malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, നവംബർ 12, ചൊവ്വാഴ്ച

നഴ്സറിപ്പാട്ട്

 


മുത്ത്


മുത്തശ്ശിക്കൊരു മുത്തുണ്ട്
മുത്തം നൽകും മുത്തുണ്ട്
മുത്തം നൽകിയ മുഖമാകെ
മത്തപ്പൂവു പോലുണ്ട്

തത്തപ്പെണ്ണിൻ ചുണ്ടാണ്
തത്തി തത്തി നടപ്പാണ്
തിത്തിത്താര പാടുമ്പോൾ
തിതൈ തിതൈ തുള്ളുമവൾ

2024, നവംബർ 11, തിങ്കളാഴ്‌ച

ജീവിതം



ഒരു തുള്ളി മഴനീരിൽ
നനയുന്നു മിഴിനീര്
ഒരു തുള്ളിതൻ തണു-
പ്പിൽ
കണ്ണുനീർക്കണച്ചൂട്
ജീവിതം എത്ര നിശ്ശൂന്യ -
മെന്നോർക്കുമ്പോഴും
ജീവിച്ചേ പോകുന്നു നാം
ജീവിതം ഒന്നേയുള്ളു

2024, നവംബർ 10, ഞായറാഴ്‌ച

അടിയന്തരാവസ്ഥ




അടമഴ
ഇടിയും മിന്നലും
സഹിക്കവയ്യ
പ്രകൃതിയുടെ അടിയന്താ-
വസ്ഥ.

പേരും, പെരുമയും, പോരും
ബാക്കിയാക്കി
എത്ര പേരെ മിന്നൽ പാച്ചലി -
ലൂടെ
ഇടിമുറിയിലടച്ച് ഒഴുക്കിക്കൊ-
ണ്ടുപോയിട്ടുണ്ട്.
തൊപ്പി വെച്ച ചില രൂപങ്ങളെ !
പുലിയേപ്പോലെ പേടിച്ചിട്ടുണ്ട്

എത്ര മക്കളെയാണ് നടുമുറ്റത്ത്
അs മഴയിൽ നിർത്തിയത്
എത്ര അച്ഛനമ്മമാരാണ്
തോരാമഴയായ് പെയ്തു തീർന്നത്

ഓർമ്മയുണ്ടോ ആ പഴകാലം
കരിവെള്ളൂരിലെ ചായക്കടയ്ക്കു-
മുകളിൽ
' അടിയന്താവസ്ഥ അറബിക്കടലിൽ '
എന്നെഴുതിയ വീര്യം

മറക്കരുത്, ഓർമ്മകളെ
ചരിത്രങ്ങളുടെ ചാലകങ്ങളെ

2024, നവംബർ 8, വെള്ളിയാഴ്‌ച

ഒറ്റച്ചിറകുളള പക്ഷി




ഒറ്റച്ചിറകുള്ള ഒരു പക്ഷിയാണു
ഞാൻ
പറക്കുവാൻ കഴിയാതെ
ഈ പാറപ്പുറത്തിങ്ങനെ.....

നാരകമാണ് ചുറ്റും
നരകത്തിലേക്കുള്ള പാത -
യെവിടെ
വറ്റിയ പുഴയിലെ വേലിയേറ്റ-
മെവിടെ !

ഒലീവിലക്കൊമ്പിൽ
ചത്തു കിടക്കുന്നു
കവിതയിലെ സമാധാനത്തിൻ്റെ
ദൂതൻ

പൂക്കളുടെ പവിത്രത -
ചവിട്ടിമെതിക്കപ്പെട്ടു
കവിതയുടെ കടിഞ്ഞൂൽ പ്രസവ
ത്തിന്
കംസനെപ്പോലെ കാവലാളായി
കഴുകകൊക്കുകൾ

വരും
വരാതിരിക്കില്ല പുലരി
പാപം ചെയ്യാതവർ മാത്രം
കല്ലെറിയട്ടേയെന്ന്
കല്പിക്കാൻ



2024, നവംബർ 7, വ്യാഴാഴ്‌ച

നീ

 


പവിഴമല്ലിപൂത്തുനിന്ന
പ്രാതസ്സന്ധ്യപോൽ നീ.
ചാരുവാ,മൊരു ചെമ്പ-
കച്ചേലൊത്ത സന്ധ്യ -
പോൽ നീ.

