malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 സെപ്റ്റംബർ 1, ചൊവ്വാഴ്ച

അമ്മ




ഭൂമിയോളം ആഴവും
പരപ്പുള്ള വാക്ക് ;

ദു:ഖത്തിൻ്റെ വാതിലുകളെ
കൊട്ടിയടച്ച്
സ്നേഹത്തിലേക്കു തുറക്കു
ന്ന ഒരോർമ്മ.

ഉരുകി തീർന്നാലും
തെളിഞ്ഞു നിൽക്കുന്ന
മെഴുതിരി നാളം.

അമ്മയോളം പഴക്കമുള്ള
തായി
ഇവിടെ മറ്റെന്തുണ്ട് ?

ഓണം വരികയായി



ഇക്കൊല്ലവുമോണം വരികയായി
ഓർമ്മകൾ ചാറി നനക്കയായി
നിറപുത്തിരി വെറുമോർമ്മയായി
നറുപുഞ്ചിരി പോയകലെയായി

ഇളവെയിലിൻ ചിങ്ങപ്പാറ്റയില്ല
മെഴുകി ശമിപ്പിച്ച മുറ്റമില്ല
കളം നിറച്ചീടാൻ കതിരുമില്ല
നിറകുറ്റിക്കാടില്ല പൂക്കളില്ല

നേരില്ല,നെറിയില്ല, നന്മയില്ല
നറുനിലാവിൻ്റെ തെളിച്ചമില്ല
ശാന്തിയില്ലാതൊരീ തീരഭൂ-
വിൽ
ശാന്തനാം മാവേലി വരികയായി!

ഉള്ളിലെ കൂരിരുൾ മായ്ക്കുവാ-
നായ്
ഉള്ളുരുകി ഞങ്ങൾ വിളിപ്പു നിന്നെ
നന്മതൻ നനുത്ത പുലരി നൽകി
വാഴുക,വാഴുക മാവേലി വീണ്ടും!

മായാരൂപം



കാടിൻ്റെ ഇരുണ്ട കാക്കപ്പച്ച നിറം
നോക്കി നിൽക്കുമ്പോൾ,
നെറ്റിയിൽ വീണ മുടി ഒതുക്കുമ്പോൾ,
രാത്രിയിൽ ഉറക്കം പിടിക്കുമ്പോൾ,
ചൂടുചായ കുടിക്കുമ്പോൾ,
അത്താഴം കഴിക്കുമ്പോൾ...

​എന്തിനേറെ;
പാതിയുറക്കത്തിൽ പോലും
അവളുടെ കൗശലം നിറഞ്ഞ
കറുത്ത നോട്ടം എന്നെ എത്തിനോക്കുന്നു.
കുസൃതി നിറഞ്ഞ നോട്ടം പായിച്ച്
എന്നെ ക്ഷണിക്കുന്നു.

​രാവിൻ്റെ ഇരുണ്ട ശിഖരങ്ങൾ
കണ്ടുനിൽക്കെ,
ഹൃദയം അവൾക്കായ് തുടിക്കുന്നു.
വിശ്രമവേളകളിൽ വിചാരിക്കാതെ
വന്നെത്തുന്നു ആ മായാരൂപം;
മന്ത്രമുഗ്ദ്ധയായി മുന്നിൽ വന്നു നിൽക്കുന്നു,
മധുര മൃദുസ്വരത്താൽ കീഴ്പ്പെടുത്തുന്നു.

ആ വട്ടമുഖവും,
നീണ്ട ചുരുളൻമുടിയും,
വിയർപ്പുപൊടിഞ്ഞ നെറ്റിയും,
തുളച്ചുകയറുന്ന നീലക്കണ്ണുകളും...

​പ്രിയേ,
വിവശയായ ആ നോട്ടവുമായി
നീ എന്നിൽ നിന്നും എന്നിലേക്ക് തന്നെ
ഇറങ്ങി വരുന്നു
എൻ്റെ ശിഖരങ്ങൾക്കും ചില്ലകൾക്കും
തീ പിടിക്കുന്നു!