരമടക്കാൻ
കാര്യസ്ഥൻ കലിതുള്ളി കണ്ണുരുട്ടേ
കണ്ണകിയായ് പെണ്ണ് കാളിയായി
കൊയ്ത്തരിവാളുമായ് തുള്ളി നിന്നു

തൽക്ഷണം മുലരണ്ടും ചെത്തിയവൾ
തൂശനിലയിൽ കാണിക്കവച്ചു
ചേറിൽ വളർന്നൊരു പെണ്ണൊരുത്തി
ചോരയാൽ ചരിത്രമെഴുതിവച്ചു

2024, ഒക്‌ടോബർ 1, ചൊവ്വാഴ്ച

ഒരേ ആകാശം ഒരേ ഭൂമി





എത്രയും അകലെയെങ്കിലും നാം
അത്രയും അരികത്തിരിക്കുന്നവർ
ഇന്നോളം കണ്ടിട്ടേയില്ലയെന്നാൽ
എന്നും കണ്ടുകൊണ്ടിരിക്കുന്നവർ

കിനാക്കളാൽ നാം കിഴക്കു വെളു പ്പിക്കുന്നു
നിനവുകളിൽ നിറഞ്ഞാടിടുമ്പോൾ
തൊട്ടു തൊട്ടിരിക്കുന്നു ഓർമ്മകളിൽ

സിരയിലൊഴുകും സരയുവിന്നോ
ളത്തിൽ
ആന്തോളനം തീർക്കും ആലിലയാ
ണു നാം

നമുക്കൊരേ ആകാശം
നമുക്കൊരേബ്ഭൂമി
മദ്ധ്യത്തിലായിരം മായിക ഭാവങ്ങൾ