2024, നവംബർ 6, ബുധനാഴ്‌ച

നഷ്ടപ്രണയം




തനിയേ നനയേണ്ടുന്നചില മഴ -
കളുണ്ട്
പുതിയ ആകാശംതേടിപ്പറന്ന
ചിറകൊതുക്കത്തിൽ
ഒരുപാട് മധുരിക്കുന്നോർമ്മയുടെ
ചതുരനെല്ലിക്കതൻ രുചിയുണ്ട്

പ്രിയപ്പെട്ടവളേ,
നവരാത്രി ദീപംപോലെ നിറന്നു -
കത്തുന്നു നീയുള്ളിൽ
മിണ്ടാതെ പറയാതെ എൻ്റെ കൈ -
പിടിച്ചു നടന്നവളാണു നീ

വാക്കിനാൽ വരയ്ക്കുവാൻ കഴിയില്ല
നിന്നെ
പ്രണയ സമവാക്യം മാറ്റിയെഴുതി നീ
സ്വപ്ന, സ്വാതന്ത്ര്യ പുതു ചിറകു -
നൽകി നീ

ഇഷ്ടങ്ങളാലെത്ര നഷ്ടം സഹിച്ചു നീ
കഷ്ടങ്ങളേയെത്ര കോരിക്കുടിച്ചു
കണ്ടുനിൽക്കാൻമാത്രമെന്നെ
കാത്തു നിന്നില്ല നീ
വിളിച്ചാൽ വിളിപ്പുറത്തിറങ്ങി വന്നേനെ

കാലങ്ങളെന്തല്ലാം കാട്ടുന്നു മായം
എങ്കിലുമെന്നുമെന്നുള്ളിൽ വസിപ്പു നീ

2024, നവംബർ 4, തിങ്കളാഴ്‌ച

നട്ടുവൻ



നട്ടുവൻ
നാട്യം കണ്ടുനടന്നു
നാട്യങ്ങളൊട്ടുമില്ലാതെ
നാട്ടിലൂടെ

രാവും പകലുമില്ലാതെ
കറുപ്പും വെളുപ്പുമില്ലാതെ
പകർന്നാട്ടങ്ങളും
പടപ്പുറപ്പാടുകളും കണ്ട്

കൂത്തമ്പലത്തിലൂടെ
കുണ്ടനിടവഴിയിലൂടെ
നഗര ഗലികളിലൂടെ
നട്ടുച്ചയിലെ പാതിരയിലൂടെ

വാഹന തിരക്കുകളിലൂടെ
ആശുപത്രി അലമുറയിലൂടെ
അമ്പലപ്പറമ്പിലൂടെ
പട്ടിണി പേക്കോലങ്ങളിലൂടെ

കൊഴുത്ത രാത്രികളിലൂടെ
കൂത്താടും രതിക്രീഡകളിലൂടെ
കള്ളച്ചൂതുകളിലൂടെ
ബാറിലെ മേളങ്ങളിലൂടെ

മാവേലി താഴ്ന്നുപോയത്
നന്നായെന്നോർത്ത്
നടന്നു
നട്ടുവൻ

2024, നവംബർ 3, ഞായറാഴ്‌ച

അവൾ


കല്ലൊതുക്കു കടന്നവൾ
കാട്ടുവഴിയേ നടക്കുന്നു
നടക്കവയ്യ ;എങ്കിലും, കൊറ്റി -
നുള്ള വകതേടി പോകാതിരി -
ക്കുവതെങ്ങനെ
അന്തരംഗം ചൊല്ലുന്നു
ചുഴലുന്നിതുബോധവും.

യൗവ്വനത്തിൻ്റെ തളിർപ്പിൽ
അരങ്ങിലാട്ടവിളക്കായ്,
വെളിച്ചമായ് നിൽക്കേണ്ടവൾ
കരിന്തിരിയായ് കത്തിപ്പുകഞ്ഞു -
കൊണ്ടിരിക്കുന്നു .

പാകമായ കതിരുപോൽ
കാറ്റിലൂറ്റം കൊള്ളേണ്ടവൾ
പതിരുപോലെ ചാഞ്ഞുവീണു -
ചീഞ്ഞുകൊണ്ടിരിക്കുന്നു .

സലീലമാം കവിതയാകേണ്ടവൾ
സൊല്ലയെന്നു മൊഴിഞ്ഞു മുഷി-
യുന്നു
കല്ലോലിനിയായ് കുളിർവാർക്കേ -
ണ്ടവൾ
വറ്റിവരണ്ട തടിനിയായ് മാറുന്നു .

ഫുല്ല പുഷ്പമായ് സുഗന്ധമാവേ-
ണ്ടവൾ
വല്ലാതെ മാഴ്കിയുഴലുന്നു
ഓട്ടുവിളക്കായ് തെളിയേണ്ടവൾ
ക്ലാവു പിടിച്ചു കിടക്കുന്നു

വെള്ളിലാവള്ളിയായ്
കർപ്പൂരദീപ്തിയായ് വാഴേണ്ടവൾ
വിശപ്പു വറ്റിയ വയറുമായ്
കൊറ്റു തേടി നടക്കുന്നു

2024, നവംബർ 2, ശനിയാഴ്‌ച

ഉഷ്ണമേഖല





സുനിശ്ചിതമാണ് മരണം
അനിശ്ചിതമാണ് അലച്ചിൽ
ചോരച്ചു പോയി ഓർമ്മകൾ
ചേർത്തുവെയ്ക്കാൻ കഴിയാത്ത
ജീവിതം

മിഴികളെന്നേ വറ്റി
മൊഴികളും.
തായ് വേരറ്റ
തെളിനീരറ്റ ജന്മം

പാലുകൊടുത്തവയെല്ലാം
പാമ്പുകളായി
ശശമെന്നു കരുതിയത്
വ്യാഘ്രം

തളർച്ചയുടെ താഴ്ച്ചയിൽ
ചതുപ്പിൽ പുതഞ്ഞിരി -
പ്പാണിപ്പോൾ
ആശതന്നവൾ തന്നില്ല
ആശ്വാസത്തിൻ്റെ ഒരു -
കണിക പോലും

ശാന്തിയുടെ പച്ചപ്പാകേണ്ട -
യിടം
അശാന്തിയുടെ
ഉഷ്ണമേഖല


2024, നവംബർ 1, വെള്ളിയാഴ്‌ച

കുട്ടിക്കവിത



ആശ



കാറ്റിനെപ്പോലെ പറക്കാൻ മോഹം
കാട്ടിലെ കുഞ്ഞനിലയ്ക്ക്
ചിറകില്ലാതെ പറക്കുവതെങ്ങനെ
സങ്കടമായി,യിലയ്ക്ക്
ഒരു നാൾ നീയും പറക്കുമെന്ന്
ചൊല്ലി കാറ്റു പതുക്കെ
തളിരില മൂത്തു പഴുത്തു ഒരുനാൾ
ഞെട്ടറ്റുടനെ വീണു
കാറ്റിൻ കൈകൾ താങ്ങിയെടുത്തു
പറത്തി ആകാശത്തിൽ
അശകൾ നിറവേറ്റീടിന കാറ്റിനു
നേർന്നു ഇല ആശംസ